മലപ്പുറം: മലപ്പുറം ഉപതെഞ്ഞെടുപ്പിൽ ഈസി വാക്കോവറായ പികെ കുഞ്ഞാലിക്കുട്ടിയുടെ മത്സരത്തിൽ പത്രികാ വിവാദം ഏറെ തിളക്കം കെടുത്തിയെങ്കിലും എതിർപാർട്ടികളെല്ലാം മൗനത്തിലായതോടെ വലിയ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് ക്യാമ്പും.

കേരള രാഷ്ട്രീയത്തിൽ ദീർഘകാലത്തെ പരിചയ സമ്പത്തുള്ള കുഞ്ഞാലിക്കുട്ടിയെ പിടിച്ചുലക്കുന്നതായിരുന്നു യഥാർത്ഥത്തിൽ നാമനിർദ്ദേശ പത്രികയിൽ വന്ന പിശക്. കോടതിയെ സമീപിക്കുന്നതു മൂലം തെരഞ്ഞെടുപ്പ് വിജയം റദ്ദാകാൻ വരെ സാധ്യതയുണ്ടായിരുന്ന സാഹചര്യമായിരുന്നു ഇത്. എന്നാൽ എതിർ പാർ്ട്ടികൾക്കാർക്കും കുഞ്ഞാപ്പയെ പിണക്കാൻ വയ്യ!. നേരത്തെ ബിജെപി കോടതിയെ സമീപിക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നെങ്കിലും എല്ലാം ആവിയായ മട്ടാണിപ്പോയുള്ളത്. നിയമനടപടി സ്വീകരിച്ചാൽ യഥാർത്ഥ ഗുണം ലഭിക്കുക സിപിഎമ്മിനാണെന്നിരിക്കെ ഇവരുടെ വായ നേരത്തേ മൂടപ്പെട്ട അവസ്ഥയിലായിരുന്നു. പത്രികക്കെതിരെ ഉയരാനിരിക്കുന്ന ശബ്ദങ്ങളെല്ലാം തുടക്കത്തിലേ അമർന്നതോടെ ഇതിന്റെ ആശ്വാസവും യു.ഡി.എഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയിൽ പ്രകടവുമായിരുന്നു.

ആശ്രിത സ്വത്തിന്റെ വിവരം ഉൾപ്പെടുത്താതിരുന്നത് ഇത്ര പുലിവാല് പിടിക്കുമെന്നത് കുഞ്ഞാലിക്കുട്ടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനാർത്ഥിത്വം വരെ റദ്ദാവുന്ന ഗുരുതരമായ തെറ്റുപറ്റിയെന്ന് മനസിലായതോടെ പിന്നീടുള്ള ദിവസങ്ങളിൽ നടന്നത് ഏറെ നാടകീയ സംഭവങ്ങളായിരുന്നു. മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ ആദ്യം പത്രിക സമർപ്പിച്ച സ്ഥാനാർത്ഥിയാണ് പികെ കുഞ്ഞാലിക്കുട്ടി. പത്രികാ സമർപ്പണന്റെ അവസാന സമയവും കഴിഞ്ഞതോടെ മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ എകെ ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.

നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ഭാര്യയുടെ പേരിലുള്ള ഭൂമിയിലെ സ്വത്തുവിവരം ചേർത്തില്ലെന്നും രണ്ടുകോടി രൂപയുടെ നിർമ്മാണം മറച്ചുവെച്ചുവെന്നും കാണിച്ചായിരുന്നു ഷാജി വരണാധികാരിക്ക് പരാതി നൽകിയത്. പരാതി ലഭിച്ചാൽ ഇരു കൂട്ടർക്കും ഹാജരാകുന്നതിന് നോട്ടീസ് അയക്കണമെന്നിരിക്കെ ഇതു ചെയ്യാതെ പകരം പരാതിയുടെ വിവരം കുഞ്ഞാലിക്കുട്ടിയെ ഉദ്യോഗസ്ഥർ തന്നെ വിളിച്ചറിയിച്ചു. വിഷയം ഗൗരവമാണെന്ന് മനസിലാക്കിയ കുഞ്ഞാലിക്കുട്ടി സൂക്ഷ്മ പരിശോധനാ ദിവസത്തിനു മുമ്പു തന്നെ പ്രശ്നം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

