റിയാദ്: മരുഭൂവിൽ സ്വർണക്കടകൾ തുടങ്ങി മുതലാളിമാർ തടിച്ചുകൊഴുക്കുന്നത് പാവം പ്രവാസികൾ ചോര നീരാക്കിയുണ്ടാക്കുന്ന പണം പണിക്കൂലിയുടെ പേരിൽ തട്ടിയെടുത്താണോ. സൗദി അറേബ്യയിലെ ഒരു പ്രവാസി സുഹൃത്തിനൊപ്പം പ്രമുഖ സ്വർണാഭരണ വിൽപ്പനകേന്ദ്രത്തിൽ കയറിയപ്പോഴുള്ള അനുഭവം അതാണു തെളിയിക്കുന്നത്.

ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സിൽ കയറിയ പ്രവാസികളാണ് പണിക്കൂലിയുടെ പേരിലെ പകൽക്കൊള്ളയ്ക്ക് ഇരയായത്. സ്ഥാപനത്തിൽ നിന്നു നൽകിയ ബില്ലു പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പു വ്യക്തമായത്. സംഭവത്തെക്കുറിച്ച് ബഷീർ അബ്ദുറഹ്മാൻ എന്ന പ്രവാസി ഫേസ്‌ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത് ഇങ്ങനെ:

"ഞാനാദ്യം അന്നത്തെ വിലനിലവാരം ചോദിച്ചു. ഗ്രാമിന് 139 റിയാലാണ് അന്നത്തെ വിലയെന്ന് ഒരു സെയിൽസ് മാൻ അറിയിച്ചു. അങ്ങിനെ ഏതാനും മിനിട്ടുകൾക്ക് ശേഷം മോതിരവും ബില്ലും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് നീങ്ങി.

ബിൽ അമൗണ്ട് 530 റിയാൽ. മോതിരം 2.24 ഗ്രാമും. ഗ്രാമിന് വില 139 വച്ച് 311 റിയാല് കഴിച്ച് ബാക്കി 219 റിയാൽ പണിക്കൂലി! ബില്ല് വാങ്ങി സെയിൽസ് മാന്റെ അടുത്തു പോയി അന്ധാളിപ്പോടെ കാര്യമന്വേഷിച്ചു. 'പ്രൈസ് ടാഗിലുള്ള വിലയാണ് സാർ. ആ വില മാറ്റാൻ ഞങ്ങൾക്കാവില്ല' എന്നായിരുന്നു അയാളുടെ മറുപടി.

'രണ്ടര ഗ്രാമിൽ ചുവടെയുള്ള മോതിരത്തിന് നിങ്ങൾ ഇരുന്നൂറു റിയാലിൽ കൂടുതൽ പണിക്കൂലി ഈടാക്കുമോ?' എന്നു ചോദിച്ചപ്പോഴേക്കും അയാളുടെ സുപ്പീരിയർ സെയിൽസ് മാൻ ഇടപെട്ടു. ഒരു തരത്തിലും ന്യായീകരിക്കാൻ പഴുതില്ലാത്തത്ര വലിയ വിലയാണതെന്ന് പരിശോധനയിൽ അയാൾക്ക് ബോധ്യമായി.

'ക്ഷമിക്കണം സർ. ബിൽ എമൗണ്ട് 420 റിയാലാക്കി കുറച്ചിട്ടുണ്ട്.' എന്നും പറഞ്ഞയാൾ വേറെ ബില്ല് പ്രിന്റ് ചെയ്തു തന്നു. 110 റിയാൽ കുറച്ചു എന്നത് ശരിയാണ്. പക്ഷെ 2.24 ഗ്രാം തൂക്കമുള്ള മോതിരത്തിന് അപ്പോഴും പണിക്കൂലി അന്യായം തന്നെ! 109 റിയാൽ!!

'ഒരു ഗ്രാമിന് 46 റിയാൽ പണിക്കൂലിയോ?! എത്രയാണ് നിങ്ങളുടെ ആവറേജ് പണിക്കൂലി?'. എന്ന ചോദ്യത്തിന് ആവറേജ് പണിക്കൂലി 11 റിയാലാണെന്നും ഈ മോതിരത്തിനു പ്രത്യേകമായി പണിക്കൂലി ഇത്തിരി കൂടുതലാണെന്നും അയാൾ പറഞ്ഞു. ഇനി ഈ എമൗണ്ടിൽ കുറയ്ക്കില്ലെന്ന് മനസ്സിലാക്കി ബില്ലടച്ച് സ്ഥലം വിടുകയായിരുന്നു ഇവർ.

