ധുനികതാവാദ(Modernism)ത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ ഏറ്റവും നിർണായകമായ പങ്കുവഹിച്ച സാക്ഷരപാഠമാതൃകയെന്ന നിലയിലാണ് സമാന്തര മാസികകൾ (Little Magazineþചെറുമാസികകൾ) ലോകമെങ്ങും അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഉടലെടുത്ത ഈ സങ്കല്പനം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടും മൂന്നും നാലും പതിറ്റാണ്ടുകളിലാണ് പാശ്ചാത്യസമൂഹങ്ങളിൽ പ്രസിദ്ധിയും പ്രസക്തിയും നേടിയത്. മുഖ്യധാരയിലുള്ളവയും വൻ സാമ്പത്തിക മുതൽമുടക്കും വിറ്റുവരവുമുള്ളവയും അറിയപ്പെടുന്ന എഴുത്തുകാർ വ്യാപരിക്കുന്നവയും പൊതുഭാവുകത്വം പിൻപറ്റുന്നവയുമായ ബഹുജനമാധ്യമങ്ങളിൽ നിന്നു ഭിന്നമായി പാർശ്വധാരകളിൽനിന്നു രൂപം കൊള്ളുന്ന, സാമ്പത്തികഭദ്രതയില്ലാത്ത, പുതിയ എഴുത്തുകാർ അണിനിരക്കുന്ന, വ്യവസ്ഥാപിത ഭാവുകത്വങ്ങളെ വെല്ലുവിളിക്കുന്ന, എണ്ണത്തിലും വണ്ണത്തിലും ചെറുതായ, ഒട്ടുമേ ജനപ്രിയമല്ലാത്ത പ്രസിദ്ധീകരണങ്ങളായിരുന്നു, ഇവ.

ആധുനികതയോടു സ്വീകരിച്ച വിമർശനാത്മക നിലപാടുമൂലം ഇവ ആധുനികതാവാദത്തിന്റെ പതാകവാഹകരായി അറിയപ്പെട്ടു. സാമ്പ്രദായിക സൗന്ദര്യശാസ്ത്രങ്ങളും കാവ്യശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇവയിൽ നിരന്തരം വിമർശിക്കപ്പെട്ടു. ആധുനികതയുടെ പൊതുബോധങ്ങൾക്കെതിരെ ഇവ പുതുബോധങ്ങളാവിഷ്‌ക്കരിച്ചു. ഒരു നവഭാവുകത്വത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം ഉരുവം കൊള്ളുകയായിരുന്നു, ഈ മാസികകളിൽ. സാഹിത്യം, കല, സിനിമ, രാഷ്ട്രീയം, മാധ്യമം എന്നിങ്ങനെ നിലനിന്ന സാംസ്‌കാരികമണ്ഡലങ്ങളിലെല്ലാം വലിയ പൊളിച്ചെഴുത്തുകൾ ഇവ സാധ്യമാക്കി. ജയിംസ് ജോയ്‌സിന്റെ യുലിസസും എലിയറ്റിന്റെ വേസ്റ്റ് ലാൻഡും ഉൾപ്പെടെയുള്ളവ പ്രസിദ്ധീകരിച്ചത് ചെറുമാസികകളായിരുന്നു. കവിതയും കഥയും നാടകവും നോവലും സിനിമയും ചിത്ര-ശില്പകലകളും മാത്രമല്ല, അവയുടെ സൗന്ദര്യരാഷ്ട്രീയം നിർണയിക്കുന്ന സാമൂഹ്യപ്രത്യയശാസ്ത്രങ്ങളും വ്യവസ്ഥകളും ഭരണകൂടസംവിധാനങ്ങളും അധീശവ്യവഹാരങ്ങളുമെല്ലാം ഈ മാസികകൾ വിമർശനത്തിനു വിധേയമാക്കി. അതുവഴിയാണ് ആധുനികതയുടെതന്നെ വിമർശനപദ്ധതി അവയിൽ രൂപം കൊള്ളുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലയാളമുൾപ്പെടെയുള്ള മിക്ക ഇന്ത്യൻ ഭാഷകളിലുമുണ്ടായി, സമാനവും സമാന്തരവുമായ ചെറുമാസികാപ്രവർത്തനങ്ങൾ. മാധ്യമം, രാഷ്ട്രീയം, സാഹിത്യം, കല എന്നീ നാലുവ്യവഹാരങ്ങളുടെ കേരളീയചരിത്രത്തിൽ നിലനിന്ന ബൃഹദ്തത്വങ്ങളെ പ്രതിരോധിച്ചുകൊണ്ടും അപനിർമ്മിച്ചുകൊണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നിലവിൽവന്ന സമാന്തര-ബദൽ ഇടപെടലുകളുടെ പാഠരൂപങ്ങളായിരുന്നു, ലിറ്റിൽ മാഗസിനുകൾ.

ഒരുവശത്ത്, നിലവിലിരുന്ന മാധ്യമങ്ങളുടെ ബഹുജനപര-കുത്തക-മുതലാളിത്ത ഉല്പാദനവിതരണ ഉള്ളടക്കഘടനകളോടു കലഹിച്ചും വിയോജിച്ചും രൂപം കൊണ്ടു, ഇവ. മറ്റൊരുവശത്ത്, മുഖ്യധാരാ-അധീശരാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളോടും ഭരണകൂടവ്യവസ്ഥകളോടും നേരിട്ടേറ്റുമുട്ടിയും ഒളിപ്പോരുനടത്തിയും നിലപാടുകളെടുത്തു, ഇവ. ഇനിയുമൊരുവശത്ത് അച്ചടിയാധുനികതയുടെ മുഖ്യധാരാ സാംസ്‌കാരികമണ്ഡലമായ സാഹിത്യത്തിന്റെ പൊതുഭാവുകത്വങ്ങളിൽനിന്നു വ്യതിചലിച്ചും വഴിമാറിനടന്നും പുതിയൊരു സാഹിതീയ ഭാവുകത്വമണ്ഡലത്തിനു വിത്തുപാകി, ഇവ. വേറൊരുവശത്ത്, ചിത്രകല മുതൽ സിനിമ വരെയുള്ള മണ്ഡലങ്ങളിൽ നിലനിന്ന കലാതത്വവിചാരങ്ങളെ പൊളിച്ചെഴുതി, പുതിയൊരു ഭാവമണ്ഡലത്തിനു രൂപം നൽകി. ഫലത്തിൽ, ഇവയിലെല്ലാംകൂടി, ആധുനികതയുടെ മൂല്യങ്ങളോടും സ്ഥാപനങ്ങളോടും പടവെട്ടിയും പൊരുതിയും പുതിയൊരു ചരിത്രസന്ദർഭത്തിനു കളമൊരുക്കുകയായിരുന്നു ലിറ്റിൽ മാഗസിനുകൾ.

മേല്പറഞ്ഞ നാലു സാംസ്‌കാരിക-രാഷ്ട്രീയ ധർമ്മങ്ങളുടെയും രൂപ, ഭാവതലങ്ങളെ ഏകീകരിച്ചുകൊണ്ട് സമാന്തരമാസികകൾ മലയാളത്തിൽ നിർമ്മിച്ച നവലോകത്തിന്റെ അഥവാ അങ്ങനെയൊരു നവലോകനിർമ്മിതിയിൽ അവ വഹിച്ച പങ്കിന്റെ വിശകലനം നടത്തുകയാണ് പ്രദീപ് പനങ്ങാടിന്റെ പുസ്തകം - 'മലയാള സമാന്തര മാസികാചരിത്രം'. 

നാലുഭാഗങ്ങളുണ്ട് ഈ സംസ്‌കാര/ചരിത്രഗ്രന്ഥത്തിന്. ഒന്നാം ഭാഗത്ത് മലയാളത്തിലെ സമാന്തര മാസികകളെക്കുറിച്ചുള്ള ഒരു പഠനം എന്ന നിലയിൽ ഈ പുസ്തകത്തിന് എം.കെ. സാനു എഴുതിയ അവതാരിക, ലിറ്റിൽ മാഗസിൻ സംസ്‌കാരത്തെക്കുറിച്ചുള്ള പി.പി. രവീന്ദ്രന്റെ ശ്രദ്ധേയമായ പഠനം, മലയാളത്തിലെ സമാന്തരമാസികകളുടെ അപഗ്രഥനത്തിനു മുന്നോടിയായി പ്രദീപ് തന്നെ എഴുതിയ ആമുഖപഠനം എന്നിവയാണുള്ളത്.

