- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ സഹായം പറ്റുന്ന സംഘടനയുടെ ഓഫീസിൽ പരിശോധനയ്ക്കു വന്ന കേന്ദ്ര ഉദ്യോഗസ്ഥരെ പുറത്തുനിർത്തി; രേഖകൾ കൊടുക്കാതെ ഇളിഭ്യരാക്കി വിട്ടു; മലങ്കര കത്തോലിക്കസഭയുടെ എൻജിഒയ്ക്കെതിരേ റിപ്പോർട്ട് ആവശ്യപ്പെട്ടു
പത്തനംതിട്ട: ബിജെപി സർക്കാരിന്റെ കളിയൊന്നും തങ്ങളോടു വേണ്ടെന്നു സന്നദ്ധസംഘടന. വിദേശത്തുനിന്ന് അധികഫണ്ട് വരുന്നുവെന്ന പരാതിയിൽ പരിശോധനയ്ക്ക് വന്ന കേന്ദ്ര ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരെ ഒന്നര മണിക്കൂർ അധികൃതർ പുറത്തു നിർത്തി. ഒടുവിൽ കനിവ് തോന്നി ഓഫീസിനകം തുറന്നു കാണിച്ചെങ്കിലും രേഖകൾ ഒന്നും കാണിച്ചില്ല. മലങ്കര കത്തോലിക്കാ സഭയു
പത്തനംതിട്ട: ബിജെപി സർക്കാരിന്റെ കളിയൊന്നും തങ്ങളോടു വേണ്ടെന്നു സന്നദ്ധസംഘടന. വിദേശത്തുനിന്ന് അധികഫണ്ട് വരുന്നുവെന്ന പരാതിയിൽ പരിശോധനയ്ക്ക് വന്ന കേന്ദ്ര ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരെ ഒന്നര മണിക്കൂർ അധികൃതർ പുറത്തു നിർത്തി. ഒടുവിൽ കനിവ് തോന്നി ഓഫീസിനകം തുറന്നു കാണിച്ചെങ്കിലും രേഖകൾ ഒന്നും കാണിച്ചില്ല. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള എൻ.ജി.ഒയായ സീതത്തോട് കക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ഇലന്തൂരിലുള്ള കേന്ദ്ര ഓഫീസിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്.
കക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി വിദേശസഹായം സ്വീകരിക്കുന്ന സംഘടനയാണ്. ഇവിടത്തെ വരവ്-ചെലവ് കണക്ക് പരിശോധിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥർ എത്തിയത്. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് സഹായവും തേടിയിരുന്നു. ഇതനുസരിച്ച് ജില്ലാ കലക്ടർ ഇലന്തൂർ വില്ലേജ് ഓഫീസറെയും, എസ്‌പി ആറന്മുള എസ്.ഐയെയും ഇവർക്കൊപ്പം അയച്ചു. ഉദ്യോഗസ്ഥർ ഇലന്തൂർ മാർ ബസേലിയോസ് മലങ്കര കത്തോലിക്കാപ്പള്ളിയോടു ചേർന്നുള്ള ഓഫീസിനു മുന്നിലെത്തി ഒന്നര മണിക്കൂർ കാത്തു നിന്നിട്ടും തുറന്നകത്തേക്ക് പ്രവേശിപ്പിക്കാൻ ചുമതലയുണ്ടായിരുന്ന വികാരി സമ്മതിച്ചില്ല.
തങ്ങളുടെ നിയമോപദേഷ്ടാവ് വരാതെ തുറക്കാൻ കഴിയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ പിടിവാശി. നിയമോപദേഷ്ടാവ് ഒന്നര മണിക്കൂറിനു ശേഷം എത്തിയപ്പോഴാണ് ഓഫീസ് മുറി തുറന്നത്. പക്ഷേ, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകളൊന്നും നൽകാൻ വികാരി തയാറായില്ല. രേഖകൾ ഇവിടെയില്ലെന്നും കാണിക്കാൻ കഴിയില്ലെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. എങ്കിൽ ആ വിവരം എഴുതി നൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും വികാരി സഹകരിച്ചില്ല. ഒടുവിൽ വെറും കൈയോടെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. സംഭവത്തെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി ഡിവൈ.എസ്‌പിയോട് ആവശ്യപ്പെട്ടു.
ഫാ.ക്രിസ്റ്റി തേവള്ളിൽ ഡയറക്ടറായ സൊസൈറ്റി സീതത്തോട്, ആങ്ങമൂഴി, അട്ടത്തോട് മേഖലയിലെ ആദിവാസികൾക്കിടയിൽ പ്രവർത്തനം നടത്തുന്നുവെന്നാണ് അവകാശപ്പെടുന്നത്. ഇടയ്ക്കിടെ കാടുകയറി ആദിവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകാറുണ്ട്. എന്നാൽ, സംഘടനയ്ക്ക് ലഭിക്കുന്ന വിദേശഫണ്ടിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ഇങ്ങനെ ചെലവഴിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിൽനിന്ന് അന്വേഷണമുണ്ടായിരിക്കുന്നത്. കേരളത്തിൽ 35 എൻ.ജി.ഒകളുടെ പ്രവർത്തനം കേന്ദ്രസർക്കാർ നിരീക്ഷിച്ചു വരികയാണ്. വിദേശഫണ്ടിങ് സംബന്ധിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.