താലിബാൻ ഭീകരരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഇച്ഛാശക്തി കൊണ്ട് പിടിച്ച് നിന്ന പാക്കിസ്ഥാനി പെൺകുട്ടിയും നൊബേൽ പുരസ്‌കാര ജേതാവുമായ മലാല യൂസഫ് സായി ഇനി വിശ്രുതമായ ഓക്‌സ്ഫഡ് സർവകലാശാലയിലെ വിദ്യാർത്ഥിനി. നൊബേൽ പുരസ്‌കാരത്തിന്റെ തിളക്കവുമായെത്തുന്ന മലാലയെ തികച്ചും അഭിമാനത്തോടെയാണ് ഓക്‌സ്ഫഡ് സ്വീകരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് ജീവിതം മാറിയ മലാലക്ക് എ ലെവൽ പരീക്ഷയിൽ മൂന്ന് എ ഗ്രേഡ് ലഭിച്ചതോടെ അഡ്‌മിഷൻ സ്ഥിരീകരിച്ച് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി രംഗത്തെത്തുകയായിരുന്നു.

ഓക്‌സ്ഫഡ് സർവകലാശാലയ്ക്ക് കീഴിലുള്ള ലേഡി മാർഗററ്റ് ഹാളിൽ നിന്നും ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, എന്നീ വിഷയങ്ങളാണ് മലാല പഠിക്കാൻ പോകുന്നത്. പിപിഇ എന്നാണീ കോഴ്‌സ് പൊതുവെ അറിയപ്പെടുന്നത്. തനിക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള യൂണിവേഴ്‌സിറ്റിയുടെ കൺഫർമേഷന്റെ സ്‌ക്രീൻഷോട്ട് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഈ സന്തോഷവാർത്ത് 20 കാരി വെളിപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിലായിരുന്നു താലിബാൻ മലാലയെ വധിക്കാൻ ശ്രമിക്കുകയും അവർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

താലിബാൻ സ്വാധീനമേഖലയായ വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ജനിച്ച മലാല നാട്ടിലെ ജീവിതത്തെക്കുറിച്ച് ഡയറി എഴുതാൻ ആരംഭിച്ചതോടെയാണ് പ്രശസ്തയായത്. ഇതിൽ രോഷം പൂണ്ടാണ് താലിബാൻ ഇവർക്കെതിരെ 2012ൽ വധശ്രമം നടത്തിയിരുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഘോരം ഘോരം വാദിച്ചതാണ് ഭീകരരുടെ വിരോധം ക്ഷണിച്ച് വരുത്തിയത്. നിരവധി ലോക നേതാക്കൾ പഠിച്ച കോഴ്‌സാണ് മലാല പഠിക്കാൻ പോകുന്നത്. ഇവരിൽ മിക്കവരും വിവിധ ലോക രാജ്യങ്ങളുടെ ഭരണാധികാരികളായിത്തീരുകയും ചെയ്തിരുന്നു. അതായത് മ്യാന്മാറിലെ ഓങ് സാൻ സൂ ചി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, വധിക്കപ്പെട്ട മുൻപാക്ക് പ്രധാനമന്ത്രി ബേനസീൽ ഭൂട്ടോ തുടങ്ങിയവർ ഓക്‌സ്ഫഡിൽ ഈ പിപിഇ കോഴ്‌സ് ചെയ്തവരാണ്.

ഒരു ആക്ടിവിസ്റ്റെന്ന നിലയിലുള്ള തന്റെ കരിയർ മലാല ആരംഭിക്കുന്നത് 2009ലായിരുന്നു. താലിബാൻ ഭരണത്തിന് കീഴിലുള്ള തന്റെ ജീവിതത്തെക്കുറിച്ച് ബിബിസിക്ക് വേണ്ടി അക്കാലത്തായിരുന്നു മലാല ഒരു ബ്ലോഗെഴുതാനും തുടങ്ങിയത്. പാക്കിസ്ഥാനിലെ സ്വാറ്റ് താഴ് വരയിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലും മലാല സജീവമായിരുന്നു. ഇതിനെ തുടർന്നാണ് താലിബാൻ തീവ്രവാദികൾ മലാലയെ അപായപ്പെടുത്താൻ ശ്രമിച്ചത്. ആക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ മലാല ചികിത്സ തേടിയിരുന്നത് ബെർമിങ്ഹാമിലെ ക്യൂൻസ് എലിസബത്ത്‌ഹോസ്പിറ്റലിലായിരുന്നു. 

തുടർന്ന് ഈ സിറ്റിയെ തന്റെ ഹോം ടൗണായി മലാല കാണുകയും ഇവിടുത്തെ എഡ്ഗ്ബാസ്റ്റൻ ഹൈസ്‌കൂളിൽ 2013 മുതൽ പഠനമാരംബിക്കുകയുമായിരുന്നു. തന്റെ ജിസിഎസ്ഇയിൽ മലായ രണ്ട് വർഷം മുമ്പ് ആറ് എ പ്ലസും 4 എകളും നേടിയിരുന്നു. മാത്സിലും, ബയോളജിയിലും കെമിസ്ട്രിയിലും ഫിസിക്‌സിലുമായിരുന്നു എ സ്റ്റാർ. ഹിസ്റ്ററിയിലും ജോഗ്രഫിയിലുമായിരുന്നു എ ഗ്രേഡുകൾ ലഭിച്ചത്. 2014ൽ നൊബേൽ പുരസ്‌കാരം നേടിയതോടെ ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അപൂർവതയും മലാലയെ തേടിയെത്തിയയിരുന്നു.