മലപ്പുറം: പ്രഭാകരേട്ടന്റെ നോമ്പിന് മുപ്പതാണ്ടിന്റെ മാധുര്യമുണ്ട്. ഇത്തവണയും റംസാൻ വ്രതമനുഷ്ഠിച്ച പ്രഭാകരൻ മുപ്പത് വർഷമായി പുലർത്തി വരുന്നതാണ് റംസാനിൽ മുഴുവൻ നോമ്പും അനുഷ്ഠിക്കുകയെന്നത്. നോമ്പനുഷ്ഠിക്കുന്നതോടൊപ്പം മത സൗഹാർദ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതും പ്രഭാകരന്റെ പതിവു രീതിയാണ്. വെറും നോമ്പുതുറയല്ല പ്രഭാകരൻ സംഘടിപ്പിക്കുക. പൂർണാർത്ഥത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പിന്തുടർന്നുള്ള അത്യപൂർവ്വ മത സൗഹാർദക്കൂട്ടായ്മ കൂടിയാണ് ഈ വിരുന്ന്.

കഴിഞ്ഞ 30 വർഷമായി പുണ്യറംസാനിൽ മുടക്കമില്ലാതെ വ്രതം അനുഷ്ഠിച്ചു വരികയാണ് വളാഞ്ചേരിയിലെ വെസ്റ്റേൺ ഹാർഡ് വെയർ ഉടമ പ്രഭാകരൻ. 55 വയസ് പിന്നിട്ട പ്രഭാകരന് ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം. റംസാൻ വ്രതമെടുക്കുന്ന പതിവിനോടൊപ്പം തന്നെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നോമ്പുതുറയും പ്രഭാകരൻ സംഘടിപ്പിക്കാറുണ്ട്. ജാതി മത രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടുള്ള പ്രഭാകരേട്ടന്റെ വീട്ടിലെ ഇഫ്താർ സംഗമത്തിന് ഈ വർഷം പ്രത്യേകതകളും വിശേഷങ്ങളും ഏറെയുണ്ടായിരുന്നു.

പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നോമ്പ് തുറ സൽക്കാരത്തിൽ ഇല്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. ഇത്തവണ ഒരു തളികയിൽ കുറെ പേർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു.ഉന്നതർ മുതൽ കൂലിപ്പണിക്കാർ വരെ സംഗമിക്കുന്നതാണ് മതമൈത്രിയുടെ പന്തലിൽ സ്നേഹം വിളമ്പുന്ന പ്രഭാകരന്റെ നോമ്പുതുറ.

മന്ത്രി ഡോ.കെ.ടി ജലീൽ, എംഎ‍ൽഎ ആബിദ് ഹുസൈൻ തങ്ങൾ, പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ, സംവിധായകൻ ലാൽ ജോസ്, ഡോ.ഹുസൈൻ രണ്ടത്താണി, മുനീർ ഹുദവി, പി.സുരേന്ദ്രൻ,വിവിധ മതവിഭാഗങ്ങളിലെ നേതാക്കൾ ഇത്തവണ നോമ്പുതുറക്കെത്തിയിരുന്നു. തികച്ചും പ്രകൃതിദത്തമായ ചുറ്റുപാടിലായിരുന്നു നോമ്പുതുറ. ഇഫ്താർ വിരുന്നിനെത്തുന്ന മുസ്ലിം സഹോദരങ്ങൾക്ക് മഗ് രിബ് നിസ്‌ക്കരിക്കാനായി വീട്ടിലെ വിളക്കുതെളിയിച്ച പൂജാമുറിക്കു സമീപത്തായിരുന്നു പ്രഭാകരേട്ടനും കുടുംബവും പായ വിരിച്ചത്. മഗ് രിബ് നിസ്‌ക്കാരത്തിനായി പ്രഭാകരന്റെ വീട്ടിൽ വിശ്വാസികൾ സുജൂദിലിരുന്നപ്പോൾ മത സൗഹാർദ്ദത്തിന്റെ അനിർവചനീയ നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്.

എല്ലാ മത രാഷ്ട്രീയ വിഭാഗങ്ങളെ ഒന്നിച്ചിരുത്തുകയും ഭക്ഷണം കഴിക്കുകയും സ്നേഹം പങ്കുവെയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അതിലുണ്ടാകുന്ന ആത്മസംതൃപ്തിയാണ് തുടർച്ചയായി ഇഫ്താർ നടത്താൻ പ്രേരണ നൽകുന്നതെന്നും പ്രഭാകരൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ജാതിയുടേയും മതത്തിന്റേയുമെല്ലാം പേരിൽ രാജ്യത്ത് വലിയ തരത്തിലുള്ള വേർതിരിവും വിഭാഗീയതയും നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. എല്ലാ മേഖലയിലും ഇപ്പോൾ ഈ വിഭാഗീയത വർധിച്ചു വരുന്നുണ്ട്. പ്രസംഗങ്ങൾക്കും ചർച്ചകൾക്കും എല്ലാം ഉപരി റംസാൻ, ഓണം, പെരുന്നാൾ, വിഷു, ക്രിസ്തുമസ് തുടങ്ങിയ എല്ലാ കാലങ്ങളിലും സ്നേഹവും സൗഹൃദവും പങ്കുവെയ്ക്കാനായി എല്ലാവരും ഒരുമിച്ചിരിക്കാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവസരമുണ്ടാക്കിയാൽ തന്നെ വിഭാഗീയതക്കും വേർതിരിവിനും തടയിടാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് പ്രഭാകരേട്ടൻ പ്രതീക്ഷ പങ്കുവെച്ചു.