മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിംങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി നിരീക്ഷണ വിധേയമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. മലപ്പുറം പാർലമെന്റ് മണ്ഡലം നിലവിൽ യു.ഡി.എഫിന് അനുകൂലമാണ്. കോണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയോജക മണ്ഡലങ്ങൾ അടങ്ങുന്നതാണ് മലപ്പുറം പാർലമെന്റ് മണ്ഡലം.

നിലവിൽ മുസ്ലിംലീഗാണ് ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്. പെരിന്തൽമണ്ണ, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങൾ ഇടതിന് സ്വീധീനമുള്ള മേഖലയാണ്. അതേസമയം മുസ്ലിംലീഗിന് ആധിപത്യമുണ്ടായിരുന്ന പഴയ മഞ്ചേരി പാർലമെന്റിൽ അട്ടിമറിയിലൂടെ ടികെ ഹംസ വിജയിച്ച ചരിത്രവും ഈ പ്രദേശത്തിനുണ്ട്. കോൺഗ്രസിനും യുപിഎക്കും ഏറ്റവും തിരിച്ചടി നേരിട്ട 2014ൽ ഏറെ എതിർപ്പുകളുണ്ടായിരുന്നിട്ടും ഇ അഹമ്മദിലൂടെ യു.ഡി.എഫ് ഭൂരിപക്ഷം രണ്ട് ലക്ഷത്തോളമെത്തിയ ചരിത്രവും മലപ്പുറം മണ്ഡലത്തിനുണ്ട്.

സൂനചകളെല്ലാം കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. അതിന് നിരവധി ഘടകങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷം റെക്കോഡിലെത്തുമെന്ന് കുഞ്ഞാലിക്കുട്ടിയും ആവർത്തിക്കുന്നു. അഡ്വ.എം.ബി ഫൈസലിലൂടെ മഞ്ചേരി ആവർത്തിക്കുമെന്നാണ് ഇടത് നേതാക്കളുടെ പ്രതികരണം. നിയമസഭയിൽ ലഭിച്ച ഭൂരിപക്ഷത്തെ മറികടന്ന് യുഡിഎഫിനെ തളച്ചിടാനായാൽ അത് വിജയമായിരിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ കാലങ്ങളിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവെയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മലപ്പുറത്തെ കണക്കുകൾ എക്കാലവും യുഡിഎഫിന് അനുകൂലമായിരുന്നെങ്കിലും അപ്രതീക്ഷിത മാറിമറിയലുകൾക്കും വോട്ടിലെ ഏറ്റക്കുറച്ചിലുകൾക്കും സാക്ഷിയാണ് മലപ്പുറം. ഇ അഹമ്മദിനേക്കാൾ വോട്ട് നേടാൻ കുഞ്ഞാലിക്കുട്ടിക്കാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

അതേസമയം 2014ൽ പികെ സൈനബക്ക് ലഭിച്ച വോട്ടിനേക്കാൾ കൂടുതൽ വോട്ട് ഫൈസൽ പിടിക്കുമെന്നാണ് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാൾ കുറയുന്നത് യുഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കും. മുസ്ലിംലീഗ് നേതാക്കൾക്കു പുറമെ കോൺഗ്രസിലെയും മറ്റു ഘടകക്ഷികളിലെയും നേതാക്കൾ ഏറ്റവും കൂടുൽ തമ്പടിച്ച് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പ് കൂടിയാണ് യുഡിഎഫിന്.

2004ലെ മഞ്ചേരി പാർലമെന്റ് തെരഞ്ഞടുപ്പിൽ വലിയതോതിൽ അടിയൊഴുക്കുകളുണ്ടായി. ഇതോടെ ടികെ ഹംസയിലൂടെ മഞ്ചേരിയിൽ ആദ്യമായി ചെങ്കോടി പാറിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചു. പിന്നീട് മലപ്പുറം മണ്ഡലം രൂപീകരിച്ച ശേഷം 2009ലാണ് ആദ്യ ലോകസ്ഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ അഹമ്മദിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ ഹംസയേക്കാൾ 1,15,597 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തിൽ 79,142 വോട്ട് വർദിച്ചു. അതായത് 1,94,739 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലുമായി 1.18 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിന് നേടാനായത്.

