- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയതയ്ക്കും ദേശരാഷ്ട്രങ്ങൾക്കും നോവലുമായുള്ള ബന്ധമെന്താണ്? വർത്തമാന പത്രങ്ങൾ കഴിഞ്ഞാൽ ദേശീയതയുടെ അടിസ്ഥാന പാഠരൂപങ്ങളായി നോവലുകൾ മാറുന്നത് ഇങ്ങനെയാണ്..: നോവലും ദേശീയതയും ചർച്ചയാക്കി പുസ്തകവിചാരം
'Fiction seeps quitely and continuously into reality, creating that remarkable confidence of community in anonymity which is the hallmark of modern nations'. - Benedict Anderson കാൽനൂറ്റാണ്ടു മുൻപ് 1983-ൽ പ്രസിദ്ധീകൃതമായ, ദേശീയതയെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥത്തിലാണ് ആൻഡേഴ്‌സൺ ഇങ്ങനെ പറഞ്ഞത്. ആൻഡേഴ്‌സൺന്റെ ഗ്രന്ഥം പുറത്തുവരുന്നതിനു മുൻപും പിൻപുമായി വികസിച്ചുവന്ന കോളനിയനന്തരവാദ/പഠനങ്ങളിൽനിന്നാണ് നോവലും ദേശീയതയും തമ്മിലുള്ള ബന്ധം ഇന്നു നമ്മൾ ചർച്ചചെയ്യുന്ന മാനങ്ങളിലേക്കു വളർന്നത്. ക്യൂബൻ എഴുത്തുകാരനായ അന്തോണിയോ ബനിറ്റസ് റോഹോ നോവലിനെ വിശേഷിപ്പിച്ചത് 'Imaginativ-e Infrtsaructure of the Nation' എന്നാണ്. ഹോമിഭാഭ മുതൽ ഗായത്രി ചക്രവർത്തി സ്പിവാക് വരെയുള്ളവർ ഇന്ത്യൻ പശ്ചാത്തലത്തിൽ ഈ വിഷയം വിശകലനം ചെയ്തു. മീനാക്ഷി മുഖർജി മുതൽ തേജസിനി നിരഞ്ജന വരെയുള്ളവർ ഇന്ത്യൻ ഇംഗ്ലീഷ്, ഇന്ത്യൻ ഭാഷാനോവലുകളെ മുൻനിർത്തി ഈ സമീപനം വിമർശനത്തിൽ നടപ്പാക്കി. രണ്ടുതലങ്ങളിൽ കാണണം, ദേശീയതയ്ക്കും ദേശരാഷ്ട്രത
'Fiction seeps quitely and continuously into reality, creating that remarkable confidence of community in anonymity which is the hallmark of modern nations'.
- Benedict Anderson
കാൽനൂറ്റാണ്ടു മുൻപ് 1983-ൽ പ്രസിദ്ധീകൃതമായ, ദേശീയതയെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥത്തിലാണ് ആൻഡേഴ്‌സൺ ഇങ്ങനെ പറഞ്ഞത്. ആൻഡേഴ്‌സൺന്റെ ഗ്രന്ഥം പുറത്തുവരുന്നതിനു മുൻപും പിൻപുമായി വികസിച്ചുവന്ന കോളനിയനന്തരവാദ/പഠനങ്ങളിൽനിന്നാണ് നോവലും ദേശീയതയും തമ്മിലുള്ള ബന്ധം ഇന്നു നമ്മൾ ചർച്ചചെയ്യുന്ന മാനങ്ങളിലേക്കു വളർന്നത്. ക്യൂബൻ എഴുത്തുകാരനായ അന്തോണിയോ ബനിറ്റസ് റോഹോ നോവലിനെ വിശേഷിപ്പിച്ചത് 'Imaginativ-e Infrtsaructure of the Nation' എന്നാണ്. ഹോമിഭാഭ മുതൽ ഗായത്രി ചക്രവർത്തി സ്പിവാക് വരെയുള്ളവർ ഇന്ത്യൻ പശ്ചാത്തലത്തിൽ ഈ വിഷയം വിശകലനം ചെയ്തു. മീനാക്ഷി മുഖർജി മുതൽ തേജസിനി നിരഞ്ജന വരെയുള്ളവർ ഇന്ത്യൻ ഇംഗ്ലീഷ്, ഇന്ത്യൻ ഭാഷാനോവലുകളെ മുൻനിർത്തി ഈ സമീപനം വിമർശനത്തിൽ നടപ്പാക്കി.
രണ്ടുതലങ്ങളിൽ കാണണം, ദേശീയതയ്ക്കും ദേശരാഷ്ട്രത്തിനും നോവലുമായുള്ള ബന്ധത്തെ. ഒന്ന്, യൂറോ-അമേരിക്കൻ രാജ്യങ്ങളിൽ പതിനെട്ടാം നൂറ്റാണ്ടിലെന്നപോലെ കോളനിരാജ്യങ്ങളിൽ (ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക) പത്തൊൻപതാം നൂറ്റാണ്ടിൽ നോവൽ രൂപം കൊള്ളുന്നത് 'ദേശ'ബോധത്തിൽനിന്നു വളർന്നുമുറ്റിയ ദേശീയതാ-ദേശരാഷ്ട്ര സങ്കല്പനങ്ങളുടെ സാംസ്‌കാരികയുക്തിയെന്ന നിലയിൽതന്നെയാണ്. വർത്തമാനപത്രങ്ങളും നോവലുമാണ് ലോകത്തെവിടെയും അച്ചടികേന്ദ്രിതവും വായനോന്മുഖവും ജനകീയവുമായ ദേശീയാധുനികതയുടെ അടിസ്ഥാനപാഠരൂപങ്ങളായി പ്രവർത്തിച്ചത്. ('Newpapers are novels without plot, oneday best sellers' എന്ന് ആൻഡേഴ്‌സൺ). ഒന്ന് രാഷ്ട്രീയ പൊതുമണ്ഡലത്തിനും മറ്റേത് സാഹിതീയപൊതുമണ്ഡലത്തിനും വിത്തുപാകി എന്നും പറയാം. ചുരുക്കത്തിൽ നോവലിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യതലം.
രണ്ടാമത്തെ തലം, ആധുനികതയുടെ അന്ത്യത്തോടെ ദേശീയതയുടെ നേർക്കുയർന്നുവന്ന നാനാതരം വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയതയുടെയും ദേശരാഷ്ട്രത്തിന്റെയും അപനിർമ്മിതിയുടെ സാംസ്‌കാരികപാഠമായി നോവലിനു കൈവന്ന ആഖ്യാന, വ്യാഖ്യാനയുക്തികളാണ്. ഈ രണ്ടുതലങ്ങളുടെയും സങ്കല്പനപരവും സൈദ്ധാന്തികവുമായ രൂപീകരണം കോളനിയനന്തര-കീഴാള- ആധുനികാനന്തര - സാംസ്‌കാരിക പഠനങ്ങളുടെ ഭാഗമായി 1970-കളിൽ ഉയർന്നുവന്നതാണ്. സാമാന്യാർഥത്തിൽ 1950-കളോടെ ദേശീയതയെ പ്രശ്‌നവൽക്കരിക്കുന്ന അക്കാദമിക-രാഷ്ട്രീയ പരികല്പനകൾ രൂപംകൊണ്ടുതുടങ്ങിയിരുന്നുവെങ്കിലും (ചിലർ ഗാന്ധിയിലേക്കുതന്നെ ഇതിനെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട് എന്നതു മറക്കുന്നില്ല) ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ സാഹിത്യ, സാംസ്‌കാരിക വിമർശനത്തിൽ 1980-കളിലാണ് ഈയൊരു കാഴ്ചപ്പാടും വായനാപദ്ധതിയും വ്യവസ്ഥാപിതമാകുന്നത്. ദേശീയതയെ സംബന്ധിക്കുന്ന സാംസ്‌കാരിക-രാഷ്ട്രീയ പഠനങ്ങളാണ് ഇതിനു വലിയതോതിൽ പ്രചോദനമായത്. അതോടെ നോവലിന്റെ ഉത്ഭവവികാസപരിണാമങ്ങളെക്കുറിച്ച് നാളതുവരെ യൂറോ-അമേരിക്കൻ അക്കാദമികവിമർശനം മുന്നോട്ടുവച്ചിരുന്ന നിരീക്ഷണങ്ങളും നിലപാടുകളും മാറ്റിപ്രതിഷ്ഠിച്ചുകൊണ്ട് 'മൂന്നാം ലോക' സാംസ്‌കാരികപഠനങ്ങൾ പൊതുവിൽ സാഹിത്യത്തിന്റെയും വിശേഷിച്ച് നോവലിന്റെയും കലാചരിത്രവും രാഷ്ട്രീയചരിത്രവും തിരുത്തിയെഴുതാൻ തുടങ്ങി. സൗന്ദര്യാത്മക, സാങ്കേതിക, ചരിത്രാത്മക, പ്രത്യയശാസ്ത്രനിരൂപണപദ്ധതികൾ നടത്തിയിരുന്ന അക്കാദമിക നോവൽവായനകൾ വളരെവേഗം ആധുനികാനന്തര-അധിനിവേശാനന്തര - ഘടനാവാദാനന്തര - മാർക്‌സിസ്റ്റനന്തര - സ്വത്വവാദ - സൂക്ഷ്മരാഷ്ട്രീയ വിമർശനരീതികൾക്കു വഴിമാറി. വായനക്കൊപ്പം പുനർവായനയും പ്രചാരം നേടിയതോടെ നോവൽപഠനങ്ങളുടെ പുതിയൊരു കാലംതന്നെ ലോകമെങ്ങും സാധ്യമായി. ആധുനികതയുടെ മുഴുവൻ വിചാരമാതൃകകളും വിമർശനരീതിശാസ്ത്രങ്ങളും മാറ്റിപ്രതിഷ്ഠിച്ചുകൊണ്ട് പുതിയ നോവൽചരിത്രങ്ങളും വിമർശനതത്വങ്ങളും രൂപംകൊണ്ടു. ദേശീയതയും നോവലും തമ്മിലുള്ള ബന്ധത്തിന്റെ ആഖ്യാനാത്മകവും രാഷ്ട്രീയവുമായ വിചാരപദ്ധതി നിലവിൽ വന്ന സാഹചര്യമിതാണ്.
മലയാളത്തിലും 1990-കളുടെ മധ്യത്തോടെ നിലവിൽവന്ന ആധുനികാനന്തര - അധിനിവേശാനന്തര - സാംസ്‌കാരിക പഠനവിമർശന പദ്ധതികൾ നോവൽവായനയെ പുതിയൊരു പരിപ്രേക്ഷ്യത്തിൽ കണ്ടുതുടങ്ങി. നോവലെഴുത്തിൽ മുൻപുതന്നെ പ്രകടമായിത്തുടങ്ങിയിരുന്നു, മാറ്റങ്ങൾ. എഴുത്തിലും വായനയിലും സംഭവിച്ച നോവൽബോധത്തിന്റെ ഈ നവീകരണത്തിന്റെ ഫലമായി പത്തൊൻപതാം നൂറ്റാണ്ടിലെ മലയാളനോവലുകളുടെ പുനർവായന മുതൽ കീഴാള, സ്ത്രീപക്ഷ, പ്രാദേശിക, മത-വംശ ന്യൂനപക്ഷ നോവലുകളുടെ എഴുത്തും വായനയും വരെയുള്ള മണ്ഡലങ്ങൾ പ്രചാരം നേടി. ദേശീയതയും നോവലും തമ്മിലുള്ള ബന്ധം മുൻനിർത്തി ലിബറൽ-മാർക്‌സിസ്റ്റ്, കീഴാള, സ്ത്രീവാദ അക്കാദമിക നിരൂപകർ നടത്തിയ ഇടപെടലുകൾ മലയാളത്തിൽ നോവൽവിമർശനത്തിൽ സൃഷ്ടിച്ച ദിശാവ്യതിയാനം ശ്രദ്ധേയമായി. സാംസ്‌കാരികപഠനങ്ങൾ (രൗഹൗേൃമഹ േൗറശല)െ എന്ന് പൊതുവെ അറിയപ്പെടുന്ന ഈ നോവൽവായനകളിൽ ഏറ്റവും മൗലികമായ ഇടപെടൽ നടത്തിയ നിരൂപകരിലൊരാളാണ് ഇ.വി. രാമകൃഷ്ണൻ. മലയാളത്തിലെന്നതിനെക്കാൾ ഇംഗ്ലീഷിലും മലയാളത്തെക്കുറിച്ചെന്നതിനെക്കാൾ ഇന്ത്യൻ സാഹിത്യത്തെക്കുറിച്ചും എഴുതിയ ഇദ്ദേഹത്തിന്റെ അഞ്ചാമത്തെ മലയാളവിമർശനഗ്രന്ഥമാണ് ഈ പഠനസമാഹാരം. മുഖ്യമായും മൂന്നു തലങ്ങളെ കേന്ദ്രീകരിച്ച് (ദേശം-ദേശീയത-ദേശരാഷ്ട്രം; പൊതുമണ്ഡലം-മതേതരത്വം-ജനാധിപത്യം; ഭാഷ-ആഖ്യാനം-ആധുനികത) കൊളോണിയൽ ആധുനികതയുടെ സാംസ്‌കാരിക വ്യവഹാരങ്ങളിലൊന്നായി രൂപംകൊണ്ട നോവലിന് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികം കാലം മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലുമുണ്ടായ ചില ഭാവുകത്വവ്യതിയാനങ്ങൾ വിശദീകരിക്കുകയാണ് രാമകൃഷ്ണൻ. 'അമിതമായ ലാവണ്യവൽക്കരണത്തിലൂടെ തമസ്‌കരിക്കപ്പെട്ട സാമൂഹ്യാനുഭവങ്ങളെ വീണ്ടെടുക്കുന്ന നോവൽപഠനങ്ങൾ' എന്നദ്ദേഹം തന്റെ ശ്രമങ്ങളെ നിർവ്വചിക്കുകയും ചെയ്യുന്നു.
'ഭൂമിക'യിൽ തന്റെ വിമർശന സമീപനങ്ങൾ രാമകൃഷ്ണൻ അടയാളപ്പെടുത്തുന്നതിങ്ങനെയാണ്: പാശ്ചാത്യ നോവൽപഠനങ്ങൾ മുൻനിർത്തി ഇന്ത്യൻ, മലയാള നോവലുകൾ വിശകലനം ചെയ്യുന്ന പാരമ്പര്യത്തിന് വലിയ വിച്ഛേദം വന്നുകഴിഞ്ഞിരിക്കുന്നു. മലയാള നോവലുകളെ പഠിക്കുമ്പോൾ ഇതര ഇന്ത്യൻ ഭാഷകളിലെ നോവലുകളെയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമാനവും സമാന്തരവുമായ നിരവധി രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലങ്ങൾ മിക്ക ഇന്ത്യൻ ഭാഷാനോവലുകളുടെയും ചരിത്രജീവിതത്തിൽ പ്രസക്തമാണ്. മധ്യവർഗ സാഹിത്യമെന്ന യൂറോപ്യൻ മാർക്‌സിസ്റ്റ് പരികല്പന മുൻനിർത്തി മലയാളത്തിൽ നോവലിനെ വായിച്ചതും റിയലിസത്തിന്റെ കലയാണ് നോവലെന്ന അക്കാദമിക നിലപാട് സ്വീകരിച്ചതും നമ്മുടെ നോവൽ വിമർശനത്തെ പല നിലകളിൽ പരിമിതപ്പെടുത്തി. നോവലിനാകട്ടെ റിയലിസം രചനാപരമായി വലിയൊരു കൂച്ചുവിലങ്ങായിത്തീരുകയും ചെയ്തു. ജനജീവിതബന്ധങ്ങൾ ഉരുവം കൊള്ളുന്ന ദേശവും ഭരണകൂട പ്രത്യയശാസ്ത്ര നിർമ്മിതിയായ രാഷ്ട്രവും തമ്മിലുള്ള ഉദ്‌ഗ്രഥനാത്മകമായ ബന്ധം നിലനിന്ന കാലമാണ് നോവലിനു രൂപം കൊടുത്തതെങ്കിലും ഇവ തമ്മിലുള്ള ബന്ധം അപോദ്‌ഗ്രഥനത്തിനു വിധേയമാകുന്ന കാലമാണ് കൊളോണിയൽ, ദേശീയ ആധുനികതകൾക്കുശേഷമുള്ളത്. ഈ രണ്ടു സന്ദർഭങ്ങളെയും നോവൽപാഠങ്ങളിൽനിന്നു വായിച്ചറിയാനുള്ള ശ്രമമാണ് ഈ പുസ്തകം. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. പ്രത്യയശാസ്ത്രം, പ്രതിനിധാനം, പ്രതിരോധം. ഈ വിഭജനത്തിന്റെ യുക്തി രാമകൃഷ്ണൻ ഇങ്ങനെ വിശദീകരിക്കുന്നു: 'മൂന്നു ഭാഗങ്ങളിലായി മലയാളനോവലുകളുടെ മാറിവരുന്ന ദേശകാലസങ്കല്പനങ്ങൾ വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ അപഗ്രഥിക്കപ്പെടുന്നു. ഒന്നാം ഭാഗത്തിൽ നോവൽരൂപത്തിന്റെ പ്രത്യയശാസ്ത്രപരമായ മധ്യസ്ഥം യാഥാർഥ്യത്തെ കണ്ടെത്താനുള്ള, അതിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ആധികാരികതയെ വിമർശനാത്മകമായി വിലയിരുത്താനുള്ള പുതിയൊരു വ്യവഹാരമെങ്ങനെ നിർമ്മിച്ചു എന്നാണ് അന്വേഷിക്കുന്നത്. മലയാളനോവലുകളെപ്പറ്റിയുള്ള ചർച്ചയിൽ സന്ദർഭാനുസരണം ബംഗാളി, കന്നഡ, ഹിന്ദി, ഗുജറാത്തി മുതലായ ഭാഷകളിലെ നോവലുകളും കടന്നുവരുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ജാതി, വർഗം, സ്‌ത്രൈണസ്വത്വം, പ്രാദേശികത മുതലായ സംവർഗങ്ങളെ നോവൽരൂപമെങ്ങനെ സ്വാംശീകരിക്കുന്നുവെന്ന പ്രമേയം അന്വേഷണവിധേയമാക്കുന്നു. പ്രതിനിധാനത്തിലെ പലതരം പ്രതിമാനങ്ങൾ ഇവിടെ വെളിപ്പെടുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകൾ നോവൽസ്വരൂപത്തിന്റെ പ്രതിനിധാനനീതിയെ പ്രശ്‌നവത്കരിക്കുന്നു. കഥനത്തിന്റെ സാങ്കേതികതയ്ക്കപ്പുറമുള്ള സൂചിതങ്ങളുടെ കെട്ടുറപ്പുള്ള ലോകം ഇവിടെ വിഘടിതമാവുന്നു. ഇതിനു ശേഷം വരുന്ന ആധുനികവും ആധുനികോത്തരവുമായ നോവലുകളിൽ അപരങ്ങളും അന്യങ്ങളും അനുഭവിക്കുന്ന ഭാഷാനഷ്ടം പ്രമേയത്തിന്റെ പരിധിയിൽക്കവിഞ്ഞ് നോവൽശില്പത്തിന്റെതന്നെ ദൃഷ്ടിയെ സ്വാധീനിക്കുന്നു. നോവൽ വിയോജിപ്പുകളുടെ വാങ്മയങ്ങളിലൂടെ പ്രതിരോധത്തിന്റെ അനുഭവസ്ഥലമാവുന്നു. നോവൽ ഒരിക്കൽക്കൂടി നിർവചനങ്ങളെ അസ്ഥിരപ്പെടുത്തി, അധികാരത്തിന്റെ മേധാവിത്വരൂപങ്ങളോട് കലഹിക്കുന്നു'.