പത്തു പവൻ സ്വർണ്ണത്തിന് ഇതേ നിരക്കിൽ പണിക്കൂലി ഈടാക്കിയാൽ അശ്രദ്ധനായി ഉരുപ്പടി വാങ്ങി ബില്ലടച്ച് സ്ഥലം വിടുന്ന സാധാരണക്കാരനായ പ്രവാസിക്ക് നഷ്ടം 3893 റിയാലാണ്. അതായത് ഏകദേശം 1,83,480 രൂപ വിലയുള്ള പത്തു പവൻ ആഭരണത്തിന് പണിക്കൂലി മാത്രം 64,234 രൂപ!!"

പെൺമക്കളുടെയും സഹോദരിമാരുടെയും മംഗല്യസ്വപ്നം സഫലമായിക്കാണാൻ കൊതിച്ച് ജീവിതച്ചെലവുകൾ അങ്ങേയറ്റം ചുരുക്കി അരിഷ്ടിച്ച് ജീവിക്കുന്ന എത്രയെത്ര പ്രവാസി സുഹൃത്തുക്കളാവും ഇത്തരത്തിലുള്ള കൊടിയ വഞ്ചനകളിൽ ദിനേനയെന്നോണം പെട്ടുപോവുന്നുണ്ടാവുക. അതിനാലാണ് വിഷയം പ്രവാസി സുഹൃത്തുക്കളെ അറിയിക്കുന്നതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രത്യക്ഷത്തിൽ മനസ്സിലാവാതെ പോവുന്ന ഈ വഞ്ചനയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കൂടിയാണ് ഒരു പ്രവാസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇതാ..

രണ്ടു ദിവസം മുമ്പ് സുഹൃത്ത് നൗഫലിന്റെ ( Noufel AK ) കൂടെ ലുലു ഹൈപ്പർ മാർക്കെറ്റ് ബിൽടിങ്ങിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ മലബാർ ജൂവലറിയിൽ പോയിരുന്നു.

ആലുക്കാസും മലബാറും അടുത്തടുത്തായി ഉണ്ടെങ്കിലും മലബാറാണ് നല്ലതെന്ന നൗഫലിന്റെ അഭിപ്രായപ്രകാരമാണ് അവിടെ പോയത്.

നൗഫലും വൈഫും മോതിരം നോക്കുന്നതിനിടയിൽ ഞാനും വൈഫും പുതിയ ഡിസൈൻസ് ഒക്കെയൊന്ന് കാണാൻ വേണ്ടി വെറുതെ കറങ്ങി നടന്നു.

എവിടെപ്പോയാലും ആദ്യം ചെയ്യണ്ടത് ആദ്യം ചെയ്യണമല്ലോ. അതിനാൽ ഞാനാദ്യം അന്നത്തെ വിലനിലവാരം ചോദിച്ചു.
ഗ്രാമിന് 139 റിയാലാണ് അന്നത്തെ വിലയെന്ന്! ഒരു സേൽസ്മാൻ അറിയിച്ചു.

അങ്ങിനെ ഏതാനും മിനിട്ടുകൾക്ക് ശേഷം നൗഫൽ മോതിരവും ബില്ലും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് നീങ്ങുന്നത് കണ്ടു ഞങ്ങളും അങ്ങോട്ട് ചെന്നു. ബില്ലും ഉരുപ്പടിയും ഒന്ന് നോക്കാമെന്ന് കരുതി ഞാൻ വാങ്ങി നോക്കി.

ബിൽ അമൗണ്ട് 530 റിയാൽ. മോതിരം 2. 24 ഗ്രാമും. ങേ..! ആകെ കണ്ഫൂഷനായി! ഗ്രാമിന് വില 139 വച്ച് 311 റിയാല് കഴിച്ച് ബാക്കി 219 റിയാൽ പണിക്കൂലിയോ!! ഇത്രയും വിലപിടിപ്പുള്ള എന്ത് പണിയായിരിക്കും ഈ കാപ്പവൻ മോതിരത്തിൽ പണിതിട്ടുണ്ടാവുക!! അതോ ഒന്നിൽ കൂടുതൽ തട്ടാന്മാർ മണിക്കൂറുകൾ പണിയെടുത്തു കാണുമോ അതുണ്ടാക്കാൻ!!

വേഗം ബില്ല് വാങ്ങി ഞാൻ സേൽസ്മാന്റെ അടുത്തു പോയി ഇത്തിരി അന്ധാളിപ്പോടെ കാര്യമന്വേഷിച്ചു.