മലപ്പുറത്തെ ലീഗ് കോൺഗ്രസ് ബന്ധത്തിൽ അങ്ങിങ്ങായി വിള്ളൽ രൂപപ്പെട്ടിരുന്നെങ്കിലും 2017ലെ ഉപതെരഞ്ഞെടുപ്പെത്തുമ്പോൾ അതെല്ലാം ഏറെക്കുറേ പരിഹരിച്ച സ്ഥിതിയിലാണ്. ലീഗിനുള്ളിലെ ചില ആഭ്യന്തര പ്രശ്നങ്ങളൊഴിച്ചാൽ ഐക്യത്തോടെയും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങളായിരുന്നു യു.ഡി.എഫ് നടത്തിയത്. മങ്കട, പെരിന്തൽമണ്ണ, വള്ളിക്കുന്ന്, മഞ്ചേരി എന്നിവിടങ്ങളിൽ നിലമെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഈ നിയോജക മണ്ഡലങ്ങളിലെ പോളിംങ് ശതമാനവും ഏറെ നിർണായകമായിരിക്കും. 2014ൽ ബിജെപി 64,705 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ ലോക്സഭയിൽ മത്സരിച്ച് ഇത്തവണ മത്സര രംഗത്ത് നിന്നും വിട്ടുനിൽക്കുന്ന ചെറു പാർട്ടികളുടെ വോട്ടും ഈ തെരഞ്ഞെടുപ്പിൽ നിർണായകമാണ്.

മലപ്പുറം പാർലമെന്റ് മണ്ഡലത്തിനകത്തെ നിയോജക മണ്ഡലങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ:-

കൊണ്ടോട്ടി

എൽ.ഡി.എഫിന് മോശമല്ലാത്ത രീതിയിൽ വോട്ട് പിടിക്കാൻ പറ്റുന്ന മണ്ഡലമാണ് കൊണ്ടോട്ടി. വാഴയൂർ, ചെറുകാവ്, പുളിക്കൽ പഞ്ചായത്തുകളാണ് ഇടതിന് പ്രതീക്ഷ. എന്നാൽ മണ്ഡലത്തിൽ കാര്യമായ ഇളക്കം യു.ഡി.എഫ് വോട്ടിൽ സംഭവിക്കാൻ ഇടയില്ല. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ കുഞ്ഞാലിക്കുട്ടിക്കായി സജീവമായി രംഗത്തുണ്ടായിരുന്നു. കൊണ്ടോട്ടി നഗരസഭയിൽ ലീഗ് പ്രതിപക്ഷത്താണിരിക്കുന്നതെങ്കിലും വോട്ടിൽലെ വർധനവ് യു.ഡി.എഫിനാണ്. ബിജെപി വോട്ടിലും വർധനവ് പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ അഹമ്മദിന് 31,717 വോട്ടും 2016ലെ നിയമസഭയിൽ ടിവി ഇബ്രാഹീമിന് 10,654 വോട്ടും ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. 2014ൽ മത്സരിച്ച ചെറു പാർട്ടികൾ 15,000 ്ത്തോളം വോട്ട് പിടിച്ചിരുന്നു.

മഞ്ചേരി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിലെ വോട്ടുചോർച്ചയാണ് ഇടതിന്റെ പ്രതീക്ഷ. എന്നാൽ മഞ്ചേരിയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുസ്ലിംലീഗും യു.ഡി.എഫും. 2014ൽ ഇ അഹമ്മദ് 26,062 വോട്ടും 2016ൽ എം ഉമ്മർ 19,616 വോട്ടിന്റെ ഭൂരിപക്ഷവുമാണ് നേടിയത്. 2014ൽ 12,000 വോട്ട് ചെറു പാർട്ടികളും നേടി.

പെരിന്തൽമണ്ണ

ആർക്കും പിടികൊടുക്കാത്ത മണ്ഡലമാണ് പെരിന്തൽമണ്ണ. ഇടതുപക്ഷത്തിന് സ്വാധീനമുള്ള പെരിന്തൽമണ്ണ പലതവണ മാറി മറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭയിൽ വിജയത്തോടടുത്തെങ്കിലും മഞ്ഞളാംകുഴി അലിയോട് 579 വോട്ടിന് എൽ.ഡി.എഫിന്റെ ശശികുമാർ പരാചയപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഫൈസലിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. 2014ൽ നിന്ന് 2016ലെത്തിയപ്പോൾ വോട്ട് കുറഞ്ഞ ബിജെപിക്ക് അഭിമാന പോരാട്ടമാണിവിടെ. 2014ൽ 10,614 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ അഹമ്മദിന് കിട്ടിയത്.2014ൽ 9000 ൽ താഴെ വോട്ടുകൾ മാത്രമാണ് ചെറുകക്ഷികൾ പിടിച്ചത്.

