- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ അട്ടിമറി ശ്രമത്തിന്റെ പിന്നിൽ കോൺഗ്രസ് എന്ന് ലീഗിന്റെ വിലയിരുത്തൽ; പതിവ് തെറ്റിച്ച് ആരും സംശയിക്കാത്ത ആശ്വാസത്തിൽ സിപിഐ(എം); തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ലീഗും കോൺഗ്രസും തമ്മിൽ അടി ഉറപ്പ്
മലപ്പുറം: തെരഞ്ഞെടുപ്പ് അട്ടിമറിയെ ചൊല്ലിയും യുഡിഎഫിൽ കലഹം രൂക്ഷമാകും. കോൺഗ്രസ് -മുസ്ലിം ലീഗ് പോര് രൂക്ഷമായ പഞ്ചായത്തുകളിലാണ് വോട്ടിങ് മിഷിൻ തകരാറിലായത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന വികാരമാണ് ലീഗ് പ്രാദേശിക നേതൃത്വങ്ങൾക്കുള്ളത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്
മലപ്പുറം: തെരഞ്ഞെടുപ്പ് അട്ടിമറിയെ ചൊല്ലിയും യുഡിഎഫിൽ കലഹം രൂക്ഷമാകും. കോൺഗ്രസ് -മുസ്ലിം ലീഗ് പോര് രൂക്ഷമായ പഞ്ചായത്തുകളിലാണ് വോട്ടിങ് മിഷിൻ തകരാറിലായത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന വികാരമാണ് ലീഗ് പ്രാദേശിക നേതൃത്വങ്ങൾക്കുള്ളത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലുള്ള ക്രമക്കേടുകൾ. കോൺഗ്രസും ലീഗും നേർക്കുനേർ ഏറ്റുമുട്ടുന്നയിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങൾ കൂടുതലും തകരാറിലായത്. ലീഗിന് മേൽക്കൈയുള്ള മണ്ഡലങ്ങളാണിവയെന്നതും ശ്രദ്ധേയമാണ്. തൃശൂരിൽ റീ പോളിങ്ങ് വേണ്ടി വന്ന ബൂത്തുകളും ലീഗ് ശക്തി കേന്ദ്രങ്ങളാണ്
ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞിയുടെ പഞ്ചായത്തായ പോരൂർ, കടുത്ത പോര് നിലനിൽക്കുന്ന കരുളായി, ചീക്കോട്, ആനക്കയം, ചെറുകാവ്, നിറമരുതൂർ, തവനൂർ, മാറഞ്ചേരി, കരുവാരക്കുണ്ട് പഞ്ചായത്തുകളിലിലെ മിക്ക വാർഡുകളിലും പ്രശ്‌നമുണ്ടായി. ഒരേ സമയം മേഖലയിൽ ഒന്നാകെ വോട്ടിങ് മെഷീനുകൾക്ക് തകരാർ സംഭവിച്ചത് ബോധപൂർവ്വമാണെന്നാണ് ലീഗ് നേതാക്കളുടെ വാദം. ചില ബൂത്തുകളിൽ വോട്ടിങ് ബട്ടണിൽ പശ ഒഴിച്ചും സെല്ലോ ടേപ്പ് ഒട്ടിച്ചും പേപ്പറുകൾ തിരുകിയിട്ടുണ്ടെന്നത് ഗൗരവത്തോടെ കാണണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സാധാരണ ഗതിയിൽ 12 മണിക്കുള്ളിൽ മലപ്പുറത്ത് പോളിങ് ശതമാനം അമ്പത് കടക്കാറുണ്ടെന്നിരിക്കെ ഇത് 20 ശതമാനത്തിൽ ഒതുങ്ങി.
