മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് കോടതിക്കു മുന്നിൽ കേരളപ്പിറവി ദിനത്തിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തിൽ നേരിയ പുരോഗതിയുള്ളതായി അന്വേഷണ സംഘം. സ്‌ഫോടനം നടന്ന് മൂന്നാഴ്ച തികയുമ്പോൾ പഴയ സിമി പ്രവർത്തകരെയടക്കം നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ പ്രതികളിലേക്ക് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. അൽ ഉമ്മ സംഘടനയോ ഇന്ത്യയിൽ വേരോട്ടമുള്ള മറ്റേതെങ്കിലും തീവ്രവാദ സംഘമോ സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. സ്‌ഫോടനം നടത്തിയവരെന്ന് സംശയിക്കുന്ന ചിലർ ഫോൺമാർഗം നടത്തി ആശയവിനിമയമാണ് ഇപ്പോൾ അന്വേഷണത്തിന് വഴിത്തിരിവായിരിക്കുന്നത്. ഈ നമ്പറുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

നാർക്കോട്ടിക്ക് ഡിവൈഎസ്‌പി പിടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മലപ്പുറം സ്‌ഫോടന കേസ് അന്വേഷിക്കുന്നത്. ഇതിനു പുറമെ എൻ.ഐ.എ, സ്‌പെഷൽ ബ്രാഞ്ച് സംഘങ്ങളും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. ഒമ്പത് സംഘങ്ങളായാണ് നിലവിലൽ അന്വേഷണം പുരോഗമിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘങ്ങളുടെ പ്രധാന അന്വേഷണം. നേരത്തെ തമിഴ്‌നാട് കേന്ദ്രീകരിച്ചു മാത്രമായിരുന്നു അന്വേഷം നടന്നിരുന്നത്. ഇപ്പോൾ മഹാരാഷ്ട്ര, ജാർഖണ്ഡ്, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായ രീതിയും, സംവിധാനവും ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയവർ ആശയവിനിമയം നടത്തിയിട്ടുള്ളതെന്നാണ് സൂചന. ആശയ വിനിമയം നടത്താൻ ഉപയോഗിച്ച നെറ്റ് വർക്ക് സംബന്ധിച്ച വിവരം അന്വേഷണ സംഘങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരേ സമയം വിവിധ സംഘങ്ങളിലായി അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം സ്‌ഫോടനത്തിനുപയോഗിച്ച പ്രഷർകുക്കർ സംബന്ധിച്ച വിവരം പൂർണമായി ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. പ്രീമിയർ കമ്പനിയുടെ കഴിഞ്ഞ മാസം ഇറക്കിയ പ്രഷർ കുക്കർ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. എന്നാൽ ബാച്ച് നമ്പറും മറ്റു വിവരങ്ങളും ഇല്ലാത്തതാണ് കുക്കറിന്മേലുള്ള അന്വേഷണ പുരോഗതിയുടെ സാധ്യത മങ്ങിയത്. കേരളത്തിൽ അഞ്ചിടത്ത് മാത്രം വിൽക്കുന്ന പ്രീമിയർ കമ്പനിയുടെ പ്രഷർ കുക്കറായിരുന്നു സ്‌ഫോടനത്തിനുപയോഗിച്ചത്. കുക്കറിന്റെ നിർമ്മാണ യൂണിറ്റുകൾ തമിഴ്‌നാട്ടിലാണ്. ഈ വിവരം തേടി കോയമ്പത്തൂർ ചെന്നൈ മഥുരൈ ഭാഗങ്ങളിൽ ഒരു സംഘം അന്വേഷണം നടത്തിയെങ്കിലും പുരോഗതിയില്ലാതെ മടങ്ങേണ്ടി വന്നു.

