മലപ്പുറം: ലീഗ്- കോൺഗ്രസ് തർക്കം രൂക്ഷമായ മലപ്പുറത്ത് രാഷ്ട്രീയനേട്ടം കൊയ്യാനാകാതെ ഇടതു മുന്നണിയിലെ ഉൾപോരും ശക്തമാകുന്നു. ജില്ലയിൽ സിപിഐ- സിപിഐ(എം) നേർക്കുനേർ മത്സരരംഗത്തുള്ളത് 15 പഞ്ചായത്തുകളിലാണ്. മിക്ക ഇടങ്ങളിലും ഘടക കക്ഷിയായ സിപിഐക്കു പ്രാതിനിധ്യം നൽകാതെയാണ് സിപിഐ(എം) ഇടതുമുന്നണിയായി മത്സരരംഗത്തുള്ളത്. ഇവിടങ്ങളിലെല്ലാം സിപിഐയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

സിപിഎമ്മിന്റെ വല്ല്യേട്ടൻ സമീപനവും ഘടക കക്ഷികളെ അടിച്ചമർത്തുന്ന മനോഭാവവുമാണ് നേർക്കുനേർ മത്സരത്തിന് ഇടയാക്കിയതെന്ന് സിപിഐ പറയുന്നു. അതേസമയം തീരെ അണികളില്ലാത്ത പാർട്ടിക്ക് എന്തിന് കൂടുതൽ സീറ്റ് നൽകണമെന്നാണ് സിപിഎമ്മിന്റെ ചോദ്യം. മലപ്പുറത്തെ ഇടതുപാളയത്തിലും കലഹം രൂക്ഷമായതോടെ ലീഗ്-കോൺഗ്രസ് പ്രശ്‌നം കാര്യമായി ഉപയോഗപ്പെടുത്താൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ജില്ലയിൽ സിപിഎമ്മിനു വ്യക്തമായ ആധിപത്യമുള്ള പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലും സിപിഐക്ക് പ്രാതിനിധ്യമില്ല. ഇടതുസ്വാധീനമുള്ള പൊന്നാനി മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിനെതിരെ രഹസ്യനീക്കങ്ങൾ സിപിഐ തുടങ്ങിക്കഴിഞ്ഞു. വെട്ടം, മുന്നിയൂർ, വള്ളിക്കുന്ന്, ചേലേമ്പ്ര, പള്ളിക്കൽ, തൃപലങ്ങോട്, മംഗലം, വെട്ടത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് സിപിഐ(എം)-സിപിഐ തർക്കം രൂക്ഷമായിട്ടുള്ളത്. കൂടാതെ തിരൂരങ്ങാടി, നിലമ്പൂർ മുനിസിപ്പാലിറ്റികളിലും തർക്കം നിലനിൽക്കുന്നുണ്ട്. മുന്നണി തർക്കം പരിഹരിച്ചെന്ന് നേതാക്കൾ പറയുമ്പോഴും ചിലയിടങ്ങളിൽ പരസ്യ പോരിനു തന്നെ ഇരുപാർട്ടികളും ഇറങ്ങിയിട്ടുണ്ട്. എന്നാൽ ജില്ലയിൽ കാര്യമായ സ്വാധീനമില്ലാത്ത സിപിഐയേക്കാൾ സിപിഐ(എം) പരിഗണന നൽകിയിട്ടുള്ളത് മുന്നണിക്കു പുറത്തുള്ള പാർട്ടികളെയും പൊതുസമ്മതരായ സ്വതന്ത്ര സ്ഥാനാർത്ഥികളെയുമാണ്. ജാതിമത സംഘടനകളുമായും വാർഗീയ പാർട്ടികളുമായും പാർട്ടിക്ക് യാതൊരു ബന്ധമില്ലെന്ന് സിപിഐ.(എം) നേതാക്കൾ ആണയിട്ടു പറയുമ്പോഴും മലപ്പുറത്ത് നേതാക്കളുടെ അവകാശവാദങ്ങൾക്ക് നേർവിപരീതമാണ് നടക്കുന്നത്.

എൽ.ഡി.എഫിലില്ലാത്ത പാർട്ടികളുമായും യാതൊരു സഖ്യവുമുണ്ടാക്കില്ലന്ന് സിപിഐ(എം) സംസ്ഥാന നേതാക്കൾ പറയുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ അമ്പതോളം തദ്ദേശ സ്ഥാപനങ്ങളിൽ സിപിഐ(എം) മത്സരിക്കുന്നത് പി.ഡി.പി, വെൽഫെയർ പാർട്ടി, ഐ.എൻ.എൽ തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ചാണ്. ചിലയിടങ്ങളിൽ കോൺഗ്രസും സിപിഎമ്മിന്റെ സഖ്യകക്ഷിയാണ്. പുതുതായി രൂപീകരിച്ച പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലടക്കം ഇത്തരം പാർട്ടികളടങ്ങുന്ന വിശാല ജനകീയ വികസന മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. നേരത്തെ എൽ.ഡി.എഫ് ഒരു തവണ ഭരിച്ച തിരൂരിലും ജനകീയ വികസന മുന്നണിയായാണ് മത്സരം. മങ്കടയിൽ രണ്ടു വാർഡുകൾ വെൽഫെയർ പാർട്ടിക്ക് നൽകിയാണ് ധാരണയിലെത്തിയിട്ടുള്ളത്. വെട്ടം, പള്ളിക്കൽ, മംഗലം പഞ്ചായത്തുകളിൽ ജമാഅത്തേ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥികളെന്നതും നഗ്നമായ വസ്തുതയാണ്. സിപിഐ.-സിപിഐ(എം) നേർക്കുനേർ മത്സരമുള്ള പഞ്ചായത്തുകളിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിച്ച് സിപിഎമ്മിന് പിന്തുണ നൽകുന്നുമുണ്ട്. സിപിഐക്കു സ്വാധീനമുള്ള പ്രദേശത്തും വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ കൂട്ടുകെട്ട് എന്നത് രഹസ്യമായ പരസ്യമാണ്.

