ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയാണ് മെയ്ക് ഇൻ ഇന്ത്യ.പ്രതിരോധരംഗത്ത് കഴിഞ്ഞ മൂന്ന് വർഷം എന്തുനേട്ടമാണ് ഈ സ്വപ്‌ന പദ്ധതി ഉണ്ടാക്കിയത്?

ഉദാരവൽക്കരണത്തിന് മുമ്പ് നിലനിന്നിരുന്ന ലൈസൻസ് രാജ് പോലെയാണ് പദ്ധതിയുടെ പോക്ക്. ഉദ്യോഗസ്ഥതലത്തിലെ കടമ്പകൾ, നീണ്ടുപോകുന്ന നടപടിക്രമങ്ങൾ, വാണിജ്യസാങ്കേതിക നൂലാമാലകൾ എന്നിവ ഒരുഭാഗത്ത്. ഇതിനൊപ്പം രാഷ്ട്രീയ ഇച്ഛാശേഷിയില്ലായ്മയും, തുടർനടപടികളുടെ അഭാവവും കൂടിയാകുമ്പോൾ എല്ലാം തികഞ്ഞു. പ്രതിരോധ രംഗത്ത് മെയ്ക്ക് ഇൻ ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രധാന പദ്ധതികളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അവലോകനത്തിൽ തെളിയുന്നത്.

മൂന്നരലക്ഷംകോടിയേറെ വരുന്ന ആറോളം മെഗാപദ്ധതികൾ അന്തിമകരാറുകൾ ഒപ്പുവയ്ക്കാതെ പലഘട്ടങ്ങളിലായി മുടങ്ങിക്കിടക്കുകയാണ്.യുദ്ധ ടാങ്കുകൾ,ലഘുഉപയോഗത്തിനുള്ള ഹെലികോപ്ടറുകൾ,നാവികസേനയ്ക്ക് വേണ്ടിയുള്ള വിവിധോദ്ദേശ്യ ചോപ്പറുകൾ,ചാരമുങ്ങിക്കപ്പലുകൾ, മൈനുകൾ തുരത്താനുള്ള കൗണ്ടർമെഷർ വെസൽസ്, അഞ്ചാം തലമുറ പോർവിമാനങ്ങൾ എന്നിവയൊക്കെയാണ് പാതിവഴിയിൽ മുടങ്ങിയത്.

തദ്ദേശീയമായി വികസിപ്പിച്ച തേജസ് ലഘുപോർ വിമാനത്തിന് ശേഷം ലക്ഷ്യമിട്ട 114 ഒറ്റ എഞ്ചിൻ പോർവിമാനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല.

നിർമ്മല സീതാരാമൻ പ്രതിരോധമന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് മേക്ക് ഇൻ ഇന്ത്യക്ക് പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.ഉദ്യോഗസ്ഥതലത്തിലെ കുപ്പിക്കഴുത്തുകൾ നീക്കാനുള്ള ശ്രമങ്ങൾ വിജയം കാണുമോയെന്ന് കണ്ടറിയണം. ഇത്തരം സങ്കീർണമായി പദ്ധതികൽ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് മുതിർന്ന പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്.

പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത എന്ന മോദിയുടെ സ്വപ്‌നം യാഥാർഥ്യമാക്കാൻ ഇനിയും സമയമെടുക്കുമെന്ന് ചുരുക്കം.വിദേശ സൈനിക ഹാർഡ് വെയർ-സോഫ്റ്റ് വെയറുകളോടുള്ള ആശ്രിതത്വം ഉപേക്ഷിക്കാൻ രാജ്യത്തിന് ഇനിയും ആയിട്ടില്ല.

