മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തിയ്യതിയാണ് ഇന്നാണ്. എന്നാൽ, മലപ്പുറത്ത് സ്വാധീനമുള്ള ചെറു പാർട്ടികളൊന്നും തന്നെ ഇതുവരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ല. ഇതോടെ മലപ്പുറം ലോക്സഭാ ഉപതരെഞ്ഞെടുപ്പിൽ വലിയ വോട്ട് കച്ചവടത്തിനുകൂടിയാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സര രംഗത്തുണ്ടായിരുന്ന എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പിഡിപി, ആർ.എംപി, ബി.എസ്‌പി എന്നീ പാർട്ടികൾ ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. മത്സര രംഗത്തു നിന്നുള്ള ചെറുപാർട്ടികളുടെ പിന്മാറ്റത്തിനു പിന്നിലും ശക്തമായ ഇടപെടൽ ഉണ്ടയതായാണ് സൂചന. ബിജെപിയുടെ വോട്ട് മറിക്കൽ മുതൽ എപി വോട്ടുകൾ അരക്കിട്ടുറപ്പിക്കുന്നതിനായുള്ള ചർച്ചകൾ വരെ സജീവമാണ്. ഇടതു മുന്നണി നേതാക്കൾ കാന്തപുരത്തിന്റെ പിന്തുണ തേടിക്കഴിഞ്ഞെങ്കിലും രഹസ്യകൂടിക്കാഴ്ച നടത്താൻ കുഞ്ഞാലിക്കുട്ടിയും തിയ്യതി തേടിയിട്ടുണ്ട്.

ചെറുപാർട്ടികൾക്കു പുറമെ മണ്ഡലത്തിൽ സ്വാധീനമുള്ള മത സംഘടനകളുടെ നിലപാടുകളും തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായി ബാധിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് വിജയിച്ചത്. പ്രതികൂല സാഹചര്യമായിരുന്നിട്ടും ഇ അഹമ്മദിന് ലഭിച്ച ഈ ഭൂരപിക്ഷം മറികടന്ന് തന്റെ വ്യക്തി പ്രഭ ഉയർത്തുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. ഭൂരപക്ഷം വർധിപ്പിക്കുകയെന്നത് യു.ഡി.എഫിലും മുസ്ലിംലീഗിലും തന്റെ അഭിമാന പ്രശ്നമായാണ് കുഞ്ഞാലിക്കുട്ടി കാണുന്നത്. ഇതിനായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ചർച്ചകളും ധാരണകളും ഇതര കക്ഷികളുമായി ഉണ്ടാക്കിയതായാണ് ലഭിക്കുന്ന വിവരം. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ
ഭൂരിപക്ഷം ഗണ്യമായി കുറക്കുകയെന്ന ലക്ഷമാണ് യുവ നേതാവ് എം.ബി ഫൈസലിലൂടെ ഇടതുമുന്നണി ലക്ഷ്യം വെയ്ക്കുന്നത്.

മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നും അത്യാവശ്യം വോട്ടു പിടിക്കാൻ പറ്റുന്ന ചെറു പാർട്ടികളാണ് വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇ അഹമ്മദിനെതിരെ മത്സരിച്ച എസ് ഡി പി ഐ
സ്ഥാനാർത്ഥി നസറുദ്ദീൻ എളമരത്തിന് 47,853 വോട്ടുകളും വെൽഫയർ പാർട്ടിയുടെ പി ഇസ്മഈലിന് 29,216 വോട്ടുകളും ലഭിച്ചിരുന്നു. രണ്ടുകൂട്ടർക്കും കൂടി 77,069 വോട്ടുകൾ. ഇടതുമുന്നണി സ്ഥാനാർത്ഥി പി കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ടുകൾ. ഇ അഹമ്മദിന്റെ
സ്ഥാനാർത്ഥിത്വത്തിനെതിരെയുള്ള വികാരം നോട്ടയും വലിയ വോട്ട് നേടിയിരുന്നു. പികെ സൈനബയോടുള്ള അസംതൃപ്തിയിൽ മണ്ഡത്തിൽ ക്രിത്യമായി സ്വാധീനമുള്ള എപി സുന്നികൾ ഇ അഹമ്മദിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഈ ചെറുപാർട്ടികളുടെ വോട്ട് ഒന്നര ലക്ഷത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇത് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എങ്ങിനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.

