ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ജൂലൈ 20 മുതൽ 23 വരെ മേരിലാന്റ് എമിറ്റ്‌സ്ബർഗ് മൗണ്ട് സെന്റ് മേരീസ്, യൂണിവേഴ്‌സിറ്റി ഹാളിൽ നടക്കുന്നു. ഇതിന്റെ ക്രമീകരണങ്ങൾ പുരോഗിക്കുന്നതായി പബ്ലിസിറ്റി കോഓർഡിനേറ്റർ അച്ചു ഫിലിപ്പോസ് അറിയിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സാന്നിധ്യത്തിലും യൽദോ മാർ തീത്തോസിന്റെ നേതൃത്വത്തിലും നടക്കുന്ന കുടുംബമേളയിൽ യാക്കൂബ് മോർ അന്തോനിയോസ്, ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ, റവ.ജേക്കബ് ചാലാശേരിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

'യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്യുക സങ്കീർത്തനങ്ങൾ 37-3' എന്നതാണു സെമിനാറിന്റെ പ്രധാനചിന്താവിഷയം. കോൺഫറൻസിന്റെ ആദ്യദിനമായ 20നു ഉച്ചകഴിഞ്ഞു രണ്ടിനു ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റ് മീറ്റിങ് ഇടവക മെത്രപ്പൊലീത്തായുടെ അധ്യക്ഷതയിൽ ചേരും.

കാനഡയിൽ നിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കോൺഫറൻസിൽ പങ്കെടുക്കുന്നതിനെത്തിച്ചേർന്നവരുടെ സൗകര്യാർഥം ബാർട്ടിമോർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കോൺഫറൻസ് വേദിയായ മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയിലേക്ക് വിവിധ സമയങ്ങളിലായി ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണെ്ടന്നും ആവശ്യമുള്ളവർ എത്രയും വേഗം കോഓർഡിനേറ്റർ പി.ഒ.ജോർജുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. ഫോൺ: 8452164536, 8459208030.

കുടുംബമേളയിൽ പങ്കെടുക്കുന്നവരുടെ ആത്മീയ ഉന്നമനത്തോടൊപ്പം തന്നെ വിനോദവും ലക്ഷ്യമാക്കി വിവിധ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന കലാവിരുന്നിനു പുറമെ രാത്രി എട്ടിന് ഉടുമ്പന്നൂർ ജോയിയും ടീമും അവതരിപ്പിക്കുന്ന കഥാപ്രസംഗവും ക്രമീകരിച്ചിട്ടുണെ്ടന്നു കോഓർഡിനേറ്റർമാരായ ജോജി കാവനാലും ഷെറിൻ മത്തായിയും അറിയിച്ചു. ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ നിന്നുമായി ഇതിനോടകം നൂറുകണക്കിനു വിശ്വാസികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം പേരു രജിസ്റ്റർ ചെയ്യണമെന്നും കോഓർഡിനേറ്റർമാരായ ഷെവ. എബ്രഹാം മാത്യു, ബിനോയ് വർഗീസ് എന്നിവർ അറിയിച്ചു