മലപ്പുറം: കിളിനക്കോട്ടെ പെൺകുട്ടികൾ വേങ്ങര പൊലീസ് സ്റ്റേഷനിൽ ആൾക്കൂട്ട വിചാരണയ്ക്കും വിധേയരായതായി സൂചന. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികളാണ് ഫേസ്‌ബുക്ക് വീഡിയോയുടെ പേരിൽ സൈബർ ആൾക്കുട്ടത്തിന്റെ കടുത്ത വിമർശനം കേൾക്കേണ്ടി വന്നത്. അതേസമയം പെൺകുട്ടികളുടെ പരാതിയിൽ പറയുന്ന ഏഴുപേരെ ഇന്ന് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്യും. അതിൽ ഒരു മുസ്ലിംലീഗ് നേതാവ് കൂടിയുണ്ട്. ഷംസു എന്നാണ് ഈ മുസ്ലിം ലീഗ് നേതാവിന്റെ പേര്. മുസ്ലിം ലീഗ് ജില്ലാ നേതാവാണ് ഷംസു എന്നാണ് സൂചന. പ്രതികളെ കുറിച്ച് വിവരങ്ങൾ പറയുന്ന വേങ്ങര പൊലീസ് പക്ഷെ സദാചാര വിചാരണ പെൺകുട്ടികൾക്ക് സ്റ്റേഷനിൽ നേരിടേണ്ടി വന്നു എന്ന വാർത്ത ആവര്ത്തിച്ച് നിഷേധിക്കുകയാണ്. ആൾക്കൂട്ടം അപ്പം ഉണ്ടായിരുന്നു.

ഒരു ഗ്രൂപ്പ് ആളുകൾ സ്റ്റേഷന് പുറത്തു ഉണ്ടായിരുന്നു. ഒരു ഗ്രൂപ്പ് ആളുകൾ സ്റ്റേഷനകത്തും ഉണ്ടായിരുന്നു. പക്ഷെ പെൺകുട്ടി പരാതി നൽകുമ്പോൾ ഞങ്ങൾ ആൾക്കൂട്ടത്തിനെ പൂർണ്ണമായി ഒഴിവാക്കിയിരുന്നു-വേങ്ങര പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പക്ഷെ നേർ വിപരീത കാഴ്ചയാണ് ദൃശ്യങ്ങളിൽ തെളിയുന്നത്. കിളിനക്കോട് വിവാഹത്തിന്നെത്തി വരന്റെ സുഹൃത്തുക്കളാൽ അപമാനിതരായ പെൺകുട്ടികൾ വേങ്ങര സ്റ്റേഷനിലെത്തിയപ്പോൾ പക്ഷെ ആൾക്കൂട്ട വിചാരണയെ തുടർന്ന് വിങ്ങിപ്പൊട്ടുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പൊലീസിനെ സാക്ഷി നിർത്തിയുള്ള ആൾക്കൂട്ട വിചാരണയ്ക്കായാണ് പെൺകുട്ടികൾ വിധേയരായത്.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുമ്പോൾ സദാചാരവാദികളുടെ ആക്രമണം കൂടി നേരിടേണ്ടി വന്ന കേരളത്തിലെ തന്നെ ആദ്യ സംഭവങ്ങളിലൊന്നുകൂടിയാണ് കിളിനക്കോട് പ്രശ്‌നങ്ങൾ. സദാചാര ഗുണ്ടായിസത്തിന് പൊലീസ് സ്റ്റേഷനുകൾ കൂടി താവളമാകുന്നതിന്റെ കൂടി സൂചനകളാണ് ഇപ്പോൾ കിളിനക്കോട് സംഭവത്തിലൂടെ വെളിയിൽ വരുന്നത്. ഇത്തരം ആൾക്കൂട്ട വിചാരണ സ്റ്റേഷനിൽ നടന്നിട്ടില്ലെന്ന് വേങ്ങര പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കിയെങ്കിലും വീഡിയോ ഈ വാദങ്ങൾ നിഷേധിക്കുകയാണ്. സഹപാഠിയുടെ വിവാഹത്തിനെത്തിയ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികൾക്കാണ് സദാചാര വാദികളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഈ മാനസിക ആക്രമണത്തിന്നെതിരെയുള്ള ധാർമ്മിക രോഷം ഇവർ ഫേസ്‌ബുക്ക് വീഡിയോ വഴി പുറത്തുവിടുകയായിരുന്നു.

