കോഴിക്കോട്: മലബാറിലെ പ്രവാസികൾക്ക് ആശ്വാസമായാണ് കരിപ്പുരിൽ അന്താരാഷ്ട്ര വിമാനത്താവളം വന്നത്. അതുവരെ കൊച്ചിയെയും മംഗലാപുരത്തെയും ആശ്രയിച്ചിരുന്ന മലപ്പുറത്തെയും കോഴിക്കോട്ടെയും പ്രവാസികൾക്ക് സ്വന്തം നാട്ടിലെത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായിരുന്നു കരിപ്പൂരുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. എന്നാൽ, കോഴിക്കോട് വിമാനത്താവളം ഇപ്പോൾ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണോ? തൊട്ടടുത്ത് കണ്ണൂരിൽ വമ്പൻ വിമാനത്താവളം വരുന്നതോടെ മരണമണി മുഴങ്ങുന്നത് കരിപ്പൂരിനാണെന്നാണ് സൂചനകൾ. അതിന്റെ തുടക്കമെന്നോണം പ്രമുഖ വിമാനക്കമ്പനികൾ കരിപ്പൂരുനിന്ന് പിന്മാറിത്തുടങ്ങി.

കരിപ്പൂരിലേക്ക് പ്രമുഖ വിമാനക്കമ്പനികളെ ആകർഷിക്കാൻ പല ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതിനിടെയാണ് എമിറേറ്റ്‌സ് കോഴിക്കോട്ടെ ഓഫീസ് പൂട്ടിയത്. വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള ശേഷി റൺവേയ്ക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റൺവേ വീതികൂട്ടാതെ വലിയ വിമാനങ്ങൾ ഇറക്കാനാവില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇതും എമിറേറ്റ്‌സിന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നു.
മറ്റു പ്രധാന വിമാനക്കമ്പനികളും കരിപ്പൂരിൽനിന്ന് പിന്മാറാനുള്ള സാധ്യത ശക്തമായിട്ടുണ്ട്. എയർപോർട്ട് അഥോറിറ്റി റൺവേ വികസനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കമ്പനികൾ പുറംതിരിഞ്ഞുനിൽക്കുന്നത്. വിമാനക്കമ്പനികളെ കരിപ്പൂരിൽ നിലനിർത്താൻ സമ്മർദം ചെലുത്താനാവില്ലെന്ന് സംഘടനകളും പറയുന്നു.

സുരക്ഷയാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ നിർബന്ധം പിടിക്കുന്ന കാര്യം. റൺവേ വലുതാക്കാതെ മറ്റുമാർഗമില്ലെന്ന് അധികൃതർ നിലപാടെടുക്കുമ്പോൾ സമ്മർദം ചെലുത്താനാവില്ലെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.മോഹൻ പറയുന്നു. ഇനിയിപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാതെ ഇക്കാര്യത്തിൽ മുന്നോട്ടുപോകാനാവില്ലെന്നും കോഴിക്കോട് വിമാനത്താവളത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനകൾ പറയുന്നു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സും മലബാർ ഡപലപ്‌മെന്റ് കൗൺസിലുമാണ് കോഴിക്കോട് വിമാനത്താവളത്തിനുവേണ്ടി ശക്തമായി നിലകൊള്ളുന്ന സംഘടനകൾ. എന്നാൽ, ഇവരുയർത്തുന്ന പ്രതിഷേധ ശബ്ദങ്ങൾ ഡൽഹിയിൽ ശക്തമായി മുഴങ്ങുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധികളിലൊന്ന്.

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാന ബജറ്റിൽ തുകയൊന്നും വകയിരുത്തിയില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. സർക്കാർ കണ്ണൂർ വിമാനത്താവളത്തെ വികസന ചിഹ്നമായി ഉയർത്തിക്കാട്ടുമ്പോൾ, കോഴിക്കോട് വിസ്മരിക്കപ്പെടുകയാണ്. നെടുമ്പാശേരിക്കും ബജറ്റിൽ ഇടം കിട്ടിയപ്പോൾ കോഴിക്കോട് പൂർണമായും പുറന്തള്ളപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നതോടെ കഷ്ടപ്പെടാൻ പോകുന്നത് മലബാറിലെ പ്രവാസികൾക്കൊപ്പം ഹജ്ജ് തീർത്ഥാടകർ കൂടിയാണ്. പ്രായംചെന്ന ഹജ്ജ് തീർത്ഥാടകർക്ക് നെടുമ്പാശേരിവരെ റോഡ് മാർഗം പോകേണ്ടിവരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കോഴിക്കോടുനിന്ന് കൊച്ചിയിലേക്ക് ചെറിയ വിമാനങ്ങളെങ്കിലും സർവീസ് നടത്തുന്ന കാര്യം ആലോചിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. നെടുമ്പാശേരിയിൽനിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങളിൽ കോഴിക്കോടുനിന്നുള്ള യാത്രക്കാർക്ക് സീറ്റുകൾ നീറ്റിവെക്കണമെന്നും അവർ ആവശ്യപ്പെടുന്നു.