സിപിഎമ്മിലെ ഉന്നത നേതാക്കളുമായി തിരക്കിട്ട ചർച്ചകൾ നടത്തി. തുടർന്ന് സർക്കാർ തലത്തിൽ നിന്നും ഉദ്യോഗസ്ഥരിൽ സമ്മർദം ഏറി. മാത്രമല്ല, സൂക്ഷ്മ പരിശോധനാ ദിവസം സി.പി.എം എതിർപ്പ് പ്രകടിപ്പിച്ചതുമില്ല. വിഷയം ഗൗരവമാണെന്നതിനാൽ സൂക്ഷ്മ പരിശോധനാ വേളയിൽ കുഞ്ഞാലിക്കുട്ടി വക്കീൽ മുഖാന്തിരമാണ് എത്തിയിരുന്നത്. അതൊരു ചെറിയ നോട്ടപ്പിശകാണെന്നു സൂക്ഷ്മപരിശോധനാ വേളയിൽ കുഞ്ഞാലിക്കുട്ടി സമ്മതിക്കുകയും ചെയ്്തിരുന്നു.

അതിനാൽ നാമനിർദ്ദേശപത്രിക തള്ളണമെന്നും ജനപ്രാതിനിധ്യ നിയമം 125 ാം വകുപ്പനുസരിച്ച് ക്രിമിനൽ കേസ് ആണെന്ന് എ കെ ഷാജിയും വാദിച്ചു. എന്നാൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണ് വരണാധികാരിക്കു മുമ്പാകെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസൽ മൊഴി നൽകിയത്. എം ബി ഫൈസൽ കോടതിയെ സമീപിച്ചിരുന്നെങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ ഫലം റദ്ദാകുന്നപക്ഷം രണ്ടാം സ്ഥാനക്കാരനായ ഫൈസലിനെ വിജയിയായി പ്രഖ്യാപിക്കുമായിരുന്നു. ഇതാണു നഷ്ടപ്പെട്ടത്. തങ്ങൾക്ക് എതിർപ്പില്ലെന്നു ഫൈസൽ വ്യക്തമാക്കുന്നതിന്റെ വീഡിയോ സ്‌ക്രീനിങ് തെളിവായി ഉള്ളിടത്തോളം സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്.

സിപിഎമ്മിന്റെ അഡ്ജസ്റ്റ്മെന്റിനു പിന്നിൽ മറ്റെന്തോ വലിയ വാഗ്ദാനം ഉണ്ടെന്നാണ് അറിയുന്നത്. ഇതനുസരിച്ച് സി.പി.എം നേതാക്കൾ പത്രിക വിഷയത്തിൽ ചോദ്യം ചെയ്യുകയോ എതിർപ്പ് പരസ്യമാക്കുകയോ ചെയ്തില്ല. തൊട്ടടുത്ത ദിവസങ്ങളിൽ എല്ലാ പത്രങ്ങളും ഇത് വാർത്തയാക്കിയപ്പോയും ദേശാഭിമാനി ഒരു വരിയെങ്കിലും എഴുതിയതുമില്ല. സിപിഎമ്മിന്റെ മൗനം ചർച്ചയായതോടെ തെരഞ്ഞെടുപ്പിനു ശേഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ എൻ മോഹൻദാസ് പറഞ്ഞു. എന്നാൽ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ബിജെപി നേതാക്കൾ പറഞ്ഞു. അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്ന തീരുമാനത്തിലായിരുന്ന ബിജെപി. എന്നാൽ നിയമോപദേശം തേടാനെന്ന പേരിൽ ഇപ്പോൾ നിയമ നടപടി നീട്ടുന്നതായാണ് അറിയുന്നത്. അതേസമയം കോടതിയെ സമീപിക്കാതിരിക്കാൻ ബിജെപി നേതാക്കൾക്കുമേൽ കടുത്ത സമ്മർദവുമുണ്ട്.