രണ്ടാം ഭാഗത്ത്, 1950-80 കാലത്ത് മലയാളത്തിലുണ്ടായ അനേകം സമാന്തര മാസികകളിൽ ഏറ്റവും ശ്രദ്ധേയമായ പത്തെണ്ണത്തിന്റെ പ്രസാധനചരിത്രവും ഉള്ളടക്കവും സാംസ്‌കാരിക രാഷ്ട്രീയവും വിശകലനം ചെയ്യുന്നു. ഈ ഭാഗമാണ് ഈ പുസ്തകത്തിന്റെ കാതൽ.

മൂന്നാം ഭാഗത്ത് ഈ പത്തെണ്ണമൊഴികെ മലയാളത്തിൽ പ്രസിദ്ധീകരിച്ച അൻപതോളം ലിറ്റിൽ മാഗസിനുകളെക്കുറിച്ചുള്ള കുറിപ്പുകളും മറ്റനവധി മാസികകളുടെ സൂചനയും.

നാലാം ഭാഗത്ത് സമാന്തര മാസികകൾ പുറത്തിറക്കിയതിനെക്കുറിച്ച് അവയിൽ ചിലതിന്റെ പ്രസാധകരോ പത്രാധിപരോ ആയി പ്രവർത്തിച്ച പത്തോളം പേർ എഴുതിയ അനുഭവ-ഓർമക്കുറിപ്പുകൾ.

നവോത്ഥാനാധുനികതയിൽ കേസരി ബാലകൃഷ്ണപിള്ള ചെലുത്തിയതിനു സമാനവും പലതലങ്ങളിലും അതിനെക്കാൾ വിപുലവും ആയിരുന്നു, ദേശീയാധുനികതയിൽ എം. ഗോവിന്ദൻ കേരളീയചിന്തയിൽ ചെലുത്തിയ സ്വാധീനം. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നും നാലും അഞ്ചും ദശകങ്ങൾക്ക് കേസരി നൽകിയ കേരളീയ ബൗദ്ധികനേതൃത്വം ആറും ഏഴും എട്ടും ദശകങ്ങൾക്ക് ഗോവിന്ദൻ നൽകി. ആധുനികതയുടെ വിമർശനത്തിൽ ഗോവിന്ദൻ നടത്തിയ വിചാരപരമായ ഇടപെടലുകളാണ് മലയാളത്തിലെ ആധുനികതാവാദമായി 1950-80 കാലത്ത് നിലവിൽ വന്നത്. തരളകാല്പനികതക്കും യാന്ത്രിക കമ്മ്യൂണിസത്തിനും വൈജ്ഞാനികവും രാഷ്ട്രീയവുമായ മുഴുവൻ പ്രതിലോമ സാംസ്‌കാരികതകൾക്കുമെതിരെ ഗോവിന്ദൻ ഉയർത്തിയ വിമർശനങ്ങളുടെ അനേകം മുഖങ്ങളിലൊന്ന് സമാന്തര മാസികകളായിരുന്നു. ഗോവിന്ദനോടു കലഹിച്ചപ്പോൾ മാത്രമാണ് കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ മുഴുവൻ യാഥാസ്ഥിതികതത്വശാസ്ത്രങ്ങളും പരമ്പരാഗതചിന്താപദ്ധതികളും വരട്ടുരാഷ്ട്രീയവാദങ്ങളും ജീർണ സാംസ്‌കാരികസംഘങ്ങളും തളർന്നുപോയത്. ഗോവിന്ദന്റെ ഒപ്പമോ എതിർപക്ഷത്തോ നിലയുറപ്പിച്ചവരാണ് അക്കാലത്തെ മുഴുവൻ കേരളീയ ബുദ്ധിജീവികളും. സ്വതന്ത്ര ചിന്തയുള്ളവർ ഗോവിന്ദനൊപ്പവും അടിമമനസ്സുള്ളവർ ഗോവിന്ദനെതിരെയും ചുവടുറപ്പിച്ചു. കേരളീയ ആധുനികതാവാദത്തിന്റെ അച്ചുതണ്ടായിരുന്നു എം. ഗോവിന്ദൻ.

മലയാളത്തിലെ സമാന്തര മാസികാപ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനും മറ്റൊരാളായിരുന്നില്ല. കേസരിയിലും മറ്റും ഈ ഭാവുകത്വത്തിന്റെ വേരുകാണാമെങ്കിലും യൂറോ-അമേരിക്കൻ ലോകങ്ങളിലേതുപോലെതന്നെ, ആധുനികതാവിമർശനത്തിന്റയും ആധുനികതാവാദത്തിന്റെയും സാംസ്‌കാരിക രാഷ്ട്രീയങ്ങൾ കല, സാഹിത്യം, തത്വചിന്ത, ശാസ്ത്രം, സിനിമ, നാടകം, രാഷ്ട്രീയം, സാമൂഹ്യശാസ്ത്രവിജ്ഞാനങ്ങൾ തുടങ്ങിയവയിൽ കേന്ദ്രീകരിച്ച് വിശദീകരിക്കുന്നതിലും പ്രയോഗത്തിൽ കൊണ്ടുവരുന്നതിലും ചരിത്രപരമായ ഇടപെടൽ നടത്തിയത് ഗോവിന്ദനാണ്. റാഡിക്കൽ ഹ്യൂമനിസം മുതൽ ഇന്ത്യൻ മാർക്‌സിസം വരെയും അവാങ്ഗാദ് മുതൽ 'ദേശീയ' സാംസ്‌കാരികവിപ്ലവം വരെയുമുള്ള തലങ്ങളെ കോർത്തിണക്കി ഗോവിന്ദൻ സൃഷ്ടിച്ച വിചാരവിപ്ലവമായിരുന്നു സമാന്തരമാസികാപ്രസ്ഥാനം മലയാളത്തിൽ ഏറ്റെടുത്തത്.

ലിറ്റിൽ മാഗസിൻ സംസ്‌കാരത്തിന്റെ സാമാന്യ സ്വഭാവവും മലയാളത്തിൽ ഗോവിന്ദൻ അതിനു സൃഷ്ടിച്ച തുടക്കവും സൂചിപ്പിച്ചവസാനിപ്പിക്കുന്നു, സാനുവെങ്കിൽ ഈ സങ്കല്പനത്തിന്റെ ചരിത്രവും രാഷ്ട്രീയവും ആഗോളതലത്തിൽ വിശദീകരിക്കുന്ന മികച്ച ഉപന്യാസമാണ് രവീന്ദ്രന്റേത്. ചിന്തയുടെയും എഴുത്തിന്റെയും മഹാപാരമ്പര്യങ്ങളിൽനിന്നു മാറിനടന്നും നിലനിൽക്കുന്ന അധീശസാംസ്‌കാരിക സ്ഥാപനങ്ങളെയും സൗന്ദര്യശാസ്ത്രങ്ങളെയും വെല്ലുവിളിച്ചും ആധുനികതയുടെ പത്രപ്രവർത്തനസംസ്‌കാരത്തെ വിമർശനവിധേയമാക്കി, ചെറുമാസികകൾ എന്നു ചൂണ്ടിക്കാണിക്കുന്നു, രവീന്ദ്രൻ. 'ആധുനികതക്കു സൃഷ്ടിച്ചുനൽകിയ രാഷ്ട്രീയസ്വത്വം' എന്ന നിലയിൽ അവാങ്ഗാദ് പ്രസ്ഥാനത്തിന്റെ പതാകവാഹകരായി മാറി, യൂറോ-അമേരിക്കൻ ബുദ്ധിജീവികൾക്കിടയിൽ ലിറ്റിൽ മാഗസിനുകൾ. അവിടങ്ങളിൽ മോഡേണിസത്തിന്റെ പിൽക്കാല നായകരായി വളർന്ന മിക്ക കവികളും നാടകകൃത്തുക്കളും കഥാകൃത്തുക്കളും കലാപ്രവർത്തകരും നിരൂപകരും ലിറ്റിൽ മാഗസിനുകളിൽ എഴുത്താരംഭിച്ചവരാണ്. ജോയ്‌സിന്റെയും എലിയറ്റിന്റെയും പേരുകൾ സൂചിപ്പിച്ചു. മലയാളത്തിലെ ലിറ്റിൽ മാഗസിൻപ്രസ്ഥാനത്തിന്റെ ഈ സന്ദർഭം രവീന്ദ്രൻ ഇങ്ങനെ സംഗ്രഹിക്കുന്നു:

