കൊച്ചി: ദേശീയ പതാകകളും കോസ്റ്റ്ഗാർഡിന്റെ പതാകകളും വഴിയരികിലെ മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. കോസ്റ്റ്ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ദേശാഭിമാനം തുടിക്കുന്ന ഒരുകാഴ്ചയാണ് കണ്ണിന് വിരുന്നാ/ത്. സംഭവം അറിഞ്ഞ് സ്ഥലത്ത് ജീപ്പിൽ വന്നിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണമാണ് മാതൃകയായത്.

മാലിന്യ കൂമ്പാരത്തിൽ കിടന്നിരുന്ന ദേശീയ പതാകയെ ആദരവോടെ സല്യൂട്ട് ചെയ്ത പൊലീസ് ഓഫീസറെ കാണാൻ മേജർ രവി എത്തി. ഇരുമ്പനം കടത്തുകടവ് റോഡിലെ മാലിന്യ കൂമ്പാരത്തിലാണ് ദേശീയ പതാക ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോസ്റ്റ്ഗാർഡിന്റെ പതാക, ലൈഫ് ജാക്കറ്റ്, റെയിൻകോട്ട് തുടങ്ങിയവയും മാലിന്യക്കൂമ്പാരത്തിലുണ്ടായിരുന്നു.വിവരമറിഞ്ഞെത്തിയ ഹിൽപാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമൽ ടി.കെയാണ് സല്യൂട്ട് നൽകിയ ശേഷം മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക തിരിച്ചെടുത്തത്.

പൊലീസുകാരന്റെ പ്രവർത്തി വൈറലായതിന് പിന്നാലെയാണ് സംവിധായകനും നടനുമായ മേജർ രവി പൊലീസുകാരനെ കണ്ട് അഭിനന്ദിച്ചത്. ഫേയ്സ്ബുക്കിലൂടെ മേജർ രവി തന്നെയാണ് അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്. 'ദേശസ്നേഹം കണ്ടാൽ ഞാൻ ആവേശത്തിലാകും. ഒരു പൊലീസുകാരൻ എന്നെ ഇപ്പോൾ സർപ്രൈസ് ചെയ്തിരിക്കുകയാണ്. പത്രങ്ങളിൽ നിന്ന് വാർത്ത നമ്മൾ കണ്ടതാണ്. അവിടെ പോയ പൊലീസുകാരൻ ആദ്യം സല്യൂട്ട് അടിക്കുകയാണ് ചെയ്തത്. ഇത് നിങ്ങൾ ഓരോർത്തർക്കും ഒരു പാഠം ആകണം. രാഷ്ട്രീയത്തേക്കാൾ വലുത് രാഷ്ട്രമാണ്. ഇതെന്റെ ദേശീയ പതാകയാണ്, ഇതിനെ ഇനി അപമാനിക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പൊലീസുകാരൻ പറഞ്ഞു.എന്റെ പതാക എന്റെ അഭിമാനമാണ്. ഈ മണ്ണുണ്ടെങ്കിലെ നിങ്ങൾ ഉണ്ടാകൂ. ഈ മണ്ണിനെ സംരക്ഷിക്കണം. അതിന് പൊലീസുകാരാനോ പട്ടാളക്കാരോ ആകണമെന്നില്ല. ഈ പൊലീസുകാരൻ ഒരു മാതൃകയാകട്ടെ' - മേജർ രവി പറഞ്ഞു.

മാതൃകയാക്കാം അമലിനെ

അമൽ ദേശീയ പതാകയുടെ അന്തസുയർത്തിയ സംഭവം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ആദ്യം തന്നെ നിവർന്ന് നിന്ന് കൈമടക്കി ഒരു സല്യൂട്ട്. പിന്നെ മാലിന്യത്തിൽ നിന്നും പതാകകൾ എടുത്ത് മാറ്റാൻ തുടങ്ങി. ഇങ്ങനെ എടുത്ത പതാകകൾ മടക്കുന്നതിനിടയിൽ കൗൺസിലർ വരട്ടെ, കോസ്റ്റ്ഗാർഡ് ടീം വന്നിട്ട് എടുക്കാം എന്നൊക്കെ പറഞ്ഞവരോട് 'ഇല്ല...ഇത് ഇങ്ങനെയിടാൻ പറ്റില്ല.. രാജ്യത്തിന്റെ ദേശീയപതാക ഇങ്ങനെ കിടന്നാൽ തന്നെ നമുക്ക് അപമാനമാണ്' എന്നിങ്ങനെ പറഞ്ഞിട്ട് ആദരവോടെ ദേശീയപതാകകൾ വൃത്തിയായി മടക്കി എടുത്ത് വാഹനത്തിനുള്ളിലേക്ക് വച്ചു.

ചൊവ്വാഴ്ച രാവിലെ മുതൽ നാട്ടുകാരും മാധ്യമപ്രവർത്തകരും അടക്കമുള്ള ആളുകൾ ഈ വിവരം അറിഞ്ഞ് എത്തി എങ്കിലും അമൽ എന്ന ഈ പൊലീസുകാരൻ എത്തുന്ന വരെ രാജ്യത്തിന്റെ യശസ്സിന്റെ പ്രതീകമായ പതാകകൾ മാലിന്യകൂമ്പാരത്തിൽ തന്നെ ആയിരുന്നു. അങ്ങനെ ഒരു വശം അവിടെ നിന്നവർ ആരും ചിന്തിച്ചില്ല. അമൽ അടക്കം മൂന്ന് പേരാണ് പൊലീസ് വാഹനത്തിൽ ആദ്യം എത്തിയത്. മറ്റ് രണ്ട് പേർ ഇറങ്ങും മുൻപേ വാഹനത്തിൽ നിന്നും ഇറങ്ങിയ അമൽ കൈയിലുണ്ടായിരുന്ന ഫോൺ മാറ്റി വെച്ച് അറ്റൻഷനിൽ നിന്ന് പതാകയേ സല്യൂട്ട് ചെയ്യുക ആയിരുന്നു. പിന്നാലെ ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച് ഒയും മറ്റൊരു സബ്ബ് ഇൻസ്‌പെക്ടറും വരുന്നുണ്ടായിരുന്നു എന്നാൽ അവർ വരുന്നത് വരെ കാക്കാതെ ഒരു നിമിഷം പോലും വൈകാതെ രാജ്യത്തോടും ദേശീയപതാക എന്ന വികാരത്തോടും തന്റെ ആദരവ് പ്രകടിച്ച് മാതൃക കാട്ടിയ ഈ പൊലീസുകാരൻ കേരളാപൊലീസിന് തന്നെ അഭിമാനമാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുമ്പനം കടത്തു കടവ് റോഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നുള്ള മാലിന്യക്കൂമ്പാരത്തിനിടയിൽ ദേശീയപതാകൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് യൂണിഫോമുകളും സുരക്ഷാ കവചകങ്ങളും പഴകിയ മറ്റ് സാധന സാമഗ്രികളുമായിരുന്നു മാലിന്യത്തിലുണ്ടിയരുന്നത്. സമീപവാസികൾ വിവരം കോസ്റ്റ്ഗാർഡിനെയും പൊലീസിനെയും അറിയിച്ചു.

തൊട്ടു പിന്നാലെ ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തുകയും പതാകകൾ മാലിന്യത്തിൽ നിന്നും പൊലീസ് വാഹനത്തിലേക്ക് മാറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോസ്റ്റ്ഗാർഡ് അധികാരികളോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശം നൽകി. കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ് ഇത്തരം ഒരു സംഭവത്തിനിടയായതെന്ന് പൊലീസ് പറയുന്നു.