- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാർ അറിയാതെ സൈന്യത്തിൽ ചേർന്നു; അച്ഛനമ്മമാർക്കു മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ താമസം തിരുവനന്തപുരത്തേക്കു മാറ്റി; കടമകൾ മറക്കാതിരുന്ന ധീരജവാൻ മനോജ് കുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏകാശ്രയം
തിരുവനന്തപുരം: മകന്റെ അകാല വിയോഗമേൽപ്പിച്ച തീരാദുഃഖത്തിലാണ് പുലേഗാവ് അപകടത്തിൽ കൊല്ലപ്പെട്ട മേജർ മനോജ് കുമാറിന്റെ അച്ഛൻ കൃഷ്ണൻ. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടമായതിന്റെ ദുഃഖവും ആ മുഖത്തുനിന്നു വായിച്ചെടുക്കാം. തിരുവനന്തപുരം പാങ്ങോടിന് സമീപം വേട്ടമുക്ക് കൂട്ടാംവിള ലെയിനിലെ വാടക വീട്ടിലാണ് ഇപ്പോൾ മനോജ് കുമാറിന്റെ അച്ഛനും അമ്മ ഭാരതീ കൃഷ്ണനും മനോജിന്റെ ഭാര്യ ബീനയും മകൻ വേദാന്തും താമസിക്കുന്നത്. ആലപ്പുഴ കായംകുളം സ്വദേശിയായ കൃഷ്ണനും ഭാര്യ ഭാരതിയും കാർത്തികപള്ളിയിലാണ് സ്വന്തമായി വീട് വാങ്ങിയത്. എന്നാൽ ചില സാമ്പത്തിക ബാധ്യതകൾ കാരണം കാർത്തികപള്ളിയിലെ വീടും സ്ഥലവും വിറ്റു. മനോജിന് ബംഗാളിലെ സിലുഗുഡിയിൽ നിന്നും ജമ്മുവിലെ ശ്രീനഗറിലേക്ക് നിയമനമായപ്പോൾ തിരുവനന്തപുരത്ത് അനുവദിച്ച ക്വാർട്ടേഴ്‌സിൽ താമസിക്കാൻ മനോജ് തന്നെയാണ് വീട്ടുകാരോട് ആവശ്യപ്പെട്ടതും. വയോധികരും രോഗികളുമായ മാതാപിതാക്കൾക്ക് സൈനികാശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നതു പരിഗണിച്ചായിരുന്നു താമസം തിരുവനന്തപുരത്തേക്ക് മാറ്റിയത്. എന്നാ
തിരുവനന്തപുരം: മകന്റെ അകാല വിയോഗമേൽപ്പിച്ച തീരാദുഃഖത്തിലാണ് പുലേഗാവ് അപകടത്തിൽ കൊല്ലപ്പെട്ട മേജർ മനോജ് കുമാറിന്റെ അച്ഛൻ കൃഷ്ണൻ. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടമായതിന്റെ ദുഃഖവും ആ മുഖത്തുനിന്നു വായിച്ചെടുക്കാം.
തിരുവനന്തപുരം പാങ്ങോടിന് സമീപം വേട്ടമുക്ക് കൂട്ടാംവിള ലെയിനിലെ വാടക വീട്ടിലാണ് ഇപ്പോൾ മനോജ് കുമാറിന്റെ അച്ഛനും അമ്മ ഭാരതീ കൃഷ്ണനും മനോജിന്റെ ഭാര്യ ബീനയും മകൻ വേദാന്തും താമസിക്കുന്നത്.
ആലപ്പുഴ കായംകുളം സ്വദേശിയായ കൃഷ്ണനും ഭാര്യ ഭാരതിയും കാർത്തികപള്ളിയിലാണ് സ്വന്തമായി വീട് വാങ്ങിയത്. എന്നാൽ ചില സാമ്പത്തിക ബാധ്യതകൾ കാരണം കാർത്തികപള്ളിയിലെ വീടും സ്ഥലവും വിറ്റു. മനോജിന് ബംഗാളിലെ സിലുഗുഡിയിൽ നിന്നും ജമ്മുവിലെ ശ്രീനഗറിലേക്ക് നിയമനമായപ്പോൾ തിരുവനന്തപുരത്ത് അനുവദിച്ച ക്വാർട്ടേഴ്‌സിൽ താമസിക്കാൻ മനോജ് തന്നെയാണ് വീട്ടുകാരോട് ആവശ്യപ്പെട്ടതും.
വയോധികരും രോഗികളുമായ മാതാപിതാക്കൾക്ക് സൈനികാശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നതു പരിഗണിച്ചായിരുന്നു താമസം തിരുവനന്തപുരത്തേക്ക് മാറ്റിയത്. എന്നാൽ ശ്രീനഗറിൽ നിന്ന് മുംബൈയിലേക്ക് മാറ്റമായപ്പോൾ ക്വാർട്ടേഴ്‌സ് ഒഴിയേണ്ടി വന്നു. പിന്നീട് കുറച്ചു കാലം തിരുമല ഉദയഗിരി നഗറിനടുത്തുള്ള വീട്ടിലായിരുന്നു താമസം.
