ന്യൂഡൽഹി: ജൂലൈ 23 മുതൽ 25വരെ കൊച്ചിയിൽ നടക്കുന്ന മെയ്‌ക്ക് ഇൻ കേരള സമ്മിറ്റ് ബ്രോഷർ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപാദ് യശോ നായിക് പ്രകാശനം ചെയ്തു. ആയുർവേദ ഹബ് ആയ കേരളത്തിൽ മെയ്‌ക്ക് ഇൻ കേരള സമ്മറ്റ് സംഘടിപ്പിക്കുന്നതോടെ വൻതോതിലുള്ള വികസന പദ്ധതികൾ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ ബ്രോഷർ കേന്ദ്രമന്ത്രിയിൽ നിന്നും ബ്രോഷർ ഏറ്റുവാങ്ങി.

സംസ്ഥാന വ്യാവസായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച് കുര്യൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും സൊസൈറ്റി ഫോർ ദ ഇന്റഗ്രിറ്റി ഓഫ് നേഷൻ പ്രസിഡന്റുമായ എ.എൻ രാധാകൃഷ്ണൻ, വിജ്ഞാൻ ഭാരതി ദേശീയ സെക്രട്ടറി ജനറൽ എ.ജയകുമാർ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, അഡ്വ. അനിൽ തോമസ്, എം.ബി ശ്രീകുമാർ, അശോക് ഛദ്ദ, രാജേഷ് മേനോൻ എന്നിവർ പങ്കെടുത്തു.

കേന്ദ്രആയുഷ് വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ്, കെഎസ്‌ഐഡിസി, കിൻഫ്ര എന്നിവയ്‌ക്കൊപ്പം നിരവധി കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും മെയ്‌ക്ക് ഇൻ കേരള സമ്മിറ്റിൽ കൈകോർക്കുന്നുണ്ട്. കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ വിദേശ സംരംഭകരടക്കം 20,000ത്തിലേറെ പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 35ലക്ഷം കോടിരൂപയുടെ നിക്ഷേപ പദ്ധതികൾ സമ്മിറ്റിലൂടെ സംസ്ഥാനത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.