മലപ്പുറം: ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. 13 ലക്ഷം വോട്ടർമാർക്കാണ് സമ്മതിദാന അവകാശമുള്ളത്.

കത്തുന്ന വെയിലിനെ വകവയ്ക്കാതെ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണമാണു നടത്തിയത്. വികസനവും വർഗ്ഗീയതയും മതേതരത്വവും വിശദമായി ചർച്ചചെയ്തു തുടങ്ങിയ തെരഞ്ഞെടുപ്പ് കാമ്പയിൽ ഒടുവിൽ ദേശിയ-സംസ്ഥാന രാഷ്ട്രീയവർത്തമാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

യുഡിഎഫിനുവേണ്ടി മുസ്ലിംലീഗിന്റെ കരുത്തനായ പോരാളി കുഞ്ഞാലിക്കുട്ടിയും എൽഡിഎഫിനുവേണ്ടി എം.ബി. ഫൈസലും ബിജെപിക്കുവേണ്ടി അഡ്വ. എൻ. ശ്രീപ്രകാശുമാണ് ഏറ്റുമുട്ടുന്നത്.

സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങളേയും കേന്ദ്രത്തിലെ ബിജെപി സർക്കാറിന്റെ ഫാസിസ്റ്റ് നിലപാടുകളേയും മുൻനിർത്തി എൽഡിഎഫ് നടത്തിയ പ്രചാരണം വലിയതോതിലുള്ള ചലനം മണ്ഡലത്തിലുണ്ടാക്കിയെന്നു വിലയിരുത്തലുകളുണ്ട്.

അതേസമയം ലീഗിനു തന്നെയാണ് മേൽക്കൈ. ഇ. അഹമ്മദിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞാലിക്കുട്ടിയെത്തന്നെ രംഗത്തിറക്കിയത്. എൽഡിഎഫ് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധവികാരവും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും മികച്ച വിജയം സമ്മാനിക്കുമെന്നു യുഡിഎഫ് വിശ്വസിക്കുന്നു.

കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതോടെ യുഡിഎഫിന്റെ ഐക്യം വർധിച്ചതാണ് ഒരു നേട്ടം. കെ.എം.മാണി കുഞ്ഞാലിക്കുട്ടിക്കു പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിലെ തർക്കങ്ങൾക്കു പരിഹാരമായെന്ന ചിന്ത പ്രവർത്തകരിലുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമെല്ലാം മണ്ഡലത്തിൽ ക്യാംപ് ചെയ്തു പ്രചാരണം നടത്തി. അവസാനദിവസങ്ങളിൽ എ.കെ.ആന്റണിയുമെത്തി.

എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിലെ വീഴ്ചകളാണു യുഡിഎഫ് ഉയർത്തിക്കാട്ടിയത്. പൊലീസ് നയവും ജിഷ്ണു പ്രണോയി സംഭവവും സ്ത്രീകൾക്കുനേരെയുള്ള അതിക്രമവുമെല്ലാം യുഡിഎഫ് പ്രചാരണ വിഷയങ്ങളാക്കി.

മറുവശത്ത് എൽഡിഎഫും പ്രതീക്ഷയിലാണ്. തുടക്കത്തിൽ പ്രചാരണത്തിലുണ്ടായ ക്ഷീണം അവസാനഘട്ടത്തിൽ മറികടക്കാനായെന്നാണ് മുന്നണിയുടെ പ്രതീക്ഷ. അതിനു നേതൃത്വം നൽകിയത് വി എസ്.അച്യുതാനന്ദനാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ ആക്രമണമാണ് വി എസ് അഴിച്ചുവിട്ടത്. ഒപ്പം, പിണറായി വിജയനും എത്തിയതോടെ പ്രവർത്തകർ ഉണർന്നു.

ബീഫ് അടക്കമുള്ള വിഷയങ്ങൾ എൽഡിഎഫ് ചർച്ചാവിഷയമാക്കി. ഭൂരിപക്ഷ-ന്യുനപക്ഷ വർഗ്ഗീയതകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തങ്ങൾക്കുള്ളതെന്ന് എൽഡിഎഫ് വ്യക്തമാക്കി.

മുൻവർഷത്തെ തേരാളിയെത്തന്നെ ഇറക്കിക്കൊണ്ട് പടക്കിറങ്ങുന്ന ബിജെപിയും ആദ്യറൗണ്ടിൽ വലിയ ആവേശംകാട്ടി. സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ മണ്ഡലത്തിൽ ക്യാമ്പുചെയ്താണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിച്ചത്.
എൻ. ശ്രീപ്രകാശിനെത്തന്നെ വീണ്ടും അണിനിരത്തുന്ന അവർ ന്യൂനപക്ഷവിഭാഗക്കാരായ ദേശീയനേതാക്കളെ മലപ്പുറത്തെത്തിക്കാനും ശ്രമിച്ചു.

വിവാദങ്ങൾക്കും മലപ്പുറത്തു ക്ഷാമമുണ്ടായില്ല. നല്ല ബീഫ് വിതരണം ചെയ്യുമെന്ന ബിജെപി സ്ഥാനാർത്ഥിയുടെ വാഗ്ദാനം പാർട്ടിയെ വെട്ടിലാക്കി. കുഞ്ഞാലിക്കുട്ടി പിണറായി രഹസ്യകൂടിക്കാഴ്ചയായിരുന്നു ബിജെപിയുടെ മുഖ്യപ്രചരണായുധങ്ങളിൽ ഒന്ന്. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പ് പത്രികയിലെ കോളം പൂരിപ്പാക്കാത്തതും അവർ പ്രചരണായുധമാക്കി. തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്ന വിഷയത്തിൽ വ്യത്യസ്ത പ്രസ്താവനകളുമായി സി.പി.എം നേതാക്കൾ രംഗത്തെത്തിയത് പ്രചാരണത്തിൽ പാർട്ടിക്ക് ദോഷം ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 47,853 വോട്ടുകൾ നേടിയ എസ്ഡിപിഐയും 29,216 വോട്ടുനേടിയ വെൽഫെയർപാർട്ടിയും ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഈ വോട്ടുകൾ എങ്ങോട്ടുപോകുമെന്നതും വിജയത്തെ സ്വാധീനിക്കും.