ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷാവസ്ഥ അയവില്ലാതെ നിൽക്കുമ്പോൾ ബംഗാൾ ഉൾക്കടലിൽ ത്രിരാഷ്ട്ര നാവിക അഭ്യാസം പുരോഗമിക്കുന്നു. അമേരിക്ക, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ നാവിക സേനകൾ സംയുക്തമായാണ് മലബാർ നാവിക അഭ്യാസ പ്രകടനം നടത്തുന്നത്.മൂന്ന് രാജ്യങ്ങളിൽനിന്നുള്ള 16 യുദ്ധക്കപ്പലുകളും 95ൽ അധികം യുദ്ധവിമാനങ്ങളും അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.

ത്രിരാഷ്ട്ര നാവികാഭ്യാസങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ നാവികസേന പുറത്തുവിട്ടു. മൂന്നു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ ഐഎൻഎസ് വിക്രമാദിത്യ, അമേരിക്കയുടെ യുഎസ്എസ് നിമിത്സ് എന്നിയുടെയും മിഗ്-29കെ, എഫ്/എ-18 എന്നീ ജെറ്റ് വിമാനങ്ങളുടെയും അടക്കമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കയുടെ യുഎസ്എസ് പ്രിൻസെറ്റോൺ (സിജി 59), യുഎസ്എസ് ഹോവാർഡ് (ഡിഡി 83), യുഎസ്എസ് ഷൂപ് (ഡിഡിജി 86), യുഎസ്എസ് കിഡ്ഡ് (ഡിഡിജി 100) തുടങ്ങിയ അമേരിക്കയുടെ അത്യാധുനിക കപ്പലുകൾ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ജപ്പാന്റെ ഹെലികോപ്റ്റർ വാഹക കപ്പലായ ജെഎസ് ഇസുമോ അടക്കമുള്ളവയും പ്രകടനത്തിന്റെ ഭാഗമാകുന്നുണ്ട്

ഇന്ത്യ-അമേരിക്ക-ജപ്പാൻ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് നടത്തുന്ന വാർഷിക സൈനികപരിശീലന പരിപാടിയായ മലബാർ കൂടുതൽ ശക്തമായി നടപ്പാക്കാൻ നേരത്തേ ഇന്ത്യയും അമേരിക്കയും തമ്മിൽ തീരുമാനിച്ചിരുന്നു. മൂന്ന് രാജ്യങ്ങളുടേയും നാവികസേനകൾ നടത്തുന്ന മലബാർ പരിശീലനത്തിൽ പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും കൂടാതെ മുങ്ങിക്കപ്പലുകളെ തകർക്കാൻ സാധിക്കുന്ന പട്രോളിങ് വിമാനങ്ങളും ഉൾപ്പെടുത്താനും ധാരണയുണ്ടായിരുന്നു.

ഇന്ത്യൻ സമുദ്രാതിർത്തിയിലെ വർധിച്ചു വരുന്ന ചൈനീസ്  സാന്നിധ്യമാണ് നാവികാഭ്യാസം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ നാല് വർഷത്തിനിടെ ആറ് തവണ ചൈനീസ് മുങ്ങിക്കപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയിലൂടെ കടന്നു പോയതായി ഇന്ത്യൻ നാവികസേന കണ്ടെത്തിയിരുന്നു. ഇവയെല്ലാം പാക്കിസ്ഥാനിലെ കറാച്ചി തീരത്ത് നങ്കൂരമിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. മലബാർ നാവികാഭ്യാസത്തിൽ പട്രോളിങ് വിമാനങ്ങൾ കൂടി ഉൾപ്പെടുത്തുന്നതോടെ ഇരുസേനകൾക്കും സംയുക്തമായി അന്തർവാഹിനികളെ വേട്ടയാടാനുള്ള ശേഷി ആർജ്ജിക്കാൻ സാധിക്കുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ.

കടലിൽ ഒളിച്ചിരിക്കുന്ന അന്തർവാഹിനികളെ കണ്ടെത്തി ആക്രമിക്കാൻ കഴിവുള്ള പി-81 പൊസൈഡൻ പട്രോളിങ് വിമാനങ്ങൾ ഇന്ത്യൻ നാവികസേന ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്‌. അമേരിക്കൻ നാവികസേന വികസിപ്പിച്ചെടുത്ത പി-8  എ പട്രോളിങ് വിമാനം ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റിയതാണ് പി  -81. ചൈനീസ് മുങ്ങിക്കപ്പലുകളെ മുന്നിൽ കണ്ടാണ് ഈ അത്യാധുനിക പട്രോളിങ് വിമാനം ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന മലബാർ നാവികാഭ്യാസത്തിൽ ഇന്ത്യയും അമേരിക്കയും സ്ഥിരം പങ്കാളികളാണ്.

ഇന്ത്യൻ സമുദ്രാതിർത്തികളിൽ വച്ച് മലബാർ നാവികാഭ്യാസം സംഘടിപ്പിച്ചപ്പോൾ എല്ലാം ഇന്ത്യയും അമേരിക്കയും മാത്രമാണ് അതിൽ പങ്കെടുത്തിരുന്നത്.  എന്നാൽ പസഫിക് സമുദ്രത്തിൽ വച്ച് 2009, 2014 വർഷങ്ങളിൽ നടത്തിയ മലബാർ അഭ്യാസത്തിൽ ജപ്പാനേയും ഉൾപ്പെടുത്തിയിരുന്നു.

 2009- ൽ ബംഗാൾ ഉൾകടലിൽ വച്ചു നടന്ന മലബാർ നാവികാഭ്യാസത്തിൽ ജപ്പാൻ, സിംഗപ്പൂർ, ആസ്ട്രേലിയൻ നാവികസേനകൾ പങ്കെടുത്തിരുന്നു.  ശക്തമായ പ്രതിഷേധമാണ് അന്ന് ചൈന ഇതിനെതിരെ  ഉയർത്തിയത്.  തുടർന്ന് യുപിഎ സർക്കാർ അഭ്യാസപ്രകടനം ഇരുരാജ്യങ്ങൾക്കിടയിലൊതുക്കി.

എന്നാൽ 2014-ൽ അധികാരത്തിലെത്തിയ മോദി സർക്കാർ ജപ്പാനെ മലബാർ നാവികാഭ്യാസത്തിലെ സ്ഥിരം പങ്കാളിയാക്കി മാറ്റി.  ഇപ്പോൾ ജപ്പാനെ കൂടാതെ ആസ്ട്രേലിയയേയും സ്ഥിരം പങ്കാളിയാക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ട് വച്ചിട്ടുണ്ട്.  എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല.  ചൈനയുമായി അതിർത്തി തർക്കമുള്ള രണ്ട് രാജ്യങ്ങളാണ് ജപ്പാനും ഇന്ത്യയും.

 പ്രതിരോധരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നേരത്തെ തന്നെ ചൈനയെ അസ്വസ്ഥരാക്കിയിരുന്നു.  ഇതിനിടയിലാണ് ഇപ്പോൾ എതിരാളികളായ അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ജപ്പാനും മലബാർ നാവികാഭ്യാസത്തിൽ പങ്കു ചേരുന്നത്.  ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലുമായി അരങ്ങേറുന്ന ഈ നാവികഭ്യാസം തങ്ങൾക്കെതിരായ സംഘടിത നീക്കമായാണ് ചൈന കാണുന്നത്.