- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യധാരാ മാധ്യമങ്ങൾ മടിച്ചു നിന്നപ്പോൾ റിപ്പോർട്ട് ചെയ്തത് മറുനാടൻ: ജീവനക്കാർ സമരം തുടങ്ങിയതോടെ സ്ഥിതി ഗതികൾ വഷളായി: പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങി വക മാറ്റിയത് കോടികൾ: മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിൽ
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന പകൽക്കൊള്ള അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാൻ മറ്റു മാധ്യമങ്ങൾ മടിച്ചപ്പോൾ മറുനാടൻ ആണ് അത് പുറത്തു കൊണ്ടു വന്നത്. പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ബാങ്കിന്റെ പേരിൽ ഒരു ഗോതമ്പ് സംസ്‌കരണ ഫാക്ടറി തുടങ്ങുകയും അത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുകയും ചെയ്തു. ബാങ്കിൽ നിന്ന് കോടികൾ ഫാക്ടറിയിലേക്ക് വകമാറ്റി. സഹകരണ വകുപ്പിന്റെ ഓഡിറ്റ് ഒഴിവാക്കാൻ ഇത് സഹകരണ സ്ഥാപനമല്ലെന്ന് വരുത്തി തീർത്തു.
ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാൽ, നിക്ഷേപകർക്ക് മുന്നിൽ ഇത് ബാങ്കിന്റെ സ്വന്തം സ്ഥാപനമാണെന്ന് പറയുകയും ചെയ്തു. ബാങ്കിൽ നിന്ന് ഫാക്ടറിയിലേക്ക് 40 കോടിയാണ് വകമാറ്റിയത്. വായ്പ എന്നു പറഞ്ഞാണ് നൽകിയത്. പക്ഷേ, വല്ലപ്പോഴും ഒരിക്കൽ പലിശ അടച്ചു. എന്നിട്ടും വർഷാ വർഷം ബാങ്കിൽ നിന്ന് ഫാക്ടറിക്ക് വായ്പ നൽകുന്നത് തുടർന്നു.
കോവിഡ് കാലം വന്നതോടെ തട്ടിപ്പ് പുറത്തായി. ബാങ്കിൽ വൻ പ്രതിസന്ധി രൂപം കൊണ്ടു. ബാങ്കിലെ ക്രമക്കേടുകൾ മുഴുവൻ മറുനാടൻ പുറത്തു കൊണ്ടു വന്നതോടെ നിക്ഷേപകർ പണം പിൻവലിക്കാൻ ഓടിയെത്തി. അവർക്ക് നൽകാൻ പണമില്ലാതെയായി. പണം എവിടെപ്പോയി എന്ന് ജീവനക്കാർ പോലും അന്വേഷിക്കുന്നത് അപ്പോഴാണ്. ഫാക്ടറിയിലേക്ക് വകമാറ്റിയ പണം തിരികെ കിട്ടിയാൽ പ്രതിസന്ധി തീരും. അതെങ്ങനെ കിട്ടുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പ്രതിസന്ധിയിലായ ബാങ്കിലെ ജീവനക്കാർ ഇപ്പോൾ സമരം തുടങ്ങിയിരിക്കുകയാണ്. മൈലപ്ര സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ജീവനക്കാർ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കും.
പണം വകമാറ്റിയ ഇടപാടുകളെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ സമരം ആരംഭിച്ചിരിക്കുന്നത്. ഇടത് മുന്നണിയുടെ നേത്യത്വത്തിലുള്ള ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനമാണ് സാമ്പത്തികമായി പ്രതിസന്ധിയിലായത്.
വൻ തുക ഡെപ്പോസിറ്റ് ഉള്ള ഈ ബാങ്കിൽ നിക്ഷേപത്തിന്റെ 75 ശതമാനവും ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതായി പറയുന്ന മൈ ഫുഡ് റോളർ ഫ്ളവർ ഫാക്ടറിയിലേക്ക് വകമാറ്റിയെന്നാണ് പരാതി. ഫാക്ടറി പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഫാക്ടറിയിലേക്ക് മാറ്റിയ തുകയുടെ പലിശ പോലും ലഭിക്കുന്നില്ലെന്നും വൻ തുക വായ്പ ബിനാമി പേരിൽ എടുത്തതായി സംശയമുണ്ടെന്നും ജീവനക്കാരിയായ അർച്ചന പറഞ്ഞു. നിക്ഷേപകർക്ക് ഇരുപത്തി അയ്യായിരം രൂപ ദിവസം പിൻവലിക്കാനാണ് അനുവാദം നൽകിയിരിക്കുന്നതെങ്കിലും അതു പോലും കൊടുക്കാൻ കഴിയാത്തത് ജീവനക്കാരെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
ബാങ്ക് പ്രതിസന്ധിയിലായതോടെ നിക്ഷേപകരും പരിഭ്രാന്തരായി ബാങ്കിൽ എത്തിയിട്ടുണ്ട്. തന്റെ ഇതുവരെ ഉള്ള സമ്പാദ്യമായി വലിയ തുക ഇവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നും എന്നാൽ ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട് പത്ത് ലക്ഷം രുപ പിൻവലിക്കാൻ ആഴ്‌ച്ചകളായി ഇവിടെ കയറിയിറങ്ങുകയാണെന്നു നിക്ഷേപകയായ ജോളമ്മ പറഞ്ഞു.
അതേ സമയം, മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ ജീവനക്കാർ സമരം നടത്തുന്നത് നിർഭാഗ്യകരമാണെന്ന് ബാങ്ക് ഭരണസമിതി പ്രസിഡന്റ് ജെറീ ഈശോ ഉമ്മൻ പറഞ്ഞു. നിക്ഷേപകരെ ആശങ്കയിലാക്കാൻ മാത്രമേ ഈ സമരം ഉപകരിക്കു. അടുത്ത കാലത്ത് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകർ കൂട്ടമായി പണം പിൻവലിക്കാനെത്തിയതുകൊണ്ടുണ്ടായ പ്രതിസന്ധി മാത്രമാണ് നിലവിലുള്ളത്.
ഫാക്ടറി ബാങ്ക് ഡയറക്ടർ ബോർഡിന്റെ നിയന്ത്രണത്തിലാണെന്നും ബാങ്കിന് യാതൊരു കടബാദ്ധ്യതകളും ഇല്ലെന്നും ജെറി ഈശോ ഉമ്മൻ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്