അപേക്ഷയിൽ തെറ്റായ വിവരമോ തെറ്റിദ്ധാരണാജനകമായ വിവരമോ ചെറിയ തെറ്റുകളോ ഉണ്ടായാൽ പത്രിക തള്ളരുതെന്നിരിക്കെ വരണാധികാരിയായ ജില്ലാ കളക്ടർ എതിർപ്പ് അവഗണിച്ച് കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു. അതേസമയം ജനപ്രാതിനിധ്യ നിയമത്തിൽ വലിയ മാറ്റങ്ങളുണ്ടായിരിക്കെ സ്ഥാനാർത്ഥിയുടെയും ആശ്രിതരുടെയും സകല സ്വത്തുവിവരങ്ങളും ക്രിമിനൽ കേസ് വിവരങ്ങളും തുടങ്ങി എല്ലാം അറിയാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നും ഇതെല്ലാം സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കണമെന്നും സുപ്രീംകോടതി വിധിയുണ്ട്. ഇവിടെയാണു കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടി വരിക. ഏതെങ്കിലും കോളം പൂരിപ്പിക്കാതെ ബാക്കിയിട്ടാൽ, സ്വത്തുവിവരമോ ക്രിമിനൽ കേസോ മനഃപൂർവ്വം മറച്ചുവച്ചാൽ, അത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും അത്തരം നോമിനേഷനുകൾ സ്വീകരിക്കുന്നതു കടുത്ത നിയമലംഘനമാണെന്നും വിധിന്യായത്തിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വാദങ്ങൾ കോടതിയിൽ പൊളിഞ്ഞാൽ ആറുവർഷത്തേക്ക് അദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും കഴിയാതെ വരും.

റിട്ടേണിങ് ഓഫീസർമാർക്കുള്ള കൈപ്പുസ്തകത്തിൽ നിന്ന് നോമിനേഷൻ തള്ളാതിരിക്കാൻ മലപ്പുറം ജില്ലാ കളക്ടർ ഉദ്ധരിച്ച നിർദ്ദേശത്തിനു താഴെ പത്താമതായി പറഞ്ഞിരിക്കുന്നത്, അവസരം നൽകിയ ശേഷവും ഏതെങ്കിലും കോളം ഒഴിച്ചിട്ട നോമിനേഷൻ നിശ്ചയമായും തള്ളണം എന്നുതന്നെയാണ്. സ്വത്തു കാണിച്ചപ്പോൾ രണ്ടുകോടി കുറച്ചുകാണിച്ചത് തെറ്റായ വിവരമല്ല. അതേസമയം, പൂരിപ്പിക്കാത്ത ആ കോളമാണ് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാവുക. നാല് സെറ്റ് പത്രികയിലും ഈ കോളം പൂരിപ്പിച്ചില്ലെന്നതാണ് നിയമ വിദ്ഗർ ഗൗരവമായി ചൂണ്ടിക്കാട്ടുന്നത്. പത്രികാ വിഷയത്തിൽ ആരെങ്കിലും കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച നിയമോപദേശവും. ഇതിനാൽ ഏത് വിധേനയും കേസ് കോടതിയിലെത്താതിരിക്കണം.

എതിർ സ്ഥാനാർത്ഥികളിൽ നിന്നുള്ള നിയമ നടപടി ഇല്ലാതാക്കുകയാണ് പ്രഥമ ലക്ഷ്യം. പത്രികയിലെ പിശക് മുസ്ലിംലീഗ് ക്യാമ്പിനെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാന എതിരാളികളെല്ലാം നിയമ നടപടിയിൽ നിന്നും പിന്മാറിയത് കുഞ്ഞാലിക്കുട്ടിക്ക് താൽക്കാലിക ആശ്വാസം നൽകുന്നു.