30 ാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് സർപ്രൈസുമായി മാലാ പാർവതി.ഭർത്താവ് സതീശന്റെ അടുത്തസുഹൃത്തുക്കളെ എല്ലാവരെയും തന്നെ 30 ാം വിവാഹവാർഷികാഘോഷത്തിനായി മാലാ പാർവതി ക്ഷണിച്ചിരുന്നു. സതീശൻ അറിയാതെ വലിയൊരു പാർട്ടി തന്നെയാണ് നടി ഒരുക്കിയത്.ഇതിനു മുമ്പുള്ള വർഷങ്ങളിൽ ഭർത്താവിന്റെ സുഹൃത്തുക്കളെ ഒഴിവാക്കിയായിരുന്നു ആഘോഷം നടത്തിയിരുന്നതെന്നും ഇത്തവണ അത് പാടില്ലെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു.

'30 വർഷത്തിൽ എനിക്ക് സതീശന് നൽകാൻ കഴിഞ്ഞ ഒരു സമ്മാനം.... അതിരില്ലാത്ത... അളക്കാനാവാത്ത... ഉപാധികളില്ലാതെ തരുന്ന കരുതലിന്... ഒരു കുഞ്ഞു സമ്മാനം... സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും മുപ്പത് വർഷം. ഞാൻ അദ്ദേഹത്തെ കൂടുതൽ അറിയുന്തോറും ഞാൻ അദ്ദേഹവുമായി കൂടുതൽ പ്രണയത്തിലാകുന്നു. നിങ്ങൾ നിങ്ങളായി തുടരുന്നതിന് നന്ദി.'ഭർത്താവിന് ആശംസകൾ നേർന്ന് പാർവതി കുറിച്ചു.

 

പാർവതി തന്നെയാണ് വിവാഹ വാർഷിക ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം. സി-ഡിറ്റിൽ ഉദ്യോഗസ്ഥനായ ബി.സതീശനാണ് മാലാ പാർവതിയുടെ ജീവിത പങ്കാളി.

'മരക്കാർ' ആണ് മാലാ പാർവതിയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. 'പത്മ', 'രണ്ട്', 'ഭീഷ്മപർവം', തമിഴ് ചിത്രം 'എഫ്‌ഐആർ' എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്.