ഇപ്പോൾ നമ്പർ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ സ്‌ഫോടനം നടത്തിയ സംഘം ഏത് സംവിധാനം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയെന്ന് ഉദ്യോഗസ്ഥർ പുറത്തു വിടാൻ തയ്യാറായിട്ടില്ല. അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ജൂൺ 15ന് കൊല്ലം കലക്‌ട്രേറ്റ് കോടതിക്കു മുന്നിലും കേരളത്തിനു പുറത്തും നടന്ന സമാന സ്‌ഫോടനങ്ങളും ഏകോപിപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. തീവ്രവാദ സംഘങ്ങളുടെ ബന്ധം ഉണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. സ്‌ഫോടനത്തിന്റെ സ്വഭാവവും ശൈലിയും പരിശോധിച്ച് അൽ ഉമ്മയിലേക്ക് നേരത്തെ എത്തിയിരുന്നു. തമിഴ്‌നാട് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അൽ ഉമ്മയുടെ പല നേതാക്കളും വിവിധ സ്‌ഫോടനക്കേസിൽ ജയിലിലാണ്. കേസിൽ ഉൾപ്പെട്ട പലരും വിദേശ രാജ്യങ്ങളിൽ ഒളിവിലുമാണ്. ഈ സാഹചര്യത്തിൽ സമാന തീവ്ര ആശയക്കാരുടെ കൂട്ടായ്മയോടെ വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കാമെന്നാണ് നിഗമനം.

സ്‌ഫോടനം നടന്ന കാറിനടുത്ത് നിന്നും അൽഖാഇദ എന്നർഥം വരുന്ന ദി ബേസ് മൂവ്‌മെന്റ് എന്ന പേരിലുള്ള കാർബോർഡ് പെട്ടി കണ്ടെത്തിരുന്നു. ഉസാമ ബിൻലാദന്റെ ഫോട്ടോ പതിച്ച ലഘുലേഖയും പെൻഡ്രൈവും ഇതിൽ നിന്നും ലഭിച്ചിരുന്നു. ഇതെല്ലാം പരിശോധനാ വിധേയമാക്കിയ ശേഷമാണ് അന്വേഷണ സംഘം തീവ്രവാദ സംത്തിന്റെ ബന്ധം വ്യക്തമാക്കുന്നത്. സംഭവത്തിന്റെ ദൃക്‌സാക്ഷി നൽകിയ വിവരത്തെ തുടർന്ന് സംശയകരമായ ആളുടെ രേഖാ ചിത്രം തയ്യാറാക്കിയെങ്കിലും ഇതനുസരിച്ച് അന്വേഷണം മുന്നോട്ടു പോകാനാകാതെ ഈ ശ്രമം പൊലീസ് ഉപേക്ഷിച്ചു. അൽ ഉമ്മ പ്രവർത്തകരുടെ ഫോട്ടോ ദൃക്‌സാക്ഷിയെ കാണിച്ചെങ്കിലും തിരിച്ചറിയാനായിട്ടില്ല. സമീപത്തുള്ള കാറിൽ ഇരുന്ന് മൊബൈലിൽ നോക്കുകയായിരുന്ന സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയായ മുഹമ്മദിന് ബാഗുമായി നിന്നയാളുടെ മുഖം വ്യക്തമല്ലായിരുന്നു.

ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ വാടക കാറിനു സമീപം നിന്നിരുന്ന കുറ്റിത്താടിക്കാരനായ ഒരാളുടെ അവ്യക്തമായ മുഖം മാത്രമാണ് ദൃക്‌സാക്ഷി ഓർത്തെടുക്കുന്നത്. നവംബർ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സ്‌ഫോടനം നടന്നത്. ഗൺപൗഡറും അമോണിയം നൈട്രേറ്റും നിറച്ച പ്രഷർ കുക്കർ കോടതിക്കു മുന്നിൽ നിർത്തിയിട്ട ആയൂർവേദ ഡി.എം.ഒയുടെ കാറിനടിയിലായിരുന്നു സ്ഥാപിച്ചിരുന്നത്. ടൈമർ ഘടിപ്പിച്ച സ്‌ഫോടക വസ്തുവിൽ നിന്നും ഉഗ്രസ്‌ഫോടനം ഉണ്ടായി. കാറുകൾക്ക് കേടു പാട് പറ്റിയെങ്കിലും ആളപായം ഉണ്ടായിരുന്നില്ല. കോടതിക്കു മുന്നിൽ തുടരെയുള്ള സ്‌ഫോടനം അതീവ ഗൗരവത്തോടെയാണ് പൊലീസും സുരക്ഷാ ഏജൻസികളും കണ്ടത്. എന്നാൽ അന്വേഷണം പുരോഗതിയില്ലാത്തത് പൊലീസിനെ വലച്ചു. നിലവിൽ നമ്പർ കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണം പ്രതികളിലേക്കെത്തുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.