മലപ്പുറം: തിരഞ്ഞെടുപ്പിലേക്ക് അടുക്കുംതോറും മുന്നണിക്കുള്ളിലെ കാലുവാരൽ ആശങ്കയും നേതാക്കൾക്കിടയിൽ വർദ്ധിച്ചിരിക്കുകയാണ്. ലീഗ്-കോൺഗ്രസ് പോര് നിലനിന്നിരുന്ന മലപ്പുറം ജില്ലയിലാണ് കാലുവാരൽ ആശങ്ക നേതാക്കളെ അലട്ടുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലപ്പുറം ജില്ലയിൽ കാലുവാരൽ പരിശോധിക്കാനായി മാത്രം പ്രത്യേകം സമിതികളെ നേതൃത്വം നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സഖ്യം ഉപേക്ഷിച്ച പല തദ്ദേശസ്ഥാപനങ്ങളിലും ഇടതു മുന്നണി വൻ നേട്ടം കൊയ്യുകയുണ്ടായി. ഈ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം യു.ഡി.എഫ് നേരിട്ട തിരിച്ചടികളാണ് നേതാക്കളെ ഇത്തരത്തിലൊരു സമിതിയെ അയയ്ക്കാൻ പ്രേരിപ്പിച്ചിട്ടിള്ളത്. മുന്നണിക്കുള്ളിലെ പടലപ്പിണക്കത്തിന്റെ പേരിൽ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി സംഭവിക്കരുതെന്ന നിലപാടിന്റെ ഭാഗമായാണ് യു.ഡി.എഫിനകത്തെ കാലുവാരൽ ഏതുവിധേനയും പ്രതിരോധിക്കാനുള്ള നീക്കം.

മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മലപ്പുറത്തെ കോൺഗ്രസുകാർക്ക് ലീഗിൽ നിന്നും ഏറെ പഴി കേൾക്കേണ്ടി വന്നതും കാലുവാരൽ ആക്ഷേപത്തിേലായിരുന്നു. മുൻ കാലങ്ങളിലെ കാലുവാരലുകളായിരുന്നു പിന്നീട് മലപ്പുറം ജില്ലയിലെ യു.ഡി.എഫിൽ കൂടുതൽ പൊട്ടിത്തെറിക്ക് ഇടയാക്കിയതും ലീഗ് -കോൺഗ്രസ് ബന്ധം കൂടുതൽ വഷളാകുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതും ഇതു തന്നെയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 'സാമ്പാർ' മുന്നണി മലപ്പുറത്ത് വൻ നേട്ടമുണ്ടാക്കിയതോടെ സാക്ഷാൽ ആര്യാടൻ മുഹമ്മദ് തന്നെ ലീഗുമായുള്ള പിണക്കം തീർക്കാൻ നേരിട്ടിറങ്ങുകയുണ്ടായി. ഇതിന്റെ തുടർച്ചയായാണ് പ്രത്യേക നിരീക്ഷകരെയും പാർട്ടി ഇടപെട്ട് നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസുകാർ മാത്രമല്ല കാലുവാരൽ നിരീക്ഷിക്കാനായി നിരീക്ഷകരെ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രത്യേക സക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് പത്തും പതിനഞ്ചും പേരടങ്ങുന്ന സമിതികളെ നിരീക്ഷണത്തിനായി വിട്ടിരിക്കുന്നത്. കോൺഗ്രസിന്റെ ആര്യാടൻ ഷൗക്കത്ത് മത്സരിക്കുന്ന നിലമ്പൂർ മണ്ഡലത്തിലും മുസ്ലിംലീഗിന്റെ അബ്ദുറഹിമാൻ രണ്ടത്താണി മത്സരിക്കുന്ന താനൂരിലുമാണ് ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ അറിവോടെ നിരീക്ഷകർ എത്തിയിട്ടുള്ളത്. മണ്ഡലത്തിലെ അടിയൊഴുക്ക് സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ടുകൾ തയ്യാറാക്കുകയെന്നതാണ് ഇവരുടെ ജോലി. ദിവസങ്ങളായി ഇവർ ഏൽപ്പിക്കപ്പെട്ട മണ്ഡലങ്ങളിൽ ചെലവിടുകയാണ്. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ് താനൂരും നിലമ്പൂരും . രണ്ടു മണ്ഡലങ്ങളും പതിറ്റാണ്ടുകളായി ലീഗും കോൺഗ്രസും കുത്തകയാക്കി വച്ചു പോരുന്നവയാണ്. അതുകൊണ്ടു തന്നെ ഇവിടെ അഭിമാന പോരാട്ടം കൂടിയാണ്. ഈ മണ്ഡലങ്ങളിലെ ജയ-പരാജയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുള്ള ലീഗ്-കോൺഗ്രസ് ബന്ധം ഉണ്ടാവുക.