'ആധുനികതാവാദ സാഹിത്യത്തിന്റെ ആരംഭകാലത്താണ് എല്ലാ ഇന്ത്യൻ ഭാഷകളിലും ചെറുമാസികകൾ ആവിർഭവിച്ചതെങ്കിലും ശക്തമായ സാമൂഹിക വിമർശനത്തിന്റെ ഒരുതലം ഇന്ത്യൻ പത്രപ്രവർത്തനത്തിൽ ആദ്യാകാലം മുതലേ സജീവമായിരുന്നു എന്നത് പ്രധാനമാണ്. അച്ചടിയുമായി ബന്ധപ്പെട്ട വിമർശനാത്മക ബോധത്തിന്റെ ഈ തലമാണ് ആധുനികതാവാദത്തിന്റെ കാലത്ത് കുറെക്കൂടി ഗാഢവും സക്രിയവുമായി മാറുന്നതെന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. പരമ്പരാഗത സാഹിത്യചിന്തയെയും സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെയും ആൺകോയ്മാ മനോഭാവത്തെയും മറ്റും ഒരു പരിധിവരെയെങ്കിലും വിമർശദൃഷ്ടിയോടെ കണ്ട് പ്രബോധകൻ, കേസരി, മഹിളാകുസുമം, സഹോദരൻ തുടങ്ങിയ ആനുകാലികങ്ങളുടെ തുടർച്ചയായി ആധുനികതാവാദകാലത്തെ ചില ചെറുമാസികകളെയെങ്കിലും കാണാവുന്നതാണ്. ആധുനികതാവാദത്തിന്റെ ആരംഭകാലത്ത്, 1950-കളിൽ, എം. ഗോവിന്ദന്റെ നേതൃത്വത്തിൽ തുടങ്ങിയ നവസാഹിതിയും ഗോപുരവും മുതൽ ഇന്നത്തെ സംഘടിതയും എഴുത്തും വരെയുള്ള ചെറുമാസികകൾ പരിശോധിച്ചാൽ വ്യക്തമാവുന്ന ഒരു കാര്യം മാധ്യമപ്രവർത്തനത്തിന്റെ മുഖ്യധാരായിടം 'കാണാനും' 'കേൾക്കാനും' മെനക്കെടാത്ത ചില കാഴ്ചകളും ശബ്ദങ്ങളും കാണാനും കേൾക്കാനും ആവിഷ്‌കരിക്കാനും മനസ്സുള്ള ഒരു സമാന്തര ഭാവുകത്വസ്ഥലിയെയാണ് മലയാളത്തിലെ ചെറുമാസികകൾ പ്രതിനിധാനം ചെയ്യുന്നത് എന്നാണ്.

ആധുനികതാവാദത്തിന്റെ എതിരാളികൾ എന്ന പ്രതീതി പുറമേക്കെങ്കിലും സൃഷ്ടിക്കുന്ന യാഥാസ്ഥിതികത്വത്തെയും പാരമ്പര്യവാദത്തെയും മുതലാളിത്ത വ്യവസ്ഥയേയുമാണ് ഭാവുകത്വപരമായി മറികടക്കാൻ ചെറുമാസികകൾ ഉദ്യമിക്കുന്നതെങ്കിലും ആധുനികതയ്ക്കുള്ളിലെതന്നെ ആദർശാത്മക ബോധത്തിന്റെയും വിമർശാത്മകതയുടെയും പ്രതിരോധവീര്യത്തിന്റെയും ബദൽ സ്ഥലത്താണ് ചെറുമാസികകൾ ഉദയം ചെയ്യുന്നതെന്ന് സൂക്ഷിച്ചുനോക്കിയാൽ മനസ്സിലാകും. അപൂർണമായ ആധുനികീകരണമാണ് ആധുനികതാവാദമെന്ന് മുൻപ് പരാമർശിച്ച ഹേബർമാസിന്റെ നിർവചനം ഈ യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കേവല സർഗാത്മകതയിന്മേലുള്ള ഊന്നൽ, മാനവികതയിലുള്ള അചഞ്ചലമായ വിശ്വാസം, ദേശീയതയ്ക്കും ദേശരാഷ്ട്രനിർമ്മിതിക്കും വ്യവഹാരത്തിൽ കിട്ടുന്ന പ്രാധാന്യം-ആധുനികതാവാദത്തിന്റെ ഈ മൂന്നു സവിശേഷതകൾ നോക്കിയാൽ തന്നെ മനസ്സിലാകും പാശ്ചാത്യ ആധുനികതയുടെ ഭൂമികയിൽ കാലൂന്നിയാണ് അതിന്റെ നിൽപ്പ് എന്ന്. നവസാഹിതിക്കും ഗോപുരത്തിനുംശേഷം എം. ഗോവിന്ദൻ മുൻകൈയെടുത്തു തുടങ്ങിയ സമീക്ഷയുടെ ആഭിമുഖ്യത്തിൽ 1974-ൽ ഇംഗ്ലീഷിൽ തയാറാക്കിയ ആശാൻ സ്മാരക കൃതിയായ പോയട്രി ആൻഡ് റെനയ്‌സൻസിന്റെ ഉള്ളടക്കം നോക്കുക. ആധുനികതാവാദത്തിന്റെ ഇന്ത്യൻ പരിസരത്തിൽ നിന്നാണ് ആ ഗ്രന്ഥത്തിലെ ലേഖനങ്ങളെല്ലാം ഉയർന്നുവരുന്നത്. മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലെയും ആധുനികതാവാദങ്ങളാണ് ലേഖനങ്ങളിൽ അവലോകനം ചെയ്യപ്പെടുന്നത്. പാശ്ചാത്യമോഡേണിസത്തിൽനിന്നും ഇന്ത്യൻ ആധുനികതാവാദത്തെ വേറിട്ടുനിർത്തുന്ന സ്വഭാവസവിശേഷതകളാണ് പല ലേഖനങ്ങളുടെയും വിഷയം. ഇന്ത്യൻ ദേശീയതയുടെ വ്യതിരിക്തത ഉൽഘോഷിക്കുന്ന പുസ്തകത്തിന്റെ ആമുഖലേഖനം- ആരെഴുതിയതാണെന്നറിയില്ലെങ്കിലും എം. ഗോവിന്ദൻതന്നെ എഴുതിയതാവാം ഇത് - അവസാനിക്കുന്നത് മനുഷ്യന്റെ അനന്യതയും കാവ്യവ്യവഹാരത്തിന്റെ കേവലതയും ഊട്ടിയുറപ്പിച്ചുകൊണ്ടാണ്.