നാലുലേഖനങ്ങളാണ് 'പ്രത്യയശാസ്ത്രം' എന്ന ഒന്നാം ഭാഗത്തുള്ളത്. 'ദേശം, രാഷ്ട്രം, നോവൽ' എന്ന രചന, ഈ പുസ്തകത്തിന്റെ വിമർശനരീതിശാസ്ത്രമവതരിപ്പിക്കുന്നു; പ്രത്യയശാസ്ത്രവും. നോവലിന്റെ രൂപം, ദേശം-ദേശീയത-ദേശരാഷ്ട്രം എന്നീ പരികല്പനകൾ, ആൻഡേഴ്‌സൺ മുതൽ ഐജാസ് അഹമ്മദ് വരെയുള്ളവരുടെ ദേശീയതാചർച്ച, ദേശവും നോവലും തമ്മിലുള്ള ബന്ധം, പൊതുമണ്ഡലമെന്ന സങ്കല്പനം, അതിന്റെ ഇന്ത്യൻ, കേരളീയ സന്ദർഭങ്ങൾ, ദേശീയതാബോധനിർമ്മിതിയിൽ ബങ്കിംചന്ദ്രനും മറ്റും പിന്തുടർന്ന മതാത്മകത, ഹിന്ദുദേശീയതയും ഇസ്ലാമിന്റെ അപരവൽക്കരണവും, ലൂക്കാച്ച് - ബൻയമിൻ-ബക്തിൻ തുടങ്ങിയവരുടെ നോവൽതത്വങ്ങൾ എന്നീ വിഷയങ്ങളിലാണ് രാമകൃഷ്ണന്റെ ചർച്ച ഊന്നുന്നത്. രണ്ടു നിലപാടുകളാണ് ഈ സമീപനത്തെ മൗലികവും പ്രസക്തവുമാക്കുന്നത്. ഒന്ന്, ദേശീയതയും നോവലും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രാത്മകമെന്നപോലെ ആഖ്യാനാത്മകവുമായ സൂക്ഷ്മ വിശകലനം. രണ്ട്, ഇന്ത്യൻ നോവൽ എന്ന കാഴ്ചപ്പാടിന്റെ പിന്തുടരൽ. ഇന്ത്യൻ ഭാഷകൾ പലതിലും (ബംഗാളി, മറാത്തി, ഗുജറാത്തി, ഹിന്ദി, കന്നട, തമിഴ്, തെലുഗു....) നോവൽ രൂപം കൊണ്ടുവളർന്നതിന്റെ സമാനവും സമാന്തരവുമായ രാഷ്ട്രീയസ്വഭാവങ്ങൾ വിശകലനം ചെയ്തുകൊണ്ടുമാത്രമേ ഇത്തരമൊരു പഠനം നടത്താനാവൂ എന്നു തിരിച്ചറിയുന്നു, രാമകൃഷ്ണൻ. എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും കവിതയിൽ ഈയൊരു കാഴ്ചപ്പാട് മുൻപു സ്വീകരിച്ചുകണ്ടിട്ടുണ്ടെങ്കിലും നോവലിൽ ഇതാദ്യമായാണ് ഒരു മലയാളി നിരൂപകൻ ഇത്തരമൊരു സമീപനം കൈക്കൊള്ളുന്നത്. മീനാക്ഷി മുഖർജിയാണെന്നു തോന്നുന്നു ഇക്കാര്യത്തിൽ രാമകൃഷ്ണനു മാർഗദർശി. അതേസമയംതന്നെ കൊളോണിയൽ സമ്പദ്ഘടനയെയും സാമൂഹ്യഘടനയെയും കുറിച്ചുള്ള ഇ.എം.എസിന്റെ നിരീക്ഷണം സ്വീകരിക്കുന്നതിലെ അയുക്തി ചൂണ്ടിക്കാണിക്കാതെയും വയ്യ.
പൊതുമണ്ഡലം, സംവാദാത്മക ഗദ്യം, നവോത്ഥാന മൂല്യങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള മൂന്നു രചനകളാണ് തുടർന്നു വരുന്നത്. യഥാക്രമം, 'ഇന്ദുലേഖ പുറകോട്ടു വായിക്കുമ്പോൾ', 'കുന്ദലത: തൃഷ്ണയുടെ പാഠങ്ങൾ', 'മലയാള ദലിത് നോവൽ പത്തൊൻപതാം നൂറ്റാണ്ടിൽ' എന്നിവ.
ഇന്ദുലേഖയെ സവർണ ദേശീയതയുടെ സാംസ്‌കാരികപാഠമായി വായിക്കുന്നു, രാമകൃഷ്ണൻ. 'പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ നോവലും നാടകങ്ങളും നിരൂപണങ്ങളും കവിതകളുമെഴുതിയ അന്യഭാഷകളിലെ ഇന്ത്യനെഴുത്തുകാരെപ്പോലെ ചന്തുമേനോനും അധിനിവേശത്തിന്റെ അനുഭവത്തിലെ സങ്കീർണതകളെ ഉൾക്കൊണ്ട ബുദ്ധിജീവിയാണ്. ഭാരതേന്ദു ഹരിശ്ചന്ദ്ര (1850-1885), പണ്ഡിറ്റ് ബദരീനാരായൺ പ്രേംഘൻ (1855-1921) എന്നീ ഹിന്ദി എഴുത്തുകാരുടെയും നർമദ ശങ്കർ (1833-1886), ദൽപത് റാം ദഹ്യാഭായ് (1820-1898), ഗോവർധൻ ത്രിപാഠി (1855-1907) എന്നീ ഗുജറാത്തി എഴുത്തുകാരുടെയും രചനകൾ പരിശോധിച്ചാൽ കൊളോണിയൽ ഭരണത്തിന്റെ നല്ല വശങ്ങളെ അംഗീകരിക്കാനും ഇംഗ്ലീഷ് ഭാഷയിലൂടെ പകർന്നുകിട്ടുന്ന അറിവുകളെ സ്വാംശീകരിച്ച് പുതിയൊരു ഇന്ത്യൻ സ്വത്വത്തെ നിർമ്മിക്കാനും ഇവർ സന്നദ്ധത പ്രകടിപ്പിച്ചതായി മനസ്സിലാവും'.
'ഒരു സങ്കല്പരാഷ്ട്രത്തിന്റെ പൗരത്വത്തിൽ നിന്നുകൊണ്ട് സമകാലീനസമൂഹത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ചന്തുമേനോൻ പായിക്കുന്ന ദൃഷ്ടിയാണ് ഇന്ദുലേഖയെ സമൂഹത്തിന്റെ ചലനാത്മകതയെക്കുറിച്ചുള്ള ചരിത്രരേഖയാക്കി മാറ്റുന്നത്'.
വിദ്യാഭ്യാസം, വിവാഹം, കുടുംബഘടന എന്നിവയിലെ പാരമ്പര്യവാദങ്ങളെയും ആധുനികീകരണവാദങ്ങളെയും സമന്വയിപ്പിക്കുന്ന ചന്തുമേനോന്റ നിലപാടുകളിൽനിന്നാണ് രാമകൃഷ്ണൻ തന്റെ വായന രൂപപ്പെടുത്തുന്നത്. സംസ്‌കൃതം, ദേശ്യഭാഷ, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷാക്രമങ്ങളെ ഭൂത, വർത്തമാന, ഭാവികളുടെ ഭാഷണരൂപകമായി സങ്കല്പിക്കുന്നു, വിമർശനം. ഇന്ദുലേഖയുടെ പശ്ചാത്തലത്തിൽ മീനാക്ഷി മുഖർജി പിന്തുടർന്ന ഇന്ത്യൻ റിയലിസ്റ്റിക് നോവൽവായനയുടെ രീതിയാണ് രാമകൃഷ്ണൻ ഇവിടെ ഏറ്റെടുക്കുന്നത്.
അപ്പു നെടുങ്ങാടിയുടെ കുന്ദലതയെ ഹിസ്റ്റോറിക്കൽ റൊമാൻസ് എന്ന നിലയിൽ ദുർഗേശനന്ദിനിയുൾപ്പെടെയുള്ള രചനകളോടു താരതമ്യം ചെയ്തു പഠിക്കുന്ന ലേഖനം, ബംഗാളി, തമിഴ്, ഗുജറാത്തി, മറാത്തി, കന്നട നോവലുകളുടെ പൊതുസന്ദർഭം മുൻനിർത്തി കൊളോണിയൽ ആധുനികത നിർമ്മിച്ച ചരിത്രത്തിന്റെ ഭൗതികതയിൽ ശ്രദ്ധയൂന്നുന്നു. മധ്യകാലഭാരതത്തിന്റെ മിത്തിക്കലല്ലാത്ത പുനഃസൃഷ്ടി കുന്ദലതയിൽ കണ്ടെത്തുന്ന സമീപനം, പ്രണയത്തെ ആധുനിക തൃഷ്ണാവ്യവസ്ഥയോടു ചേർത്തുവായിക്കുന്ന രീതി, ജോർജ് ഇരുമ്പയത്തെപ്പോലുള്ളവരുടെ വായനകളെ നിരാകരിക്കുന്ന യുക്തി തുടങ്ങിയവ ഈ പഠനത്തെ ശ്രദ്ധേയമാക്കുന്നു.