ഇതിനെ തുടർന്നാണ് ഇവർക്ക് നേരെയുള്ള സൈബർ ആക്രമണവും വരന്റെ സുഹൃത്തുക്കളിൽ നിന്നുള്ള ആക്രമണവും രൂക്ഷമായത്. അതിനുശേഷമാണ് പെൺകുട്ടികൾ തൊട്ടടുത്തുള്ള വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പെൺകുട്ടിയുടെ പരാതി പ്രകാരം വരന്റെ സുഹൃത്തുക്കൾക്കെതിരെ ഐപിസിയിലെയും കേരളാ പൊലീസ് ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. വേങ്ങര സ്റ്റേഷനിലെ ക്രൈം നമ്പർ 296/2018 പ്രകാരം മുള്ള കേസിൽ 143, 147 , 509 , 149 എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം ഒരു കൂട്ടം ആളുകൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

മുസ്ലിം ലീഗ് നേതാവ് ഉൾപ്പെടെ ഏഴുപേരെയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരമുണ്ടെങ്കിലും അറസ്റ്റ് പൊലീസ് വൈകിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. അതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്നാണ് ആക്ഷേപമുയരുന്നത്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ഇപ്പോൾ കേരളത്തിന്റെ തന്നെ സവിശേഷ ശ്രദ്ധയാകർഷിച്ചു നടന്ന കിളിനക്കോട് സംഭവങ്ങളുടെ ആരംഭം. സഹപാഠിയായ പെൺകുട്ടിയുടെ വിവാഹത്തിന് വേങ്ങര കിളിനക്കോട് പഞ്ചായത്തിലെത്തിയ കുട്ടികൾ ഫെയ്സ് ബുക്ക് വീഡിയോയിൽ പറഞ്ഞ കുസൃതികൾ ആണ് വേങ്ങരയിലെ കിളിനക്കോട് ഗ്രാമത്തെ ഇളക്കിമറിച്ചതും ഒടുവിൽ പൊലീസ് കേസിലും കലാശിച്ചത്.

വിവാഹ ദിവസം നടന്ന സംഭവങ്ങളുടെ പേരിൽ ഗ്രാമത്തിനു ഒന്നടങ്കം പൊലീസ് സ്റ്റേഷനിലേക്ക് പോവേണ്ടിവരുകയും പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു. വരന്റെ സുഹൃത്തുക്കൾക്കെതിരെയാണ് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയത്. തങ്ങളെ വരന്റെ സുഹൃത്തുക്കൾ അപമാനിച്ചതായാണ് പെൺകുട്ടികൾ പരാതി നൽകിയത്. പെൺകുട്ടികളുടെ പരാതി പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് വരന്റെ സുഹൃത്തുക്കൾക്കെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തു. വാഹന സൗകര്യം ഇല്ലാത്തതിനാൽ നടന്നാണ് കുട്ടികൾ വിവാഹത്തിന് എത്തിയത്.