ദശകങ്ങൾ നീണ്ടുനിന്ന ആധുനികീകരണ പ്രക്രിയ പരാജയപ്പെടുകയാണോ എന്ന ആശങ്ക സ്വാതന്ത്ര്യാനന്തര ഇന്ത്യൻ എഴുത്തുകാരിൽ സൃഷ്ടിച്ച അരക്ഷിതബോധമാണ് ഇന്ത്യൻ ഭാഷകളിലെ ആധുനികതാവാദങ്ങളായി രൂപമെടുത്തത്. ആധുനികതയുടെ ഭൗതികനേട്ടങ്ങളെ സംശയത്തോടെ വീക്ഷിക്കാൻ ഈ അരക്ഷിതബോധം അവരെ പ്രേരിപ്പിച്ചിരിക്കാമെങ്കിലും മനുഷ്യന്റെ അജയ്യതയോ കലയുടെ അനശ്വരതയോ ദേശരാഷ്ട്രത്തിന്റെ ആധികാരികതയോ സംശയാസ്പദമാണെന്ന തോന്നൽ അവരുടെ സങ്കൽപ്പത്തിൽപോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഈ സത്യത്തിന്റെ സാക്ഷ്യങ്ങളാണ് അക്കാലത്തെ ആധുനികതാവാദകൃതികൾ. അറുപതെഴുപതുകളിലെ ചെറുമാസികകൾ തരുന്ന തെളിവും ഭിന്നമല്ല. ഭാവുകത്വത്തിന്റെ നവീനതയും പാരമ്പര്യത്തിന്റെ തിരസ്‌കാരവും മുതലാളിത്ത വിമർശവും ബദൽ രാഷ്ട്രീയദർശനവും മറ്റുമാണ് ഈ മാസികകളുടെ കാതലായി നിലനിന്നത് എന്നു വിലയിരുത്തുമ്പോഴും ദേശരാഷ്ട്രനിർമ്മിതി, സർഗാത്മകത, മാനവികത എന്നിവയിലഭിരമിക്കുന്ന ഒരു ചേതനയുടെ സാന്നിധ്യം ഈ മാസികകളിലോരോന്നിലും നമുക്ക് അനുഭവിക്കാം. രാഷ്ട്രശിൽപ്പി എന്ന പേരിൽതന്നെ ഇക്കാലത്തെ ഒരു ചെറുമാസിക അറിയപ്പെട്ടു എന്നത് ആകസ്മികമല്ല. ആധുനിക ഇന്ത്യൻ കവിതയെക്കുറിച്ചും കലയെക്കുറിച്ചും സിനിമയെക്കുറിച്ചും സമീക്ഷയെയും അക്ഷരത്തെയും പോലുള്ള ചെറുമാസികകൾ പ്രത്യേക പതിപ്പുകൾ ഇറക്കി എന്നതും ലോകഭാഷകളിൽ വരുന്ന സർഗാത്മകതയുടെ പുത്തൻ ആവിഷ്‌കാരങ്ങൾ പരിഭാഷകളുടെയും വ്യാഖ്യാനങ്ങളുടെയും രൂപത്തിൽ ജ്വാലയിലും അക്ഷരത്തിലും പ്രസക്തിയിലും കേരളകവിതയിലും അച്ചടിച്ചുവന്നു എന്നതും വിലകുറച്ച് കാണാവുന്ന വസ്തുതകളല്ല തന്നെ'.

റെയ്മണ്ട് വില്യംസിന്റെ സംസ്‌കാരചർച്ചയിലെ Dominant, Residual, Emergent സങ്കല്പനങ്ങളെ ചർച്ചക്കെടുത്ത് ലിറ്റിൽ മാഗസിനുകൾ മലയാളത്തിൽ ആധുനികതാവാദത്തിന്റെ 'emergent' ഘട്ടത്തിന്റെ ചിന്തയും രൂപകങ്ങളും ആയി മാറിയതിനെക്കുറിച്ചു വിശദീകരിക്കുമ്പോഴും, എന്തിനാണെന്നറിയില്ല, 'എഴുത്ത്' പോലുള്ള മാസികകളെ ലിറ്റിൽ മാഗസിൻ എന്നു വിളിക്കുന്നുണ്ട്, രവീന്ദ്രൻ!

തന്റെ ആമുഖത്തിൽ പ്രദീപ്, ഒരു സാംസ്‌കാരിക ബദൽ എന്ന നിലയിൽ മലയാളത്തിൽ സമാന്തര മാസികകൾ മുന്നോട്ടുവച്ച പൊതുസമീപനങ്ങളെയും നിലപാടുകളെയും സംഗ്രഹിച്ചവതരിപ്പിക്കുന്നു.

രാഷ്ട്രീയ-ഭരണകൂട നയങ്ങളിൽ പുലർത്തിയ ഇടത് ബദൽ നിലപാടുകൾ, ചലച്ചിത്രത്തെ രാഷ്ട്രീയവൽക്കരിക്കുന്ന സമീപനങ്ങൾ, മുഖ്യധാരാ വിപണിപ്രസിദ്ധീകരണങ്ങളോടുള്ള വിയോജിപ്പുകൾ, സാഹിത്യ-കലാഭാവുകത്വങ്ങളെ ജനകീയവൽക്കരിക്കുകയും ജനപ്രിയഭാവനയെ നിരാകരിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടുകൾ എന്നിങ്ങനെ ലിറ്റിൽ മാഗസിൻ സംസ്‌കാരം സ്വീകരിച്ച നയങ്ങൾ പൊതുവിൽ ആധുനികതയോടുള്ള വിമർശനത്തിന്റെ ഭാഗമായിരുന്നു. സച്ചിദാനന്ദന്റെ നിരീക്ഷണം പ്രദീപ് എടുത്തെഴുതുന്നു: 'നിലനിൽക്കുന്ന നെടുനായകത്വം നേടിയിട്ടുള്ള ആശയങ്ങളിൽ നിന്നും സങ്കൽപ്പങ്ങളിൽനിന്നും മുന്നോട്ട് സഞ്ചരിക്കുക, പലപ്പോഴും ചിരസമ്മതമെന്ന് കരുതപ്പെടുന്ന ആ ധാരണകളെ ചോദ്യം ചെയ്യുക, ബദൽ ചിന്താരീതികൾ വികസിപ്പിക്കുക. ഏത് വ്യവഹാരമണ്ഡലത്തിലായാലും ഈ ധൈഷണികോർജവും വിചാരനവീനതയും കൊണ്ടാണ് ലിറ്റിൽ മാഗസിനുകൾ അവയുടെ സവിശേഷത അടയാളപ്പെടുത്തുന്നത്. പുതിയ ജീവിതരീതി, പുതിയ സിദ്ധാന്തം, പുതിയ കല, പുതിയ സൗന്ദര്യബോധം, ഭിന്ന വിജ്ഞാനമേഖലകളിൽ, സാമൂഹിക പരിവർത്തനസങ്കൽപ്പങ്ങളിൽ, വികസനധാരകളിൽ, ബദൽരീതികൾക്കും ബദൽ സമീപനങ്ങൾക്കുമായുള്ള അന്വേഷണം; ഇങ്ങനെ അധീശത്വവിരുദ്ധമായ ഒരു പ്രതിബോധത്തെ സമാനമനസ്‌കരായ ന്യൂനപക്ഷത്തിനകത്ത് പങ്കിടുകയും വികസിപ്പിക്കുകയുമാണ് ലിറ്റിൽ മാഗസിനുകൾ ചെയ്യുന്നത്'.

എം. ഗോവിന്ദനിലാരംഭിക്കുന്ന മലയാളസമാന്തര മാസികാസംസ്‌കാരത്തെ ഗോവിന്ദനും അദ്ദേഹത്തിനു പിന്നാലെ ഈ മേഖലയിൽ ഏറ്റവും നിർണായകമായ ഇടപെടലുകൾ നടത്തിയ അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ എന്നിവരും നോക്കിക്കണ്ട രീതികളാണ് പ്രദീപിന് മുഖ്യ ആശ്രയം.

കാവ്യമണ്ഡലത്തിൽ ഈ മാസികകൾ നടത്തിയ പരിഷ്‌ക്കരണങ്ങൾ, കലാവിമർശനത്തിലവതരിപ്പിച്ച നവീനതകൾ, അടിയന്തരാവസ്ഥയോടു പുലർത്തിയ മൗനവും വാചാലതയും, നക്‌സലിസത്തിന്റെ സാംസ്‌കാരിക ജിഹ്വകളായി പ്രവർത്തിച്ച രീതികൾ, കാമ്പസുകളിൽനിന്നുയർന്നുവന്ന സംവാദങ്ങൾ, ചലച്ചിത്രകലയിലവതരിപ്പിച്ച പരീക്ഷണങ്ങൾ, നാടകകലയിലെ നവലോകങ്ങൾ, മാസികാനിർമ്മിതിയിലെതന്നെ വഴിമാറ്റങ്ങൾ, ലോകസാഹിത്യപരിചയം, പാരിസ്ഥിതിക രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിവയിലൂടെ മുന്നേറി സമാന്തര മാസികാസംസ്‌കാരത്തിനുണ്ടായ ക്ഷീണവും തകർച്ചയും വരെയുള്ള വിഷയങ്ങൾ സംഗ്രഹിച്ചവതരിപ്പിക്കുന്നു, പ്രദീപ്.

