- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിയുടെ പതിമൂന്നിന നിർദ്ദേശങ്ങൾ 27 വർഷങ്ങൾക്ക് ശേഷവും ചുവപ്പ് നാടയിൽ; മലബാർ ദേവസ്വം ബോർഡിൽ ട്രസ്റ്റിമാരുടെ അഴിഞ്ഞാട്ടം; ദേവസ്വം ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളില്ല; ഏറ്റവുമധികം അംഗങ്ങളുള്ള ദേവസ്വം ബോർഡിന് ക്ഷേത്രങ്ങളിൽ യാതൊരു റോളുമില്ലെന്നും പരാതി
തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളെ പോലെ മലബാർ ദേവസ്വത്തിലെ ജീവനക്കാർക്കും ഏകീകൃത ശമ്പളസ്കെയ്ൽ നടപ്പിലാക്കണമെന്ന കോടതിവിധി വന്നിട്ട് 27 വർഷങ്ങളായി. എന്നാൽ പതിവുപോലെ ആ വിധിയും ചുവപ്പുനാടയിലാണ്. ഇന്നും അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാതെ ദുരിതത്തിലാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാർ. 1994 ജൂലായ് 21നാണ് ഇത് സംബന്ധിച്ച വിധി ഹൈക്കോടതിയിൽ നിന്നുണ്ടാകുന്നത്. എന്നാൽ മാറിമാറി വന്ന സർക്കാരുകളാരും മലബാർ ദേവസ്വത്തിലെ ജീവനക്കാരോട് കരുണ കാട്ടാൻ തയ്യാറായില്ല.
തുല്യജോലിക്ക് തുല്യനീതി, കോമൺഫണ്ട്, ഏകീകൃത ശമ്പളം എന്നിങ്ങനെ ഹൈക്കോടതി വിധിയിൽ പതിമൂന്ന് നിർദ്ദേശങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ടെങ്കിലും അതിലൊന്ന് പോലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ശബരിമല പ്രവേശനം സംബന്ധിച്ച കോടതിവിധിയൊക്കെ കണ്ണടച്ച് തുറക്കുംമുമ്പ് നടപ്പിലാക്കിയ സർക്കാരിന് മലബാർ ദേവസ്വം ജീവനക്കാരുടെ വേതനം സംബന്ധിച്ച കോടതിവിധി മാത്രം കണ്ണിൽപിടിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.
ക്ഷേത്രങ്ങളെ ഗ്രേഡ് നൽകി തരംതിരിച്ചതിനാൽ വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങളാണ് പ്രതിസന്ധിയിലായത്. കോവിഡിനെത്തുടർന്ന് പല ക്ഷേത്രങ്ങളിലും ജീവനക്കാരുടെ ശമ്പളം പോലും കുടിശ്ശികയായിരിക്കുകയാണ്. 12 വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിട്ട ശമ്പള പരിഷ്കരണം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
1600 ക്ഷേത്രങ്ങളിലെ 6000 ജീവനക്കാരുടെ ജീവിതം ഇന്ന് ദുരിതത്തിലാണ്. 2008 ഓടെ മലബാർ ദേവസ്വം ബോർഡ് രൂപവൽക്കരിച്ചെങ്കിലും ഹിന്ദുമത ധർമ സ്ഥാപനനിയമം ഭേദഗതിചെയ്യാത്തത് കാരണം ദേവസ്വം ബോർഡിന് ക്ഷേത്രഭരണത്തിൽ ഇടപെടാൻ കഴിയാത്ത സ്ഥിതിയാണ്. എച്ച്ആർ ആൻഡ് സിഇ വകുപ്പിന്റെ മേൽനോട്ടമുണ്ടെങ്കിലും ഇപ്പോഴും ട്രസ്റ്റിമാരുടെ ഭരണമാണ് മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും.
ദേവസ്വം ബോർഡ് വെറും നോക്കുകുത്തിയായിരിക്കുമ്പോൾ ട്രസ്റ്റിമാരുടെ അഴിഞ്ഞാട്ടമാണ് ബോർഡിനുള്ളിൽ നടക്കുന്നതെന്നാണ് പരാതി. എന്നാൽ കേരളത്തിൽ ഏറ്റവുമധികം അംഗങ്ങളുള്ള ദേവസ്വം ബോർഡാണ് മലബാർ ദേവസ്വം ബോർഡ്. ഭരണകക്ഷിക്ക് രാഷ്ട്രീയനിയമനങ്ങൾ നടത്താനുള്ള മാർഗം മാത്രമായാണ് മലബാർ ദേവസ്വം ബോർഡിനെ സർക്കാർ കാണുന്നത്.
എന്നാൽ കോടതിവിധി മുഴുവനായി നടപ്പാക്കുന്നതിന് പരിമിതികളുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. നിലവിലെ ബോർഡിന്റെ സാമ്പത്തികനില അനുസരിച്ച് വിധികൾ അതുപോലെ നടപ്പാക്കാനാവില്ല. നിലവിലെ നിയമത്തില്ഡ മാറ്റമുണ്ടായാലെ വിധി നടപ്പാകുകയുള്ളു. അതിന് തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അവർ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