ഈ സമയം പെൺകുട്ടികൾ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രകോപനകാരണമായത്. 12-നൂറ്റാണ്ടിലെ ഗ്രാമം എന്നാണ് പെൺകുട്ടികൾ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്. പക്കാ ദാരിദ്ര്യം, കൾച്ചർലെസ് ഫെലോസ് ആണ് ഇവിടുത്തുകാർ. തീരെ നേരം വെളുത്തിട്ടില്ല ആളുകൾക്ക്. വലിയ മാനസിക പീഡനമാണ് ഈ വിവാഹത്തിനു വന്നപ്പോൾ അനുഭവിക്കേണ്ടി വന്നത്. ഇവിടെ വന്നാൽ എമർജൻസി കയ്യിൽ കരുതണം. വെളിച്ചമെത്തിക്കേണ്ടി വരും. കൂടുതൽ പ്രകോപനപരമായ വാക്കുകൾ ആണ് പിന്നീട് പെൺകുട്ടികളുടെ ഇടയിൽ നിന്നും വരുന്നത്. ഈ ഗ്രാമത്തിലേക്ക് ആളുകൾ വിവാഹം കഴിച്ചു കൊണ്ടുവരാതിരിക്കണം. പെൺകുട്ടികൾ ഗ്രാമത്തെ അടച്ചാപേക്ഷിച്ച് വാക്കുകൾ വർഷിക്കുന്നു. നോട്ട് ദ പോയിന്റ് എന്ന് പറഞ്ഞാണ് ചിരിച്ചുകൊണ്ട് പെൺകുട്ടികൾ വീഡിയോ അവസാനിപ്പിക്കുന്നത്. പക്ഷെ കളി കാര്യമായി.

പെൺകുട്ടികളുടെ ചിരിയും കുസൃതിയും വാക്കുകളും ഗ്രാമത്തെ ഉലയ്ക്കുക തന്നെ ചെയ്തു. വരന്റെ കൂട്ടുകാർ പെൺകുട്ടികളെ മാനസികമായി തകർത്ത് വിട്ടു. ഫെയ്സ് ബുക്കിൽ ധാരാളം കമന്റുകളും ആക്രമണോത്സുകമായ വാക്കുകളും പെൺകുട്ടികൾക്ക് എതിരെ പിന്നാലെ വന്നു. വീഡിയോയിൽ പെൺകുട്ടികൾക്ക് നേർക്കുള്ള ആക്രമണങ്ങളും പോസ്റ്റ് ചെയ്യപ്പെട്ടു. അപമാനിക്കപ്പെട്ടതിൽ കുപിതരായ പെൺകുട്ടികൾ പൊലീസ് സ്റ്റേഷനായ വേങ്ങരയിൽ പരാതി നല്കുക തന്നെ ചെയ്തു. പെൺകുട്ടികളുടെ പരാതി അറിഞ്ഞു വിവാഹത്തിന് എത്തിയവരും നാട്ടുകാരുമെല്ലാം സ്റ്റേഷനിലേക്ക് പ്രവഹിക്കുകയും ചെയ്തു. പെൺകുട്ടികളുടെ പരാതി വന്നപ്പോൾ വേങ്ങര പൊലീസ് മടിച്ചു നിന്നില്ല. നിരവധി വകുപ്പുകൾ പ്രകാരം വരന്റെ കൂട്ടുകാർക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു.

എന്തായാലും ഒരു വിവാഹം ഇത്ര പ്രശ്നമുണ്ടാകുന്നത് ഗ്രാമത്തിനറെ ചരിത്രത്തിൽ ആദ്യമായാണെന്നു നാട്ടുകാർ പറയുന്നു. ഒരു തമാശയ്ക്ക് പറഞ്ഞ കാര്യങ്ങൾ ഇത്ര വലിയ പ്രശ്‌നമാകുമെന്നു പെൺകുട്ടികളും ഓർത്തുകാണില്ല. പെൺകുട്ടികളുടെ പരാതി കാരണം പെൺകുട്ടികളുടെ സഹപാഠിയായ വധു കൂടി പ്രശ്‌നത്തിൽ അകപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച് അതിൽ മുഴുകുന്നവർ തന്നെ ബോധവാന്മാരല്ല എന്നാണ് മലപ്പുറത്ത് നിന്നും വരുന്ന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.