'സമീക്ഷ' (1963) മുതൽ 'സംക്രമണം' (1978) വരെയുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ പത്ത് ചെറുമാസികകളുടെ സാമാന്യചരിത്രവും ഉള്ളടക്കവും രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ അവ നടത്തിയ മുഖ്യ ഇടപെടലുകളും വിശകലനം ചെയ്യുന്നു, രണ്ടാം ഭാഗം.

നവസാഹിതി, ഗോപുരം എന്നിവയുടെ തുടർച്ചയായിരുന്നു 'സമീക്ഷ'. മലയാളത്തിലെ ഏറ്റവും സാർഥകമായ ലിറ്റിൽ മാഗസിൻ. സി.ജെ. തോമസ്, കെ.സി.എസ്. പണിക്കർ, ജി. ശങ്കരപ്പിള്ള, അയ്യപ്പപ്പണിക്കർ, പി.കെ. ബാലകൃഷ്ണൻ-മലയാളത്തിലെ ആധുനികതാവാദത്തിന്റെ ബൗദ്ധികസ്രോതസുകൾ ഒന്നടങ്കം അണിനിരന്നും, സാഹിത്യം, കല, ശാസ്ത്രം, രാഷ്ട്രീയതത്വചിന്ത തുടങ്ങിയ മണ്ഡലങ്ങൾ മിക്കതും അടിസ്ഥാനപരമായി ഉടച്ചുവാർത്തും, 'ഇന്ത്യൻ'സാഹിത്യത്തിന്റെ സൈദ്ധാന്തികപരിപ്രേക്ഷ്യം പുനർനിർവചിച്ചും 'സമീക്ഷ' അതിന്റെ ദൗത്യം നിറവേറ്റി.

'കേരളകവിത' അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തിലാരംഭിച്ചു. കവിത, നാടകം, വിവർത്തനം, വിമർശനം എന്നീ മേഖലകളിൽ ഇടപെട്ട മാസിക, കടമ്മനിട്ട, കാവാലം, സച്ചിദാനന്ദൻ, സി.എൻ. ശ്രീകണ്ഠൻനായർ എന്നിവർ തൊട്ട് മലയാളത്തിലെ മിക്ക ആധുനിക-ആധുനികതാവാദ സാംസ്‌കാരികപ്രവർത്തകരുടെയും വേദിയായി.

'യുഗരശ്മി', സാഹിത്യ, കലാപഠനങ്ങൾക്കൊപ്പം തന്നെ രാഷ്ട്രീയസംവാദങ്ങൾക്കും തുടക്കമിട്ടു. കെ. വേണു, ബി. രാജീവൻ തുടങ്ങിയവരുടെ മാർക്‌സിയൻ ചർച്ചകളാരംഭിക്കുന്നത് ഇവിടെയാണ്.

'അക്ഷരം' സാഹിത്യമാസികയായിരുന്നു. ടി.ആർ, സച്ചിദാനന്ദൻ, കടമ്മനിട്ട, കെ.ജി. ശങ്കരപ്പിള്ള, വിനയചന്ദ്രൻ.... വിവർത്തനങ്ങളും സ്വതന്ത്രകവിതകളും അക്ഷരത്തിലണിനിരന്നു.

ഗോവിന്ദൻ സ്‌കൂളിൽനിന്നുതന്നെ രൂപംകൊണ്ട 'ജ്വാല'യുടെ പത്രാധിപർ സച്ചിദാനന്ദനായിരുന്നു. നാടകം, കവിത, വിമർശനം എന്നീ രംഗങ്ങളിൽ ആധുനികതാവാദത്തിന്റെ ശ്രദ്ധേയമായ പാഠമാതൃകകൾ പലതും 'ജ്വാല'യിൽ പ്രസിദ്ധീകൃതമായി.

'പ്രസക്തി', 'രസന', 'സംക്രമണം' എന്നിവ കാമ്പസുകളിൽനിന്നു തുടക്കമിട്ടവയാണ്. 'പ്രസക്തി'ക്ക് തീവ്ര-മാർക്‌സിസ്റ്റ് രാഷ്ട്രീയനിലപാടുകളുണ്ടായിരുന്നു. ഒപ്പം സാഹിത്യത്തിലെ രാഷ്ട്രീയാധുനികതാപ്രസ്ഥാനത്തിന്റെ മുഖപത്രവുമായി. കെ.ജി.എസിന്റെ 'ബംഗാൾ' അച്ചടിച്ചുവന്നത് 'പ്രസക്തി'യിലാണ്. 'രസന', സാഹിത്യത്തിനു മുൻതൂക്കം നൽകി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പതിനെട്ടു കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 'രസന'യാണ്. വൈലോപ്പിള്ളിയും ആറ്റൂരും കോവിലനുമൊക്കെ 'രസന'യിലെഴുതി. 'സംക്രമണ'ത്തിലാണ് ആറ്റൂരിന്റെ അതേ പേരിലുള്ള കവിത പ്രസിദ്ധീകരിച്ചത്. സിനിമക്കുലഭിച്ച വലിയ പ്രാതിനിധ്യമായിരുന്നു, 'സംക്രമണ'ത്തിന്റെ സവിശേഷതകളിലൊന്ന്. അയ്യപ്പപ്പണിക്കരെ പരിഹസിച്ചെഴുതിയ തായാട്ടു ശങ്കരനെതിരെയുള്ള രൺജിപണിക്കരുടെ ദീർഘമായ വിമർശനം (1983 നവംബർ) കൗതുകകരമായ ഒരുദാഹരണമാണ്. അടിയന്തരാവസ്ഥക്കുശേഷം കേരളത്തിലെ സിപിഐ.എം.എൽ. പ്രസ്ഥാനത്തിൽനിന്നു പുറത്തുവന്ന നിരവധി ലിറ്റിൽ മാഗസിനുകളിൽ പ്രധാനം 'സമസ്യ'യും 'പ്രേരണ'യുമാണ്. സ്വാഭാവികമായും സാഹിത്യ, കലാരചനകൾക്കൊപ്പം രാഷ്ട്രീയചിന്തയും വിമർശനവും ഇവയിൽ ഇടംപിടിച്ചു. 'പ്രേരണ', ജനകീയസാംസ്‌കാരികവേദിയുടെ മുഖപത്രമായി.

എം. ഗോവിന്ദന്റെ ചിന്തകളും നേതൃത്വവുമാണ് മേല്പറഞ്ഞ ലിറ്റിൽ മാഗസിനുകളുടെ സാംസ്‌കാരിക-രാഷ്ട്രീയ നിലപാടുതറകളെ ഏറ്റവും നിർണായകമായി സ്വാധീനിച്ചത്. മലയാളത്തിലെ ആധുനികതാവാദത്തിന്റെതന്നെ പിതൃരൂപമായി മാറുകയായിരുന്നു ഇവയിലൂടെ ഗോവിന്ദൻ. ആഗോള, ദേശീയ, പ്രാദേശിക സാഹിത്യ, കലാപ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള ആഴക്കാഴ്ചകൾ, റാഡിക്കൽ ഹ്യുമനിസത്തിന്റെ ചുവടുപിടിച്ച് ഇന്ത്യൻ, കേരളീയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും മാർക്‌സിസത്തിന്റെതന്നെയും പ്രസക്തിയെക്കുറിച്ചുന്നയിച്ച നിശിതമായ വിമർശനങ്ങൾ, അക്ഷരങ്ങളും അച്ചടിമാധ്യമങ്ങളുംവഴി സമൂഹത്തിൽ സൃഷ്ടിക്കപ്പെടാവുന്ന ബൗദ്ധിക ഉണർവിനെക്കുറിച്ചുള്ള തികഞ്ഞ അവബോധം, മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളോടും അവയുടെ നയങ്ങളോടുമുള്ള പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ-എം. ഗോവിന്ദൻ സൃഷ്ടിച്ച ലിറ്റിൽ മാഗസിൻസംസ്‌കാരം കേരളത്തെയും മലയാളത്തെയും നവീകരിക്കുന്നതിൽ വഹിച്ച പങ്ക് അത്ര ചെറുതായിരുന്നില്ല. വേണമെങ്കിൽ, ഇങ്ങനെയും ചോദിക്കാം-എം. ഗോവിന്ദനിൽ തുടങ്ങി എം. ഗോവിന്ദനിൽതന്നെ അവസാനിച്ച ഒന്നായിരുന്നോ ചിന്താപരമായി മലയാളത്തിലെ ലിറ്റിൽമാഗസിൻപ്രസ്ഥാനം?

