ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2015 ജൂലൈ 8 മുതൽ 11 വരെ അഡീസണിലുള്ള ഡാളസ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. ഡാളസിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ഹോട്ടൽ അഡീസൺ സിറ്റിയിലാണ്. അതിമനോഹരമായ ഈ ഹോട്ടൽ 4 സ്റ്റാർ സൗകര്യങ്ങളുള്ളവയാണ്. 1400 പേർക്ക് പരിപാടികൾ വീക്ഷിക്കുവാനുള്ള ഓഡിറ്റോറിയം, വിവിധതരം മീറ്റിംഗുകൾ നടത്തുവാൻ സൗകര്യമുള്ള കോൺഫറൻസ് ഹാളുകൾ, ബാങ്ക്വറ്റ് ഹാൾ, 528 ഫാമിലിക്ക് താമസിക്കുവാനുള്ള മുറികൾ, പ്രാർത്ഥനാലയം, എയർപോർട്ടിലേക്ക് വാഹന സൗകര്യം തുടങ്ങി എല്ലാ സൗകര്യങ്ങളും അടങ്ങിയ ഹോട്ടലാണ് ഇന്റർ കോണ്ടിനെന്റൽ ഡാളസ്.

ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ്, ഫാമിലി കോൺഫറൻസ് ഡയറക്ടർ റവ.ഫാ. മാറ്റ് അലക്‌സാണ്ടർ, സെക്രട്ടറി എൽസൺ സാമുവേൽ, ട്രസ്റ്റി ലിജീത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് 2015 ഫാമിലി കോൺഫറൻസ് നടത്തുന്നത്. ഇതിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഈ കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്ക്ഓഫ്  28-ന് ഭദ്രാസന മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ ഡാളസിൽ വച്ച് നടത്തപ്പെടുന്നതാണ്.