മധുര: മലപ്പുറം കളക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. മധുരയിൽ നിന്ന് കേരള പൊലീസാണ് ഇരുവരെയും പിടികൂടിയത് ബേസ്മൂവ്‌മെന്റ് തലവൻ എൻ.അബൂബക്കറും എ.അബ്ദു റഹ്മാനുമാണ് പിടിയിലായത്. കൊല്ലം ചിറ്റൂർ സ്‌ഫോടനങ്ങൾ നടത്തിയതും ഇവരാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് വളപ്പിലെ കോടതിക്കു മുന്നിൽ കേരളപ്പിറവി ദിനത്തിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പുതിയ അറസ്റ്റുകൾ.

മലപ്പുറം സ്‌ഫോടന കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ ആസൂത്രണം ചെയ്തതായും മൊഴിലഭിച്ചു. ഖമറുദ്ദീൻ എന്ന മുസ്ലിംപണ്ഡിതനും അൽ ഉമ്മ നേതാവുമായ പ്രഭാഷണമാണ് തന്നെ ജിഹാദി ആശയങ്ങളിലേക്ക് നയിച്ചതെന്നും അബ്ബാസ് അലി മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെയാണ് രണ്ട് പേരെ പിടികൂടുന്നത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

മധുര ഇസ്മായീൽപുരും സ്വദേശി അബ്ബാസ് അലി(27), മധുര കെപുത്തൂർ വിശ്വനാഥ നഗർ സാംസൻ കരീം രാജ (23), മധുര നെൽപട്ട പള്ളിവാസൽ ദാവൂദ് സുലൈമാൻ (23), മധുര തയിർ മാർക്കറ്റ് ഷംസുദ്ദീൻ (26), ആന്ധ്ര അത്തിക്കുളം കെപുത്തൂർ മുഹമ്മദ് അയ്യൂബ് എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്. ആദ്യ നാലു പ്രതികളും കൊല്ലം കലക്ട്രേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസിൽ റിമാൻഡിലായിരുന്നു. അയ്യൂബിനെ തമിഴ്‌നാട് നെല്ലൂരിൽ നിന്നാണ് കൊണ്ടുവന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലെന്ന് ഉദ്‌ഘോഷിക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അഞ്ചോളം സ്ഥലങ്ങളിൽ തുടരെ ബോംബ് സ്‌ഫോടനം നടത്തിയെന്നാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.

കേസിൽ ഒന്നാം പ്രതി അബ്ബാസ് അലി അൽഖാഇദയുടെ ഇന്ത്യൻ രൂപമായ ബേസ് മൂവ്‌മെന്റിന്റെ പ്രധാനിയാണ്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാളാണ് ബോംബ് നിർമ്മിച്ച് രണ്ടാം പ്രതിയായ കരീം രാജയെ മലപ്പുറത്തേക്ക് വിട്ടത്. സ്‌ഫോടനം നടത്തുന്നതിന്റെ പത്ത് ദിവസം മുമ്പ് കരീംരാജ മലപ്പുറത്തെത്തി കലക്ട്രേറ്റ് കോടതിയും പരിസരവും വീഡിയോ പകർത്തി കൊണ്ടുപോയിരുന്നു. കൊമേഴ്‌സ് ബിരുദദാരിയായ കരീംരാജ തന്നെയാണ് നവംബർ ഒന്നിന് കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചതും. ടാറ്റാ കൺസൾട്ടൻസിയിൽ എഞ്ചിനീയറായിരുന്ന ദാവൂദ് സുലൈമാൻ കേസിലെ മൂന്നാം പ്രതിയാണ്. സ്‌ഫോടനത്തിനാവശ്യമായ സാങ്കേതിക സഹായം നൽകിയത് ദാവൂദ് സുലൈമാനാണ്. പ്രതികളെ വെവ്വേറെയും ഒരുമിച്ചും ചോദ്യം ചെയ്യൽ തുടരുകയാണ്.

മലപ്പുറം സ്‌ഫോടന കേസിലെ പ്രതികളെല്ലാം തമിഴ്‌നാട് മധുര കേന്ദ്രീകരിച്ചുള്ളവരാണ്. മധുര സ്വദേശിയായ അൽ ഉമ്മ നേതാവും പണ്ഡിതനെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ഖമറുദ്ദീൻ എന്നയാളാണ് തങ്ങൾക്കു വേണ്ട നിർദ്ദേശങ്ങളും പിന്തുണയും നൽകിയതെന്നാണ് പ്രതികളുടെ മൊഴി. ഖമറുദ്ദീന്റെ പ്രഭാഷണമാണ് ജിഹാദി ആശയത്തിലേക്ക് നയിച്ചതെന്നാണ് അബ്ബാസ് അലിയുടെ മൊഴി. ഖമറുദ്ദീനുമായി നേരിട്ട് ബന്ധുമുള്ളയാളാണ് അബ്ബാസ് അലി. ഇവരെല്ലാം ഒരേ നാട്ടുകാരുമാണ്. പിന്നീട് ഖമറുദ്ദീന്റെ നിർദ്ദേശ പ്രകാരം സംഘാംഗങ്ങൾ പലതവണ ഗൂഢാലോചന നടത്തിയതായും പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇന്ത്യൻ നിയമ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യലും ഗവൺമെന്റിന്റെ ശ്രദ്ധ തിരിക്കലുമാണ് സ്‌ഫോടനത്തിന്റെ ഉദ്ധേശം.

മലപ്പുറം കലക്ട്രേറ്റ് വളപ്പിലെ കോടതികൾക്കു മുന്നിൽ നിർത്തിയിട്ട ഹോമിയോ ഡിഎംഒയുടെ വാടക കാറിനു ചുവടെ സ്ഥാപിച്ച പ്രഷർ കുക്കർ ബോംബ് പൊട്ടിയാണ് നവംബർ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌ഫോടനം ഉണ്ടായത്. ഇതിനു പുറമെ കർണാടകയിലെ മൈസൂർ, ആന്ധ്രയിലെ നെല്ലൂർ, ചിറ്റൂർ കോടതികൾക്കു മുന്നിലും കൊല്ലം കലക്ട്രേറ്റ് വളപ്പിലും ഈ സംഘം സ്‌ഫോടനം നടത്തിയിരുന്നു.