മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിന് മിന്നും ജയം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു തരംഗം ആഞ്ഞുവിശീയപ്പോഴും ലീഗിനായി കോട്ടകാത്തത് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എംപി.അബ്ദുസ്സമദ് സമദാനിയാണ്.

'ദേശീയ നേതാക്കൾ' ഏറ്റുമുട്ടിയ പോരാട്ടത്തിൽ 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമദാനി മലപ്പുറത്ത് ലീഗിന്റെ വിജയത്തുടർച്ച ആവർത്തിച്ചത്.

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. സമദാനിക്ക് 5,38,248 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവിന് 4,23,633 വോട്ടും ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി എ.പി.അബ്ദുല്ലക്കുട്ടിക്ക് 68,935 വോട്ടാണ് ലഭിച്ചത്.

ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി കോട്ട പോലെ കാത്ത മണ്ഡലമാണ് മലപ്പുറം. 2014 ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഇ.അഹമ്മദിന്റെ ഭൂരിപക്ഷം 1,94,379. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ 5 ലക്ഷം വോട്ടു നേടിയ ആദ്യ സ്ഥാനാർത്ഥിയായെങ്കിലും ഭൂരിപക്ഷം 1,71,023 ആയിരുന്നു. എന്നാൽ 2019ൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,153 ആയി. കുഞ്ഞാലിക്കുട്ടിക്ക് 5,89,873 വോട്ടും വി.പി.സാനുവിന് 3,29,720 വോട്ടും ബിജെപിയുടെ വി.ഉണ്ണിക്കൃഷ്ണന് 82,332 വോട്ടുമാണ് ലഭിച്ചത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,18,696 വോട്ട്, കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 1,13,987 വോട്ട് എന്നിങ്ങനെയാണ് മണ്ഡലത്തിലെ യുഡിഎഫിന്റെ ആകെ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ഭൂരിപക്ഷം കുറയാതെ നോക്കാനായിരുന്നു യുഡിഎഫ് ശ്രമം. പിടിച്ചെടുക്കാൻ എൽഡിഎഫും ഇരുമുന്നണികളെയും വിറപ്പിക്കാൻ എൻഡിഎയും ഉശിരൻ വീര്യത്തോടെയാണ് കളം പിടിച്ചത്.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, കർഷകവിരുദ്ധ, ന്യൂനപക്ഷവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. സ്ഥാനാർത്ഥി സമദാനിയുടെ മതനിരപേക്ഷ വ്യക്തിത്വവും ബഹുഭാഷാ വൈദഗ്ധ്യവും രാജ്യസഭാംഗമായിരിക്കെ നടത്തിയ പ്രകടനവും ഉയർത്തിക്കാട്ടിയത് അനുകൂലഘടകമായി.

ഉപതിരഞ്ഞെടുപ്പിലേക്കു നയിച്ച കുഞ്ഞാലിക്കുട്ടിയുടെ രാജി തന്നെയായിരുന്നു എൽഡിഎഫിന്റെ മുഖ്യ പ്രചാരണായുധം. വി.പി.സാനു തന്നെയായിരുന്നു കഴിഞ്ഞ തവണയും എൽഡിഎഫ് സ്ഥാനാർത്ഥി. അതുകൊണ്ടുതന്നെ 'തിരുത്താൻ അവസരം' എന്ന മുദ്രാവാക്യമുയർത്തിയാണ് ഇടതുമുന്നണി പ്രചാരണം മുന്നോട്ടു കൊണ്ടുപോയത്.

കുഞ്ഞാലിക്കുട്ടിയുടെ രാജിയും മണ്ഡലത്തിലെ വികസനമുരടിപ്പുമായിരുന്നു എൻഡിഎയുടെ ആയുധങ്ങൾ. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളും മണ്ഡലത്തിലെ ഫുട്ബോൾ അടക്കമുള്ള കായികരംഗത്തിന്റെ വികസന സ്വപ്നങ്ങളും പങ്കുവച്ചായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രചാരണം.