കോതമംഗലം: പിണ്ടിമന നിവാസികൾ മലേറിയ ഭീതിയിൽ. പ്രദേശവാസിയായ കല്ലിടുമ്പിൽ വേലായുധന് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് നാടു ഭീതിയിലായത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്. വിട്ടുമാറാത്ത പനിയുമായിട്ടാണ് ഇയാൾ ചികിത്സയ്‌ക്കെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വേലായുധന്റെ വീടും പരിസര പ്രദേശങ്ങളിലും നിരീക്ഷണത്തിനായി ആരോഗ്യ വകുപ്പധികൃതർ സ്ഥലത്തെത്തിയതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ജില്ലാ മലേറിയാ ഓഫീസർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലേറിയ പഠനത്തിനായി പിണ്ടിമനയിൽ എത്തിയത്.

വൈകുന്നേരം 5 മണിയോടെ എത്തിയ സംഘം മലേറിയ രോഗം പരത്തുന്ന അേനാഫിലിസ് കൊതുകിനെ കണ്ടെത്തുന്നതിന് രാത്രി വൈകിയും നടത്തിയ നീക്കം വിഫലമായി. ഡങ്കി ഉൾപ്പെടെ മുപ്പതോളം രോഗം പരത്തുന്ന കൊതുകൾ പ്രദേശത്തുണ്ടെന്ന് ശാസ്ത്രീയ പരിശോധനകളിൽ വ്യക്തമായി. അേനാഫിലിസ് കൊതുകിന്റെ സാന്നിധ്യം സ്ഥിരീകരിച്ചാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ മലേറിയാ ഓഫീസർ അശോക് കുമാർ അറിയിച്ചു.

അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നായിരിക്കാം വേലായുധന് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നതായും ഈ വഴിക്ക് നിരീക്ഷണം ഊർജ്ജിതമാക്കിയതായും പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി. ശക്തമായ പനിയും ശരീരവേദനയുമാണ് രോഗലക്ഷണം. തക്ക സമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലങ്കിൽ മരണം സംഭവിക്കുകയും ചെയ്യും. കൊതുക് നിർമ്മാർജ്ജനമാണ് പ്രധാന രോഗപ്രതിരോധ പ്രവർത്തനം. ഇക്കാര്യത്തിൽ നാട്ടുകാർ പരമാവധി ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കാർഷിക മേഖലയായ പിണ്ടിമനയിൽ രോഗബാധ സ്ഥരീകരിച്ചത് ഗ്രാമവാസികളിൽ പരക്കെ ഭീതി വിതച്ചിട്ടുണ്ട്. മിക്കയിടത്തും കൊതുകുശല്യം ഏറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തങ്ങൾക്കും രോഗം ബാധിക്കുമോ എന്നാണ് ഇവിടുത്തുകാരുടെ ആശങ്ക. മഴ തുടങ്ങിയതോടെ താലൂക്കിൽ ഡങ്കിപ്പനി വ്യാപകമായിരുന്നു. ഇതേത്തുടർന്ന് നിരവധിപേർ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിനിയെയാണ് ദശാബ്ദങ്ങൾക്ക് മുമ്പ് മരണത്തിന്റെ മഹാമാരി വിതച്ച മലേറിയ നാട്ടുകാരനിൽ പിടിപെട്ടതായുള്ള വാർത്ത പുറത്തുവന്നിട്ടുള്ളത്.

തക്ക സമയത്ത് ചികിത്സിച്ചാൽ രോഗം ഭേദമാകുമെന്ന് ആരോഗ്യവകുപ്പധികൃതർ ഉറപ്പുനൽകുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാൻ നാട്ടുകാരിൽ ഒരു വിഭാഗം തയ്യാറാല്ല. രോഗത്തെക്കുറിച്ചുള്ള കേട്ടറിവുകളും മറ്റുമാണ്  ഇതിന് കാരണം. ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ ഇക്കൂട്ടരെയും മുഖ്യധാരയിലേക്കുയർത്തി പ്രധിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാമെന്നും ഇതുവഴി ഇവരിലുള്ള രോഗ ഭീതി അകറ്റാമെന്നുമാണ്  അധികൃതരുടെ കണക്കുകൂട്ടൽ.