- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് വോട്ടിന് പണം നൽകി സ്ഥാനാർത്ഥികൾ; നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി 1500രൂപ നൽകിയെന്ന് വോട്ടർ; കൊണ്ടോട്ടിയിൽ മറ്റൊരു സ്ഥാനാർത്ഥി പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്: അന്വഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് കളക്ടർ
മലപ്പുറം: 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിൽ വോട്ടിന് പണം നൽകി സ്ഥാനാർത്ഥികൾ. നിലമ്പരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി 1500രൂപ നൽകിയെന്ന് വോട്ടറുടെ പരാതി. കൊണ്ടോട്ടിയിൽ മറ്റൊരു സ്ഥാനാർത്ഥി പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്. വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാർത്ഥി നിലമ്പൂർ നഗരസഭയിലെ പട്ടരാക്ക ഡിവിഷനിലെ മരുന്നൻ ഫിറോസ് ഖാനെതിരെയാണ് വോട്ടർ പരാതി നൽകിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ വോട്ട് ചോദിച്ചെത്തിയ മുസ്ലീലീഗ് നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ മരുന്നൻ ഫിറോസ്ഖാൻ 1500 രൂപ നിർബന്ധിച്ച് നൽകിയെന്നാണ് വോട്ടർ പട്ടികയിലെ 67 നമ്പർ വോട്ടറായ ശകുന്തള ഇലക്ഷൻ ചുമതല വഹിക്കുന്ന നഗരസഭയിലെ നിർവഹണ ഉദ്യോസ്ഥന് നൽകിയ പരാതിയിൽ പറയുന്നത്. വോട്ടിന് പണം നൽകിയ ആരോപണങ്ങളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിലമ്പൂർ തഹസിൽദാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു.
അതേ സമയം കൊണ്ടോട്ടി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊണ്ടോട്ടി നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡിലെ സ്വതന്ത്രസ്ഥാനാർത്ഥിയായി ആപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്ന താജുദ്ദീൻ എന്ന കുഞ്ഞാപ്പുവാണ് ഒരു വോട്ടർക്ക് കീശയിൽ നിന്ന് പണം എടുത്തു നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കൊണ്ടോട്ടി നഗരസഭയിൽ കഴിഞ്ഞ തവണ ഏറ്റവും വലിയ മത്സരം നടന്ന വാർഡാണ് ഇരുപത്തിയെട്ടാം വാർഡായ ചിറയിൽ.കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് എൽഡിഎഫിനെ പരാജയപ്പെടുത്തി വിജയിച്ച വാർഡ് കൂടിയാണ് ചിറയിൽ.
ഇവിടെ ഇത്തവണയും കനത്ത മത്സരമാണ് നടക്കുന്നത്. ഇതിനിടയിലാണ് വോട്ട് ചെയ്യാൻ വോട്ടർക്ക് സ്ഥാനാർത്ഥി കുടുബ പ്രശനങ്ങൾ പറഞ്ഞു കൊണ്ട് പണം നൽകാൻ ശ്രമിക്കുന്ന വീഡിയോ പുറത്ത് വന്നത്. വോട്ടർ തന്നെയാണ് വിഡിയോ എടുത്തു പുറത്ത് എത്തിച്ചത്. സ്ഥാനാർത്ഥിക്ക് എതിരെ വോട്ടർ പരാതിയും നൽക്കിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുരുതരമായ ചട്ടലംഘനം ആണ് ഇവിടെ നടന്നത്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷം ശക്തമായ ആരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എൽഡിഎഫിന്റെ വോട്ടർമാർക്ക് പണം കൊടുക്കാൻ യുഡിഎഫ് ആണ് സ്വതന്ത്ര സ്ഥാനാർത്ഥിയെ നിയോഗിച്ചത് എന്നാണ് എൽഡിഎഫിനെ വാദം . എന്നാൽ സംഭവത്തിൽ യാതൊരു തരത്തിലുള്ള പങ്കുമില്ലെന്ന് പറഞ്ഞുകൊണ്ട് യുഡിഎഫ് രംഗത്തെത്തുകയും ചെയ്തു .