ഹൈദരാബാദ്: മോഷണം ലക്ഷ്യംവച്ച് വീട്ടുടമസ്ഥയായ വയോധികയെ ജോലിക്കാരി അന്ധയാക്കിയെന്ന് പൊലീസ്. ബാത്‌റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഹാർപിക്, വേദനകൾക്ക് പുരട്ടുന്ന സൺഡു ബാം എന്നിവ കലർത്തി കണ്ണിൽ ഒഴിച്ചാണ് ജോലിക്കാരി വയോധികയെ അന്ധയാക്കിയത്. പണവും സ്വർണാഭരണങ്ങളും കവരുകയായിരുന്നു ജോലിക്കാരിയായ ഭാർഗവിയുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.

 സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

ഹേമവതി എന്ന 73കാരിക്കാണ് ദുരനുഭവം ഉണ്ടായത്. നച്ചാരം പ്രദേശത്തെ ശ്രീനിധി അപ്പാർട്ട്‌മെന്റിൽ തനിച്ചാണ് ഇവർ താമസിച്ചിരുന്നത്. ഇവരെ പരിചരിക്കുന്ന കെയർടേക്കർ ആയിരുന്നു 32കാരിയായ ഭാർഗവി. മക്കൾ ജോലി സംബന്ധമായി മറ്റു ഇടങ്ങളിലായതിനാൽ ഹേമവതി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഹേമവതിയെ പരിചരിക്കാൻ ലണ്ടനിൽ താമസിക്കുന്ന മകൻ ശശിധർ ആണ് ഭാർഗവിയെ കണ്ടെത്തിയത്. 2021 ഓഗസ്റ്റിൽ തന്റെ അമ്മയുടെ സംരക്ഷണത്തിനായി ശശിധർ ഭാർഗവിയെ കെയർടേയ്‌ക്കെർ ആയി നിയമിച്ചു.

ഭാർഗവി പിന്നീട് തന്റെ ഏഴ് വയസ്സുള്ള മകളുമായി ഹേമവതിയുടെ ഫ്‌ളാറ്റിലേക്ക് താമസം മാറിയിരുന്നു. വയോധിക ഒറ്റക്കായതിനാൽ മോഷ്ടിക്കാൻ എളുപ്പമാണെന്ന് ഭാർഗവി വിലയിരുത്തി. ഇതിനിടെ ഒരു ദിവസം ഹേമവതിയുടെ കണ്ണുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു. ഈ അവസരം മുതലെടുക്കാമെന്നു കണക്കു കൂട്ടിയ അവർ ഹേമവതിയോട് കണ്ണുകളിൽ തുള്ളി മരുന്ന് ഒഴിച്ചാൽ അസ്വസ്ഥത മാറുമെന്ന് പറഞ്ഞു. ഇത് കേട്ട് സമ്മതം മൂളിയ വയോധികയുടെ കണ്ണുകളിൽ ഒഴിക്കാൻ ഭാർഗവി പ്രത്യേകമായി തുള്ളിമരുന്ന് തയ്യാറാക്കി.

ബാത്‌റും വൃത്തിയാക്കുന്ന ഹാർപിക്, വേദനയ്ക്ക് പുരട്ടുന്ന സൺഡു ബാം എന്നിവ വെള്ളത്തിൽ കലർത്തിയ ശേഷം അത് തുള്ളികളായി വൃദ്ധയുടെ കണ്ണുകളിൽ ഒഴിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ ഹേമാവതിക്ക് കണ്ണിൽ കടുത്ത വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് അവർ മകനോട് തനിക്ക് കണ്ണിന് അണുബാധയുണ്ടെന്ന് അറിയിച്ചു. ഇതിനെ തുടർന്ന് മകൻ ഹേമവതിയെ സ്വകാര്യ കണ്ണാശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചു. ആശുപത്രിയിലേക്ക് ഹേമവതി മാറിയ സമയത്ത് ഭാർഗവി 40,000 രൂപയും രണ്ട് സ്വർണ വളകളും ഒരു സ്വർണ ചെയിനും മറ്റ് ചില ആഭരണങ്ങളും മോഷ്ടിച്ചു.

ഹേമവതിക്ക് കാഴ്ചക്കുറവ് രൂക്ഷമായതോടെ മകൾ ഉഷശ്രീ വീണ്ടും അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയം ഹേമവതിയുടെ കാഴ്ച പൂർണമായും നഷ്ട്ടപ്പെട്ടിരുന്നു. തുടർന്ന് മകൻ ശശിധർ ഹൈദരാബാദിലെത്തി അമ്മയെ കൂടുതൽ സൗകര്യങ്ങളുള്ള സ്വകാര്യ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് ഡോക്ടർമാർ കണ്ണിൽ വിഷമയമുള്ള എന്തോ കലർന്നതാണ് അന്ധതയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് മക്കളുടെ സംശയം ഭാർഗവിയിലേക്ക് തിരിയുകയായിരുന്നു. പിന്നീട് ഇവർ പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ ഭാർഗവി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച ഭാർഗവിയെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു.