മലപ്പുറം: ലീഗിന്റെ കോട്ടയായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെന്ന ലീഗിന്റെ അനിഷേധ്യ നേതാവിന്റെ ഉജ്വല വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ ഭൂരിപക്ഷം എത്രയെന്ന് കേൾക്കാനാണ് കേരളം കാതോർത്തത്. എന്നാൽ ഇ അഹമ്മദിന്റെ നേട്ടത്തെ മറികടക്കാൻ ആയില്ലെങ്കിലും കുഞ്ഞാലിക്കുട്ടി കുറിച്ചിരിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ്.

1,71,023 വോട്ടിന്റെ ഭൂരിപക്ഷം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് കേരള ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം കുറിച്ചത്. അത് മറികടക്കാൻ കുഞ്ഞാലിക്കുട്ടിക്കും ആയില്ല. എന്നാൽ കുഞ്ഞാലിക്കുട്ടി അതിന് പിന്നാലെ എത്തിയതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് ഭൂരിപക്ഷങ്ങളും മലപ്പുറത്ത് നിന്നാണ് രേഖപ്പെടുത്തിയതെന്നും ശ്രദ്ധേയമായി.

ഇതോടെ വലിയ ഭൂരിപക്ഷത്തിന്റെ പട്ടികയിൽ ഇതുവരെ രണ്ടാമതുണ്ടായിരുന്ന എം.ഐ. ഷാനവാസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2009ൽ അദ്ദേഹം വയനാട്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 1993ൽ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ എസ്. ശിവരാമൻ നേടിയ 1,32,652 വോട്ടിന്റെ ഭൂരിപക്ഷമാണ് നാലാം സ്ഥാനത്ത്.

1,71,023 വോട്ടിനാണ് മുസ്‌ലിം ലീഗ് നേതാവിന്റെ ജയം. തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് ഉയർത്തിയ കുഞ്ഞാലിക്കുട്ടി 2014ൽ ഇ. അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ലീഡ് ഉയർത്തി റെക്കോർഡ് കുറിക്കുമോ എന്നതായിരുന്നു ശ്രദ്ധാകേന്ദ്രം. റെക്കോർഡ് നേടാൻ സാധിച്ചില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ജയത്തിന്റെ തിളക്കം ഒട്ടും കുറയുന്നില്ല. 2014 ൽ വീണതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ യുഡിഎഫ് പെട്ടിയിൽ വീഴുകയും ചെയ്തു.

5,15,325 വോട്ട് നേടിയ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1,71,023 വോട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് 3,44,287 ലക്ഷമാണ്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ട് ഇടതുപക്ഷത്തിന് അധികമായി ലഭിച്ചു. അതേസമയം ബിജെപിക്ക് സ്വൽപം കൂടുതൽ വോട്ടുകിട്ടി. 65,662 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശ് നേടിയത്. 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 64,705 വോട്ടാണ്.

സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തൽമണ്ണ (8527). മങ്കട (19,262), കൊണ്ടാട്ടി (25,904). ഇടത് സ്വാധീന മേഖലകളിലും യുഡിഎഫിനാണ് മുൻതൂക്കം. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്ന ഒഴിവിൽ വരുന്ന തിരഞ്ഞെടുപ്പിൽ ഇത് എങ്ങനെ സ്വാധീനം ചെലുത്തുമെന്നതും ചർച്ചാവിഷയമായിട്ടുണ്ട്.