മൂന്നാം ഭാഗത്ത് 'നവസാഹിതി' (1950) മുതൽ 'ആൾക്കൂട്ടം' (1987) വരെയുള്ള മാസികകളെക്കുറിച്ചുള്ള ചെറുകുറിപ്പുകളുണ്ട്. ഒപ്പം, മറ്റനവധി മാസികകളുടെ പ്രാഥമികവിവരങ്ങളും. തുടർപഠനങ്ങൾക്കാശ്രയിക്കാവുന്ന സ്രോതസ് എന്ന നിലയിൽ കാണാം, ഈ ഭാഗത്തെ. നവസാഹിതി, ഗോപുരം എന്നിവയ്ക്കു പിന്നിൽ ഗോവിന്ദനും സി.ജെ.യുമായിരുന്നു. 'അന്വേഷണം', ടി.വി. കുഞ്ഞികൃഷ്ണന്റെ പത്രാധിപത്യത്തിലും. തിലകം (ജി. ശങ്കരക്കുറുപ്പ്), വായനശാല (ടി. ആർ.), ബോധി (പ്രിയൻ സി. ഉമ്മർ), രാഷ്ട്രശിൽപ്പി (ജെ.ആർ. പ്രസാദ്), നിയോഗം (കെ.എൻ. ഷാജി), പക്ഷിക്കൂട്ടം (വി. വിനയകുമാർ), സമതാളം, പ്രഭാവം, നിത്യത, നാവ്, ശിഖ, സംവാദം, വിചിന്തനം, കോലായ, വാക്ക്, പാഠഭേദം, സാംസ്‌കാരികമാസിക, സ്ട്രീറ്റ്, യെനാൻ, ഇങ്ക്വിലാബ് എന്നിങ്ങനെ നീളുന്നു, ഈ പട്ടിക. രണ്ടാം ഭാഗത്തു ചർച്ചചെയ്ത മാസികകളുടെ തുടർച്ചയും പൂരണവുമായിരുന്നു, ഇവയിൽ പലതും, സാഹിത്യ-കലാ-രാഷ്ട്രീയനിലപാടുകളിൽ. എഴുത്തുകാരുടെ നിരയും അങ്ങനെതന്നെ-കവികൾ, കഥാകൃത്തുക്കൾ, നാടകകാരന്മാർ, നിരൂപകർ, ചലച്ചിത്രപ്രവർത്തകർ എന്നിവരെപ്പോലെതന്നെ രാഷ്ട്രീയചിന്തയിൽ ഇടപെടുന്നവരും. പൊതുവിൽ സാഹിത്യ-കലാ-സാംസ്‌കാരിക മാസികകളും രാഷ്ട്രീയമാസികകളുമായി ഇവയെ രണ്ടായി വിഭജിക്കാം. അടിയന്തരാവസ്ഥക്കു മുൻപും പിൻപും എന്ന വിഭജനവും പ്രസക്തമാണ്. നക്‌സലൈറ്റ്പ്രസ്ഥാനത്തിനനുകൂലവും അല്ലാത്തവയും എന്ന മറ്റൊരു വിഭജനവും സാധ്യമാണ്. കാമ്പസുകളിൽ നിന്നു രൂപംകൊണ്ടവയും പുറമെനിന്നു പ്രസിദ്ധീകൃതമായവയും എന്നൊരു വകഭേദവുമാകാം. ഏതർഥത്തിലും 1950-90 കാലത്തെ കേരളീയ ആധുനികതാവാദത്തിന്റെ ഒരുവഴി ഈ മാസികകളായിരുന്നു. എങ്കിലും 1980കളാകുമ്പോഴേക്കും, മുൻപ് സമാന്തരമാസികകളിൽ എഴുതിപേരെടുത്തവരെല്ലാം മുഖ്യധാരാ മാസികകളിൽ തങ്ങളുടെ രചനകൾ പ്രസിദ്ധീകരിച്ചുതുടങ്ങി. ഒപ്പം, സമാന്തരമാസികകൾ രൂപപ്പെടുത്തിയ ബദൽ രാഷ്ട്രീയ-സാംസ്‌കാരിക ചിന്തകൾ മുഖ്യധാരാമാസികകൾ ഏറ്റെടുക്കുകയും ചെയ്തു. എസ്. ജയചന്ദ്രൻനായരെപ്പോലുള്ള പത്രാധിപന്മാർ ഇക്കാര്യത്തിൽ നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്. ഗോവിന്ദനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യരും പുലർത്തിയ ബൗദ്ധികനിലവാരമോ സാംസ്‌കാരികസത്യസന്ധതയോ രാഷ്ട്രീയ ഉൾക്കാഴ്ചകളോ ബഹുഭൂരിപക്ഷം ലിറ്റിൽ മാഗസിൻ പ്രവർത്തകർക്കും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും അവ അരാഷ്ട്രീയവും അനാവശ്യവും അരോചകവും അപ്രസക്തവുമായ ആത്മരതിയുടെ പ്രകടനപത്രികകളായി അധഃപതിച്ചു.

നാലാം ഭാഗത്തുള്ളത് എം. ഗോവിന്ദൻ, എം.എം. ബഷീർ (കേരളകവിത), ഇ.എൻ. മുരളീധരൻനായർ (യുഗരശ്മി), പി. മധുസൂദനക്കുറുപ്പ് (അക്ഷരം), സച്ചിദാനന്ദൻ (നിരവധി മാസികകൾ), കെ.ജി. ശങ്കരപ്പിള്ള (പ്രസക്തി), എംപി. രാധാകൃഷ്ണൻ (സമസ്യ), സിവിക് ചന്ദ്രൻ (പ്രേരണ, യെനാൻ, വാക്ക്, പാഠഭേദം...), വി.ജി. തമ്പി (രസന), പ്രിയദാസ് (സംക്രമണം) എന്നിവർ തങ്ങളുടെ ലിറ്റിൽ മാഗസിൻ സങ്കല്പനങ്ങളും അനുഭവങ്ങളും പങ്കിടുന്ന രചനകളാണ്.

ഈ രചനകൾ പൊതുവിൽ മുന്നോട്ടുവയ്ക്കുന്നത് മൂന്നുനാലു കാര്യങ്ങളാണ്. ഒന്ന്, ലിറ്റിൽ മാഗസിൻ സംസ്‌കാരത്തിന്റെ യൂറോ-അമേരിക്കൻ സ്വാധീനത്തിനൊപ്പം ഇന്ത്യൻ-കേരളീയസന്ദർഭത്തിൽ അതിനു നിർവഹിക്കാനുണ്ടായിരുന്ന ദൗത്യങ്ങളെക്കുറിച്ച്, പലർക്കും തിരിച്ചറിവുണ്ടായിരുന്നു. 'ഗോവിന്ദൻ സ്‌കൂൾ' എന്നറിയപ്പെട്ടിരുന്നവർക്കു വിശേഷിച്ചും. രണ്ട്, രാഷ്ട്രീയമണ്ഡലത്തിൽ മുഖ്യധാരാ കമ്യൂണിസ്റ്റ്പാർട്ടികളോടുള്ള വിമർശനവും തീവ്ര-മാർക്‌സിയൻ (മുഖ്യമായും മാവോ) ധാരകളോടുള്ള ആഭിമുഖ്യവും അവയിൽ പലതിന്റെയും ലക്ഷ്യവും മാർഗവുമായിരുന്നു. മൂന്ന്, സാഹിത്യ, കലാരംഗങ്ങളിൽ ആധുനികപ്രവണതകളുടെ സ്വയംവിമർശനവും പുതിയൊരു ഭാവുകത്വത്തിന്റെ നിർമ്മിതിയും അവയുടെ പദ്ധതിയായിരുന്നു. നാല്, 'കാലം കുറഞ്ഞദിനമെങ്കിലുമർഥദീർഘം' എന്ന നിലയിൽ ലിറ്റിൽമാഗസിനുകൾ നിർവഹിച്ചത് സാർഥകമായ ഒരു സാംസ്‌കാരിക രാഷ്ട്രീയ ജീവിതമായിരുന്നു എന്ന് ഇവർ മിക്കവരും കരുതുന്നു.

കെ.ജി. ശങ്കരപ്പിള്ള 'പ്രസക്തി'യെക്കുറിച്ചെഴുതുന്ന ഭാഗം നോക്കുക: 'സാംസ്‌കാരികരംഗത്തെ വിപ്ലവപ്രവർത്തനം എന്നാണ് പ്രസക്തിയെ നാം സ്വയം നിർവചിച്ചിരിക്കുന്നത്. പുതിയ ഭാവുകത്വത്തെ ഉൾക്കൊള്ളാൻ കഴിയുന്ന കമ്യൂണിസ്റ്റ് മാധ്യമങ്ങൾ ഇല്ലാത്തതിന് ഒരു പരിഹാരം. വഴി തെറ്റി കൊളോണിയൽ ആധികാരികതയ്ക്കടിമപ്പെട്ടുപോകുന്ന യുവത്വത്തെ സ്വന്തം ചരിത്ര/സർഗാത്മക/നൈതിക സന്ദർഭവുമായി അന്വയിക്കാനുള്ള പുറപ്പാട്. അസ്തിത്വവാദമുൾപ്പെടെയുള്ള പുതിയ പാശ്ചാത്യ തത്വചിന്താപദ്ധതികളുടെ സ്വാധീനത്തിൽപ്പെട്ട യുവാക്കൾ അക്കാലത്തുന്നയിച്ചിരുന്ന ദാർശനിക പ്രശ്‌നങ്ങൾക്കോ ആധുനിക കലാദർശനത്തോടു ബന്ധപ്പെട്ട ചോദ്യങ്ങൾക്കോ യാന്ത്രികമാർക്‌സിസത്തിന്റെ വരട്ട്/വിരട്ട് ശാഠ്യസംജ്ഞകൾ ചൊല്ലിയാടുകയല്ലാതെ സൂക്ഷ്മമായും ഗൗരവമായും മറുപടി പറയാനുള്ള ത്രാണിയും പഴയ ചെറു മാധ്യമങ്ങൾക്കില്ലായിരുന്നു. ബൂർഷ്വാ സെന്റിമെന്റലിസത്തെയും തീവ്രവാദ രാഷ്ട്രീയത്തെയും തള്ളിപ്പറയാനാഗ്രഹിച്ച പ്രസക്തി ഫലത്തിൽ മാവോയിസ്റ്റ് നിലപാടുകളുടെ പ്രാതിനിധ്യമായി. ആധുനികതയുടെ ഉള്ളിൽനിന്നുവന്ന ആധുനികതയുടെ സ്വയം വിമർശനങ്ങളായിരുന്നു അന്നത്തെ അന്വേഷണങ്ങളിൽ ഏറെയും. നാം കെട്ടുപിണഞ്ഞുകിടക്കുന്ന ദൈനംദിന ആത്മീയവറുതികളിൽനിന്നന്യമായ മറ്റൊരു സംസ്‌കാരം, ഭാവുകത്വം, നീതി, പരിമിതികൾക്കപ്പുറം സാധ്യതകളുടെ പറുദീസ, അസ്തിത്വവാദത്തിന്റെയോ ശൂന്യതാവാദത്തിന്റെയോ അരാജകവാദത്തിന്റെയോ യാന്ത്രിക ഭൗതികവാദത്തിന്റെയോ അല്ലാതൊരു വിമോചനമാർഗം തുടങ്ങിയവയായിരുന്നു അന്നത്തെ നാം കൊതിച്ച തീരങ്ങൾ. കാൽപ്പനികമായിരുന്നു അതെന്ന് പറയാതറിയാമല്ലോ. ആ കാല്പനികതയിലേക്കായിരുന്നു പല നാടുകളിൽനിന്ന് കുന്തിരിക്കവുമായി വിസ്മയവായനക്കാർ വന്നത്. വയനാട്ടിൽനിന്നും പാലക്കാട്ടുനിന്നും കൊടുങ്ങല്ലൂരുനിന്നും സിപിഎം. എം. എൽ. സഖാക്കൾ വന്നത്. തിരുവനന്തപുരത്തുനിന്നും തൃശൂരുനിന്നും പൊലീസുകാരും വന്നത്.

ആധുനികതയ്ക്കുള്ളിൽനിന്ന് അതിന്റെ യൂറോകേന്ദ്രിത മാനവികതയോടും വ്യക്തിവാദത്തോടും വിഷാദോപാസനയോടും പ്രതിരോധരഹിതമായ കീഴടങ്ങലിനോടും ദാർശനികമായ ഉദാസീനതകളോടും തിരുത്തൽവാദത്തെ കമ്യൂണിസമായി കരുതിയ ആന്റി കമ്യൂണിസത്തോടും സാംസ്‌കാരികരംഗത്തെ അവയുടെ ആട്ടപ്രകാരങ്ങളോടും കലഹിക്കുന്ന ഒരു ലോകപക്ഷ ബദലിനായിരുന്നു പ്രസക്തിയിൽ അന്ന് നാം അർഥവും വീറും വാശിയും കണ്ടത്. വിയോജിപ്പിന്റെയും കലാപത്തിന്റെയും മാവോയിസ്റ്റ് ഗോത്രത്തോടും പുതിയ ഇടതുപക്ഷ ഭാവുകത്വത്തോടുമുള്ള മൈത്രി അന്ന് തികച്ചും സ്വാഭാവികമായ ഒരിണക്കമായിരുന്നു. ഒളിവിലെങ്കിലും വഴികളുണ്ടായിരുന്നു അതിലേക്കന്ന്'.

അയ്യപ്പപ്പണിക്കരുടെ നിരീക്ഷണങ്ങളും (?) കെ. എൻ. ഷാജിയുടെ ലേഖനവും ഇല്ല എന്നതാണ് ഈ ഭാഗത്തെ പ്രധാന തരക്കേട്. ഒപ്പം ലിറ്റിൽ മാഗസിനെന്ന നിലയിൽ 'പച്ചക്കുതിര'യും 'ഇന്ത്യൻ ലിറ്ററേച്ചറും' മറ്റും പരാമർശിക്കുന്ന സച്ചിദാനന്ദന്റെ കാഴ്ചപ്പാടും.

ഇന്നു തിരിഞ്ഞുനോക്കുമ്പോൾ, ഒരു സമ്പൂർണ സവർണ-പുരുഷ-ബൗദ്ധികലോകമായിരുന്നു മലയാളത്തിലെ ലിറ്റിൽ മാഗസിൻപ്രസ്ഥാനം എന്നു കാണാം. കേരളീയ സാംസ്‌കാരിക പൊതുമണ്ഡലത്തെ വരേണ്യവൽക്കരിക്കുന്നതിൽ ഇതു വഹിച്ച പങ്ക് ചെറുതല്ല. അടുത്ത പതിപ്പിലെങ്കിലും ഇത്തരം വിമർശനങ്ങൾ ചൂണ്ടിക്കാണിക്കുകയും ആധുനികത, ആധുനികതാവാദം എന്നീ പരികല്പനകളെ സൂക്ഷ്മാർഥത്തിൽ വ്യവച്ഛേദിച്ച് ഉപയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു, ഈ പുസ്തകം.

