- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫ് ഭരിക്കുമ്പോൾ സിപിഐയുടെ സർവീസ് സംഘടനാംഗം; യുഡിഎഫ് ഭരിക്കുമ്പോൾ മുസ്ലിംലീഗിന്റെയും; ക്വാറി മാഫിയയ്ക്ക് വേണ്ടി വിടുപണി; അനുസരിക്കാത്ത വില്ലേജ് ഓഫീസർമാരെ സ്ഥലം മാറ്റി പ്രതികാരം; എന്തു തൊട്ടാലും പണം കിട്ടണം: മലപ്പുറം കലക്ടറേറ്റിലെ ഉന്നതനെതിരേ പരാതികൾ ഉയരുമ്പോൾ
മലപ്പുറം: ജില്ലാ കലക്ടറേറ്റിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനെതിരേ ഗുരുതരമായ ആരോപണം ഉയരുന്നു. ക്വാറി മാഫിയയുടെ ഏജന്റായി പ്രവർത്തിച്ച് വൻതുക അനധികൃതമായി സമ്പാദിക്കുന്നുവെന്നും ഒത്താശ ചെയ്യാത്ത ജീവനക്കാരെ സ്ഥലം മാറ്റിയും പ്രതികാര നടപടി എടുത്തും ദ്രോഹിക്കുന്നുവെന്നാണ് പരാതി.
ഭരിക്കുന്നത് എൽഡിഎഫോ യുഡിഎഫോ ആകട്ടെ താക്കോൽ സ്ഥാനങ്ങളിൽ ഇയാൾ ഉണ്ടാകും. എൽഡിഎഫാണ് ഭരണത്തിലെങ്കിൽ സിപിഐയുടെ സർവീസ് സംഘടനയിലാകും ഇയാളെ കാണുക. ഇനി ഭരണം മാറി യുഡിഎഫ് വന്നാലോ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത് മുസ്ലിംലീഗിന്റെ സർവീസ് സംഘടനയിലാണ്. ഇതു കാരണം എപ്പോഴും ഭരണത്തിന്റെ സംരക്ഷണം ഇയാൾക്ക് ലഭിക്കും. ഈ ആനുകൂല്യം മറയാക്കിയാണ് കലക്ടറേറ്റ് ഭരണത്തിൽ സ്വേച്ഛാധിപത്യപരമായ ഇടപെടൽ നടത്തുന്നത്.
ക്വാറി മാഫിയയുടെ സ്വന്തക്കാരൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പെരിന്തൽമണ്ണ താലൂക്കിലെ പല അനധികൃത ക്വാറിക്കും അനുമതി നൽകുന്നതിന് വേണ്ടി നേരിട്ട് ജില്ലാ കലക്ടറെ വിളിച്ചു വിരട്ടുകയാണെന്നാണ് പരാതി. മിച്ചഭൂമി സർവേ നമ്പരിലുള്ള സ്ഥലമാണെന്നും അവിടെ ക്വാറിക്ക് അനുമതി നൽകാൻ പറ്റില്ലെന്നും റിപ്പോർട്ട് എഴുതിയ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി. ഇവിടെ ക്വാറിക്ക് അനുമതി നൽകാൻ അവിഹിതമായ ഇടപെടൽ നടത്തുകയും ചെയ്തുവെന്ന് ജീവനക്കാർ തന്നെ പറയുന്നു. അനധികൃതമായി അനുവദിച്ച ക്വാറിയിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടി.
