- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നട്ടെല്ലുള്ളവർ വന്നപ്പോൾ 'ഷൈലോക്ക്' പത്തി മടക്കി; കോട്ടയം മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറിയും കൊള്ളപ്പലിശക്കാരനുമായ മാലം സുരേഷ് കുടുങ്ങി; വീടിനായി അനധികൃതമായി പാടം നികത്തിയ കേസിൽ ഒടുവിൽ റവന്യുവകുപ്പിന്റെ ഓപ്പറേഷൻ; പാടം പഴയപടിയാക്കാൻ നികത്തിയ മണ്ണ് കുഴിച്ചുമാറ്റി; തിരിച്ചുപിടിച്ചത് 41 സെന്റ്; വമ്പൻ സ്രാവിനെ പൂട്ടിയത് ഇങ്ങനെ

കോട്ടയം: കൊള്ള പലിശക്കാരൻ മാലം സുരേഷ് അനധികൃതമായി പാടം നികത്തിയ കേസിൽ റവന്യു വിഭാഗം നടപടി തുടങ്ങി. നികത്തിയ പാടം പൂർവ്വ സ്ഥിതിയിലാക്കാനായി നികത്തിയ മണ്ണ് കുഴിച്ചു മാറ്റി. ജില്ലാ കളക്ടറുടെ പ്രതിനിധിയും തഹസീൽദാർ തുടങ്ങീ ഉന്നത ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് നടപടി. 2012 ൽ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പശ്ചിമഘട്ട ജൈവ വൈവിദ്ധ്യ സംരക്ഷണ സമിതി തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം നൽകിയ പരാതിയെ തുടർന്നാണ് നിലം പൂർവ്വ സ്ഥിതിയിലാക്കാൻ നടപടി തുടങ്ങിയത്. 2014 ൽ ഉത്തരവിറങ്ങിയെങ്കിലും മാലം സുരേഷിന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയായിരുന്നു. എന്നാൽ പരാതിക്കാരായ സംഘടന അഡ്വ.ഭഗവത് സിങ്, അഡ്വ.വിജി കുരുവിള എന്നിവർ മുഖേന നിരന്തരം കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തതിനെ തുടർന്ന് ഗത്യന്തരമില്ലാതെയാണ് ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചത്.
ബ്ലേഡ് മാഫിയ തലവനും മണർകാട്ട് ക്രൗൺ ക്ലബിൽ ചീട്ടുകളി നടത്തിപ്പുകാരനുമായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷിന്റെ വീട്ടിൽ അനധികൃതമായി മണ്ണിട്ട് നികത്തിയിരുന്ന പാടത്തെ മണ്ണ് നീക്കം ചെയ്തത്. രണ്ടേക്കറിലധികം ദൂരം പടർന്നു കിടന്നിരുന്ന വീടിന്റെ പരിസരത്തെ പാടം നികത്തിയ 41 സെന്റ് സ്ഥലമാണ് ഇപ്പോൾ തിരികെ പിടിച്ചത്. സ്ഥലത്തെ മണ്ണ് നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോട്ടയം സബ് കളക്ടർ, ലാൻഡ് അക്വിസിഷൻ തഹസീൽദാർ ഷൈജു പി.ജേക്കബ്, മണർകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്.
വൈകിട്ട് മൂന്നു മണിയോടെയാണ് റവന്യു വിഭാഗം അധികൃതർ മണർകാട്ടെ സുരേഷിന്റെ വീട്ടിൽ എത്തിയത്. തുടർന്നു സ്ഥലം അളന്നു തിട്ടപ്പെടുത്തി. ഇതിനു ശേഷം മണ്ണ് നീക്കം ചെയ്യേണ്ട സ്ഥലത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തി. ഈ സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ മാസം കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യു വിഭാഗം അധികൃതർ സ്ഥലത്ത് എത്തി കയ്യേറ്റം അളന്നു തിട്ടപ്പെടുത്തിയിരുന്നു. മാലത്ത് നിർമ്മിച്ച വീടിന്റെ പകുതിയിലേറെ ഭാഗവും പാടം നികത്തിയാണ് നിർമ്മിച്ചതെന്നാണ് പരാതി ഉയർന്നിരുന്നത്. നേരത്തെ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ റവന്യു വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്.
2012ലെ പരാതിയിൽ 2014ൽ നിലം പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ മാലം സുരേഷിന്റെ ഇടപെടൽ മൂലം നടപടി എടുത്തില്ല. തുടർന്ന് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇതോടെ റവന്യൂ അധികൃതർ പാടം പൂർവ്വ സ്ഥിതിയിലാക്കാൻ പണമില്ല എന്ന് കോടതിയെ അറിയിച്ചു. പരാതിക്കാർ പണം നൽകിയാൽ നടപടി പൂർത്തിയാക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 2017 ൽ പരാതി നൽകിയ പശ്ചിമഘട്ട ജൈവ വൈവിദ്ധ്യ സംരക്ഷണ സമിതി 6 ലക്ഷം രൂപ കെട്ടി വച്ചിരുന്നു. എന്നാൽ മാലം സുരേഷ് അന്നത്തെ കളക്ടറെ സ്വാധീനിച്ച് വീണ്ടും നടപടി ക്രമങ്ങൾ തടസപ്പെടുത്തി. നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നിലം തിരികെ പിടിച്ചത്.
കോടികൾ മുടക്കിയാണ് മാലം സുരേഷ് ഇവിടെ വീട് നിർമ്മിച്ചത്. മണർകാട് ക്രൗൺ ക്ലബിൽ ലക്ഷങ്ങൾ മുടക്കി നടന്ന ചീട്ടുകളിയിൽ മാലം സുരേഷിന്റെ പങ്ക് വ്യക്തമായിരുന്നു. സുരേഷ് സെക്രട്ടറിയായുള്ള മണർകാട്ടെ ക്രൗൺ ക്ലബിൽ മാസങ്ങൾ മുൻപ് റെയ്ഡ് നടന്നിരുന്നു. സുരേഷിനെ ഈ കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി ചോദ്യം ചെയ്യുകയും, കേസിൽ പ്രതി ചേർക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാലം സുരേഷ് വാർത്തകളിൽ നിറഞ്ഞത്. പിന്നീട് ഇയാളുടെ ചതിയിൽപെട്ട് ജീവിതം നശിച്ചവരുടെ കാണാക്കഥകൾ മറുനാടൻ എഴുതിയിരുന്നു.

മാലം സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി. നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്.



നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്. എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്.


