തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറും മുസ്ലിംലീഗ് നേതൃത്വവും തമ്മിൽ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനിടെയാണ് ഇന്ന് മലപ്പുറത്തെ വോട്ടിങ് മെഷീനുകൾ വ്യാപകമായി തകരാറിൽ ആയത്. ഗൗരവതരമായ ഈ വിഷയം ജില്ലയിലെ തിരഞ്ഞെടുപ്പ് വരാണാധികാരി കൂടിയായ കലക്ടർ ഗൗരവത്തിൽ എടുത്തില്ലെന്ന ആക്ഷേപം ശക്തമായി ഉന്നയിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മലപ്പുറം ജില്ലാ കലക്ടർ ഭാസ്‌ക്കരൻ ഈ വിഷയത്തിൽ ഉദാസീനമായ സമീപനം സ്വീകരിച്ചു എന്നാണ് കമ്മീഷന്റെ ആക്ഷേപം.

ജില്ലയിലെ 270 വോട്ടിങ് കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടായത്. തകരാർ സംബന്ധിച്ച് ജില്ലാ കളക്ടറുടെ നടപടിയിൽ തെരഞ്ഞെടുപ്പു കമ്മീഷന് അതൃപ്തി. യന്ത്രത്തകരാറുണ്ടായ കാര്യങ്ങൾ യഥാസമയം കമ്മീഷനെ അറിയിച്ചില്ലെന്നാണ് വിമർശനം. രാവിലെ വോട്ടിങ് ആരംഭിച്ചശേഷമാണ് 270 വോട്ടിങ് കേന്ദ്രങ്ങളിൽ യന്ത്രത്തകരാറു കാരണം വോട്ടിങ് മുടങ്ങിയത്.

വോട്ടിങ് മെഷീനുകൾ പ്രവർത്തനരഹിതമായത് കമ്മിഷനെ അറിയിച്ചില്ലാത്തതാണു കാരണം. മെഷീനുകൾ കേടായ ഉടൻ പകരം മെഷീനുകൾ സ്ഥാപിക്കുന്നതിനു വേണ്ട നടപടികൾ കലക്ടർ സ്വീകരിച്ചില്ല. നിരന്തരം ചോദിച്ചിട്ടും കൃത്യമായ വിവരങ്ങൾ നൽകിയില്ല. കമ്മിഷന് നേരിട്ട് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടി വന്നു. കലക്ടർ വൈകി നൽകിയത് അപൂർണമായ റിപ്പോർട്ടാണെന്നും കമ്മിഷൻ വിലയിരുത്തി. മൂന്നു മണിക്ക് മുൻപ് അന്തിമ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ കലക്ടർക്ക് അന്ത്യശാസനം നൽകേണ്ടിയും വന്നു.

വോട്ടിങ് തടസപ്പെടാൻ കാരണമായത് പ്രിസൈഡിങ് ഓഫീസർമാരുടെ പരിചയക്കുറവു മൂലമാണെന്നായിരുന്നു കളക്ടറുടെ വിശദീകരണം. പശ ഒഴിച്ചും സ്റ്റിക്കർ പതിച്ചുമാണ് യന്ത്രങ്ങൾ കേടാക്കിയത്. ലീഗിന് ശക്തിയുള്ളതും അടുത്തകാലത്തായി ഇടതുപാർട്ടികൾ നേട്ടമുണ്ടാക്കുന്നതുമായ സ്ഥലങ്ങളിലാണ് യന്ത്രങ്ങളേറെയും തകരാറിലായത്.

അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിൽ ഭീകരവാദബന്ധമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ ആരോപിച്ചു. അട്ടിമറി നടന്ന ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്നും മുരളീധരൻ പറഞ്ഞു. എസ്ഡിപിഐയുടെ സ്വാധീന മേഖലകളിലാണ് അട്ടിമറി കണ്ടെത്തിയിരിക്കുന്നത്. ആരാണ് എസ്ഡിപിഐയെ സഹായിച്ചതെന്ന് കണ്ടെത്തണമെന്നും മുരളീധരൻ പറഞ്ഞു.