'അപ്പു നെടുങ്ങാടിയെപ്പോലുള്ള ഇന്ത്യൻ എഴുത്തുകാർ ആകൃഷ്ടരാകുന്നത് പാശ്ചാത്യനവോത്ഥാനമൂല്യങ്ങളെ സ്വാംശീകരിച്ച, വ്യക്തികേന്ദ്രിതമായ അവകാശങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന പുതിയൊരു ഭാവനയുടെ മാതൃകയിലാണ്. അത് അവരിൽ പ്രവർത്തിച്ചത് അഭിലാഷങ്ങളുടെ, തൃഷ്ണകളുടെ പരമ്പരകളുത്പാദിപ്പിച്ചുകൊണ്ടാണ്. അപ്പു നെടുങ്ങാടി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയൊരു വിദ്യാലയവും, ആധുനികരീതിയിലുള്ള പണമിടപാടുകൾക്കു വേണ്ടിയൊരു ബാങ്കും, പൊതുജനങ്ങളെ ഉദ്ബുദ്ധരാക്കാൻ കേരളപത്രിക, കേരളസഞ്ചാരി മുതലായ പ്രസിദ്ധീകരണങ്ങളും, പാൽവിതരണത്തിനായി ക്ഷീരവ്യവസായക്കമ്പനിയും സ്ഥാപിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കു സമാന്തരമായാണ് അദ്ദേഹത്തിന്റെ കുന്ദലത എന്ന നോവൽ വരുന്നത്. ഈ സ്ഥാപനങ്ങൾക്കു പൊതുവായുള്ള സാമൂഹിക രാഷ്ട്രീയ അന്തർഘടനതന്നെയാണ് കുന്ദലതയുടെ ആവിർഭാത്തിനും കാരണമായത്. നഗരസഭാധ്യക്ഷനും വക്കീലും വ്യവസായിയും വിദ്യാഭ്യാസപ്രവർത്തകനും പ്രസാധകനും ആയിരുന്ന നെടുങ്ങാടി ഒരേസമയം അധിനിവേശത്തിന്റെ യുക്തികളെ പിൻപറ്റുകയും പ്രതിരോധിക്കുകയുമാണ് ചെയ്തത്. '.
ഘാതകവധം, സരസ്വതീവിജയം, സുകുമാരി എന്നീ നോവലുകൾ മുൻനിർത്തി പത്തൊൻപതാം നൂറ്റാണ്ടിലെ മലയാള ദളിത് നോവലുകളെ പഠിക്കുന്ന ലേഖനം, ഈ വിഷയത്തിൽ മുൻപുണ്ടായ ശ്രദ്ധേയമായ ഒരു പഠനത്തെ (ദിലീപ്‌മേനോൻ) പല നിലകളിൽ മറികടക്കുന്നു. ദലിത് നോവലുകൾ വളർത്തിയെടുത്ത കീഴാള ദേശീയതയുടെ പ്രത്യയശാസ്ത്രം അടിമയുടെ ആത്മാവബോധത്തെ മാത്രമല്ല കേന്ദ്രമാക്കുന്നത്. ദേശാന്തരസഞ്ചാരങ്ങൾ, മനഃപരിവർത്തനങ്ങൾ, ജാതിവിമർശനം, മതാദേശം, പെണ്മയുടെ കർതൃരൂപീകരണം, ആഖ്യാനത്തിലെ സംവാദാത്മകത എന്നിങ്ങനെ നിരവധി ഘടകങ്ങൾ കൂടിച്ചേർന്നാണ് 'പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസ'(ഈ വാക്ക് രാമകൃഷ്ണൻ ഉപയോഗിക്കുന്നില്ല)ത്തെ മുൻനിർത്തിയുള്ള ഒരു കീഴാള ദേശീയതക്കു രൂപം കൊടുക്കുന്നത്. ആഖ്യാനത്തിലും മൂല്യതലത്തിലും മറ്റും അമേരിക്കൻ, യൂറോപ്യൻ നോവലുകളുമായി പാഠാന്തരബന്ധം നിർമ്മിച്ചെടുക്കുന്നവയാണ് ഈ കൃതികൾ.
'പ്രതിനിധാനം' എന്ന രണ്ടാം ഭാഗത്ത് അഞ്ചു രചനകളുണ്ട്. ബഷീറിനെക്കുറിച്ചുള്ള ഒന്നൊഴികെ എല്ലാം മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ നോവലുകളെക്കുറിച്ചുള്ള പൊതുചർച്ചകളാണ്. അതിൽ ഒരെണ്ണമാകട്ടെ, പൂർണമായും ഒരു ഹിന്ദിനോവലിനെക്കുറിച്ചുമാണ്.
യു.ആർ. അനന്തമൂർത്തിയുടെ 'ഭാരതീപുരം' എന്ന നോവലിലെ (കന്നട) ജാതിധ്വംസനത്തിന്റെ വിശകലനമാണ് ആദ്യലേഖനം. ജന്മിപുത്രനും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവനുമായ ജഗന്നാഥൻ പുലയരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ വ്യർഥത. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷത്തിൽ കീഴാളർക്കു സംഭവിക്കുന്ന പരാജയം. ഇതാകട്ടെ, റിയലിസ്റ്റിക് നോവൽ രൂപത്തിന്റെ കൂടി പരിമിതിയാകുന്നുവെന്ന് രാമകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു. 'കൊളോണിയൽ ആധുനികത എന്നും പ്രബലജാതികളുടെയും ഭരണവർഗങ്ങളുടെയും ഇച്ഛാശക്തിക്കു വഴങ്ങിക്കൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൽ ഇടപെട്ടിട്ടുള്ളത്. യഥാതഥനോവൽ ഇത്തരമൊരു ആധുനികതയുടെ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ സമൂഹത്തിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്കുവേണ്ടി വാദിക്കുമ്പോൾത്തന്നെ അതിന്റെ ശ്രേണീബദ്ധവും സാമ്പ്രദായികവുമായ ഭൂതകാലബാധ്യതകളെ മറികടക്കാൻ യഥാതഥനോവലിനു കഴിയുന്നില്ല'. ഡി.ആർ. നാഗരാജ്, ആന്ദ്രെ ബതായി തുടങ്ങിയവരെ ഉദ്ധരിച്ച് കീഴാളതയുടെ സാമൂഹ്യശാസ്ത്രം വിശദീകരിക്കുന്ന രാമകൃഷ്ണൻ കേശവദേവിന്റെ 'അയൽക്കാരും' ഇതേ പരാജയം ഏറ്റുവാങ്ങുന്നുവെന്നു സ്ഥാപിക്കുന്നു.
