മലപ്പുറം: മലപ്പുറം പാസ്‌പോർട്ട് ഓഫീസർ പി രാമകൃഷ്ണൻ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ചുരുളഴിഞ്ഞത് വൻ പാസ്‌പോർട്ട് തട്ടിപ്പുശൃംഖലയുടെ പുറംലോകമറിയാത്ത വിവരങ്ങളായിരുന്നു. ജില്ലകളുടെ അതിർവരമ്പുകളില്ലാതെയാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നത്. രാമകൃഷ്ണന്റെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം രേഖകൾ തിരുത്തിയും വ്യാജൻ തരപ്പെടുത്തി നൽകിയും അനേകം പാസ്‌പോർട്ട് നൽകിയതായി സിബിഐക്ക് വിവരം ലഭിച്ചു. ഓഫീസർ അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ നിരവധി പേരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഓൺലൈൻ വഴി പാസ്‌പോർട്ടിനായി അപേക്ഷിച്ച് സാധാരണക്കാർ ദിവസങ്ങൾ കാത്തിരുന്നും പലതവണ പാസ്‌പോർട്ട് ഓഫീസിൽ കയറിയിറങ്ങിയും പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോഴാണ് മണിക്കൂറുകൾക്കുള്ളിൽ വേണ്ടപ്പെട്ടവർക്കും വലിയ തുക നൽകുന്നവർക്കും പാസ്‌പോർട്ട് തരപ്പെടുത്തി നൽകിയിരുന്നത്. വർഷങ്ങളായി പാസ്‌പോർട്ടിന്റെ പേരിൽ സാധാരണക്കാരെ പിഴിഞ്ഞ് പണം സമ്പാദിക്കുന്ന നിരവധി സംഘങ്ങൾ തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ഇടനിലക്കാരായ ഏജന്റുമാരും വരും ദിവസങ്ങളിൽ അകത്താകുമെന്നാണ് സൂചന.

മലപ്പുറം- മഞ്ചേരി റോഡിൽ സ്ഥിതി ചെയ്യുന്ന പാസ്‌പോർട്ട് ഓഫീസിന്റെ പരിസരങ്ങളിലായി പാസ്‌പോർട്ട് ഏജന്റുമാർ എന്ന പേരിൽ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിധേയമായി ശരിപ്പെടുത്താവുന്ന നിസാര തെറ്റുകളുമായെത്തുന്ന സാധാരണക്കാരാണ് ഇവരുടെ വലയിൽ വീഴുന്നത്. ഉദ്യോഗസ്ഥർക്കെന്ന പേരിൽ ഇടനിലക്കാർ തന്നെ അപേക്ഷകരിൽ നിന്നും പണം വാങ്ങുകയാണ് പതിവ്. അനധികൃതമായി പാസ്‌പോർട്ട് കൈവശപ്പെടുത്തുന്നതിനും രേഖകൾ തിരുത്തുന്നതിനുമായി വലിയ തുക വാഗ്ദാനം നൽകി പലരും ഇവരെ സമീപിക്കാറുണ്ട്. ഇതിൽ നിന്നും വലിയൊരു പങ്കും ഓഫീസർക്കാണ് പോയിരുന്നത്. മലപ്പുറം പാസ്‌പോർട്ട് ഓഫീസിലെ ചില ജീവനക്കാരും ഈ കൂട്ടുകെട്ടിൽ പങ്കാളികളായിരുന്നെന്നാണ് വിവരം. പണക്കെട്ടുകളുടെ എണ്ണത്തിന്റെയും വാഗ്ദാനങ്ങളുടെ വലിപ്പമനുസരിച്ചുമായിരുന്നു പാസ്‌പോർട്ട് വിതരണം നടത്തിയത്. കൂടുതൽ പണം എറിഞ്ഞാൽ കാത്തുനിൽപ്പുകളില്ലാതെ മിനുട്ടുകൾക്കകം തന്നെ പാസ്‌പോർട്ട് അപേക്ഷകന്റെ കൈകളിൽ എത്തിയിരുന്നുവത്രെ.

