സോഷ്യൽ മീഡിയയില്ലാതെ മനുഷ്യന് ഇന്ന് ജീവിക്കാനാകാത്ത അവസ്ഥയാണുള്ളത്. മനുഷ്യവർഗത്തിന്റെ ഏറ്റവും പരിഷ്‌കൃതമായ ആശയവിനിമയ മാദ്ധ്യമവുമാണത്. എന്നാൽ ഈ പരിഷ്‌കൃത മാദ്ധ്യമം അപരിഷ്‌കൃതമായ കലാപങ്ങൾക്കും വഴിയൊരുക്കുന്നുണ്ടെന്നത് സമീപകാലത്തെ ദുഃഖകരമായ സത്യമാണ്. ഇന്ത്യയിൽ സമീപകാലത്തുണ്ടായ പ്രധാന വർഗീയലഹളകളെല്ലാം സോഷ്യൽ മീഡിയയിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന് കാണാം. ഫേസ്‌ബുക്കാണ് ഇതിൽ മുൻപന്തിയിൽ നിർക്കുന്നതെന്നത് ഖേദകരമായ യാഥാർത്ഥ്യമാണ്. ഈയടുത്ത കാലത്ത് രാജ്യത്തുണ്ടായ ഏതാണ്ട് അരഡസനോളം വർഗീയ സംഘർഷങ്ങൾക്ക് നിദാനമായത് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും കമന്റുകളുമാണെന്ന് കാണാം.

അടുത്തിടെ വഡോദരയിലുണ്ടായ സംഭവത്തെ ഏറ്റവും പുതിയ ഉദാഹരണമായി എടുത്ത് കാട്ടാം. സുനിൽ രജപുത്ത് എന്നയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ഒരു ചിത്രമാണ് ഇവിടത്തെ സംഘർഷത്തിന് കാരണമായത്. ഹിന്ദുദേവതയുടെ മോർഫ് ചെയ്ത രൂപം കഅ്ബയുടെ ചിത്രത്തിന് മുകളിൽ സ്ഥാപിച്ച് ഇയാൾ ഫേസ്‌ബുക്കിലിട്ട ഇമേജാണ് പ്രശ്‌നങ്ങൾക്ക് തിരി കൊളുത്തിയത്. പൊലീസ് ഇയാളെ പിടികൂടിയെങ്കിലും കുറ്റം സമ്മതിക്കാൻ സുനിൽ തയ്യാറായിട്ടില്ല. പ്രായപൂർത്തിയാകാത്ത തന്റെ മകൻ അറിയാതെ ചെയ്ത് പോയ ഒരു പ്രവൃത്തിയായി ഇതിനെ വളച്ചൊടിച്ച് കേസിൽ നിന്ന് തലയൂരാനാണ് ഇയാൾ ശ്രമിക്കുന്നത്. ഇതിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട കലാപം ശമിക്കാത്തതിനെ തുടർന്ന് പൊലീസ് ആ മേഖലയിൽ സോഷ്യൽ മീഡിയ ബ്ലോക്ക് ചെയ്യുകയുണ്ടായി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 17 വരെ ഉത്തർ പ്രദേശിലെ മുസാഫർ നഗറിലുണ്ടായ വർഗീയ കലാപത്തിലും സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്തിരുന്നു. ഒരു കൂട്ടം മുസ്ലീങ്ങൾ ഒരു ഹിന്ദുയുവാവിനെ കൊല ചെയ്യുന്ന ഒരു ഫേക്ക് വീഡിയോ ബിജെപി എംഎ‍ൽഎ സംഗീത് സോം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് കലാപം വഷളാകാൻ ഇടയാക്കിയെന്നാണ് കോടതി കണ്ടെത്തിയിരുന്നത്. പ്രസ്തുത കലാപത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്.

