- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും പൊന്നാനിയിൽ സിദ്ദിഖ് പന്താവൂരിനെയും വെട്ടി വി.വി.പ്രകാശും എ.എം രോഹിതും സ്ഥാനാർത്ഥികളായി; സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അവഗണിച്ചതിൽ കാന്തപുരം എ.പി വിഭാഗത്തിനടക്കം കടുത്ത അതൃപ്തി; മലപ്പുറത്ത് ഇത്തവണ കോൺഗ്രസ് പയറ്റിയത് മൃദുഹിന്ദുത്വ സമീപനമോ?
മലപ്പുറം: മുസ്ലിംലീഗ് കോട്ടയായ മലപ്പുറത്ത് ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് പയറ്റിയത് മൃദുഹിന്ദുത്വം സമീപനമെന്ന് ആരോപണം. ഇതിനെതിരെ മലബാറിൽ കോൺഗ്രസിനുള്ളിൽ തന്നെ അതൃപ്തി ഉയർന്നിട്ടുണ്ട്. ജാതി, മത, സാമുദായിക സമവാക്യങ്ങൾ കൃത്യമായി പാലിച്ചാണ് എല്ലാകാലത്തും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം നടത്താറ്.ലീഗിന്റെ തട്ടകമായ മലപ്പുറത്ത് ആര്യാടൻ മുഹമ്മദിനെ ഇറക്കി ലീഗിനെ പ്രതിരോധിച്ചാണ് കോൺഗ്രസ് ലീഗിന്റെ അപ്രമാദിത്വത്തിന് തടയിട്ടതും ഹിന്ദു ക്രിസ്ത്യൻ സമുദായത്തിനൊപ്പം ലീഗ് വിരുദ്ധ നിലപാടുള്ള കാന്തപുരം എ.പി സുന്നി വിഭാഗത്തെയും ഒപ്പം നിർത്തിയിരുന്നത്. കെ. കരുണാകരനും എ.കെ ആന്റണിയുമെല്ലാം ഈ തന്ത്രം ഫലപ്രദമായി പയറ്റിയവരാണ്.
എന്നാൽ ഇത്തവണ മലബാറിലും മലപ്പുറത്തും സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അവഗണിച്ചതാണ് തിരിച്ചടിയാകുന്നത്. കാന്തപുരം എ.പി വിഭാഗത്തിനടക്കം കടുത്ത അതൃപ്തിയുണ്ടാക്കിയ നീക്കമാണിത്. മുൻ മന്ത്രി എ.പി അനിൽകുമാറും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് കൂട്ടുകെട്ടാണ് മലപ്പുറത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ശക്തിയായത്. ഐ ഗ്രൂപ്പ് നേതാവായ അനിൽകുമാറും എ ഗ്രൂപ്പ് നേതാവായ പ്രകാശും ഒന്നിച്ചാണ് നിലമ്പൂരിൽ സ്ഥാനാർത്ഥിത്വത്തിന് സജീവ പരിഗണനയിലുണ്ടായിരുന്ന ആര്യാടൻ ഷൗക്കത്തിനെ വെട്ടി പകരം പ്രകാശിനെ സ്ഥാനാർത്ഥിയാക്കിയത്.
നിലമ്പൂരിൽ ഒരു ഹിന്ദു സ്ഥാനാർത്ഥി വേണമെന്നും യു.ഡി.എഫിൽ മുസ്ലിം പ്രാതിനിധ്യത്തിന് ജില്ലയിലെ 12 സീറ്റുകളിലും മുസ്ലിം ലീഗ് മസ്ഥാനാർത്ഥികളെയാണ് നിർത്തുന്നതെന്നുമായിരുന്നു അനിൽ കുമാറിന്റെ വാദം. ഈ വാദം കണക്കിലെടുത്താണ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും പൊന്നാനിയിൽ സിദ്ദിഖ് പന്താവൂരിനെയും വെട്ടി പ്രകാശും എ.എം രോഹിതും സ്ഥാനാർത്ഥികളായത്. കഴിഞ്ഞ തവണ മലപ്പുറത്തെ നാല് സീറ്റുകളിൽ രണ്ടു വീതം ഹിന്ദു മുസ്ലിം അനുപാതത്തിലാണ് കോൺഗ്രസ് പങ്കിട്ടത്. വണ്ടൂരിൽ അനിൽകുമാറും പൊന്നാനിയിൽ പി.ടി അജയ്മോഹനും ഐ ഗ്രൂപ്പ് നോമിനികളായും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും തവനൂരിൽ ഇഫ്തിഖാറുദ്ദീനും എ ഗ്രൂപ്പ് നോമിനികളായും മത്സരിച്ചു.
എന്നാൽ ഇത്തവണ ജില്ലയിലെ നാല് സീറ്റുകളിൽ മുസ്ലിം പ്രാതിനിധ്യം തവനൂരിൽ മാത്രമായി ഒതുങ്ങി. കഴിഞ്ഞ തവണ ഇഫ്തിഖാറുദ്ദീൻ മത്സരിച്ച് തവനൂരിൽ കോൺഗ്രസുകാരന് പകരം മുസ്ലിം ലീഗ് നോമിനിയായ ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെയാണ് സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ അവഗണിക്കപ്പെട്ടത് ജില്ലയിലെ മുസ്ലിം കോൺഗ്രസ് നേതാക്കളാണ്. കോൺഗ്രസ് എക്കാലത്തും മുറുകെപിടിച്ച സാമുദായിക ബാലൻസിങ് തകർക്കുന്ന നീക്കമാണിത്.
