മലപ്പുറം: തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് മലപ്പുറത്ത് പത്തോളം ഇടങ്ങളിൽ മെഷീൻ തകരാറിലായി. അഞ്ചിടങ്ങളിൽ സംഘർഷം. രണ്ട് മരണം. രണ്ട് വോട്ടർ ഐഡി ഉപയോഗിച്ച് യുവതി രണ്ടിടത്ത് വോട്ട് ചെയ്തു. മലപ്പുറത്ത് ബൂത്ത് ഏജന്റായി പ്രവർത്തിച്ചിരുന്ന യുവാവ് കുഴഞ്ഞുവീണും, വോട്ട്‌ചെയ്തു മടങ്ങുകയായിരുന്ന യുവാവ് വാഹനാപകടത്തിലുമാണ് മരിച്ചത്്. പള്ളിക്കൽ പഞ്ചായത്തിലെ 19-ാം വാർഡിൽ ചെനക്കൽ കോ-ഓപ്പറേറ്റീവ് കോളജിൽ ബൂത്ത് ഏജന്റായിരുന്ന പള്ളിക്കൽ നെടുങ്ങോട്ട്മാട് കൈതകളത്ത് വീട്ടിൽ വാകേരി അബൂബക്കറിന്റെ മകൻ അസൈൻ സാദിഖാണ് (33) ആണ് കുഴഞ്ഞു മരിച്ചത്. മലപ്പുറം തൃക്കലങ്ങോട് ആനക്കോട്ടുപുറം കാരപ്പഞ്ചേരി ഇസ്മയിലിന്റെ മകൻ മുഹമ്മദ് ബഷീർ (30) ആണ് വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. അതേ സമയം താനൂരിലും, പെരുമ്പടപ്പിലും, വേങ്ങരയിലും, മഞ്ചേരിയിലും പോളിങ് ബൂത്തുകൾക്ക് സമീപം സംഘർഷമുണ്ടായി.

താനൂർ തെയ്യാലയിൽ നടന്ന സംഘർഷത്തിൽ മൂൻകൗൺസിലർക്ക് പരുക്കേറ്റു. പെരുമ്പടപ്പ് കോടത്തൂരിൽ നടന്ന സംഘർഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സുഹ്‌റ അഹമ്മദിന് പരുക്കേറ്റു. ഓപ്പൺവോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യു.ഡി.എഫ്-എൽ.ഡി.എഫ് തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയത്. തുടർന്ന് പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ മാറ്റിയത്.

മഞ്ചേരിയിൽ കള്ളവോട്ട് ചെയ്തതായി ആരോപിച്ചാണ് ബൂത്തിനു മുന്നിൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. രണ്ട് വോട്ടർ ഐഡി ഉപയോഗിച്ച് യുവതി താനൂർ നഗരസഭയിലും, നന്നമ്പ്ര പഞ്ചായത്തിലും വോട്ട് ചെയ്തതായി പരാതിയുണ്ടായി. താനൂർ നഗരസഭയിലെ മൂന്നാം ഡിവിഷനിൽ ചക്കച്ചം പറമ്പിൽ അബ്ദുൽ അബ്ദുൽ മജീദിന്റെ ഭാര്യ റംലയാണ് ഇരട്ട വോട്ട് രേഖപ്പെടുത്തിയതെന്നാണ് പരാതി. രാവിലെ നഗരസഭയിൽ വോട്ട് ചെയ്ത യുവതി ഉച്ചയ്ക്ക് 12ഓടെയാണ് നന്നമ്പ്ര പഞ്ചായത്തിലെ പതിനാലാം വാർഡിലെ ഒന്നാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്. സംഭവമറിഞ്ഞതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചോലക്കൽ ബാബുവിന്റെ ബൂത്ത് ഏജന്റ് ചിത്രംപള്ളി നിസാർ പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. തുടർന്ന് അൽപനേരം വോട്ടിങ് തടസ്സപ്പെട്ടു. പൊലീസ് എത്തിയാണ് പോളിങ് തുടർന്നത്.

സ്വന്തം വീടായ വെള്ളിയാംപുറത്തെ വിലാസത്തിൽ ലഭിച്ച വോട്ടർ ഐഡി ഉപയോഗിച്ചാണ് നന്നമ്പ്ര പഞ്ചായത്തിൽ രണ്ടാമത്തെ വോട്ട് രേഖപ്പെടുത്തിയത്. സംഭവത്തിൽ യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് പതിനൊന്നാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ചോലക്കൽ ബാബു താനൂർ പൊലീസിൽ പരാതി നൽകി.

വോട്ടിംഗിനിടെ സ്ഥാനാർത്ഥിയുടെ ചിഹ് നഹ്നം വെച്ച മാസ്‌ക്ക് മേശപ്പുറത്തു വെച്ച് സ്വന്തം മാസ്‌ക് ഊരിവെച്ച് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റ് സെൽഫി എടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പൊലീസിൽ പരാതി നൽകി. വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ യു.ഡി.എഫ് റിബൽ സ്ഥാനാർത്ഥി യൂസുഫലിയുടെ ബൂത്തേജന്റായ സിറാജാണ് ബൂത്തിനുള്ളിൽ മാസ്‌ക് വെക്കാതെ തന്റെ സ്ഥാനാർത്ഥിയുടെ ചിഹ്നം വെച്ച മാസ്‌ക്ക് മേശപ്പുറത്ത് വെച്ച് സെൽഫി എടുത്തത്. യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റാണ് പരാതി നൽകിയത്.