ഈ വർഷം മെയ് മാസത്തിൽ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് പൂണെയിൽ കലാപത്തിന് വഴിയൊരുക്കിയിരുന്നു. 17ാം നൂറ്റാണ്ടിലെ ഹിന്ദു രാജാവും പോരാളിയുമായ ശിവജിയെയും ശിവസേന സ്ഥാപകൻ ബാൽതാക്കറെയെയും അപമാനിക്കുന്ന തരത്തിലുള്ള ഈ പോസ്റ്റിനെതിരെ ശിവസേന തെരുവിലിറങ്ങി അക്രമം അഴിച്ചു വിടാൻ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി അവർ എട്ടോളം ബസുകൾ കത്തിക്കുകയും ആക്രമണങ്ങൾ അഴിച്ച് വിടുകയുമുണ്ടായി. എന്നാൽ ഫേസ്‌ബുക്കിന്റെ സഹായത്തോടെ അധികൃതർക്ക് ഈ പോസ്റ്റ് ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞതോടെ അതൊരു വൻ വർഗീയ കലാപമായി മാറാതെ ഒതുങ്ങുകയായിരുന്നു.

2012 ഒക്‌ടോബറിൽ ഒരു മോർഫ്ഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മുസ്ലീങ്ങളെ ബർമയിൽ കൂട്ടക്കൊല ചെയ്യുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ഇതിനെത്തുടർന്ന് അഹമ്മദാബാദിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും കലാപകാരികൾ പൊലീസിനു നേരെ വരെ തിരിഞ്ഞിരുന്നുവെന്നും ഒരു മുതിർന്ന പൊലീസ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗുജറാത്തിലെ നഗരങ്ങളിലുണ്ടായ കലാപങ്ങളുടെയെല്ലാം ഉറവിടം ഫേസ്‌ബുക്കടക്കമുള്ള സോഷ്യൽ മീഡിയ ആയിരുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഈ വർഷം ഫെബ്രുവരി രണ്ടിന് അഹമ്മദാബാദിലുണ്ടായ വർഗീയ കലാപത്തിന് കാരണം ഒരു മതസംഘടനയുടെ സൈറ്റിൽ വന്ന ഒരു മോർഫ്ഡ് ഫോട്ടോയായിരുന്നു. തുടർന്ന് ഫെബ്രുവരി 12 ന് ഒരു നേതാവിനെ അസുരനെപ്പോലെ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ ഇട്ടതിന്റെ പേരിൽ ബൊർസാഡിലും വർഗീയ സംഘർഷമുണ്ടായി. മാർച്ച് 15ന് ഖേദയിൽ കലാപമുണ്ടായത് ഒരു മതസംഘടനയുടെ സൈറ്റിൽ മോർഫ്ഡ് ഫോട്ടോ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നായിരുന്നു. മതത്തിനെതിരെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ഏപ്രിൽ 11 ന് പതാനിൽ വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. ബുജിൽ ജൂലൈ 20നും 27നുമുണ്ടായ സംഘർഷങ്ങൾ വിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ടുള്ള പോസ്റ്റുകൾ വൈറലായതിനെത്തുടർന്നാണ്. ഓഗസ്റ്റ് ഒമ്പതിന് ഭവ്‌നഗറിൽ കലാപമുണ്ടായതിന്റെ കാരണങ്ങളും മറ്റൊന്നല്ല.

ഫേസ്‌ബുക്കടക്കമുള്ള സോഷ്യൽ മീഡിയ വർഗീയ കലാപങ്ങൾക്ക് ആക്കം കൂട്ടുന്നതിനെതിരെ പെട്ടെന്നൊരു നടപടിയെടുക്കാൻ എളുപ്പമല്ലെന്നാണ് ഗുജറാത്ത് ഡിജിപി പി സി താക്കൂർ പറയുന്നത്. ഇവയുടെ സർവീസ് പ്രൊവൈഡർമാർ വിദേശത്തുള്ള കമ്പനികളായതിനാൽ ഇവയെ നിയന്ത്രിക്കാൻ പരിമിതികളുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാൻ നിയമങ്ങൾ നമുക്കാവശ്യമാണെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇത്തരം വൈകാരിക പ്രശ്‌നങ്ങളോട് വ്യത്യസ്ത വിശ്വാസികൾ തീർത്തും അസഹിഷ്ണതയോടെ പെരുമാറുന്നതാണ് കലാപങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും താക്കൂർ പറയുന്നു.