ന്യൂഡൽഹി: ഒക്ടോബർ രണ്ടിനുള്ളിൽ കേന്ദ്ര സർക്കാർ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജഗത്ഗുരു പരംഹംസ ആചാര്യ മഹാരാജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കിയില്ലെങ്കിൽ താൻ സരയൂ നദിയിൽ ജല സമാധിയാകും. രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു. അയോധ്യയിൽ വെച്ച് വാർത്താ ഏജൻസിയായ എഎൻഐയോടാണ് പ്രതികരണം.

 

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്‌ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഇക്കാര്യം പറഞ്ഞത്. അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പരാമർശമെന്നതും ശ്രദ്ധേയമാണ്. സന്യാസിയെ പിന്തുണച്ച് 'ഹിന്ദു സനാതൻ ധർമ്മ സൻസദ്' നടത്തുമെന്ന് അയോധ്യയിലെ മറ്റു ചില സന്യാസികൾ പറഞ്ഞു.

ജഗദ്‌ഗുരു ആചാര്യ മഹാരാജ് നേരത്തെ ദ്വാരക ശാരദ പീഠ് പ്രമുഖ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദിനെ അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയുടെ സമയത്ത് പരിഹസിച്ചിരുന്നു. സ്വരൂപാനന്ദിനെ കോൺഗ്രസിന്റെ പാദസേവകൻ എന്നാണ് പരിഹസിച്ചത്.

നേരത്തെ ആർഎസ്എസ് നിലകൊള്ളുന്നത് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയാണെന്നും ഇന്ത്യയിലെ 130 ബില്യൺ ജനങ്ങളും ഹിന്ദുക്കളാണെന്നുമുള്ള സമാനമായ പരാമർശവുമായി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് രംഗത്ത് വന്നിരുന്നു.

'ഇസ്ലാം ഇന്ത്യയിലേക്ക് കടന്നുവന്നത് ആക്രമകാരികളായിട്ടാണ്. മുസ്ലിം നേതാക്കൾ മതമൗലികവാദികളെ എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹിന്ദുത്വം ഇന്ത്യയുടെ സ്വത്തമാണ്. ഞങ്ങൾ ഉന്നയിച്ച ഹിന്ദു രാഷ്ട്രം രാഷ്ട്രീയമോ അധികാര വികേന്ദ്രീകൃതമോ ആയ നിലപാട് അല്ല.' സെപ്റ്റംബർ 6ന് പൂണെ ആസ്ഥാനമായി നടന്ന ഗ്ലോബൽ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.