60,000 കോടിയുടെ ഇൻഫൻട്ര് കോമ്പാറ്റ് വെഹിക്കിളിനുള്ള എഫ്‌ഐസിവി പദ്ധതിക്ക് അംഗീകാരം നൽകിയിട്ട് എട്ട് വർഷമാകുന്നു. പ്രോട്ടോടൈപ്പുകളുടെ ഡിസൈനിലും, നിർമ്മാണവും രണ്ട് സ്വകാര്യ കമ്പനികളെ മാത്രം ഏൽപ്പിക്കണമോ അതോ, രംഗത്തുള്ള എല്ലാ കമ്പനികളെയും പരീക്ഷിക്കണമോയെന്ന കാര്യത്തിലാണ് പ്രശ്‌നം നിലനിൽക്കുന്നത്.മന്ത്രി നിർമല സീതാരാമൻ തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ഉടൻ പ്രശ്‌നപരിഹാരമാകുമെന്നും പ്രതിരോധകേന്ദ്രങ്ങൾ പറയുന്നു.

റ,ഷ്യയുടെ സുഖോയ് ടി-50 പോർവിമാനം പോലെ അഞ്ചാം തലമുറ പോർവിമാനം വികസിപ്പിക്കാനുള്ള എഫ്ജിഎഫ്എ പദ്ധതിയും പിന്നോട്ടാണ്. പദ്ധതിയുടെ ഉയർന്ന ചെലവും ഫലപ്രാപ്തിയിലുള്ള സംശയവും കാരണം വ്യോമസേന വലിയ താൽപര്യം പ്രകടിപ്പിക്കുന്നില്ല.2010ലെ കരാർ പ്രകാരം ഇന്ത്യയും റഷ്യയും ചേർന്ന് പദ്ധതിയുടെ പ്രാഥമിക രൂപകൽപന നടത്തിയിരുന്നു.127 ഒറ്റസീറ്റ് പോർവിമാനങ്ങൾ നിർമ്മിക്കാൻ 25 ബില്യൻ കൂടി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.പദ്ധതിയുമായി മുന്നോട്ട് പോകണമോയെന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം തന്നെ വേണ്ടി വരും.

റഷ്യയുമായി ചേർന്ന് 200 കാമോവ് 226 ടി ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകൾ നിർമ്മിക്കാൻ 2015 ൽ ധാരണയായെങ്കിലും പദ്ധതി മുന്നോട്ട് നീങ്ങുന്നില്ലെന്ന് പ്രതിരോധ വകുപ്പിലെ
ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച റൈഫിളുകൾ സൈന്യം നിരസിച്ചത് അടുത്തിടെ വാർത്തയായിരുന്നു. നിലവിൽ ജവാന്മാർ ഉപയോഗിച്ച് വന്നിരുന്ന എകെ 47, ഐഎൻഎസ്എസ് റൈഫിളുകൾക്ക് പകരം ഹോംമേഡ് 7.62X51 ആണ് സൈന്യം നിരസിച്ചത്.

സർക്കാരിന്റെ ഓഡിനൻസ് ഫാക്ടറി ബോർഡ് നിർമ്മിച്ച റൈഫിളുകൾ പ്രാഥമിക പരിശോധനയിൽ തന്നെ പരാജയപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ റൈഫിളുകൾക്ക് പ്രശ്‌നം ഒരുപാടുണ്ടെന്നാണ് സൈനിക വിദഗ്ദ്ധർ പറയുന്നത്. ശബ്ദം, ഫ്ളാഷ് തുടങ്ങി പരിഷ്‌കാരങ്ങൾ വരുത്താനുണ്ടെന്നുപറഞ്ഞാണ് റൈഫിളുകൾ തള്ളിയത്.. റൈഫിളുകൾക്ക് പൂർണമായും മാറ്റി വരുത്തി വീണ്ടും നിർമ്മിക്കാൻ സമയമെടുക്കുമെന്നും സൈന്യം പറഞ്ഞു.കഴിഞ്ഞ വർഷം എക്‌സ്‌കാലിബർ എന്ന റൈഫിളിന് വേണ്ടത്ര പ്രഹരശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടി സൈന്യം നിഷേധിച്ചിരുന്നു. 5.56 എംഎം എക്‌സ്‌കാലിബറിന് പകരമായാണ് പുതിയ റൈഫിളുകൾ കൊണ്ടുവന്നത്.