ലീഗിന്റെ അപ്രമാദിത്വത്തിന് വഴങ്ങാത്ത ആര്യാടന്റെ രാഷ്ട്രീയ നിലപാടുകളാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ മതേതര പ്രതിച്ഛായക്ക് തിളക്കംകൂട്ടിയിരുന്നത്. കാന്തപുരം എ.പി സുന്നിവിഭാഗം ശക്തമായി ആര്യാടനെ പിന്തുണക്കുകയും ചെയ്തിരുന്നു. സമ്മർദ്ദം ചെലുത്തി അവിഹിതമായത് നേടുന്നു എന്ന് ലീഗിനെ ലക്ഷ്യമിട്ട് എ.കെ ആന്റണി വിമർശനം ഉയർത്തിയപ്പോൾ അതിനെ ശക്തമായി പിന്തുണച്ചത് ലീഗിന്റെ തട്ടകമായ മലപ്പുറത്ത് ആര്യാടൻ മുഹമ്മദായിരുന്നു. കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും ശക്തമായി ഇതിനെതിരെ നിലപാടെടുത്തപ്പോഴും ആര്യാടന്റെയും മലബാറിലെ കോൺഗ്രസ് നേതൃത്വത്തിന്റെയും കരുത്തുകൊണ്ടാണ് ലീഗ് സമ്മർദ്ദം വിജയിക്കാതെ പോയത്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ലീഗ് അഞ്ചാം മന്ത്രി സ്ഥാനം സമ്മർദ്ദത്തിലൂടെ നേടിയപ്പോഴും അതിനെതിരെ ശബ്ദമുയർത്തിയത് ആര്യാടനും മലപ്പുറത്തെ കോൺഗ്രസ് നേതൃത്വവുമായിരുന്നു. നിലവിൽ മലപ്പുറത്ത് വി.വി പ്രകാശ് കെ.പി അനിൽകുമാർ കൂട്ടുകെട്ടാണ് കോൺഗ്രസ് നേതൃത്വം ഭരിക്കുന്നത്. കോൺഗ്രസിന്റെ അസ്ഥിത്വം പണയംവെച്ച് ലീഗിന്റെ ബി ടീമായാണ് ഇവരുടെ പ്രവർത്തമെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ തന്നെ ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. തവനൂർ ലീഗിന് വിട്ടുകൊടുത്ത്, വള്ളിക്കുന്നോ, പെരിന്തൽമണ്ണയോ പിടിക്കാൻ ശ്രമിക്കാതെ തവനൂരിൽ ലീഗ് നോമിനി ഫിറോസ് കുന്നുംപറമ്പലിനെ സ്ഥാനാർത്ഥിയാക്കി പ്രകാശും അനിൽകുമാറും കോൺഗ്രസിന്റെ ആത്മാഭിമാനം പണയംവെച്ചുവെന്ന പരാതി പ്രവർത്തകർക്കുണ്ട്.
ഇതോടൊപ്പം ദേശീയ മുസ്ലിം നേതാക്കളെ വെട്ടിനിരത്തി സ്വന്തം സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനാണ് ഇരുവരും ശ്രമിച്ചത്. സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്താൻ നിലമ്പൂരിൽ ടി.സിദ്ദിഖിനെ കൊണ്ടുവരാനും തവനൂരിൽ രോഹിതിനെ മത്സരിപ്പിച്ച് പൊന്നാനിയിൽ ആര്യാടൻ ഷൗക്കത്തിനെ കൊണ്ടുവരാനും കോൺഗ്രസ് നേതൃത്വം ഫോർമുലവെച്ചപ്പോഴും അതിനെ ഒന്നിച്ചു നിന്ന് വെട്ടിയത് വി.വി പ്രകാശ് അനിൽകുമാർ കൂട്ടുകെട്ടാണ്.
മുൻ കെപിസിസി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പാത പിന്തുടർന്ന് മുസ്ലിം ലീഗിന്റെ പാക്കിസ്ഥാൻ വാദത്തിനെതിരെ ശക്തമായ നിലപാടെടുത്തവരാണ് കോൺഗ്രസിലെ മുസ്ലിം നേതാക്കൾ. മതേതര വാദികളായ ഇവരാണ് ദേശീയ മുസ്ലീങ്ങൾ എന്നപേരിൽ അറിയപ്പെട്ടത്. പി.പി ഉമ്മർകോയ, ഇ.മൊയ്്തുമൗലവി മുതൽ ആര്യാടൻ മുഹമ്മദ് വരെയുള്ളവർ ഈ നേതൃത്വ നിരയിലെ കണ്ണികളാണ്. ഇവരുടെ പിന്മുറക്കാരായ മതേതര നിലപാടുള്ള മുസ്ലിം നേതാക്കളാണ് കോൺഗ്രസിൽ തഴയപ്പെടുന്നത്. ലീഗ് വിരുദ്ധ നിലപാടുള്ള കോൺഗ്രസിലെ മുസ്ലിംനേതാക്കളെ സിപിഎമ്മും ഇടതുപക്ഷവും വലവീശിപ്പിടിക്കുമ്പോൾ മലപ്പുറത്തെ കോൺഗ്രസിന്റെ അടിവേരാണ് അറക്കപ്പെടുന്നത്.