തിരുവനന്തപുരം: ജമ്മു-കാശ്മീർ കഴിഞ്ഞാൽ കേരളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സ് നിറയെ. രാജ്യത്തിന്റെ തെക്കേയറ്റത്ത് നിലയുറപ്പിക്കാൻ ഒരു ചുവട് മണ്ണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അക്കൗണ്ട് കേരളത്തിലും തുറന്നേ മതിയാകൂ. അടുത്ത വർഷത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അതിനുള്ള ഡ്രെസ് റിഹേഴ്‌സലാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കരുനീക്കമാണ് മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും നടത്തുന്നത്. ഇതെല്ലാം കേരളത്തിൽ ഏതുകൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യമാണ്. ഇതെല്ലാം മനസ്സിൽ വച്ച് തന്നെയാണ് സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിയും മുന്നോട്ട് പോകുന്നതെന്ന് വേണം കരുതാൻ.

എല്ലാ അർത്ഥത്തിലും ബിജെപി ആശയമാണ് തന്റെ മനസ്സിലെന്ന് മേജർ രവി പരസ്യമായി പറയുന്നു. മോദിയെന്ന പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തുകയും ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മേജർ രവിയുടെ പേര് ബിജെപി പരിഗണിച്ചിരുന്നു. എന്നാൽ മേജർ രവി മനസ്സ് തൂറക്കാത്തതിനാൽ തീരുമാനമെടുത്തില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ മാറുന്നു. ബിജെപിക്കും മോദിക്കും മേജർ വി നൽകിയ പരസ്യ പിന്തുണ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തൽ സജീവമാണ്. ബിജെപി ക്യാമ്പും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. ഹിന്ദുത്വ ആദർശത്തെ നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാൻ കഴിയുമെന്നാണ് മേജർ രവി കഴിഞ്ഞ ദിവസം പറഞ്ഞത്.

മേജർ രവിയ്‌ക്കൊപ്പം ലോകഹിന്ദു കോൺഗ്രസിന്റെ രണ്ടാം ദിവസം നടന്ന ഹിന്ദുമാദ്ധ്യമ സമ്മേളനത്തിൽ പങ്കെടുത്ത സംവിധായകൻ പ്രിയദർശനും സംഘ പരിവാറിന് പ്രിയപ്പെട്ട വ്യക്തിയാണ്. ആർഎസ്എസ് നിയന്ത്രണത്തിൽ തുടങ്ങാനിരിക്കുന്ന ജനം ചാനലിലെ പ്രധാന സ്ഥാനം പോലും പ്രിയന് സംഘ പരിവാർ നേതൃത്വം വച്ച് നീട്ടുന്നുണ്ട്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മടിച്ച് നിൽക്കുകയാണ് പ്രിയൻ. ഏതായാലും പ്രിയനേയും മേജർ രവിയേയും പോലുള്ള ഒരു ഡസനിലധികം പ്രമുഖരുടെ പട്ടിക തയ്യാറാക്കി മെമ്പർഷിപ്പ് കാംപൈയിന് ബിജെപി തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി, മുൻ ചീഫ് സെക്രട്ടറി സിപി നായർ തുടങ്ങിയ നിരവധി പേർ പട്ടികയിലുണ്ട്.

അംഗത്വ വിതരണം പൂർത്തിയായാലുടൻ സംഘടനാ തിരഞ്ഞെടുപ്പിലൂടെ യുവ നേതൃനിരയെ സംസ്ഥാന തലത്തിൽ അവതരിപ്പിക്കും. നേതൃനിരയിൽ വനിതകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകാനും പദ്ധതിയുണ്ട്. അംഗത്വ വിതരണത്തിൽ വിദ്യാർത്ഥികൾ, പ്രഫഷണലുകൾ, വ്യാപാരികൾ, ഐടി രംഗത്തു പ്രവർത്തിക്കുന്നവർ തുടങ്ങി വിവിധ മേഖലകളെ കേന്ദ്രീകരിച്ചു പ്രത്യേകമായി പ്രചാരണം നടത്താൻ സംസ്ഥാന നേതൃത്വത്തിനു അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ അംഗത്വ വിതരണ പ്രവർത്തനങ്ങൾക്ക് ബിജെപി ഉപാധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ നൽകിയ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സംസ്ഥാന നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ബിജെപിയുമായി സഹകരിക്കാൻ സാധ്യതയുള്ള എല്ലാവരുമായി സംസ്ഥാന നേതൃത്വം ബന്ധപ്പെടും. കഴിയുന്നത്ര പേരെ പാർട്ടി അംഗമാക്കും. ഇതിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറാനാണ് നീക്കം. ജമ്മു കാശ്മീർ തെരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞാൽ അമിത് ഷാ കേരളത്തിലെത്തും. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി 20 ദിവസങ്ങൾ കേരളത്തിനായി അമിത് ഷാ നീക്കി വച്ചിട്ടുണ്ട്. കേരളത്തിലെ ആർഎസ്എസ് നേതൃത്വവുമായി ചർച്ച ചെയ്ത് പരിവാർ രാഷ്ട്രീയം ശക്തമാക്കി കേരളത്തിലും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിന് ജനസമ്മതിയുള്ള പ്രബലർ ബിജെപിയിൽ വേണമെന്നാണ് അമിത് ഷായുടെ ആഗ്രഹം. ഇത്തരം നീക്കത്തിലൂടെയാണ് മഹാരാഷ്ട്രയിലും യുപിയിലും ഹരിയാനയിലും ബംഗാളിലുമെല്ലാം ബിജെപി നേട്ടമുണ്ടാക്കിയത്. ഈ തന്ത്രം കേരളത്തിലും പരീക്ഷിക്കാനാണ് നരേന്ദ്ര മോദിയുടേയും നിർദ്ദേശം.

