കൽപറ്റ: ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽ നിന്ന് 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഷൈബിൻ അഷ്‌റഫ് സൈക്കോ കൊലപാതകി തന്നെ. എങ്ങനെയാണ് അഷ്‌റഫ് ഇത്രയേറെ പണമുണ്ടാക്കിയതെന്ന് ആർക്കും അറിയില്ല. മുലക്കുരു വൈദ്യന്റെ കൊലയ്ക്ക് അപ്പുറമുള്ള കുറ്റ കൃത്യങ്ങൾ ഷൈബിൻ ചെയ്തുവെന്നാണ് സൂചന. ബത്തേരിയിൽ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിൻ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. പിന്നീട് അമ്മ ജോലി തേടി ഗൾഫിലേക്കു പോയി. പിറകെ ഷൈബിനും ഗൾഫിലെത്തി്. അതിവേഗം കോടീശ്വരനായി എന്നതാണ് വസ്തുത.

അതിനിടെ നിലമ്പൂർ കൊലപാതകക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകൾ തങ്ങളുടെ സംശയം ശരിവയ്ക്കുന്നതാണെന്ന് അബുദാബിയിൽ കയ്യിലെ ഞരമ്പ് മുറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയ ഹാരിസിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. നിർണ്ണായക തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഷൈബിൻ അഷ്‌റഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ഷൈബിനുമായി ഉണ്ടായ തർക്കവും മറ്റും ഹാരിസിനെ വകവരുത്താൻ കാരണമായിട്ടുണ്ടാകാമെന്നു ബന്ധുക്കൾ പറയുന്നു. അബുദാബിയിലെ ഫ്‌ളാറ്റിലാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മൽ കുറുപ്പൻതൊടികയിൽ ഹാരിസിന്റെ (35) മൃതശരീരം 2020 മാർച്ച് അഞ്ചിനു കണ്ടെത്തിയത്. ഹാരിസിന്റെ മാനേജരായ സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി.

ഒരാഴ്ചയ്ക്കകം നാട്ടിലെത്തുമെന്ന് അറിയിച്ച ശേഷമായിരുന്നു മരണം. തലേന്നും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ഫോണിൽ ഹാരിസ് ബന്ധപ്പെട്ടിരുന്നു. ഹാരിസിന്റെ മരണത്തിൽ സംശയം തോന്നിയ കുടുംബം സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. എന്നാൽ മൃതദേഹം പുറത്തെടുത്തു പരിശോധിക്കുന്നതിനോടു വിയോജിപ്പായിരുന്നു. കുടുംബത്തിനുനേരെ ഭീഷണിയുള്ളതു മൂലമാണ് പരാതിയുമായി മുന്നോട്ടുപോകാതിരുന്നതെന്ന് സുഹൃത്ത് അൻവർ പറഞ്ഞു.

അതിനിടെ ഹാരിസിനെയും സ്ത്രീയെയും കൊലപ്പെടുത്തേണ്ടതെങ്ങനെയെന്ന നിർദേശങ്ങളുൾപ്പെടുത്തി ഷൈബിൻ തയാറാക്കിയെന്നു കരുതുന്ന 45 പേജുള്ള ബ്ലൂപ്രിന്റിന്റെ വിഡിയോ പൊലീസിനു ലഭിച്ചു. ആത്മഹത്യയെന്നു തോന്നത്തക്കവിധത്തിൽ കൊലപ്പെടുത്തേണ്ടതെങ്ങനെയെന്നു ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത് ചുമരിൽ ഒട്ടിച്ചിരിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തം. ഒരു തിരക്കഥ പോലെ വിശദമാണിത്. സംഘാംഗം നൗഷാദാണ് വിഡിയോ എടുത്തത്. ഹാരിസും സ്ത്രീയും തമ്മിൽ വഴക്കും മൽപിടിത്തവുമുണ്ടായെന്നും ഹാരിസ് സ്ത്രീയെ കൊന്ന് ആത്മഹത്യ ചെയ്തു എന്നും വരുത്തിത്തീർക്കുന്ന നിർദേശങ്ങളാണ് ഇതിലുള്ളത്.

മൈതാനിക്കുന്നിലെ കുടിലിൽനിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലെയും മന്തൊണ്ടിക്കുന്നിലെയും വലിയ വാടകവീടുകളിലേക്കു കുടുംബം താമസം മാറി. 7 വർഷം മുൻപ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡരികിൽ ആഡംബരവസതിയുടെ നിർമ്മാണം ആരംഭിച്ചു. അബുദാബിയിൽ അറബിക്കൊപ്പം ഡീസൽ കച്ചവടമെന്നാണു പറഞ്ഞത്. ഇതെല്ലാം പല സംശയങ്ങൾക്കും ഇടനൽകിയിരുന്നു. ഹൂതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു.

നാട്ടുകാരെ സഹായിക്കാനും എത്തി. യുവാക്കളെ ഗൾഫിൽ കൊണ്ടു പോയി. വിശ്വസ്തർക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലർക്ക് വയനാട്ടിൽ മീൻകടകളും സജ്ജീകരിച്ചു നൽകി. ഇവരെ ചേർത്ത് ഗുണ്ടാ സംഘമുണ്ടാക്കി. ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. നാട്ടിൽ ഷൈബിന്റെ ഉറ്റവരായി 30 പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏൽപിച്ചു.

ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീൻ, തുണി കച്ചവടത്തിലും പണം ഇറക്കി. ബെംഗളൂരുവിൽനിന്നു തുണി വയനാട്ടിൽ എത്തിച്ച് മറ്റു ജില്ലകളിലേക്കു റീട്ടെയ്ലായി നൽകാൻ ബത്തേരിയിൽ ഓഫിസ് തുടങ്ങി. സംഘത്തിൽ ഭിന്നതയുമുണ്ടായി. വില്ലനായി ഷൈബിനെ വൃക്കരോഗം അലട്ടി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപെടുന്നത്. 2 വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു.

ജയിൽ വിട്ടു കേരളത്തിലെത്തിയ ഷൈബിൻ നിലമ്പൂരിൽ പുതിയ വീടു വാങ്ങി താമസമാക്കി. പറഞ്ഞ തുക നൽകാതെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു ചോദ്യം ചെയ്യാൻ തങ്ങളകത്ത് നൗഷാദും കൂട്ടരും നിലമ്പൂരിലെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെയാണു ഷൈബിന്റെ ക്രൂരമുഖം വെളിച്ചത്തുവന്ന സംഭവങ്ങളുടെ തുടക്കം. നൗഷാദിനും കൂട്ടർക്കുമെതിരെ നിലമ്പൂർ പൊലീസിൽ പരാതി നൽകാനുള്ള തീരുമാനം ഷൈബിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ഷൈബിനുവേണ്ടി നടത്തിയ ക്രൂരകൃത്യങ്ങളെല്ലാം സംഘാംഗങ്ങൾ വെളിപ്പെടുത്തി. അതിലൊന്ന് മാത്രമാണ് മൂലക്കുരുവിന് ചികിൽസിക്കുന്ന വൈദ്യന്റെ കൊല.