കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മജീദ് കുവൈത്തിൽ യുവതികളെ താമസിപ്പിച്ച കേന്ദ്രം സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തുവെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതോടെ മജീദ് കുവൈത്ത് വിട്ടോ എന്ന സംശയമാണ് ഉയരുന്നത്. തീവ്രവാദ ബന്ധങ്ങൾ മജീദിനുണ്ടെന്നാണ് സൂചന. കേന്ദ്ര സർക്കാർ ഇടപെടലാണ് കുവൈത്തിലെ റെയ്ഡിന് വഴിയൊരുക്കിയത്. മജീദിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും വന്നേക്കും. കുവൈത്ത് മനുഷ്യക്കടത്തു കേസ് പ്രതി കോഴിക്കോട് സ്വദേശി മജീദിന്റെ (എം.കെ.ഗസ്സലി) എല്ലാ ഇടപാടുകളും ഇഡി അടക്കം പരിശോധിക്കും.

ഇയാൾക്കെതിരെ കുവൈത്തിൽ പരാതി ലഭിച്ചാലേ പ്രാദേശിക നടപടി ഉണ്ടാകൂവെന്നാണ് സൂചന. കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്ന മലയാളികൾ അടക്കമുള്ള യുവതികളെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് അയച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനുള്ളവരെയും വിവിധ കാരണങ്ങളാൽ ജോലി സ്ഥലത്തുനിന്ന് മടങ്ങി എത്തുന്നവരെയുമാണ് മജീദ് ഇവിടെ താമസിപ്പിച്ചിരുന്നത്. മജീദിന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസിൽ അറസ്റ്റിലായ കൂട്ടുപ്രതി അജുമോന്റെ മൊഴികളിലും മനുഷ്യക്കടത്ത് റാക്കറ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു പരാമർശമുണ്ട്.

കുഴൽപ്പണമായാണു മജീദ് വിദേശത്തേക്കും തിരിച്ചും വൻതോതിൽ പണമെത്തിച്ചിരുന്നത്. മജീദിനു കേരളത്തിൽ വൻതോതിൽ ബെനാമി നിക്ഷേപമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. കുവൈത്തിൽ അടിമപ്പണി ചെയ്യേണ്ടിവന്ന യുവതികളെ നാട്ടിലെത്തിക്കാൻ മജീദ് ബന്ധുക്കളോടു 3.5 ലക്ഷം രൂപയാണു മോചനച്ചെലവായി വാങ്ങിയിരുന്നത്. ചിലർ ഈ പണം ഹവാല റാക്കറ്റ് വഴി മജീദ് കുവൈത്തിൽ എത്തിച്ചിട്ടുണ്ട്. ഇത് തീവ്രവാദി സംഘടനകൾക്ക് കൈമാറിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികളും ഈ വിഷയത്തിൽ അന്വേഷണം തുടങ്ങുന്നത്.

കേരളത്തിലെ മറ്റു ജില്ലകളിലും മജീദിന് ഏജന്റുമാരുണ്ട്. അജുമോന്റെ സഹായത്തോടെ മറ്റ് ഏജന്റുമാരെയും കണ്ടെത്തി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ, മജീദ് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ കീഴടങ്ങിയെന്ന അഭ്യൂഹം പരന്നെങ്കിലും ഇക്കാര്യം അംബാസഡർ നിഷേധിച്ചു. പശ്ചിമകൊച്ചി സ്വദേശിനിയുടെ പരാതിയിൽ മജീദിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ മജീദ് കോഴിക്കോടുണ്ടായിരുന്നു. കേസിന്റെ വിവരം അറിഞ്ഞ മജീദ് അന്നു തന്നെ കുവൈത്തിലേക്കു കടന്നു.