ഇത്തരം പ്രമുഖരെ കൊണ്ട് കോൺഗ്രസ്, സിപിഐ(എം) നേതൃത്വങ്ങളെ വിമർശിക്കുക. ഇതാണ് ഡൽഹിയിൽ മേജർ രവി ചെയ്തത്. സംഘ് പരിവാറിന്റെ നേതൃത്വ ത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന കോൺഗ്രസിനെയും സോണിയയെയും കടന്നാക്രമിച്ചും ഹിന്ദുത്വത്തെയും മോദിയെയും പ്രകീർത്തിച്ചുമാണ് മേജർ രവി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ഇന്ത്യൻ വിനോദവ്യവസായത്തെ എങ്ങനെ ഹിന്ദുത്വവത്കരിക്കാം എന്ന വിഷയം ചർച്ച ചെയ്ത സമ്മേളന സെഷനിൽ മലയാള സംവിധായകൻ പ്രിയദർശനും തെന്നിന്ത്യൻ നടി സുകന്യയും പങ്കെടുത്തു. ഒരാളും ജന്മനാ ദേശസ്‌നേഹിയായി ജനിക്കുന്നില്‌ളെന്നും മറിച്ച് ഉൾക്കൊള്ളുന്ന സംസ്‌കാരത്തിൽനിന്നാണ് ദേശസ്‌നേഹം ലഭിക്കുകയെന്നും മേജർ രവി പറഞ്ഞു.

സൈന്യത്തിൽ നിന്നാണ് എനിക്ക് ദേശസ്‌നേഹം ലഭിച്ചത്. ഹിന്ദുത്വം എന്നത് ദേശീയ വികാരമാണ്. ഹിന്ദുത്വം എന്ന വികാരത്തിന് മുന്നിൽ നായരാണോ നമ്പ്യാരാണോ എന്നീ ചിന്തകൾക്ക് പ്രസക്തിയില്ല. ഈ വികാരത്തിൽനിന്നാണ് അഞ്ചു സിനിമയെടുത്തത്. ഇനി സിനിമകളെടുക്കുന്നതും അങ്ങനെയായിരിക്കും മേജർ രവി പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോൾ പാക്കിസ്ഥാനു വേണ്ടി ജയ് വിളിക്കുന്ന മുസ്ലിംകളെ എങ്ങനെ ദേശസ്‌നേഹികളാക്കി മാറ്റാമെന്ന ചിന്തയിൽനിന്നാണ് കീർത്തിചക്ര എന്ന പേരിൽ മോഹൻലാൽ എന്ന നടനെ വച്ച് ആദ്യ മലയാള സിനിമയെടുത്തതെന്ന് മേജർ രവി പറഞ്ഞു.

ഈ സിനിമ കേരളത്തിൽ മുസ്ലിംകൾ കൂടുതലുള്ള മലപ്പുറത്തും കോഴിക്കോട്ടും പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞു. എന്നാൽ ഈ സിനിമ മലപ്പുറത്തും കോഴിക്കോട്ടും ഹൗസ്ഫുൾ ആയി ഓടി നാലരക്കോടി കലക്ഷനുണ്ടാക്കി. 1980ൽ സോണിയ ഗാന്ധി ഇന്ത്യയിൽ വന്നതു മുതൽ ഇന്ത്യക്ക് പ്രശ്‌നങ്ങളാണെങ്കിൽ ഇറ്റലിയുടെ സാമ്പത്തിക വളർച്ച അന്ന് മുതൽ മേലോട്ടായിരിക്കുകയാണ്. രാജീവ് ഗാന്ധിയുടെ വധം ആസൂത്രിതമാണ്. രാജീവ് വേദിയിലേക്ക് നടക്കുമ്പോൾ മാറിനിന്ന കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ കാര്യമറിയും. ഇക്കാര്യം പറയുന്ന സുബ്രഹ്മണ്യം സ്വാമിയെക്കാൾ എല്ലാവർക്കും വിശ്വാസം സോണിയാജിയെ ആണെന്ന് രവി കുറ്റപ്പെടുത്തി.

ഈ രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിലൂടെ മേജർ രവി ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ. പാർട്ടി അംഗത്വമെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ കേരളാ ഘടകത്തിൽ മേജർ രവി സജീവമാകുമെന്ന പ്രതീക്ഷ ബിജെപി കേരള ഘടകത്തിനും ഉണ്ട്.