'പ്രൈസ് ടാഗിലുള്ള വിലയാണ് സാർ. ആ വില മാറ്റാൻ ഞങ്ങൾക്കാവില്ല' എന്നായിരുന്നു അയാളുടെ മറുപടി.

'രണ്ടര ഗ്രാമിൽ ചുവടെയുള്ള മോതിരത്തിന് നിങ്ങൾ ഇരുന്നൂറു റിയാലിൽ കൂടുതൽ പണിക്കൂലി ഈടാക്കുമോ?' എന്നായി ഞാൻ.

അതോടെ അയാളുടെ സുപ്പീരിയർ സേൽസ്മാൻ ഇടപെട്ടു. ഒരു തരത്തിലും ന്യായീകരിക്കാൻ പഴുതില്ലാത്തത്ര വലിയ വിലയാണതെന്ന് പരിശോധനയിൽ അയാൾക്ക് ബോധ്യമായി.

'ക്ഷമിക്കണം സർ. ബിൽ എമൗണ്ട് 420 റിയാലാക്കി കുറച്ചിട്ടുണ്ട്.' എന്നും പറഞ്ഞയാൾ വേറെ ബില്ല് പ്രിന്റ് ചെയ്തു തന്നു.

പക്ഷെ എന്റെ അന്ധാളിപ്പ് അപ്പഴും നീങ്ങിയില്ല. 110 റിയാൽ കുറച്ചു എന്നത് ശരിയാണ്. പക്ഷെ 2. 24 ഗ്രാം തൂക്കമുള്ള മോതിരത്തിന് അപ്പഴും പണിക്കൂലി അന്യായം തന്നെ! 109 റിയാൽ!!

'ഒരു ഗ്രാമിന് 46 റിയാൽ പണിക്കൂലിയോ?! എത്രയാണ് നിങ്ങളുടെ ആവറേജ് പണിക്കൂലി?'. ഞാൻ ചോദിച്ചു.

ആവറേജ് പണിക്കൂലി 11 റിയാലാണെന്നും ഈ മോതിരത്തിനു പ്രത്യേകമായി പണിക്കൂലി ഇത്തിരി കൂടുതലാണെന്നും അയാൾ പറഞ്ഞതോടെ ഇനി ഈ അമൗണ്ടിൽ കുറയ്ക്കില്ലെന്ന് മനസ്സിലാക്കി ഞങ്ങൾ ബില്ലടച്ച് സ്ഥലം കാലിയാക്കി.

പുറത്തിറങ്ങിയിട്ടും സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പക്ഷെ, എന്റെ കൗതുകവും അതിലേറെ അരിശവും വിട്ടുമാറിയില്ല.
പത്തു പവൻ സ്വർണ്ണത്തിന് ഇത്തോതിൽ പണിക്കൂലി ഈടാക്കിയാൽ അശ്രദ്ധനായി ഉരുപ്പടി വാങ്ങി ബില്ലടച്ച് സ്ഥലം വിടുന്ന സാധാരണക്കാരനായ പ്രവാസിക്ക് നഷ്ടം 3893 റിയാൽ!!!

എന്നുവച്ചാൽ, മലയാളത്തിൽ പറഞ്ഞാൽ, 183,480 രൂപ വിലയുള പത്തു പവൻ ആഭരണത്തിന് പണിക്കൂലി മാത്രം ഏകദേശം 64,234 രൂപ!!

പെമ്മക്കളുടെയും പെങ്ങമ്മാരുടെയും മംഗല്യസ്വപ്നം സഫലമായിക്കാണാൻ കൊതിച്ച് ജീവിത ചെലവ് അങ്ങേയറ്റം ചുരുക്കി അരിഷ്ടിച്ച് ജീവിക്കുന്ന എത്രയെത്ര പ്രവാസി സുഹൃത്തുക്കളാവും ഇത്തരത്തിലുള്ള കൊടിയ വഞ്ചനകളിൽ ദിനേനയെന്നോണം പെട്ടുപോവുന്നുണ്ടാവുക!!

ആയതിനാൽ ഈ വിഷയം എന്റെ പ്രവാസി സുഹൃത്തുക്കളെ അറിയിക്കുകയും പ്രത്യക്ഷത്തിൽ മനസ്സിലാവാതെ പോവുന്ന ഈ വഞ്ചനയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യാൻ ഒരു പ്രവാസിയെന്ന നിലയിൽ എനിക്ക് ബാധ്യതയുണ്ടെന്നു കരുതുന്നു.