മലപ്പുറം: സമ്മർദങ്ങൾക്കും നാടകങ്ങൾക്കുമൊടുവിൽ കൊണ്ടോട്ടി കിഴിശ്ശേരിയിൽ അസം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് പ്രവർത്തകനും കേസിലെ രണ്ടാം പ്രതിയുമായ കിഴിശ്ശേരി മുതുപറമ്പ് എരുമത്തടം സ്വദേശി തെറ്റുമ്മൽ വീട്ടിൽ കുന്നത്തിരി ശിഹാബുദ്ധീൻ എന്ന മൈത്രി ശിഹാബി(30)നെയാണ് മലപ്പുറം ഡി.വൈ.എസ്‌പി ശറഫൂദ്ധീൻ, കൊണ്ടോട്ടി സി.ഐ ബി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവം മാദ്ധ്യമങ്ങളിലൂടെ വിവാദമാകുകയും പ്രതിഷേധമിരമ്പുകയും ചെയ്തതോടെയാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറായത്.

ഇപ്പോൾ അറസ്റ്റിലായ പ്രതി എവിടെയുണ്ടെന്ന് പൊലീസിന് നേരത്തെ അറിയാമായിരുന്നു. എന്നാൽ ഭരണ തലത്തിൽ നിന്നും ഉദ്യോഗസ്ഥ തലത്തിൽ നിന്നും പൊലീസിനു മേൽ സമ്മർദം വന്നതോടെ അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ച പ്രതികൾ ഇരുവരും സമർപ്പിച്ചിരുന്നെങ്കിലും ഇതു ലഭിക്കും വരെ അറസ്റ്റ് നീട്ടുകയായിരുന്നു. പള്ളി കമ്മിറ്റയിലെ പ്രധാനിയും ലീഗിന്റെ സജീവ പ്രവർത്തകനുമായ കേസിലെ ഒന്നാം പ്രതി ചുടലവീട്ടിൽ നസീർ ബാബു ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.

അറസ്റ്റ് ചെയ്ത മൈത്രി സിഹാബിനെ ഇന്ന് മലപ്പുറം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മദിച്ചതായി അന്വേഷണ ചുമതലയുള്ള സി.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു. ഒന്നാം പ്രതി നസീർ ബാബുവുമായി നവംബർ20ന് അർദ്ധരാത്രിയി അസം ദമ്പതികൾ താമിസിക്കുന്ന ക്വർട്ടേഴിസിലെത്തുകയും ഇവർ കിടന്നിരുന്ന മുറിയുടെ ജനൽ വഴി മൊബൈൽ ടോർച്ച് ഉപയോഗിച്ച് ലൈറ്റ് അടിച്ച് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് മറുപടി ലഭിക്കാതായതോടെ വാതിൽ തകർത്ത് അകത്തേക്ക് പ്രവേശിക്കുകയും വീട്ടിൽ കയറിയ ശേഷം യുവതിയുടെ ഭർത്താവിനെ കത്തി കാണിച്ച് ശിഹാബ് ബന്ദിയാക്കുകയും ഈ സമയം നസീർ യുവതിയെ പീഡിപ്പിക്കുകയായിരുന്നെന്ന് ശിഹാബ് പൊലീസിൽ മൊഴി നൽകി. നസീറിന്റെ ഊഴം അവസാനിച്ചതോടെ നൈറ്റി ധരിക്കുകയായിരുന്ന യുവതിയെ ശിഹാബ് വീണ്ടും കയറിപിടിക്കുകയും കടന്നാക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതി ഉച്ചത്തിൽ ബഹളം വെയ്ക്കുകയായിരുന്നെന്നും ശിഹാബാ മൊഴിനൽകിയിട്ടുണ്ട്. ഈ സമയം യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ താൻ പിടിക്കുകയാണ് ചെയ്തതെന്ന് ശിഹാബ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സംഭവം നടന്ന് രണ്ട് മാസമാസമാകുമ്പോഴാണ് പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ തൊടാൻ പൊലീസ് തയ്യാറാകാതിരുന്നത് ഏറെ പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും ഇടയാക്കിയിരുന്നു. പ്രദേശത്തെ ലീഗ് നേതാവിന്റെയും പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹിയുടെയും മക്കളാണ് കേസിൽ ഉൾപ്പട്ടത് എന്നത് നഗ്നമായ സത്യമാണ്. ഇതോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമം തുടക്കത്തിലേ നടന്നിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും ഒളിച്ചു താമസിച്ചിരുന്ന ശിഹാബ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെത്തിയ വിവരം സൈബർ സെൽ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രഹസ്യമായി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനായിരുന്നു നീക്കം. എന്നാൽ ശിഹാബ് നാട്ടിലെത്തിയെന്ന വിവരം പുറത്തായതോടെ പൊലീസ് അറസ്റ്റു ചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു. ഒന്നാം പ്രതി നസീർബാബു എവിടെ ഉണ്ടെന്ന് പൊലീസിൽ വിവരം ലഭിച്ചതായി സൂചനയുണ്ട്. ഇയാളെ ഉടൻ പിടികൂടാനാകുമെന്ന് കൊണ്ടോട്ടി സി.ഐ പറഞ്ഞു.