മങ്കട

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന്റെ വോട്ട് ഗ്രാഫ് വലിയതോതിൽ താഴുന്ന അവസ്ഥയാണിവിടെ. ക്രിത്യമായി ഒന്നും പ്രവരചിക്കാൻ പറ്റാത്ത സ്ഥിതിയാണ് മങ്കടയുടേത്. 2016ൽ എൽ.ഡി.എഫിന്റെ റഷീദലി കനത്ത പോരാട്ടം തന്നെ നടത്തിയിരുന്നു. യുഡിഎഫിന്റെ ടി.എ അഹമ്മദ് കബീർ 1508 വോ്ട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. വെൽഫെയർപാർട്ടി കഴിഞ്ഞ ലോക്സഭയിൽ 6903 വോട്ട് പിടിച്ചിരുന്നു. മറ്റു ചെറു പാർട്ടികളെല്ലാം കൂടി 8000ത്തോളം വോട്ടും പിടിച്ചു. 2014 ൽ ഇ അഹമ്മദിന് ലഭിച്ചത് 23,46 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

മലപ്പുറം

എക്കാലവും മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയാണ് മലപ്പുറം. ഇത്തവണയും മലപ്പുറം കനിയുമെന്ന പ്രതീക്ഷയിലാണ് ലീഗ്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ തദ്ദേശത്തിലെ വോട്ടു വർധനവ് ലീഗിന് ആശങ്കപ്പെടുത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ ജന്മനാടുകൂടിയായ മലപ്പുറത്ത് റെക്കോർഡ് ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 2014ൽ ഇ അഹമ്മദ് 36,324 വോട്ടും 2016ൽ പി ഉബൈദുള്ള 35,672 വോട്ടും ഭൂരിപക്ഷം നേടി. 2014ൽ ചെറുകക്ഷികൾ 14,000ത്തോളം വോട്ടുകൾ നേടി.

വേങ്ങര

കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന മേങ്ങര എക്കാലവും യു.ഡി.എഫിന് അനുകൂലമാണ്. വലിയ ഭൂരിപക്ഷങ്ങൾ എന്നും ലീഗിന് വേങ്ങര സമ്മാനിച്ചിരുന്നു. വേങ്ങരയിൽ നടപ്പിൽ വരത്തിയ വികസനവും ഇടപെടലും തുണയാകുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവർദ്ധനവും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങളും അനുകൂലമാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. 2014ൽ ഇ അഹമ്മദ് 42,632 വോട്ട് ഭൂരിപക്ഷം നേടുകയുണ്ടായി. എസ്.ഡി.പി.ഐക്കും സ്വാധീനമുള്ള വേങ്ങരയിൽ 2014ൽ 9058 വോട്ട് നേടിയിരുന്നു. മറ്റു ചെറുപാർട്ടികൾ നേടിയത് 5000 ത്തിനു താഴെ വോട്ടുകളാണ്.

വള്ളിക്കുന്ന്

2014ൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച മണ്ഡലമായിരുന്നു വള്ളിക്കുന്ന്. അന്ന് 15,982 വോ്ട്ട ബിജെപിക്ക് ലഭിച്ചിരുന്നു. ബിജെപി ഇത്തവണ കൂടുതൽ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതും വള്ളിക്കുന്നായിരുന്നു. രണ്ട് വർഷംകൊണ്ട് എൽ.ഡി.എഫും ബിജെപിയും മണ്ഡലത്തിൽ വിലയ തോതിൽ വോട്ട് വർധിപ്പിച്ചു. ഇത് യുഡിഎഫിന് ആശങ്കയുണ്ടാക്കുന്നുണ്ട്. എസ്.ഡി.പി.ഐ 2014ൽ 7599 വോട്ട് പിടിച്ചിരുന്നു. ഇ അഹമ്മദിന് ലഭിച്ചത് 23,935 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ൽ പി അബ്ദുൽ ഹമീദിന്റെ ഭൂരിപക്ഷ 12,610 വോട്ടുകളായിരുന്നു.