റൺവേയുടെ സുരക്ഷ മാത്രമല്ല കോഴിക്കോട് വിമാനത്താവളത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് വിശ്വസിക്കുന്നവരേറെയാണ്. വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്ത് വർധിച്ചത് കോഴിക്കോടിനെ ബ്ലാക്ക്‌ലിസ്റ്റിൽപ്പെടുത്തി. തീവ്രവാദമുൾപ്പെടെയുള്ള പ്രവർത്തനങ്ങളും മറ്റൊരു കാരണമായി. ഇതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ജൂണിൽ സിഐഎസ്.എഫ് ജീവനക്കാരൻ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്.എഫ് ജീവനക്കാരുമായി വിമാനത്താവളത്തിലെ ഫയർഫോഴ്‌സ് ജീവനക്കാർ നടത്തിയ ഏറ്റുമുട്ടലിലാണ് ഒരാൾ മരിച്ചത്. ഈ സംഭവത്തോടെ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയേൽക്കാൻ സിഐഎസ്.എഫ് വിസമ്മതിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. കരിപ്പൂര് വിമാനത്താവളം സുരക്ഷിതമല്ലെന്ന നിഗമനത്തിലേക്ക് വ്യോമയാന മന്ത്രാലയത്തെ നയിച്ചതിന് ഈ സംഭവത്തിനും പങ്കുണ്ട്.

ഫയർഫോഴ്‌സ് ജീവനക്കാരിലൊരാൾ യൂണിഫോമിൽ പാസില്ലാതെ അതീവ സുരക്ഷാ മേഖലയായ എയർ ട്രാഫിക് കൺട്രോൾ മേഖലയിലേക്ക് പ്രവേശിക്കുന്നത് സിഐഎസ്.എഫ് തടഞ്ഞ് ദേഹപരിശോധനക്ക് മുതിർന്നതോടെയാണ് സംഘർഷം തുടങ്ങിയത്. വാക്കേറ്റമുണ്ടാവുകയും തുടർന്ന് വെടിവെപ്പിൽ കലാശിക്കുകയും ചെയ്തു. അബദ്ധത്തിൽ പൊട്ടിയ വെടിയേറ്റ് സിഐഎസ്.എഫുകാരൻ കൊല്ലപ്പെട്ടു. ഇതോടെ സംഘർഷം മൂർച്ചിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കതിരെയും മറ്റ് ജീവനക്കാർക്ക് നേരെയും സിഐഎസ്.എഫ് ജീവനക്കാർ മർദ്ദനം അഴിച്ചുവിട്ടു. ഇതിൽ പ്രതിഷേധിച്ച് ഫയർഫോഴ്‌സ് ജീവനക്കാർ ഫയർ എഞ്ചിൻ അടക്കമുള്ളമുള്ള വാഹനങ്ങൾ റൺവേയിലേക്ക് കയറ്റിയിട്ട് പ്രതിഷേധിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പുപോലും പ്രതിസന്ധിയിലാക്കിയ ഈ സംഭവം വ്യോമയാന മേഖലയിൽ കേട്ടുകേൾവിയില്ലാത്തതായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തിന് അവിടെയുള്ള ഉദ്യോഗസ്ഥരിൽ ചിലർ കൂട്ടുനിൽക്കുന്നതായി നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു. സുരക്ഷാച്ചുമതലയുള്ള അർധസൈനിക വിഭാഗത്തിനുനേരെ പോലും ആക്രമണമുണ്ടായതും കോഴിക്കോടിന്റെ സാധ്യതകൾ ഇല്ലാതാക്കി.