ദേശീയതയും സ്‌ത്രൈണ വ്യവഹാരങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണതകളും പരിമിതികളും അഗ്നിസാക്ഷി, ഫണിയമ്മ (കന്നട), സത്പഗലാനാ ആകാശമാ (ഗുജറാത്തി) എന്നീ നോവലുകൾ മുൻനിർത്തി വിശകലനം ചെയ്യുന്നു അടുത്ത ലേഖനം. 'പുരോഗമനസാഹിത്യത്തിനും ആധുനികസാഹിത്യത്തിനും സ്‌ത്രൈണാനുഭവത്തിന്റെ ഗുണപരമായ സവിശേഷതകളെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇതിനു പ്രധാന കാരണം അധികാരബന്ധങ്ങളെപ്പറ്റി ഈ പ്രസ്ഥാനങ്ങൾക്കുള്ള കാഴ്ചപ്പാടാണ്. പുരുഷകേന്ദ്രിതമായ സാമൂഹികസ്ഥാപനങ്ങളെ തുറന്നു ചോദ്യം ചെയ്യാൻ കഴിയുന്ന സാഹിത്യവ്യവഹാരങ്ങൾ നിർമ്മിക്കുവാനോ നിലവിലുള്ള സ്ത്രീപക്ഷ ചിന്താഗതികൾക്ക് ആക്കംകൂട്ടുവാനോ ഇവർക്കു കഴിഞ്ഞില്ല. ദേശീയതയുടെ വ്യവഹാരം മധ്യവർഗസമൂഹത്തിന്റെ മേൽ സ്വാധീനമുറപ്പിച്ചതോടെ വനിതാവിമോചനത്തിന്റെ പ്രശ്‌നങ്ങൾ പൊതുമണ്ഡലത്തിൽനിന്ന് അപ്രത്യക്ഷമായി. പത്തൊൻപതാം നൂറ്റാണ്ടിലെ വനിതാവിമോചനസ്വപ്നങ്ങൾ ജ്ഞാനോദയകാലത്തെ യൂറോകേന്ദ്രിതമായ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായിരുന്നു. സമത്വം, വ്യക്തിസ്വാതന്ത്ര്യം, യുക്തിചിന്ത മുതലായ ചിന്തകളുടെ പ്രകോപനപരമായ ചലനാത്മകത്വത്തിനു കടിഞ്ഞാണിടുന്നതായിരുന്നു ഇന്ത്യൻ പാരമ്പര്യത്തിൽനിന്ന് പ്രേരണ തേടിയ, ഭൂതകാലത്തെ മഹത്വവത്കരിച്ച ദേശീയതയുടെ ബൃഹദ്‌വ്യവഹാരങ്ങൾ. പല എഴുത്തുകാരികളും ഈ രണ്ടു ശക്തികളുടെ പരസ്പരവിരുദ്ധമായ ആശയലോകങ്ങൾക്കിടയിൽപ്പെട്ട് സ്വയം തീരുമാനമെടുക്കാനാവാതെ വലയുകയുണ്ടായി. ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെയും ഇന്ത്യൻ ദേശീയവാദികളുടെയും വിരുദ്ധധ്രുവങ്ങളിൽപ്പെട്ട് സ്ത്രീകൾ സ്വന്തം തിരഞ്ഞെടുപ്പുകളിൽനിന്ന് പിന്തിരിഞ്ഞു. പുരുഷമേധാവിത്വത്തിനെതിരേയുള്ള സമരങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ ദൗർബല്യങ്ങളെ തുറന്നുകാട്ടുമെന്നും അതുകൊളോണിയൽ ശക്തികൾക്കെതിരെയുള്ള സമരങ്ങളെ ദുർബലപ്പെടുത്തുമെന്നുമുള്ള ആശങ്കകളുണ്ടായി. പുരോഗമനം, സ്ത്രീവിമോചനം മുതലായ ആശയങ്ങളെക്കാൾ പ്രാധാന്യം ദേശീയസ്വാതന്ത്ര്യത്തിനാണെന്ന ചിന്താഗതിക്കായിരുന്നു'. ജന്മിത്തവും ബ്രാഹ്മണ പൗരോഹിത്യവും ചേർന്ന് സ്ത്രീയുടെ ലൈംഗികതയെയും ഇതര സ്വത്വങ്ങളെയും ചങ്ങലക്കിട്ട കഥ പറയുന്നു, രാമകൃഷ്ണൻ.
റാഹിമസും റാസയുടെ 'ആധാഗാവ്' എന്ന ഹിന്ദിനോവലിൽ, ഷിയാ-സുന്നി മുസ്ലിങ്ങൾ തമ്മിലുള്ള സംഘർഷം ഗംഗൗലിയെന്ന ദേശത്ത് പ്രാദേശികതയെയും കീഴാളതയെയും ഉച്ചാടനം ചെയ്ത് ദേശീയതയെയും സവർണതയെയും സ്ഥാപിച്ചെടുത്ത കഥ പറയുന്നു. 'മുഹറം' എന്ന ആഘോഷത്തിനു സംഭവിച്ച മാറ്റങ്ങളാണ് നോവലിന്റെ കേന്ദ്രപ്രമേയം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇന്ത്യാവിഭജനവും ദേശീയതയുടെ പ്രതിസന്ധിയും വരെയെത്തിനിൽക്കുന്ന നോവൽ ഭൂപടമാണ് റാഹിമസും റാസ വരച്ചിടുന്നത്.
