തിരുവനന്തപുരം: മലയാള പത്രങ്ങളിൽ പ്രൊഫഷണൽ സമീപനം സ്വീകരിക്കുന്ന പത്രങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് മലയാള മനോരമ ദിനപത്രം. യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ തന്നെ ഇടതുപക്ഷത്തെയും കോർത്തിണക്കി കൊണ്ടുപോകുന്നു എന്നത് തന്നെയാണ് അവരുടെ പ്രൊഫഷണലസിലസത്തിന്റെ തെളിവ്. അതുകൊണ്ട് തന്നെ മലയാള പത്രങ്ങളിൽ മനോരമയെ തോൽപ്പിക്കാൻ ആർക്കും സാധിക്കുന്നില്ലെന്നത് ഒരു വസ്തുകയാണ്. പോയ വർഷത്തെ പത്രങ്ങളുടെ വരാന്ത്യ കണക്കെടുക്കുമ്പോഴും മനോരമ തൊട്ടടുത്ത മലയാള പത്രമായ മാതൃഭൂമിയേക്കാൾ ബഹുദൂരം സർക്കുലേഷനിൽ മുന്നിലാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം മനോമയ്ക്ക് വർദ്ധിച്ചത് 1,00,804 കോപ്പികളാണ്. ഇതോടെ മലയാള മനോരമയുടെ പ്രചാരം 23,42,747 ആയി. രാജ്യത്ത് ഏറ്റവുമധികം പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രം എന്ന സ്ഥാനവും മനോരമ തന്നെ വീണ്ടും നിലനിൽത്തി. ദിനപത്രങ്ങളുടെ പ്രചാരം സംബന്ധിച്ച് ഔദ്യോഗിക കണക്കെടുപ്പു നടത്തുന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിന്റെ (എബിസി) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണിത്.

രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയേക്കാൾ 8,55,937 കോപ്പികൾക്കു മുന്നിലാണു മനോരമ. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ആറു ദിനപത്രങ്ങളിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള ഏക പത്രവും ഏക പ്രാദേശികഭാഷാ ദിനപത്രം എന്ന സ്ഥാനവും മനോരമയ്ക്കാണ്. തെരഞ്ഞെടുപ്പ് വേളയിൽ അടക്കം യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും മനോരമ പത്രത്തിന്റെ സ്വീകാര്യതയ്ക്ക് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ മനോരമയുടെ ഇടതു വിരോധത്തിൽ അൽപ്പം കുറവും സംഭവിച്ചിട്ടുണ്ട്.

നല്ലകാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മനോരമ വിമർശനത്തിന് അവസരം കിട്ടിയാൽ ഒട്ടും കുറയ്ക്കാറുമില്ല. മനോരമയുടെ സർക്കുലേഷനിൽ അതിവേഗം മുന്നോട്ടു പോകുമ്പോൾ തന്നെയാണ് മാതൃഭൂമി പിന്നോട്ടു പോകുന്നത്. പ്രവാചക നിന്ദ അടക്കമുള്ള വിഷയങ്ങളിൽപെട്ട് വിവാദങ്ങളിൽ കുരുങ്ങിയ മാതൃഭൂമിക്ക് സർക്കുലേഷന്റെ കാര്യത്തിൽ കാര്യമായി മുന്നോട്ടു പോകാൻ സാധിച്ചില്ല. പത്രത്തെ ആകർഷകമാക്കുന്ന ഘടകങ്ങൾ നൽകുന്നതിലും മാതൃഭൂമി പിന്നിലാണ്.

2014ൽ (ജൂലൈഡിസംബർ ഓഡിറ്റ് കാലയളവിൽ) 22,41,943 ആയിരുന്നു മനോരമയുടെ ശരാശരി പ്രചാരം. 2015ൽ ഇത് 23,42,747 ആയി വർധിച്ചു. ഗൾഫ് മേഖലയിലെ പ്രചാരം ഉൾപ്പെടുത്താതെയാണിത്. ഇതേകാലയളവിൽ മാതൃഭൂമി ദിനപത്രത്തിന്റെ പ്രചാരം 14,70,289ൽ നിന്ന് 14,86,810 ആയാണ് വർധിച്ചത്. 16,521 കോപ്പികളുടെ മാത്രം വർധനയാണ് മാതൃഭൂമിക്കുണ്ടായത്. ദേശീയ തലത്തിൽ മാതൃഭൂമിയുടെ സ്ഥാനം 11ാമതാണ്.

പുതിയ എബിസി റിപ്പോർട്ട് പ്രകാരം ദേശീയ തലത്തിൽ ഏറ്റവും അധികം പ്രചാരത്തിലുള്ള ദിനപത്രം ഹിന്ദിയിലെ ദൈനിക് ഭാസ്‌ക്കറാണ്. രണ്ടാം സ്ഥാനത്ത് ദൈനിക് ജാഗരൺ ആണ്. മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും ഇടം പിടിച്ചു. വീക്കിലി ന്യൂസ് പേപ്പർ ഗണത്തിൽ മാതൃഭൂമി തൊഴിൽ വാർത്ത മലയാളത്തിൽ മുന്നിലാണ്. ഈ വിഭാഗത്തിൽ അഞ്ചാം സ്ഥാനത്താണ് തൊഴിൽവാർത്ത.

മനോരമ കുടുംബത്തിൽ നിന്നും പുറത്തിറങ്ങുന്നു വനിതയും പ്രചരണത്തിൽമ മുന്നിലാണ്. ഇന്ത്യയിൽ പ്രചാരത്തിൽ രണ്ടാം സ്ഥാനത്താണ് വനിത.