പോളിങ് കുറഞ്ഞാൽ അത് ലീഗിന് കോട്ടമുണ്ടാക്കുമെന്നതാണ് മലപ്പുറത്തിന്റെ ചരിത്രം. ഇതോടെ റീപോളിങ് വേണമെന്ന ആവശ്യവുമായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. തുടർന്ന് പാണക്കാട്ട് അടിയന്തരയോഗം ചേർന്നു. ഇത് അംഗീകരിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാർഡുകളിലാണ് റീപോളിങ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് എങ്ങനെയും ഒഴിവാകാനുള്ള ശ്രമത്തിനിടെ, ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രം കൃത്യമായി പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം നേടിയില്ലെന്നും അതാണു പ്രശ്‌നകാരണമെന്നും മലപ്പുറം ജില്ലാ കലക്ടർ ടി. ഭാസ്‌കരന്റെ പ്രസ്താവനയേയും ഗൗരവത്തോടെയാണ് ലീഗ് കാണുന്നത്. ഗൗരവം കുറയ്ക്കാൻ ആർക്കോ വേണ്ടി കളക്ടർ പറഞ്ഞതാണിതെന്നാണ് വാദം.
ഏതായാലും മലപ്പുറത്ത് ലീഗിന് തിരിച്ചടിയുണ്ടായാൽ അതിന് കാരണം അട്ടിമറി വിവാദമാകുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. സൗഹൃദ മത്സരത്തിന്റെ പേരിലെ വാശി തീർക്കാനുള്ള നീക്കമെന്ന വാദത്തെ പ്രതിരോധിക്കാൻ കോൺഗ്രസിനും കഴിയുന്നില്ല. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്. പോളിങ് ശതമാനം കുറഞ്ഞാൽ മലപ്പുറത്ത് ഇടതു പക്ഷത്തിന് നേട്ടമാകും. അങ്ങനെ വന്നാൽ കുടത്ത നിലപാടുകൾ മുസ്ലിം ലീഗ് എടുക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതായാലും സ്ഥിതി ഗതികൾ ഗൗരവത്തോടെ ലീഗ് സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നുണ്ട്.
എന്നാൽ കുറ്റം ഏൽക്കാൻ കോൺഗ്രസും തയ്യാറല്ല. ബാഹ്യ ശക്തികളാകും അട്ടിമറിക്ക് പിന്നിൽ. മാവോയിസ്റ്റുകളെ പോലും സംശയിക്കാം. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ കോൺഗ്രസിനെ കരിവാരിത്തേയ്ക്കാനാണ് ലീഗ് ശ്രമം. ഇത് അംഗീകരിക്കില്ല. മലപ്പുറത്ത് കോൺഗ്രസിന്റെ ശക്തിയില്ലാതാക്കുകയാണ് അട്ടിമറി വിവാദത്തിന്റെ ലക്ഷ്യം. ഇതിനെ ചെറുക്കാൻ മലപ്പുറത്തെ കോൺഗ്രസുകാർക്ക് അറിയാമെന്നും അവർ പറയുന്നു. മന്ത്രിമാരായ ആര്യാടൻ മുഹമ്മദും എപി അനിൽകുമാറും സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നുണ്ട്.
ഈ വിവാദം ഗുണകരമാക്കി മാറ്റാനാണ് സിപിഐ(എം) നീക്കം. മലപ്പുറത്ത് യുഡിഎഫിൽ വിള്ളലുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നാണ് പ്രതീക്ഷ. ഏതായാലും അട്ടിമറിക്ക് പിന്നിൽ ആരും സിപിഎമ്മിനെ കുറ്റം പറയുന്നില്ല. ജനവിധിയെ ഭയക്കുന്നത് ആരെന്ന് ഇതോടെ വ്യക്തമായെന്ന് വിശദീകരിക്കാനാകും സിപിഐ(എം) ശ്രമിക്കുക. തദ്ദേശത്തിൽ ഇടതു പക്ഷത്തിന് മുൻതൂക്കം കിട്ടിയാൽ ഈ തരത്തിലെ പ്രചരണം അവർ ശക്തമാക്കും.