മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. പാണക്കാട് സികെഎംഎം എഎൽപി സ്‌കൂളിലെ 97 ാം നമ്പർ ബൂത്തിൽ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ടു ചെയ്തു.

13.12 ലക്ഷം വോട്ടർമാർ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 1175 ബൂത്തുകളാണുള്ളത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. അതേസമയം, ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകൾ പ്രവർത്തിക്കുന്നില്ല. ഇവിടെ വോട്ടർമാരുടെ വൻനിര തന്നെയാണ് കാത്തിരിക്കുന്നത്.

യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാണക്കാട് ശിഹാബ് തങ്ങൾ പ്രതികരിച്ചു. പോളിങ് കൂടാൻ സാധ്യതയുണ്ടെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. യുഡിഎഫിന്റെ പ്രചരണവും പ്രവർത്തനവും വളരെ ചിട്ടയോടെയായിരുന്നു. പ്രാദേശികമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അന്തിമതീരുമാനം ജനങ്ങളുടേതാണെന്ന് മുതിർന്ന സി.പി.എം നേതാവ് ടി.കെ.ഹംസ പ്രതികരിച്ചു. 2004ലെ ഒരു ട്രെൻഡ് കാണുന്നുണ്ട്. രണ്ടു പാർട്ടികളിൽ ആരു ജയിച്ചാലും വളരെ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ. അഹമ്മദ് മത്സരിച്ച 2014ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 1,94,739ആണ്. പി.കെ. കുഞ്ഞാലിക്കുട്ടിയെ ഗോദയിലിറക്കാൻ യു.ഡി.എഫിനെ പ്രേരിപ്പിച്ചത് ഇതുതന്നെ. ആ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. സൈനബ 2,42,984 വോട്ടും ബിജെപി. സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശ് 64,705 വോട്ടും നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ. അഹമ്മദ് നേടിയ ഭൂരിപക്ഷം വർധിക്കുമെന്ന് യുഡിഎഫ് പറയുന്നു. എന്നാൽ സിപിഎമ്മും ബിജെപിയും ഇത് അംഗീകരിക്കുന്നില്ല. വിജയിക്കുമെന്ന് തന്നെയാണ് സി.പി.എം നേതാവ് ഫൈസലിന്റെ പ്രതീക്ഷ. ത്രികോണ പോരാട്ടമാണ് നടക്കുന്നതെന്ന് ബിജെപിയുടെ ശ്രീ പ്രകാശും പറയുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മൊത്തം ഒൻപത് സ്ഥാനാർത്ഥികളുണ്ട്. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളെക്കൂടാതെ ആറുപേർ. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാഭരണകൂടം അറിയിച്ചു. 1,760 വോട്ടിങ് യന്ത്രങ്ങളുണ്ടാകും. 3,525 പോളിങ് ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി 2,500 അർധസൈനികരെ വിന്യസിച്ചു.