- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനും ചെവിയിൽ പൂടയുള്ള നായരെന്ന് സുരേഷ് ഗോപി; സുകുമാരൻ നായരെ കണ്ടത് പ്രതിനിധിസഭാംഗം നിർബന്ധിച്ചതിനാൽ; എൻഎസ്എസ് ജനറൽ സെക്രട്ടറി ഭ്രാന്തനെ പോലെ പെരുമാറുന്നുവെന്ന് മേജർ രവി
കോട്ടയം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം എൻഎസ്എസ് ആസ്ഥാനത്തു പോയി അവഹേളനത്തിന് ഇരയാകേണ്ടി വന്നതിന്റെ കടുത്ത വിഷമത്തിലാണ് സുരേഷ് ഗോപി. രാഷ്ടീയ നേതാക്കളും സിനിമാതാരങ്ങളും ശാസ്ത്രജ്ഞരും അടക്കമുള്ളവർ മന്നം സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തി മടങ്ങുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ എത്തുന്നവർ ജനറൽ സെക്രട്ടറി സുകുമാരൻ നായരെ
കോട്ടയം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം എൻഎസ്എസ് ആസ്ഥാനത്തു പോയി അവഹേളനത്തിന് ഇരയാകേണ്ടി വന്നതിന്റെ കടുത്ത വിഷമത്തിലാണ് സുരേഷ് ഗോപി. രാഷ്ടീയ നേതാക്കളും സിനിമാതാരങ്ങളും ശാസ്ത്രജ്ഞരും അടക്കമുള്ളവർ മന്നം സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തി മടങ്ങുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ എത്തുന്നവർ ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ട് മടങ്ങുന്ന പതിവുമുണ്ട്. എന്നാൽ, സുകുമാരൻ നായരെ കാണാതെ പോയതിന്റെ പേരിൽ മുമ്പ് കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ പരസ്യമായി പ്രതികരിച്ച ചരിത്രവും സുകുമാരൻ നായർക്കുണ്ട്. എന്നാൽ, ഇന്ന് മാദ്ധ്യമപ്രവർത്തകരുടെയും സമുദായ പ്രതിനിധി സഭാംഗങ്ങളുടെയും മുന്നിൽ വച്ച് താരത്തിന്റെ അറിവില്ലായ്മയെ മുതലെടുക്കുകയായിരുന്നു സുകുമാരൻ നായർ.
മുൻകൂട്ടി അറിയിക്കാതെയായിരുന്നു സുരേഷ് ഗോപി ഇന്ന് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. പുഷ്പാർച്ചന നടത്തി മടങ്ങാൻ ഒരുങ്ങിയ വേളയിൽ ഒരു പ്രതിനിധി സഭാംഗം നിർബന്ധിച്ചതു കൊണ്ടാണ് ബജറ്റ് സമ്മേളനം നടക്കുന്ന വേദിയിലേക്ക് എത്തിതെന്നാണ് താരത്തിന്റെ വിശദീകരണം. ബജറ്റ് അവതരിപ്പിക്കുന്ന ഹാളിലേക്ക് മാദ്ധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇങ്ങനെ മാദ്ധ്യമങ്ങളെ വിലക്കിയ വേളയിൽ സൂപ്പർതാരം എത്തിയതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്. ഇതോടെയാണ് താരം പെരുന്നയിലെത്ത് പെട്ടതാണോ അതോ പെടുത്തിയതാണോ എന്ന സംശയം ഉയരുന്നത്.
തന്നെ മനപ്പൂർവ്വം പെടുത്തിയതാണോ എന്ന സംശയമുണ്ടെന്ന് സുരേഷ് ഗോപിയും അഭിപ്രായപ്പെടുകയുണ്ടായി. ഇതേക്കുറിച്ച് വിശദമായിതാരം പറഞ്ഞത് ഇങ്ങനെയാണ്:
ഇന്ന് എന്റെ ജന്മനക്ഷത്രമാണ്. വാഴപ്പള്ളി ഗണപതി അമ്പലത്തിൽ പോയി വന്നപ്പോൾ എനിക്ക് മന്നത്ത് അപ്പൂപ്പനെ വണങ്ങണമെന്ന് തോന്നി.അവിടെ കയറിയപ്പോൾ അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുറന്നുതരികയും ഞാൻ വണങ്ങുകയും ചെയ്ത് പുറത്തിറങ്ങിയപ്പോൾ എൻഎസ്എസ് പ്രതിനിധി സഭയിലെ ഒരംഗം തന്നെയാണ് എന്നോട് ജനറൽ സെക്രട്ടറിയെ കണ്ടിട്ട് പോകാമെന്ന് പറയുകയായിരുന്നു. ആസ്ഥാനത്ത് വന്ന സ്ഥിതിക്ക് ജനറൽ സെക്രട്ടറിയെ കാണാതെ പോയി എന്ന് വരേണ്ട,വന്നിട്ട് കണ്ടുപോകൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ബജറ്റ് അല്ലേ അങ്ങോട്ട് വരാൻ പാടുണ്ടോ എന്ന് അദ്ദേഹത്തോട് നൂറ് വട്ടം ഞാൻ സംശയം പ്രകടിപ്പിച്ചതുമാണ് പക്ഷേ പ്രതിനിധി സഭാംഗം എന്നെ നിർബന്ധിക്കുകയായിരുന്നു. മാതൃഭൂമി ഫോട്ടോഗ്രാഫർ ഈ രംഗങ്ങൾക്കെല്ലാം സാക്ഷിയാണ്. മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിലല്ല ഞാൻ അകത്തേക്ക് പോയത് പ്രതിനിധി സഭയിലുള്ളവർക്കൊപ്പമാണ്. അവിടെ ചെന്നപ്പോൾ ഇന്നത്തെ ദിവസം ഇങ്ങോട്ട് വരാൻ പാടില്ല അത് എനിക്ക് ഇഷ്ടമായില്ല എന്നാണ് ജി സുകുമാരൻ നായർ എന്നോട് പറഞ്ഞത്. ഞാൻ അത് കേട്ടപ്പോൾ തന്നെ ഇറങ്ങിപ്പോന്നു. എനിക്ക് ഹൃദയം പൊട്ടുന്ന അനുഭവമാണ് ഇത്. അത് തികച്ചും വ്യക്തിപരമാണ്. എൻഎസ്എസുമായുള്ള ബന്ധത്തിലോ തുടർന്നുള്ള സമീപനത്തിലോ ഈ സംഭവം ഒരു തരത്തിലുള്ള മാറ്റവുമുണ്ടാക്കില്ല. എനിക്ക് ഇത്തരത്തിലുള്ള അബദ്ധം ഇനി മുതൽ പറ്റാതെ നോക്കുമെന്ന് മാത്രം. ഷോ കാണിക്കരുത് എന്ന് പറഞ്ഞതായും പുറത്താക്കിയുമെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്.''
അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യകാമ്പയിനറായി തിളങ്ങിയ വ്യക്തി കൂടിയാണ് സുരേഷ് ഗോപി. അതുകൊണ്ട് കൂടിയാണ് സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്ത് എത്തിയപ്പോൾ സുകുമാരൻ നായർ ക്ഷോഭിച്ചത് എന്നാണ് സൂചന. അരുവിക്കരയിൽ പരസ്യമായി ഇല്ലെങ്കിലും എസ്എൻഡിപിയുടെ പിന്തുണ ഒ രാജഗോപാലിനാണ്. എൻഎസ്എസ് ആകട്ടെ മൂന്ന് പേരും നായർ സ്ഥാനാർത്ഥികൾ ആയതിനാൽ പരസ്യ പിന്തുണ അറിയിച്ചിരുന്നുമില്ല. എങ്കിൽ കൂടി സുകുമാരൻ നായരുടെ മനസ് യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം ആണെന്നാണ് പൊതുവിലയിരുത്തൽ.
എൻ.എസ്.എസിന് പ്രശ്‌നാധിഷ്ഠിത സമദൂരമാണ് നിലപാടെങ്കിലും യു.ഡി.എഫിനോട് മൃദു സമീപനമാണ് പുലർത്തുന്നതെന്ന് ജനറൽ സെക്രട്ടി പി. സുകുമാരൻ നായർ ഇന്ന് ബജറ്റ് സമ്മേളവനത്തിനിടെ പറയുകയും ചെയ്തിരുന്നു. വർഷങ്ങളായുള്ള എൻ.എസ് എസിന്റെ പല കാര്യങ്ങളും യു.ഡി.എഫ് സാധിച്ച് തരുന്നതിനാലാണ് മൃദു സമീപനമെന്നും ബ്ജറ്റ് സമ്മേളനത്തിന്റെ ചോദ്യോത്തരവേളയിൽ ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇങ്ങനെ യുഡിഎഫ് ചായ്വുള്ള വേളയിൽ തന്നെയാണ് സുരേഷ് ഗോപി വന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടാതെ വന്നതും എതിർപ്പ് പരസ്യമായി അറിയിച്ചതും.
മറിച്ച് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്ത് വരുന്നത്. എന്തെങ്കിലും സ്ഥാനമാനം ലഭിക്കുന്നവർ പെരുന്നയിൽ എത്താറുണ്ടെന്ന് പതിവ് തെറ്റിക്കരുത് എന്ന് കരുതിയാണ് അദ്ദേഹം അവിടെ എത്തിയതും. നേരത്തെ മോഹൻലാൽ അടക്കമുള്ളവർ പെരുന്നയിൽ എത്തി സുകുമാരൻ നായരെ കണ്ടിരുന്നു. അപ്പോഴൊന്നു അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
അതേസമയം സുരേഷ് ഗോപിയെ ഇറക്കിവിട്ട നടപടിയെ വിമർശിച്ചു കൊണ്ട് വെള്ളാപ്പള്ളി നടേശനും മേജർ രവിയും രംഗത്തെത്തി. നായർ സമുദായംഗം കൂടിയായ സുരേഷ് ഗോപിയെ അവഹേളിച്ച നടപടി തെറ്റാണെന്നും അത് ആതിഥേയ മര്യാദ അല്ലെന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.
സുകുമാരൻ നായർ ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. സമുദായ നേതാവെന്ന നിലയിൽ അയാളെ അംഗീകരിക്കുന്നില്ല. എൻഎസ്എസ് ആസ്ഥാനം സുകുമാരൻനായരുടെ സ്വന്തം സ്വത്തല്ല. യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുകയാണ് സുകുമാരൻ നായർ. അൽപന് അർത്ഥം കിട്ടിയാൽ അർധരാത്രിയിൽ കുടപിടിക്കും. മനുഷ്യത്വത്തെ മാറ്റി നിർത്തിയാണ് സുകുമാരൻ നായരുടെ പ്രവർത്തനം എന്നും മേജർ രവി പ്രതികരിച്ചു. സോഷ്യൽ മീഡിയയിലും സുരേഷ് ഗോപിയെ അനുകൂലിച്ച് നിരവധിപേർ രംഗത്തുണ്ട്.