മക്ക: ഹറം പള്ളിയിലുണ്ടായ ക്രെയിൻ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി പത്തു ലക്ഷം റിയാൽ (1.8 കോടി രൂപ) സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. കൂടാതെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി മൂന്നു ലക്ഷം റിയാൽ (54 ലക്ഷം രൂപ) നൽകുമെന്ന് ഹറം പള്ളിയുടെ പരിരക്ഷാ ചുമതലയുള്ള ഇൻഷ്വറൻസ് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തിൽ സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവർക്കും സൽമാൻ രാജാവ് പത്തു ലക്ഷം റിയാൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാലും നൽകും. അതേസമയം അപകടത്തെ തുടർന്ന് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ സാധിക്കാതെ പോയവർക്ക് അടുത്ത വർഷം അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കും. അടുത്ത രണ്ടു ബന്ധുക്കൾ സഹിതം രാജാവിന്റെ അതിഥികളായിട്ടായിരിക്കും ഇവർ ഹജ്ജ് നിർവഹിക്കാൻ  എത്തുക.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരിക്കുന്നവരുടെ ബന്ധുക്കൾക്ക് അവരെ സന്ദർശിക്കാൻ പ്രത്യേക വിസയും അനുവദിക്കും. കൂടാതെ ഹജ്ജ് സീസൺ കഴിയുന്നതു വരെ ഇവിടെ തങ്ങാനുള്ള അനുവാദവും നൽകും. സെപ്റ്റംബർ 28നാണ് ഹജ്ജ് അവസാനിക്കുക.  
ഗ്രാന്റ് മോസ്‌ക്കിലുണ്ടായ ക്രെയിൻ അപകടത്തിൽ 107 പേരാണ് മരിച്ചത് 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണ്. പാലക്കാട്ട് സ്വദേശിനി മുഅ്മിനയും മരിച്ചവരിൽ പെടുന്നു.