എം ടി.യുടെ 'കാലം', ഭാലചന്ദ്രനിമാഡെയുടെ 'കോസ്‌ല' (മറാത്തി) എന്നീ നോവലുകൾ മുൻനിർത്തി പ്രാദേശികതയുടെയും വംശീയതയുടെയും സ്വത്വാവിഷ്‌കാരങ്ങൾ ചർച്ചചെയ്യുന്നു, അടുത്ത ലേഖനം. ഇന്ത്യൻ ആഖ്യാനപാരമ്പര്യവും യൂറോപ്യൻ നോവൽ പാരമ്പര്യവും തമ്മിലുള്ള വൈരുധ്യങ്ങൾ, സംസ്‌കൃത-ഇംഗ്ലീഷ് സംസ്‌കാരസങ്കരങ്ങൾ എന്നിവ വിശകലനം ചെയ്തുകൊണ്ട് ദേശീയതയെ സംവാദാത്മകമായി അഭിസംബോധന ചെയ്യുന്നതിൽ കാലം' പരാജയപ്പെടുന്നതെങ്ങനെയെന്ന് രാമകൃഷ്ണൻ വിശദീകരിക്കുന്നു. 'പ്രാദേശികസംസ്‌കാരത്തിന്റെ ചിഹ്നവ്യവസ്ഥയെ രണ്ടുരീതിയിൽ ഉപയോഗിക്കാം. മാറുന്ന ലോകത്തിന്റെ മൂല്യങ്ങളെ അതെങ്ങനെ ഉൾക്കൊള്ളുന്നുവെന്ന് അന്വേഷിച്ചുകൊണ്ട് അതിന്റെ നൈരന്തര്യത്തിലൂടെ ക്രിയാത്മകമായൊരു പ്രത്യയശാസ്ത്രം അതിൽനിന്നു വേർതിരിച്ചെടുക്കാം. തന്റെ ഗ്രാമത്തിലെ ജനങ്ങൾ മൃഗതുല്യരായാണ് ജീവിക്കുന്നതെന്നു നിമാഡേ ഒരിടത്തു പറയുന്നുണ്ട്. അവരുടെ ജീവിതത്തിലെ വൈവിധ്യങ്ങളെയും വിവശതകളകളെയും അടുത്തുനിന്നു നോക്കാനുള്ള ശ്രമം കോസ്‌ലയുടെ അന്ത്യഭാഗത്തുണ്ട്. കാലം സേതുവിന്റെ അടഞ്ഞ മനസ്സിലേക്ക് ഒതുങ്ങിക്കൂടുന്നു. ഇവിടെ പ്രാദേശികസംസ്‌കാരമെന്നത് അതിന്റെ ചരിത്രസന്ദർഭത്തിൽ അപഗ്രഥിക്കപ്പെടുന്നില്ല. തന്റെ സാമാന്യബോധം താൻ വളർന്ന ചുറ്റുപാടുകളുടെ, താനിടപെട്ട മനുഷ്യരുടെ ലോകവീക്ഷണമാണെന്നറിയാൻ അതിനു പുറത്തൊരു സ്ഥലത്തുനിന്ന് അകത്തേക്കു നോക്കേണ്ടതുണ്ട്. സേതു ഗ്രാമത്തിൽനിന്നു പുറത്തുപോകുന്നുണ്ടെങ്കിലും തന്റെ കർത്തൃത്വം രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രങ്ങളിൽനിന്നു പുറത്തുപോകുന്നില്ല. സേതുവിന്റെ അന്യവത്കരണം തന്റെ സ്വത്വങ്ങളെ അടയാളപ്പെടുത്തുന്ന ആശയലോകങ്ങളെ തിരിച്ചറിയാനുള്ള വൈമുഖ്യംതന്നെയാണ്. ഇത്തരം ആത്മവിമർശനത്തിന്റെ അഭാവത്തിൽ പ്രാദേശികതയും ദേശീയതയും തമ്മിൽ, സ്വകാര്യലോകവും പൊതുലോകവും തമ്മിൽ, ജീവചരിത്രവും ദേശീയചരിത്രവും തമ്മിൽ നടക്കേണ്ടുന്ന സംവാദം ആഖ്യാനതലത്തിൽ കാലത്തിൽ സംഭവിക്കുന്നില്ല'.
രണ്ടാം ഭാഗത്തെ അവസാന ലേഖനം ബഷീറിനെക്കുറിച്ചാണ്. പ്രശ്‌നവൽകൃതമായ പ്രതിനിധാനത്തിന്റെ മലയാളത്തിലെ എക്കാലത്തെയും പ്രസിദ്ധമായ മാതൃകയാകുന്നു, ബഷീർകൃതികളിലെ മുസ്ലിം. മലയാളനോവൽ ആധുനികതയിലേക്കു പരിണമിക്കുന്നതിന്റെ ആദ്യ അടയാളങ്ങൾ ബഷീറിലാണുള്ളതെന്നു സൂചിപ്പിച്ചുകൊണ്ട്, 'പുരോഗമന'നാട്യങ്ങളെയും റിയലിസത്തെയും അദ്ദേഹം മറികടന്നതെങ്ങനെയെന്ന് രാമകൃഷ്ണൻ വിശദീകരിക്കുന്നു. ദേശീയതയുടെ ഹിംസാത്മകതക്കെതിരെ ബഷീറിന്റെ പ്രധാന നോവലുകളും നീണ്ടകഥകളും ശബ്ദിച്ചതെങ്ങനെയെന്ന് സ്ഥലഭാവന, പൗരഭാവന, ഭാഷ/ഭാഷണം എന്നീ മൂന്നു ഘടകങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുകയാണ് നിരൂപകൻ. യുദ്ധവും പ്രണയവും സ്വാതന്ത്ര്യവും പൂന്തോട്ടവുമൊക്കെ അതിന്റെ സാംസ്‌കാരിക മൂലധനങ്ങളായി മാറുന്നു. 'ദേശ-രാഷ്ട്രത്തിന്റെ ഓരങ്ങളിൽ ഒതുക്കപ്പെട്ട സമൂഹങ്ങളുടെ പ്രതിനിധാനം സാധ്യമാക്കാൻ അപരത്വത്തിന്റെ വിക്ഷുബ്ധമായ ഭയാവേഗങ്ങളിൽനിന്ന് ഭാഷാസമൂഹത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. മുഖ്യധാരാനോവലിന്റെ ഒത്തുതീർപ്പുകളെയും ദേശ-രാഷ്ട്ര വ്യവഹാരങ്ങളുടെ ഒഴിവാക്കലുകളെയും ഒരേസമയം പ്രശ്‌നവത്കരിച്ച ബഷീർ മലയാളനോവലിൽ ആത്മവിമർശനത്തിന്റെ പുതിയൊരു എതിർവ്യവഹാരം സാധ്യമാക്കി'.
'പ്രതിരോധം' എന്ന മൂന്നാം ഭാഗത്ത് അഞ്ചു പഠനലേഖനങ്ങളും ഒരു പിൻകുറിപ്പുമുണ്ട്. ദേശീയതയും ദേശരാഷ്ട്രവും ഭരണകൂടവുമൊക്കെ അധീശത്വപരവും അധിനിവേശപരവുമാകുമ്പോൾ അവയ്‌ക്കെതിരെ ഉയരുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയരൂപകങ്ങളെന്ന നിലയിൽ നോവലിനെ വായിക്കുന്നു, ഇവിടെ രാമകൃഷ്ണൻ. കോവിലനിലാണ് തുടക്കം. പട്ടാളക്കഥകളിൽ, ശ്രേണീബദ്ധമായ അധികാരഘടനയെ വിമർശിച്ച കോവിലൻ നോവലുകളിൽ ബഷീറിനെപ്പോലെ ദേശരാഷ്ട്രത്തെ ചരിത്രപരവും സങ്കല്പനപരവുമായി വിമർശിക്കുന്നു. 'ആധുനികത മാനകീകരിച്ച ദേശസ്വത്വങ്ങളിലഭിരമിച്ച' റിയലിസ്റ്റിക് നോവൽ ശൈലി മറികടന്നുകൊണ്ടാണ് ബഷീറും കോവിലനും ഈ നിലപാടെടുക്കുന്നത്. എ മൈനസ് ബി, ഭരതൻ, ഹിമാലയം, തോറ്റങ്ങൾ, തട്ടകം.... കോവിലൻ ദേശകാലങ്ങളെ പ്രതിരോധത്തിന്റെ രാഷ്ട്രീയമാക്കിയതിന്റെ കഥ പറയുന്നു, രാമകൃഷ്ണൻ.