അതിന് ശേഷമാണു മറ്റ് ഇരകളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കിയത്. നാട്ടിൽ പൊലീസിൽ പരാതി നൽകിയാൽ വിദേശത്തു തങ്ങുന്ന യുവതികളുടെ ജീവൻ അപകടത്തിലാക്കുമെന്നാണ് മജീദിന്റെ ഭീഷണി. കേരളത്തിൽ നിന്ന് മജീദ് മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാല് കൊല്ലമായിട്ടും പൊലീസ് അറിഞ്ഞത് ആഴ്ചകൾക്ക് മുമ്പുമാത്രമാണെന്നതാണ് വസ്തുത. ഇക്കാലയളവിൽ നിരവധിപേരെ ഇയാൾ വിദേശത്തേക്ക് കടത്തി ലക്ഷങ്ങൾ വാരിക്കൂട്ടി. ബഹുനില വീടുവച്ചു. ആഡംബരക്കാറുകൾ വാങ്ങിക്കൂട്ടി.

രക്ഷപ്പെട്ടെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനിയായ വീട്ടമ്മ വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് ഇതെല്ലാം കേരള പൊലീസ് അറിഞ്ഞത്. ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ കൊടിയ പീഡനം സഹിച്ചും വിദേശത്ത് തുടരാൻ പലരും തയ്യാറായിരുന്നെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കുവൈത്തിലുൾപ്പെടെ ഉന്നതരുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരവും ലഭിച്ചു. വീട്ടമ്മ പരാതി നൽകുമ്പോൾ കണ്ണൂരിലുണ്ടായിരുന്ന മജീദ് ബംഗളൂരു വിമാനത്താവളംവഴി പിന്നീട് കുവൈത്തിലേക്ക് കടന്നു.

മജീദിനായി കൊച്ചി സിറ്റി പൊലീസിലെ ഒരു സംഘം കണ്ണൂരെത്തിയിരുന്നു. ഇയാളെ സഹായിച്ച കോഴിക്കോട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മജീദിന്റെ ബാങ്ക് അക്കൗണ്ടും ഇടപാടുകളും പൊലീസ് പരിശോധിക്കും. മജീദുമായി പണമിടപാട് നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അറസ്റ്റിലായ അജുവിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രധാന വിവരങ്ങൾ അന്യേഷണ സംഘത്തിന് ലഭിച്ചത്. കേസിന്റെ പ്രധാന സുത്രധാരൻ മജീദിതാണെന്നാണ് അജു പറയുന്നത്. ലൈസൻസില്ലാത്ത ഗോൾഡൻ വയ സ്ഥാപനത്തെ നിയന്ത്രിച്ചതും പണമിടപാടുകൾ നടത്തിയതും മജിദാണ്.

കൊച്ചിയിലുള്ള സ്ഥാപനത്തിൽ ആളുകളെ റിക്രൂട്ട് ചെയ്യുക മാത്രമാണ് താൻ ചെയ്തത് എന്നാണ് അജു പറയുന്നത്. മോചനദ്രവ്യമായി അജുവിന് അമ്പതിനായിരം രൂപ നൽകിയെന്ന് തൃക്കാക്കര സ്വദേശിയായ യുവതി മൊഴി നൽകിരുന്നു. ഇതിലൂടെ അജുവിന്റെ പങ്ക് വ്യക്ത്മാക്കുന്ന തെളിവുകളും പൊലീസ് ശേവരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ മജീദിനായി കേരളത്തിലും വിദേശത്തും പരിശോധന വ്യാപകമാക്കി. ഒരു മാസം മുമ്പ് മജിദ് കേരളത്തിലെത്തിയതായി ഇരകളായ യുവതികൾ പറഞ്ഞിരുന്നു.

നാട്ടിലെത്തിയ ശേഷം മജീദ് തിരികെ വിദേശത്തേക്ക് പോയോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഒപ്പം എംബസിയുടെ സഹായത്തോടെ വിദേശത്തും അന്വേഷണം വ്യാപകമാക്കി. കേസിൽ ഇതുവരെ രണ്ട് പേരാണ് പരാതി നൽകിട്ടുള്ളത്. കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.