ഈ സംഭവം മൂടിവയ്ക്കാനുള്ള ശ്രമവും ഉന്നതന്റെ ഭാഗത്തു നിന്നുമുണ്ടായി. കാലങ്ങളായുള്ള അനധികൃത സ്വത്തു സമ്പാദനത്തിന്റെ കഥകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. പെരിന്തൽമണ്ണ ടൗണിലെ പല കെട്ടിടങ്ങളുടെയും ഉടമസ്ഥവകാശം ഇയാൾക്കാണ്. പക്ഷേ, ബിനാമികളെയാണ് ഉടമകളാക്കി അവതരിപ്പിക്കുന്നത്. വാടക ഇയാൾ നേരിട്ട് പിരിക്കുകയും ചെയ്യും. വയൽ നികത്തി കരഭൂമിയാക്കി അത് വിൽക്കുന്നതിനുള്ള നടപടിയും ഇദ്ദേഹം നേരിട്ട് നടത്തും. ഇദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിന് യാതൊരു മറയുമില്ലെന്നാണ് കലക്ടറേറ്റിലെ ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
വയൽ നികത്തലിന് മണ്ണുമാഫിയയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. പാടം നികത്തിയ വാഹനം പിടിച്ചെടുത്ത വില്ലേജ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്തുവെന്നും ആക്ഷേപം ഉണ്ട്. കുഴൽപ്പണ ഇടപാടിലും ഇയാളുടെ പേര് ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിന് പുറത്ത് ഭൂമി വാങ്ങുന്നവർക്ക് കർഷകനാണ് എന്ന സർട്ടിഫിക്കറ്റ് താലൂക്ക് ഓഫീസ് രജിസ്റ്ററിൽ നമ്പറിടാതെ സീലും വച്ച് നൽകിയതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്ന് ആഘോഷങ്ങളുടെ ചെലവിനെന്ന് പറഞ്ഞ് ഓരോ വില്ലേജ് ഓഫീസർമാർക്കും 5000 രൂപ വീതം പിരിച്ചു നൽകാൻ നിർദ്ദേശം കൊടുക്കാറുണ്ട്.
ഇങ്ങനെ പിരിച്ചെടുക്കുന്ന ലക്ഷങ്ങളിൽ വെറും 10,000 രൂപ കലക്ടറേറ്റിലേക്ക് നൽകിയതായും ജി സെക്ഷനിൽ ഫയൽ രേഖകളുണ്ട്. പെരിന്തൽമണ്ണ താലൂക്ക് ഓഫീസിലെ ഒരു ജീപ്പ് ലേലം നടത്താതെ സുഹൃത്തും കൂട്ടാളിയുമായ ഒരു പ്രമുഖന് മറിച്ച് വിറ്റത് ഓഫീസിലെ ജീവനക്കാർ ചോദ്യം ചെയ്തതിനെ തുടർന്ന് ലേലം നടന്നുവെന്ന കൃത്രിമമായി ഫയൽ ഉണ്ടാക്കി. പെരിന്തൽമണ്ണ ആർഡി ഓഫീസിൽ സീനിയർ സൂപ്രണ്ടായിരുന്ന സമയത്ത് 20 സെന്റിൽ താഴെ വരുന്ന ഓഫീസ് കോമ്പൗണ്ട് കാടുവെട്ടാനെന്ന് പറഞ്ഞ് സർക്കാരിൽ നിന്ന് ഒന്നര ലക്ഷം രൂപ വൗച്ചർ എഴുതി പണം തട്ടിയെടുത്തു.
ഓഫീസിന് മുൻവശത്തെ റവന്യുഭൂമിയിൽ പാട്ട നിയമം പ്രകാരം ചെയ്യാതെ, തുണിക്കടയുടെ ബോർഡ് അനധികൃതമായി സ്ഥാപിക്കാൻ മൗനാനുവാദം നൽകി ഒരു ലക്ഷം പ്രതിഫലം പറ്റി. വില്ലേജ് ഓഫീസർ ബോർഡ് മാറ്റാൻ വന്നപ്പോൾ ഭീഷണിപ്പെടുത്തിയത് അന്ന് വിവാദമായിരുന്നു. ഇദ്ദേഹത്തിന് സഹായിയായി ഒരു മുൻ എസ്പിയും പ്രവർത്തിച്ചിരുന്നുവെന്ന് പറയുന്നു. ഇയാളുടെ അഴിമതിക്കെതിരേ തെളിവു സഹിതം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. വകുപ്പ് ഭരിക്കുന്ന സിപിഐയാണ് ഇയാളെ രക്ഷിക്കുന്നത് എന്നാണ് ആക്ഷേപം.
കോണ്ട്രിബ്യൂട്ടര്