മിഷനറി ദലിത് നോവലുകൾക്കുശേഷം മലയാളഭാവനയിൽ നൈതികതയുടെ രാഷ്ട്രീയമവതരിപ്പിച്ചത് ബഷീറായിരുന്നു. ആധുനികതയ്ക്കു ശേഷമാകട്ടെ, വി.കെ.എന്നും വിജയനും ആനന്ദുമാണ് നൈതികതയുടെ ഭാവനാരൂപങ്ങൾ രചിച്ചതെന്നു സ്ഥാപിക്കുന്നു, അടുത്ത ലേഖനം. ആരോഹണം, തലമുറകൾ, മരുഭൂമികൾ ഉണ്ടാകുന്നത്. വ്യാസനും വിഘ്‌നേശ്വരനും, ഗോവർധന്റെ യാത്രകൾ എന്നീ രചനകൾ ചർച്ചക്കെടുക്കുന്നു, ഈ പഠനം. ദേശീയത തമസ്‌കരിച്ച പലതരം ശബ്ദങ്ങളെ വീണ്ടെടുത്തും ഭരണകൂടത്തിന്റെ അധീശഘടനയെ അപനിർമ്മിച്ചും അന്തർപാഠപരതയിലൂടെ ആധുനികാനന്തരമായ ആഖ്യാനകലയവതരിപ്പിച്ചും സാമൂഹിക ശരീരങ്ങളെ സംവാദസ്ഥലങ്ങളാക്കി മാറ്റിയും ഇവർ നോവലിന്റെ സാധ്യതകൾ പുനർനിർവചിച്ചു.
റിയലിസ്റ്റിക് ഭാവന, ആധുനികതയുടെ വരേണ്യയുക്തിക്കു നോവൽരൂപം നൽകിയ ഭാഷയുപയോഗിച്ചുവെന്നും ഭാഷയുടെ 'അനാര്യത'യിലൂടെ ഈ പരിമിതി മറികടക്കുകയായിരുന്നു കോവിലനും ടി.ആറും ചെയ്തതെന്നും വിശദമാക്കുന്നു, 'ബഹിഷ്‌കൃതന്റെ ദേശഭാവന'. ഒപ്പം, അനന്തമൂർത്തിയുടെ സംസ്‌കാരയും ദേവന്നൂർ മഹാദേവ, മഹാശ്വേതാദേവി എന്നിവരുടെ നോവലുകളും വിശകലനം ചെയ്യുന്നു, രാമകൃഷ്ണൻ.
ഇന്ത്യൻ ദേശരാഷ്ട്രവ്യവസ്ഥക്കുള്ളിൽ വിവിധ വംശ, ദേശസ്വത്വങ്ങളനുഭവിക്കുന്ന ഏകീകരണ യുക്തിയുടെ വിമർശനം ചരിത്രാത്മകമായി വിവരിച്ചുകൊണ്ട്, പ്രാദേശിക സ്വത്വങ്ങൾ ദേശീയതയുടെ അധിനിവേശത്തെ പ്രതിരോധിക്കുന്നതിന്റെ മൂന്നു മലയാളനോവൽ മാതൃകകളവതരിപ്പിക്കുന്നു, അടുത്ത ലേഖനം. തീയൂർ രേഖകൾ, ജീവിതത്തിന്റെ പുസ്തകം, മനുഷ്യന് ഒരു ആമുഖം എന്നിവയാണ് ഈ കൃതികൾ. പ്രഭാകരന്റെ നോവൽ ഈയൊരു പ്രതിരോധരാഷ്ട്രീയമേറ്റെടുക്കുന്നുവെന്നതു വ്യക്തമാണെങ്കിലും മറ്റു നോവലുകളുടെ കാര്യത്തിൽ ഈയൊരു രാഷ്ട്രീയജാഗ്രതയും സൂക്ഷ്മതയുമാരോപിക്കുന്നത് അത്രമേൽ യുക്തിസഹമായി തോന്നുന്നില്ല.
സാറാജോസഫിന്റെ ആലാഹയും ഒതപ്പും പാഠമാതൃകകളാക്കി ആത്മീയതയുടെ അധികാരവും സ്ത്രീപക്ഷ ആഖ്യാനത്തിന്റെ വിമോചനസൗന്ദര്യശാസ്ത്രവും വിശദീകരിക്കുകയാണ് അവസാന ലേഖനം. വാമൊഴി, കീഴാളത, പ്രാദേശികത, സ്‌ത്രൈണത, ചരിത്രം, പുറമ്പോക്ക്, മതവിമർശനം എന്നീ ഏഴുതലങ്ങളിലും ആലാഹ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രവും പ്രതിനിധാനവും പ്രതിരോധവും രാമകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം, ചില ഘടകങ്ങളിലെങ്കിലും ഒതപ്പ് നേരിടുന്ന പരാജയങ്ങളും.
'ദിവ്യമായതെന്തും സമൂഹത്തിന് പൊതുവായതും കൂടിയാണ്. നിത്യജീവിതത്തിന്റെ തുടർച്ചകളായി ഉദാത്തവും വിധ്വംസകവുമായ ഭാവങ്ങളെ കണ്ടെടുക്കുന്ന ശില്പചാരുതയിൽ സാറാജോസഫിന്റെ കല ആഫ്രിക്കൻ അമേരിക്കൻ നോവലുകളെ ഓർമിപ്പിക്കുന്നു. അധികാരവ്യവഹാരങ്ങളെ വിചാരണ ചെയ്യുന്ന നിത്യാനുഭവജ്ഞാനത്തിൽ ആത്മീയതയുടെ സ്‌ഫോടനാത്മകമായ സ്ഫുരണങ്ങളുണ്ട്. സാറാജോസഫ് ഇത്തരമൊരു ദർശനത്തെ സാക്ഷാത്കരിക്കുന്നു. ആത്മവിമർശനത്തെ നോവൽശില്പത്തിൽ സന്നിവേശിപ്പിക്കുന്ന കല അധികാരധാർഷ്ട്യങ്ങളെ, ലിംഗ-ജാതി-വർഗ വിവേചനങ്ങളെ തുണയ്ക്കുന്ന ഭരണകൂടനീതികളെ പ്രശ്‌നവത്കരിക്കുന്നു. നിശിതമായ ഈ വിമർശനസ്വരം സാറാജോസഫിന്റെ നോവലുകളെ വ്യത്യസ്തമാക്കുന്നു'.
നോവലും ദേശീയതയും തമ്മിലുള്ള സങ്കല്പനപരവും രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ ബന്ധങ്ങൾ മുൻനിർത്തി നടത്തുന്ന ഒരു ഇന്ത്യൻ വായനയാണ് ഈ പുസ്തകം. നോവലിന്റെ രൂപം, ചരിത്രാത്മകത, സാമൂഹികത, പ്രത്യയശാസ്ത്രപരത, ഭാഷണകല തുടങ്ങിയവയൊക്കെ ദേശീയതയെന്ന ബൃഹദാഖ്യാനത്തിന്റെ നിർമ്മിതിയിലും അപനിർമ്മിതിയിലും വഹിച്ച പങ്കിന്റെ വിശകലനങ്ങളായി ഇവ മാറുന്നു. 'ദേശീയതയുടെ മനഃസാക്ഷി'യെന്ന നിലയിൽ ഉരുവംകൊണ്ട നോവൽ ദേശരാഷ്ട്രസങ്കല്പനത്തിന്റെ ശൈഥില്യങ്ങൾക്കു ദൃക്‌സാക്ഷിയാകുന്നതിന്റെ കൂടി അപഗ്രഥനമാകുന്നു, അതുവഴി ഈ പുസ്തകം.
മലയാളനോവലിന്റെ ദേശകാലങ്ങൾ
ഇ.വി. രാമകൃഷ്ണൻ
മാതൃഭൂമി ബുക്‌സ്
2017, വില: 230 രൂപ.