പാസ്‌പോർട്ട് ഓഫീസറോടൊപ്പം അറസ്റ്റിലായ ഹാജിയാർപള്ളി മുതുവത്തുംപറമ്പ് സ്വദേശി അബ്ദുൽ അമീർ മുഖ്യ ഇടനിലക്കാരനാണ്. രാമകൃഷ്ണന് പണം എത്തിച്ചിരുന്നതും അപേക്ഷകരെ ബന്ധപ്പെടുത്തി കൊടുത്തതും അമീറായിരുന്നു. ഈയിടെ പ്രവാസജീവിതം മതിയാക്കി ഓട്ടോറിക്ഷ ഓടിച്ചും മണൽ തൊഴിലാളിയായും കഴിഞ്ഞിരുന്ന അമീർ ചുരുങ്ങിയ കാലയളവിൽ സമ്പാദിച്ചത് കോടികളായിരുന്നു. ഓഫീസർമാരുമായി വ്യക്തിപരമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയിരുന്നത്. പാസ്‌പോർട്ടിൽ സാങ്കേതിക തകരാറുള്ളവരുടെയും വ്യാജൻ ആവശ്യമുള്ളവരുടെയും പേരു വിവരങ്ങൾ ഓഫീസർ രാമകൃഷണൻ അമീറിന് കൈമാറുകയായിരുന്നു പതിവ്. ഇതനുസരിച്ച് ഇവരെ ഫോണിൽ വിളിച്ചും നേരിൽ കണ്ടും പണം വാങ്ങി പാസ്‌പോർട്ട് നൽകിയിരുന്നു. വ്യാജ പാസ്‌പോർട്ട് നൽകുന്നതിന് വസ്തുവകകൾ വരെ രാമകൃഷ്ണൻ എഴുതിവാങ്ങിയിട്ടുണ്ട്. ഈ ഇടപാടുകളെല്ലാം ഏജന്റുമാർ മുഖേനയാണ്. ഇത്തരത്തിലുള്ള ഏജന്റുമാർ ഇനിയും പിടിയിലാകാനുണ്ട്. മലപ്പുറം പാസ്‌പോർട്ട് ഓഫീസ് ചുറ്റിപ്പറ്റിയുള്ള ഏജന്റുമാർ പിടിയിലാകുന്നതോടെ വർഷങ്ങളായി നടക്കുന്ന പാസ്‌പോർട്ട് തട്ടിപ്പുശൃംഖലയുടെ കൂടുതൽ വിവരങ്ങളാകും പുറത്തുവരിക. ഇടനിലക്കാരില്ലാതെ നേരിട്ടും രാമകൃഷ്ണൻ നിയമവിരുദ്ധമായി പാസ്‌പോർട്ട് തരപ്പെടുത്തി നൽകിയിട്ടുണ്ട്.

മലപ്പുറം പാസ്‌പോർട്ട് ഓഫീസിൽ മറ്റു ജില്ലക്കാരും സ്ഥിരം സന്ദർശകരായിരുന്നു. കണ്ണൂർ സ്വദേശിയായ രാമകൃഷ്ണനെ കാണാൻ നാട്ടുകാരായ പലരും എത്തിയിരുന്നു. ഇതിനു പുറമെ മറ്റു ജില്ലകളിൽ നിന്നുള്ളവരും ഇവിടെയെത്തി പാസ്‌പോർട്ട് തരപ്പെടുത്തിയെന്നാണ് വിവരം. കണ്ണൂരിൽ നിന്നും എത്തുന്ന പലരും മണിക്കൂറുകൾക്കകം പാസ്‌പോർട്ട് തരപ്പെടുത്തി മടങ്ങുന്നത് ഓഫീസിലെ ജീവനക്കാർക്ക് പതിവു കാഴ്ചയാണ്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ പാസ്‌പോർട്ട് നേരിൽ നൽകാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ അപേക്ഷകർക്കുള്ള പാസ്‌പോർട്ട് എത്തിക്കുന്നതിനായി തപാൽ ഓഫീസിൽ ബന്ധപ്പെട്ട ജീവനക്കാർ എത്തിച്ചു കഴിഞ്ഞാൽ ചില പാസ്‌പോർട്ടുകൾ തിരികെ ആവശ്യപ്പെട്ട് തപാൽ ഓഫീസിൽ രാമകൃഷ്ണൻ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇതു വാങ്ങിയ ശേഷം അതിന്റെ ഉടമസ്ഥരുമായി വിലപേശൽ നടത്തി നേരിട്ട് സമർപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ നിരവധി അപേക്ഷകർ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. പലരും പരാതിയുമായി രംഗത്തു വന്നിട്ടുണ്ടെന്നാണ് വിവരം.