ഇത്തവണ ചെറു പാർട്ടികളുടടെയെല്ലാം വോട്ടുലഭിക്കുന്നതിനായി രഹസ്യ ധാരണകൾക്കുള്ള ശ്രമം ഇടത് വലത് മുന്നണികൾ നേരത്തേ നടത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ നിലപാട് ഇവർ അറിയിച്ചിട്ടില്ലെന്നാണ് സൂചന. ഫാഷിസത്തിനെതിരെയായിരിക്കും തങ്ങളുടെ നിലപാടെന്ന് വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ പാർട്ടികൾ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഫാഷിസത്തിനെതിരെ നിലകൊള്ളുന്ന സിപിഐഎം, മുസ്ലിംലീഗ് പാർട്ടികൾ തമ്മിലുള്ള മത്സരത്തിൽ ആരെ പിന്തുണക്കണമെന്നുള്ള തീരുമാനം വിവിധ ഘടകങ്ങളെ  അടിസ്ഥാനപ്പെടുത്തിയായിരിക്കും. എസ്.ഡി.പി.ഐ-ലീഗ് പാർട്ടികൾ തമ്മിൽ കനത്ത പോര് നിലനിൽക്കുന്ന പ്രദേശങ്ങൾ മലപ്പുറത്ത് നിരവധിയാണ്. എന്നാൽ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ള വെൽഫെയർ, എസ്.ഡി.പി.ഐ നേതാക്കളുമായി പ്രാഥമിക സംസാരം നടന്നതായാണ് വിവരം. സിപിഎമ്മുമായി മുഖാമുഖം പോരടിച്ചാണ് എസ്ഡിപിഐയും അവരുടെ മാതൃസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെയും നിൽപ്പ്. ആർഎസ്എസിന്റെ മറുവശമായാണ് പോപ്പുലർ ഫ്രണ്ടിനെ സി.പി.എം കാണുന്നത്. ബിജെപിയോടും എസ് ഡി പി ഐയോടുമുള്ള സമീപനവും ഒന്നുതന്നെയെന്ന് ഇവർ കണക്കാക്കുമ്പോൾ തന്നെ വോട്ട് പിന്തുണക്കായി സിപിഎമ്മും വാതിലുകൾ മുട്ടിത്തുടങ്ങിയിട്ടുണ്ട്.

അതേസമയം ബിജെപിയെ നാലാം സ്ഥാനത്തേക്കു പിൻതള്ളുന്നതിനായി ചെറുപാർട്ടികളുടെ ഏകീകരണത്തോടെ പൊതു സ്വതന്ത്രനെ നിർത്താനുള്ള തിരക്കിട്ട നീക്കവും നടക്കുന്നുണ്ട്. ജമാഅത്തേ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയും പോപ്പുലർ ഫ്രണ്ടിന്റെ എസ്.ഡി.പി.ഐയുമാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. ഇക്കാര്യം ചർച്ച ചെയ്യാനായി സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വെൽഫയർ പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഇന്ന്
നടന്നു വരികയാണ്. ഇരു പാർട്ടികളും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തില്ലെന്നു തന്നെയാണ് നിലപാട്. ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്വന്തം സ്ഥാനാർത്ഥിയെ മൽസരിപ്പിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപിയെ പിൻതള്ളുന്നതിനായി പൊതുസ്വതന്ത്രൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ തന്നെ വോട്ടു കച്ചവടം തള്ളിക്കളയാനാകില്ല.

മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിർണായക ശക്തിയുള്ള സമസ്ത എപി, ഇകെ സംഘടനകളുടെ നിലപാട് നിർണായകമായിരിക്കും. ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ ഇരു സുന്നി വിഭാഗങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. സമസ്ത ഇകെ വിഭാഗത്തിന്റെ പൂർണ പിന്തുണ കുഞ്ഞാലിക്കുട്ടിക്ക് വാഗ്ദാനം ചെയ്തെങ്കിലും മാറി മറയുന്ന എപി സുന്നി വോട്ടുകളിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മണ്ണാർക്കാട്ടെ എപി സുന്നി നിലപാടിനെതിരെ മുസ്ലിംലീഗ് നേതാക്കൾ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. ലീഗ് വിളിച്ചു ചേർത്ത മുസ്ലിംസംഘടനകളുടെ യോഗത്തിൽ നിന്നും എപി വിഭാഗം വിട്ടു നിന്ന സംഭവത്തിനെതിരെ കുഞ്ഞാലിക്കുട്ടി രംഗത്തു വന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ പടല പിണക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും എപി സുന്നി നേതാക്കളിൽ പലരും കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്.  അണികൾക്ക് നിർദ്ദേശം നൽകിയിട്ടില്ലെങ്കിലും മനസാക്ഷി വോട്ടിനായിരിക്കും കൂടുതൽ സാധ്യത.

അതേസമയം പിന്തുണ അരക്കിട്ടുറപ്പിക്കാനായി പികെ കുഞ്ഞാലിക്കുട്ടി കാന്തപുരത്തെ കാണാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. രഹസ്യ കൂടിക്കാഴ്ച നടത്തുന്നതിനായി കോഴിക്കോട്ടെ പ്രമുഖ വ്യവസായി മുഖേനയാണ് കുഞ്ഞാലിക്കുട്ടി കാന്തപുരത്തിന്റെ തിയ്യതി തേടിയിട്ടുള്ളത്. ഇതിനെല്ലാം പുറമെ ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശിനെതിരെ ബിജെപിയിൽ നിന്നു തന്നെയുള്ള ഒരു വിഭാഗം രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ അസംതൃപ്തരായവരാണ് അധികവും. ഈ വിഭാഗത്തിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടുമറിക്കാനുള്ള ചർച്ചകളും സജീവമാണ്.