വേങ്ങരയിൽ എഴുപത്തി എട്ടുകാരിയായ വയോധികക്ക് വോട്ടു നിഷേധിച്ചതായും പരാതിയുണ്ടായി. വേങ്ങര പഞ്ചായത്ത് പതിനാറാം വാർഡിൽ അഞ്ചരയോടെ പേരമകന്റെ കൂടെ ഓപ്പൺ വോട്ടു ചെയ്യാനെത്തിയ ഇരുമ്പൻ കുഞ്ഞീമയെയാണ് വോട്ടു ചെയ്യാൻ അനുവദിക്കാതെ ഒരു കൂട്ടമാളുകൾ ബഹളം വെച്ചത്. വോട്ടിംഗിനു കൊണ്ടുവന്ന യുവാവ് യു.ഡി.എഫ് പ്രവർത്തകനായി എന്നതിന്റെ പേരിലായിരുന്നു ബഹളം. ബൂത്തിനു പുറത്തുണ്ടായിരുന്ന പൊലീസ് ഇവരോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടുവെന്ന് സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ പറഞ്ഞു. ബഹളം അതിരുവിടുമെന്ന് കരുതിയാണ് ഇവരെ തിരിച്ചയച്ചതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ പറഞ്ഞു.

മഞ്ചേരി നഗരസഭയിലെ 36ാം വാർഡ് ഉള്ളാടംകുന്നിലെ എ എം എൽ പി സ്‌കൂളിലെ ബൂത്തിലാണ് ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ സംഘർഷമുണ്ടായത്. ഈ വാർഡിൽ വോട്ടില്ലാത്ത സ്ത്രീ വോട്ട് ചെയ്യാനായി ബൂത്തിൽ പ്രവേശിച്ച സമയം സംശയം തോന്നിയ എസ് ഡി പി ഐ പ്രവർത്തകരാണ് പ്രശ്‌നം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യം ബൂത്ത് ഏജന്റുമാരെ അറിയിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയില്ല. ഇതിനകം മുസ്ലിം ലീഗ് അനുഭാവിയായ സ്ത്രീ വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു. ഇതോടെ ഒരു വിഭാഗം പ്രവർത്തകർ സ്‌കൂൾ വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

സ്ഥാനാർത്ഥികൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മഞ്ചേരി നഗരസഭയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡാണ് ഉള്ളാടംകുന്ന്. 2096 വോട്ടർമാരാണ് ഇവിടെയുള്ളത്. അതേ സമയം ജില്ലയിൽ വിവിധ ഇടങ്ങളിൽ വോട്ടിങ് തുടങ്ങിയത് സമയത്ത് തന്നെ മെഷീനുകൾ പണിമുടക്കി. കോട്ടക്കൽ പതിമൂന്നാം ഡിവിഷൻ, എടവണ്ണ പത്തപ്പിരിയം, ഊർങ്ങാട്ടിരി പൂവ്വത്തിക്കൽ സ്‌കൂൾ, മുതുവല്ലൂർ പഞ്ചായത്തിലെ പീടികക്കണ്ടി, കാളികാവ്, വേങ്ങര, താനൂർ ഒഴൂർ പഞ്ചായത്ത് ആറാം വാർഡിലും, താനാളൂർ പഞ്ചായത്ത് മൂന്നാം വാർഡിലും മെഷീൻ തകരാറിലായി.

ഒഴൂർ പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തായ ഓമച്ചപ്പുഴ വരിക്കോട്ടുതറ ഹയാത്തുൽ ഇസ്ലാം സുന്നി മദ്രസയിൽ ഒന്നര മണിക്കൂർ വൈകിയാണ് വോട്ടിംങ്ങ് തുടങ്ങിയത്, ഈ സമയം നൂറോളം പേർ വോട്ടു ചെയ്യാൻ എത്തിയിരുന്നു പുതിയ മെഷീൻ ഘടിപ്പിച്ചതിനെ തുടർന്നാണ് പോളിംങ്ങ് പുനഃരാരംഭിച്ചത്, ഒഴൂർ പഞ്ചായത്തിലെ ഐ.ടി യിൽമൂന്നാം ബൂത്തിലെ വോട്ടിംങ്ങ് മെഷീനാണ് അര മണികൂറോളം തകരാറിലായത്, ശേഷം മെഷീൻ തകരാർ നീക്കി വോട്ടിംങ്ങ് പുനഃരാരംഭിച്ചു. ചിലയിടത്ത് അരമണിക്കൂറിനുള്ള ശരിയായെങ്കിലും മറ്റിടങ്ങളിൽ രണ്ടുമണിക്കൂർവരെ സമയം എടുത്തു.വൈകിട്ട് അഞ്ചോടെ കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചു. പോളിങ് ബൂത്തിൽ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും അടക്കമുള്ളവർ പി.പി.ഇ കിറ്റ് ധരിച്ച ശേഷമാണ് പോസിറ്റീവ് ആയവരും ക്വാറന്റൈനിൽ കഴിയുന്നവരും വോട്ടിനായി ബൂത്തിലെത്തിയത്. വോട്ടിങ് സമയം വൈകിട്ട് ആറിന് തീരും മുമ്പ് തന്നെ പല ബൂത്തുകളിലും തിരക്കൊഴിഞ്ഞിരുന്നു.