കാസർകോട്: മലബാർ കേന്ദ്രികരിച്ചു കള്ളക്കടത്ത് സ്വർണം ഒഴുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ കോഴിക്കോട്, കണ്ണൂർ, മംഗളുരു വിമാനത്താവളങ്ങളിൽ നിന്നും പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വർണമാണ്. മലപ്പുറം, കാസർകോട്, കോഴിക്കോട് ജില്ലകളിലെ യാത്രക്കാരിൽ നിന്നാണ് കൂടുതലും പിടികൂടിയത്.

ഇന്ന് മംഗളുരു വിമാനത്താവളത്തിൽ 61.02 ലക്ഷം രൂപ വിലവരുന്ന 1.267 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് കാസർകോട് സ്വദേശികളാണ് മംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. അബ്ദുൽ റഷീദ്, അബ്ദുൽ നിഷാദ് എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ പാർക്കിങ് സ്ഥലത്തെ ശൗചാലയത്തിന് സമീപത്ത് നിന്നാണ് അബ്ദുർ റശീദിനെ അറസ്റ്റ് ചെയ്തത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ട്രൗസറിനകത്ത് കവറിൽ പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇയാളിൽ നിന്ന് 30,75,160 രൂപ വിലമതിക്കുന്ന 638 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ദുബൈയിൽ നിന്നെത്തിയ അബ്ദുൽ നിശാദ് 30,26,933 രൂപ വിലവരുന്ന 629.3 ഗ്രാം സ്വർണവുമായാണ് പിടിയിലായത്. പേനകളുടെയും എമർജൻസി ലൈറ്റിന്റെയും അകത്താണ് സ്വർണം സൂക്ഷിച്ചിരുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരിൽ നിന്നായി 2.09 കോടി രൂപയുടെ സ്വർണം കോഴിക്കോട് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു.

4.377 കിലോ സ്വർണം ഡയരക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, കസ്റ്റംസ് വിഭാഗങ്ങളാണ് പിടികൂടിയത്. ദുബൈയിൽ നിന്നും എത്തിയ കാസർകോട് സ്വദേശി നിശാദ് ഇബ്രാഹിം കടത്താൻ ശ്രമിച്ച 856 ഗ്രാം മിശ്രിതത്തിൽനിന്ന് 37.07 ലക്ഷം രൂപയുടെ 775.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽനിന്ന് എത്തിയ നാദാപുരം സ്വദേശി എൻ മുസ്തഫ കടത്താൻ ശ്രമിച്ച 1.067 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തിരുന്നു . ഇതിൽനിന്നു വേർതിരിച്ചെടുത്ത 959.8 ഗ്രാം സ്വർണത്തിന് 45.88 ലക്ഷം രൂപയോളം വിലവരും.

ഇതേ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി ദിലുലാൽ കൊണ്ടുവന്ന 799 ഗ്രാം മിശ്രിതത്തിൽനിന്ന് 35.28 ലക്ഷം രൂപയുടെ 738.2 ഗ്രാം സ്വർണവും, മലപ്പുറം സ്വദേശി കെ റിയാസ് കൊണ്ടുവന്ന 1.069 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 45.61 ലക്ഷം രൂപയുടെ 954.2 ഗ്രാം സ്വർണവും പിടിച്ചെടുത്തു. മറ്റൊരു വിമാനത്തിൽ ദുബായിൽനിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി പി നിജാൽ കൊണ്ടുവന്ന 1.056 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 45.41 ലക്ഷം രൂപയുടെ 950 ഗ്രാം സ്വർണം കസ്റ്റംസാണ് പിടിച്ചെടുത്തത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി എ കിരൺ, സൂപ്രണ്ടുമാരായ കെ സുധീർ, ഐസക് വർഗീസ്, എം ഉമാദേവി, ഇൻസ്‌പെക്ടർമാരായ ജി അരവിന്ദ്, എൻ റഹീസ്, രോഹിത് ഖത്രി, ഹെഡ് ഹവിൽദാർ, കെ സി മാത്യു എന്നിവരാണ് സ്വർണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ഇത്തരം കള്ളക്കടത്തു സംഘങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ കണ്ട് കസ്റ്റംസ് കൂടും അന്ധാളിച്ചു പോകുകയാണ് പതിവ്, സോപ്പ് ,ചോക്ലേറ്റ് പാൽപ്പൊടി ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി സർവ്വ വസ്തുക്കളും ഇവർ കള്ളക്കടത്തായി ഉപയോഗിക്കുകയാണ്.

ദ്രാവകരൂപത്തിലുള്ള വസ്തുക്കൾ നിന്നും സ്വർണം വേർതിരിച്ചെടുക്കാൻ കസ്റ്റംസ് ഏറെ പ്രയാസപ്പെടുകയാണ്. ചില പ്രത്യേക പ്രാർത്ഥന വസ്തുക്കളുപയോഗിച്ച് മാത്രമേ ദ്രാവകരൂപത്തിലുള്ള വസ്തുക്കളിൽ നിന്നും സ്വർണം വേർപെടുത്തി എടുക്കാൻ സാധിക്കുകയുള്ളൂ. സംശയം തോന്നി പരിശോധിച്ചാൽ ചിലപ്പോൾ സ്വർണം കണ്ടെത്തിയെന്ന് വരില്ല ഇത് കൂടുതൽ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് കസ്റ്റംസിനെ എത്തിക്കാറുണ്ട്.

കോവിഡ് കാലഘട്ടത്തെ പോലും കള്ളക്കടത്തായി ചിലർ ഉപയോഗിക്കുന്നുണ്ടോയിരുന്നു, വൈറസിൽ നിന്നും സംരക്ഷണം നേടാൻ ഉപയോഗിക്കുന്ന മാസ്‌ക്കുകൾ പോലും കള്ളക്കടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളായി മാറാറുണ്ട്. കാസർകോട് കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനിലെ 18 കള്ളക്കടുത്തു സംഘങ്ങളെ കുറിച്ച് രഹസ്യഅന്യഷേണ വിഭാഗം 2019- 2020 ൽ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര ഏജൻസികളുടെ നടപടി ഉണ്ടാകാത്തതാണ് മലബാർ കേന്ദ്രികരിച്ചുള്ള കള്ളക്കടത്തിന് അറുതിയുണ്ടാകാത്തത്