മാള: മാളയ്ക്കടുത്ത് കനകക്കുന്നിൽ ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത മാറ്റാനാവാതെ പൊലീസ്. മാണിയംപറമ്പിൽ പ്രകാശൻ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവംപുറത്തറിയുന്നത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കത്തിയമർന്ന ചിതയിൽ കാൽഭാഗം മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. മരണം കൊലപാതകമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ മരണകാരണം ഇനിയും വ്യക്തമല്ല.

എസ്.എച്ച്.ഒ. ഇൻസ്‌പെക്ടർ കെ.കെ. ഭൂപേഷ്, എസ്‌ഐ. കെ.ഒ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. അവശേഷിക്കുന്ന ശരീരഭാഗങ്ങൾ പൊലീസ് സംരക്ഷിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധരെത്തിയ ശേഷമേ മേൽനടപടികൾ സ്വീകരിക്കുകയുള്ളൂ. ഡി.എൻ.എ. പരിശോധനയും വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.അതിന് ശേഷമാത്രമേ മരിച്ചത് പ്രകാശനാണെന്ന് ഉറപ്പിക്കൂ. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മികച്ച സാമ്പത്തികഭദ്രതയുള്ളതാണ് പ്രകാശന്റെ കുടുംബം. ഭാര്യ ഗീതയും ഇളയമകൾ പ്രിയയും കാക്കനാട് ഹിന്ദുസ്ഥാൻ ലാറ്റെക്‌സിൽ ജീവനക്കാരാണ്. എറണാകുളത്ത് ഫ്‌ളാറ്റിലാണ് ഇവർ സ്ഥിരമായി താമസിച്ചിരുന്നത്. മൂത്തമകൾ പ്രീത ഭർത്താവിനൊപ്പം അമേരിക്കയിലാണ്. അങ്ങനെ എല്ലാം കൊണ്ടും സുരക്ഷിതമാണ് ഈ കുടുംബത്തിന്റെ ജീവിതം. പ്രകാശന് സമ്പത്തിക പ്രശ്‌നങ്ങളുമില്ല. കുടുംബപരമായ തർക്കങ്ങളെ കുറിച്ചും ആർക്കും അറിയില്ല. ഗുരുതരമായ അസുഖങ്ങളും പ്രകാശനെ അലട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് മരണം ദുരൂഹമായി തുടരുന്നത്.

കുഴൂരുള്ള ഗീതയുടെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ സംബന്ധിക്കാനാണ് കുടുംബം കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാളയിലെ വീട്ടിലെത്തിയത്. മൂത്തമകളും വിവാഹത്തിൽ സംബന്ധിക്കാനായി എത്തിയിരുന്നു. ബുധനാഴ്ച ഭാര്യയും പ്രിയയും എറണാകുളത്തേക്ക് ജോലിക്ക് പോയി. മൂത്തമകൾ കുഴൂരിലായിരുന്നു. പ്രകാശൻ വീട്ടിൽ തനിച്ചായ സമയത്തായിരുന്നു സംഭവം. ആത്മഹത്യയ്ക്ക് കാരണമൊന്നും ബന്ധുക്കൾക്കും സഹോദരങ്ങൾക്കും പറയാനില്ല. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

ചിതയൊരുക്കാനായി വീട്ടുവളപ്പിൽ മണ്ണ് നീക്കി സ്വയം കുഴി തയ്യാറാക്കി. പിന്നീട് വിറകുകൾ നിറച്ചു. മഴപെയ്താൽ തീ കെടാതിരിക്കാൻ മുകളിൽ ഇരുമ്പുഷീറ്റുകൾ കൊണ്ട് മറയും തീർത്തതിന് ശേഷമായിരുന്നു ആത്മഹത്യ. തൊട്ടടുത്തായി വീടുകളില്ലാതിരുന്നതും പുരയിടത്തിന് ചുറ്റുമതിൽ ഉണ്ടായിരുന്നതും കാരണം തീ കത്തുന്നത് സമീപവാസികൾ ശ്രദ്ധിച്ചില്ല. പുകയും മറ്റും ഉയരുന്നത് കണ്ടുവെങ്കിലും മാലിന്യങ്ങൾ കത്തിക്കുകയാണെന്നാണ് കരുതിയതെന്ന് സമീപവാസികൾ പറഞ്ഞു. പിന്നീട് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ഇളയമകളുടെ വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്‌മേക്കർ സ്ഥാപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നിരുന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.