ബന്ധം പുറത്തറിയാതിരിക്കാൻ മിക്ക പഞ്ചായത്തുകളിലും ജനകീയ മുന്നണി, വികസന മുന്നണി, മതേതര മുന്നണി തുടങ്ങിയ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. ഇത്തരം വിശാല മുന്നണിയിലുള്ള കക്ഷികളെല്ലാം സ്വതന്ത്ര ചിഹ്്‌നത്തിലാണു മത്സരിക്കുന്നത്. ഒറ്റക്കു മത്സരിക്കുന്ന ചില പഞ്ചായത്തുകളിൽ കോൺഗ്രസുമായും ധാരണയുണ്ടാക്കിയിട്ടുണ്ട്. സിപിഎമ്മുമായി കൂട്ടുകൂടിയ ഈ മുന്നണികളുടെ പ്രധാന എതിരാളി മുസ്ലിം ലീഗാണ്. ഇതിനാൽ സാമ്പാർ മുന്നണിയെന്നാണ് ലീഗ് ഇത്തരം മുന്നണികളെ പരിഹാസത്തോടെ വിശേഷിപ്പിക്കുന്നത്. വിശാലമുന്നണികളിൽ ലീഗ്‌വിരുദ്ധരാണ് കൂടുതലുമുള്ളത്. എ.പി, ഇ.കെ സുന്നികളുടെ പിന്തുണയും ജി്ല്ലയിൽ ഇടതിനു കിട്ടിയിട്ടുണ്ട്. ഇതിനാൽ സ്വതന്ത്ര ചിഹ്നങ്ങളിലാണ് മിക്കവരും ഇത്തവണ മത്സരരംഗത്തുള്ളത്. സിപിഐ(എം) ചിഹ്നത്തിൽ മത്സരിച്ചവരുടെ കണക്കിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വൻ കുറവ് വന്നതായാണ് ഇത് വ്യക്തമാക്കുന്നത്.

യു.ഡി.എഫ് ഘടക കക്ഷികളായ കേരള കോൺഗ്രസ് മാണി, കേരളാ കോൺഗ്രസ് ജേക്കബ്, ആർ.എസ്‌പി എന്നിവരുമായി കരുവാരക്കുണ്ട്, ഒതുക്കുങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ സീറ്റ് നൽകി മുന്നണിക്കു പുറത്തുള്ള കക്ഷികളേയും എൽ.ഡി.എഫ് കൂടെ നിർത്തിയിട്ടുണ്ട്. മുന്നണി പ്രവേശനം ലഭിക്കാത്ത ഐ.എൻ.എലാണ് അധിക പഞ്ചായത്തുകളിലും സിപിഎമ്മിന്റെ വിശ്വസ്ത കൂട്ടുകെട്ട്. ജില്ലാ പഞ്ചായത്തിലേക്കടക്കം ഇതര കൂട്ടുകെട്ടുകളുമായാണ് ഇടതുപക്ഷം മത്സരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നയനിലപാടുകൾക്ക് വരുദ്ധമായും പ്രധാന ഘടക കക്ഷികൾക്ക് സീറ്റ് നൽകാതെയുമുള്ള സിപിഎമ്മിന്റെ സമീപനത്തിൽ മുന്നണിക്കകത്തു നിന്നു തന്നെ മുറുമുറപ്പ് ശക്തമാണ്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകാനും സാധ്യതയേറെയാണ്.

എന്നാൽ 2005-ൽ വിജയിച്ച 25 തദ്ദേശ സ്ഥാപനങ്ങൾ കൈപ്പിടിയിൽ ഒതുക്കുകയാണ് സിപിഐ(എം) വിശാലമുന്നണിയിലൂടെ ലക്ഷ്യമിടുന്നത്. സിപിഐ(എം) -സിപിഐ നേർക്കുനേർ മത്സരം നടക്കുന്നതോടെ സിപിഎമ്മിന്റെ ലക്ഷ്യം യാഥാർത്ഥ്യമാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഇടത് വോട്ടുകൾ പലകോണുകളിലേക്കായി ഭിന്നിക്കുന്നതോടെ ലീഗ് കൂടുതൽ നേട്ടം കൊയ്യാനും സാധ്യതയുണ്ട്.