പക്ഷപാതപരമായുള്ള പെരുമാറ്റം കാരണം പല ഉദ്യോഗസ്ഥർക്കും രാമകൃഷ്ണനുമായി അകൽച്ചയായിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ അപ്രധാനമായ വിഭാഗങ്ങളിലേക്ക് തരം താഴ്‌ത്തിയും അവഗണിച്ചിരുന്നതായി ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. മൂന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ചട്ടവിരുദ്ധമായി പിരിച്ചുവിടുകയും പകരം പണം വാങ്ങി ഇഷ്ടക്കാരെ നിയമിക്കുകയും ചെയ്തതായുള്ള ആരോപണവും രാമകൃഷ്ണനെതിരെ നിലവിലുണ്ട്. തന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവർക്ക് മാത്രമാണ് പരിഗണന നൽകിയിരുന്നത്. ഇയാൾ ദിവസം അര ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയിരുന്നതായി ചിലർ വെളിപ്പെടുത്തുന്നു. മലപ്പുറത്തും കണ്ണൂരിലുമായി നിരവധി ഭൂമികൾ രാമകൃഷ്ണന്റെയും ബന്ധുക്കളുടെയും പേരിലുണ്ട്. നീണ്ട നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഫിനോഫ്തലിൻ പുരട്ടിയ അമ്പതിനായിരം രൂപയുടെ നോട്ട്‌കെട്ട് വാങ്ങുന്നതിനിടെ സിബിഐ ഉദ്യോഗസ്ഥർ രാമകൃഷ്ണനെ കയ്യോടെ പിടികൂടിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനാണ് കേസ്. ഒന്നര വർഷത്തിനിടെ ഒന്നര കോടിയുടെ സ്വത്ത് സമ്പാദനം നടന്നതായാണ് സിബിഐ കണ്ടെത്തൽ.

കോഴിക്കോട് തപാൽ സുപ്രണ്ടായിരുന്ന രാമകൃഷ്ണൻ 2014 ലാണ് പാസ്‌പോർട്ട് ഓഫീസറായി ഡെപ്യൂട്ടേഷനിൽ മലപ്പുറത്തെത്തിയത്. ചില പരിഷ്‌കാര പ്രവർത്തനങ്ങൾ കൊണ്ടും രാമകൃഷ്ണൻ ശ്രദ്ധനേടിയിരുന്നു. അഴിമതി വിരുദ്ധനായി സ്വയം നടിച്ചിരുന്ന ഇയാൾ അറസ്റ്റിലായതോടെ ജീവനക്കാർക്കിടയിലും ഞെട്ടൽ മാറിയിട്ടില്ല. കഴിഞ്ഞ മാസം മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ രാമകൃഷ്ണൻ പൊലീസിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. പാസ്‌പോർട്ട് വെരിഫിക്കേഷൻ സമയത്ത് പൊലീസ് വലിയ തുക കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. എന്നാൽ രാജ്യത്തെ മികച്ച ബി കാറ്റഗറി പാസ്‌പോർട്ട് ഓഫീസ് എന്ന ഖ്യാതി നേടിയ ഓഫീസിന്റെ അമരക്കാരൻ തന്നെ അഴിമതിയുടെ ഭാഗമായി അറസ്റ്റിലാകുകയായിരുന്നു.