പിതാവ് കാത്തു സൂക്ഷിച്ചു പോന്നിരുന്ന നിലമ്പൂർ ഏതു വിധേനയും നിലനിർത്തുകയെന്ന സമ്മർദത്തിലാണ് ആര്യാടൻ ഷൗക്കത്ത്. മുസ്ലിം ലീഗ് അകമഴിഞ്ഞു സഹായിച്ചാൽ ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പിവി അൻവറിന്റെ സ്ഥാനാർത്ഥിത്വവും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ഇടച്ചിലും ഷൗക്കത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ മുസ്ലിംലീഗിനെ കൂടെ നിർത്തുന്നതിലൂടെ ഈ ആശങ്കകളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഇതോടെ ആര്യാടൻ മുഹമ്മദ് തന്നെ ഇടപെട്ട് പ്രത്യേകം സമിതികളെ ഇരു മണ്ഡലത്തിലേക്കും നിയോഗിക്കുകയായിരുന്നു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ അടിയൊഴുക്കുകളും കാലുവാരലുകളും നിരീക്ഷിക്കാനായി പത്തിൽ അധികം കോൺഗ്രസുകാർ നിലമ്പൂരിൽ കാമ്പ് ചെയ്യുന്നുണ്ട്.

താനൂർ മണ്ഡലത്തിൽ കോൺഗ്രസുകാരെ നിരീക്ഷിക്കാനായി പതിനഞ്ച് പേരടങ്ങുന്ന ലീഗിന്റെ സ്‌ക്വാഡുകളും മണ്ഡലത്തിൽ നിലയുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ലീഗും കോൺഗ്രസും ഒറ്റയ്ക്ക് മത്സരിച്ചിരുന്ന ചെറിയമുണ്ടം, പൊ•ുണ്ടം, ഒഴൂർ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് താനൂർ മണ്ഡലം. ഏറെ പഴക്കമുണ്ട് ഇവിടത്തെ ലീഗ് കോൺഗ്രസ് പോരിന്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ ഇവിടത്തെ കോൺഗ്രസുകാർ പരസ്യമായി രംഗത്തു വരികയുണ്ടായി. ലോക്‌സഭാ ഫലം വന്നതോടെ താനൂരിൽ നിന്നുള്ള ലീഗിന്റെ ലീഡ് വലിയ തോതിൽ കുറയുകയും ഇത് മുന്നണി ബന്ധത്തെ കൂടുതൽ ബാധിക്കുകയും ചെയ്തു. ഇതോടെ പൊ•ുണ്ടം കോൺഗ്രസ് എന്ന പുതിയ കോൺഗ്രസ് പാർട്ടി പിറവിയെടുക്കുകയും ഇവർ ഇടതുപാളയത്തിൽ നിലയുറപ്പിക്കുകയും ചെയ്തു. എന്നാൽ ഔദ്യോഗിക കോൺഗ്രസാകട്ടെ എപ്പോഴും ആടിയുലയാവുന്ന അവസ്ഥയിലുമാണ്. ഇവിടത്തെ ലീഗ്-കോൺഗ്രസ് പ്രശ്‌നം മുൻകൂട്ടി കണ്ട ആര്യാടൻ മുഹമ്മദും ഡിസിസി നേതാക്കളും മൂന്നു തവണ അനുനയ ചർച്ചകൾ നടത്തി യോജിപ്പിലെത്താൻ അണികൾക്ക് താക്കീത് നൽകുകയും ചെയ്യുകയുണ്ടായി. കൂട്ടിയോജിച്ചാലും മുഴച്ചു നിൽക്കുമെന്ന് നേതാക്കൾ കണ്ടതിനാലാവണം നിരീക്ഷകരെ ഇറക്കിയിരിക്കുന്നത്. ലീഗ് സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ മുതൽ പ്രവർത്തനരംഗത്ത് എത്രമാത്രം സജീവമാണെന്നു വരെ നിരീക്ഷണത്തിന്റെ പരിധിയിൽ വരും.

യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയുള്ള ഈ നിരീക്ഷകർക്കു പുറമെ പ്രധാന മത്സരം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം ഓരോ പാർട്ടിയും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലീഗ് സ്ഥാനാർത്ഥി മത്സരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസ് പിന്തുണ കിട്ടില്ലെന്ന് ഉറപ്പായാൽ തിരിച്ചും പാരപണിയാനാണ് ലീഗിന്റെ രഹസ്യ അജണ്ട. എന്നാൽ ഇത്തരത്തിലുള്ള അടിയൊഴുക്ക് ഇത്തവണ ഉണ്ടാവില്ലെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. മലപ്പുറം ജില്ലയിൽ നാലു സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. എ- ഐ ഗ്രൂപ്പുകൾക്ക് രണ്ടു വീതം സീറ്റുകളാണ്. നിലമ്പൂരിനു പുറമെ യൂത്ത് കോൺഗ്രസ് നേതാവ് ഇഫ്തിക്കാറുദ്ദീൻ മത്സരിക്കുന്ന തവനൂർ മണ്ഡമാണ് എ ഗ്രൂപ്പിന്റേത്. വണ്ടൂരിൽ വീണ്ടും മത്സരിക്കുന്ന മന്ത്രി അനിൽ കുമാർ ലീഗ് പിന്തുണ നേരത്തെ സുനിശ്ചിതമാക്കിയിട്ടുണ്ട്. പൊന്നാനിയിൽ പി ടി അജയ് മോഹനാണ് പി ശ്രീരാമകൃഷ്ണനെതിരെ ഇത്തവണയും മത്സരിക്കുന്നത്. മുന്നണിക്കകത്ത് കാലുവാരലിനു പുറമെ കോൺഗ്രസിനുള്ളിലെ കാലുമാറ്റം നിരീക്ഷിക്കാനായി മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള നിരീക്ഷകരും ജില്ലയിൽ നിലയുറപ്പിച്ചതായാണ് വിവരം.