പുസ്തകത്തിൽനിന്ന്:-

'വ്യവസ്ഥാപിത രീതികളോട് കലഹിച്ചുകൊണ്ട് മലയാളത്തിൽ രൂപപ്പെട്ടുവന്ന നവചലച്ചിത്ര സംസ്‌കാരത്തിന്റെ പ്രചാരകർ ബദൽ പ്രസിദ്ധീകരണങ്ങളായിരുന്നു. കച്ചവടസിനിമകളുടെ സമ്പ്രദായങ്ങളെ തിരസ്‌കരിച്ചുകൊണ്ട്, ഒറ്റപ്പെട്ട വ്യക്തികളും സമാനമനസ്‌കരുടെ കൂട്ടായ്മകളുമാണ് പുതിയ സിനിമയുടെ പിറവിക്കുവേണ്ടി ശ്രമിച്ചത്. പരിമിതമായ മൂലധനം കൊണ്ടാണ് ചലച്ചിത്രങ്ങൾ നിർമ്മിച്ചത്. സങ്കേതിക വിദഗ്ധരും അഭിനേതാക്കളും മുഖ്യധാരയിൽനിന്നു വന്നവരായിരുന്നില്ല. അതുകൊണ്ട് പ്രധാന ചലച്ചിത്രപ്രസിദ്ധീകരണങ്ങളിൽ പുതിയ ചലച്ചിത്രങ്ങൾക്കും അതിന്റെ നിർമ്മിതിക്കും ചലച്ചിത്രപ്രവർത്തകർക്കും വേണ്ടത്ര പരിഗണന ലഭിച്ചില്ല. ബദൽ മാസികകളാണ് പുതിയ ചലച്ചിത്രസംസ്‌കാരത്തിന് വേണ്ടത്ര സ്ഥലവും പ്രോത്സാഹനവും നൽകിയത്.

പുതിയ ചലച്ചിത്രകലയെക്കുറിച്ചുള്ള സൈദ്ധാന്തികവും സൗന്ദര്യശാസ്ത്രപരവുമായ ലേഖനങ്ങളും കുറിപ്പുകളും പ്രസിദ്ധപ്പെടുത്തി തുടങ്ങിയത് ബദൽ പ്രസിദ്ധീകരണങ്ങളാണ്. ലോകപ്രസിദ്ധ ചലച്ചിത്രകാരന്മാരുടെ അഭിമുഖങ്ങളും ലേഖനങ്ങളും തിരക്കഥാ വിവർത്തനങ്ങളും നൽകി. ഗോദാർദ്, ഫെല്ലിനി തുടങ്ങിയവർ മലയാളികൾക്ക് പരിചിതരായി മാറിയത് ഈ പ്രസിദ്ധീകരണങ്ങളിലൂടെയാണ്. ക്ലാസിക് ചിത്രങ്ങളുടെ സൗന്ദര്യാത്മകതലങ്ങൾ, ചലച്ചിത്രനിർമ്മിതിയുടെ സാങ്കേതിക വശങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു. വി. രാജകൃഷ്ണൻ, വിജയകൃഷ്ണൻ, ഐ. ഷൺമുഖദാസ്, നീലൻ, വി.കെ. ജോസഫ്, സി.എസ്. വെങ്കിടേശ്വരൻ തുടങ്ങിയ ചലച്ചിത്രവിമർശകർ ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ എഴുതി തുടങ്ങി. അവർ പിന്നീട് മുഖ്യധാരാ എഴുത്തുകാരായി മാറി.

അടൂരിന്റെ സ്വയംവരം പുറത്തിറങ്ങിയപ്പോൾ എം. ഗോവിന്ദൻ സമീക്ഷയിൽ വേണ്ടത്ര പ്രാധാന്യത്തോടെ ചിത്രത്തിന്റെ നിരൂപണം പ്രസിദ്ധപ്പെടുത്തി. സമീക്ഷയിൽ ആദ്യമായി വരുന്ന ചലച്ചിത്രനിരൂപണമായിരുന്നു അത്. ഗോവിന്ദൻ അതിൽ എഴുതി, സ്വയംവരം മലയാളത്തിലെ ആദ്യത്തെ ന്യൂവേവ് പടമാണ്. സിനിമയുടെ ആവിഷ്‌കരണോപാധികൾ നിഷ്‌കൃഷ്ടമായി ഉപയോഗിക്കുകയും എല്ലാതലത്തിലും ആത്മാർഥതയും ധീരതയും ഔചിത്യവും കാണിക്കുകയും ചെയ്ത ഒന്നാമത്തെ മലയാളസിനിമ ഇതുതന്നെ സംശയമില്ല. പിന്നീട് വന്ന അടൂരിന്റെ എല്ലാ ചിത്രങ്ങൾക്കും ബദൽ പ്രസിദ്ധീകരണങ്ങൾ പ്രാധാന്യം നൽകി.

അരവിന്ദൻ, ജോൺ എബ്രഹാം, പവിത്രൻ, കെ.പി. കുമാരൻ തുടങ്ങിയ നവചലച്ചിത്രകാരന്മാർക്ക് വലിയ ഇടങ്ങൾ നൽകി. കാഞ്ചനസീതപോലുള്ള ചിത്രങ്ങളെക്കുറിച്ച് നിരവധി ചർച്ചകൾ നടത്തി. ബോധി മുഖചിത്രമായി കാഞ്ചനസീതയിലെ നിശ്ചലച്ചിത്രങ്ങൾ നൽകി. ഓരോ മാസികകളും നവ ചലച്ചിത്രകാരന്മാരുടെ അഭിമുഖങ്ങളും ലേഖനങ്ങളും നൽകി. രവീന്ദ്രന്റെ പ്രസിദ്ധമായ ഹരിജൻ തിരക്കഥ പ്രേരണ പ്രസിദ്ധീകരിച്ചു. ആദ്യകാലങ്ങളിൽ പുതിയ സിനിമയുടെ പക്ഷത്തുനിന്ന പത്മരാജന്റെ അഭിമുഖങ്ങൾ നൽകി. സംക്രമണം ഫിലിം പതിപ്പുകൾ ഇറങ്ങി. സൈലൻസിന്റെ തിരക്കഥാ പരിഭാഷ നൽകി. പ്രമുഖ സംവിധായകർ അരവിന്ദൻ, അടൂർ, പവിത്രൻ, ജോൺ എബ്രഹാം തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ച സംഘടിപ്പിച്ചു. എഴുപതുകളിലെ ചലച്ചിത്രലോകത്തെക്കുറിച്ച് വിജയകൃഷ്ണൻ എഴുതി. പുതിയ ചലച്ചിത്രലോകം വായനക്കാർക്കായി തുറന്നിട്ടു. നവചലച്ചിത്രങ്ങളുടെ പരസ്യങ്ങൾ ഇത്തരം ബദൽ പ്രസിദ്ധീകരണങ്ങൾ നൽകി.

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തോടും ഈ മാസികകൾ സവിശേഷമായ ആഭിമുഖ്യം പുലർത്തി. അവരുടെ വാർത്തകൾ, പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങിയവ പ്രസിദ്ധപ്പെടുത്തി. തൃശൂരിൽനിന്ന് പുതിയ ചലച്ചിത്രസംസ്‌കാരം ഉൾക്കൊള്ളുന്ന ദൃശ്യകല പുറത്തിറങ്ങി. വി. അരവിന്ദാക്ഷനായിരുന്നു പത്രാധിപർ. പുതിയ ചലച്ചിത്രത്തോട് താൽപര്യമുള്ള യുവാക്കൾ പിന്നിൽ നിന്നു. ലോകസിനിമയുടെ വർത്തമാനകാല മുഖപത്രമായിരുന്നു അത്. അതിന്റെ ചുവടുപിടിച്ച് ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ നിരവധി ചലച്ചിത്രപ്രസിദ്ധീകരണങ്ങൾ ഉണ്ടായി. പക്ഷേ, ദൃശ്യകല രൂപകൽപ്പനയിലും ഉള്ളടക്കത്തിലും എന്നും മികച്ചുനിന്നു'.

മലയാള സമാന്തര മാസികാചരിത്രം
പ്രദീപ് പനങ്ങാട്
കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്
2018, വില: 180 രൂപ