പിന്നീടാണ് കുഴിവിള പുത്തൻവീടിന്റെ മുകൾ ഭാഗത്തെ രണ്ടു മുറിയും ഹാളും അടുക്കളയുമടങ്ങുന്ന വീട്ടിലേക്ക് മാറിയത്. 6500 രൂപയാണ് വാടക. വീടിന്റെ വാടകയ്ക്കും മറ്റ് ചെലവുകൾക്കുള്ള തുകയും മകനാണ് നൽകിയിരുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി ഇവർ തലസ്ഥാനത്ത് തന്നെയാണ് താമസം.
വാർദ്ധക്യസഹജമായ അസുഖങ്ങളും കൃഷ്ണനെയും ഭാരതിയെയും അലട്ടുന്നുണ്ട്. മനോജ് കുമാറിന്റെ അമ്മ ഭാരതിയുടെ ആരോഗ്യനിലയാണ് കൂടുതൽ വഷളായ അവസ്ഥയിലുള്ളത്. അടുത്ത മാസം ഒൻപതിന് പാങ്ങോട് മിലിറ്റരി ഹോസ്പിറ്റലിൽ അമ്മയ്ക്ക് ഹെർണിയയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഉത്തരവാദിത്വങ്ങളെല്ലാം ചേട്ടൻ നേരത്തെ പൂർത്തിയാക്കിയിട്ടാ പോയത് എന്ന മനോജിന്റെ സഹോദരി മായയുടെ വാക്കുകൾ കേട്ടപ്പോൾ ആ അമ്മയുടെ കണ്ണുകൾ അറിയാതെ നിറയുകയായിരുന്നു.
മനോജിന്റെ ഭാര്യ ബീനയ്ക്ക് ജോലി ലഭിച്ചാൽ കുടുംബത്തിന് അതൊരു സഹായമാകുമെന്ന് കൃഷ്ണൻ പറഞ്ഞു. നേരത്തെ, ആർമിയിൽ മിലിട്ടറി നഴ്‌സിങ് സർവീസിൽ ജോലി നോക്കിയിരുന്ന ബീന മകന്റെ ജനനത്തോടെ ജോലി മതിയാക്കുകയായിരുന്നു. പാലക്കാട് കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷനിൽ സർവീസ് എൻജിനിയറായിരുന്ന കൃഷ്ണൻ കൂടുതൽ നല്ല അവസരം വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ 2001ൽ ജോലിയിൽ നിന്ന് വി.ആർ.എസ് എടുക്കുകയായിരുന്നു. പുതിയ ജോലിക്ക് കാലതാമസം നേരിട്ടപ്പോൾ കാർഷികോത്പന്നങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും വിൽപ്പന നടത്തുന്ന സഹകരണ സംഘമായ റെയ്ഡ്‌കോയുടെ ഏജൻസി ആരംഭിച്ചെങ്കിലും നഷ്ടം നേരിട്ടു. തുടർന്ന് മുംബൈയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കി മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു.
സൈനികനാവുകയെന്നത് ചെറുപ്പകാലം മുതൽ മനോജിന്റെ സ്വപ്നമായിരുന്നുവെന്ന് അച്ഛൻ ഓർക്കുന്നു. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടിയ ശേഷം പട്ടാളത്തിൽ പോകുമെന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പട്ടാളത്തിൽ പോകുന്നതിന് ഒരിക്കലും എതിരു നിൽക്കില്ല എന്ന് നേരത്തെ തന്നെ മകനോട് പറഞ്ഞിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാർ അറിയാതെയാണ് മകൻ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിന് പോയത്. ജോയിനിങ്ങ് ഓർഡർ കിട്ടിയ ശേഷമാണ് ജോലി കിട്ടിയ വിവരം താനും ഭാര്യയും അറിഞ്ഞതെന്നു പറയുമ്പോൾ ആ അച്ഛന്റെ മുഖത്ത് മകനെ നഷ്ടമായതിന്റെ സങ്കടം തെളിഞ്ഞ് കാണാമായിരുന്നു.
മഹാരാഷ്ട്രയിലെ പുൽഗാവിൽ ഇന്ത്യൻ സൈന്യത്തിന്റെ ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലുമാണ് മേജർ കെ മനോജ് കുമാർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ 16 പേരാണു മരിച്ചത്.
മനോജിന്റെ നിര്യാണത്തെത്തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ നേരിട്ടെത്തുകയും എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തിരുന്നു. കുടുംബത്തിന് ജോലിയും സ്വന്തമായി വീട് നിർമ്മിക്കുന്നതിനുമുള്ള സഹായം കേന്ദ്രത്തോട് സംസ്ഥാന സർക്കാർ തന്നെ ആവശ്യപ്പെട്ടതായി വിവരം ലഭിച്ചെന്നും കൃഷ്ണൻ മറുനാടനോടു പറഞ്ഞു.